sections
MORE

'കുമ്പളങ്ങിയും തണ്ണീർമത്തനും പിന്നെ ഞാനും'...മാത്യുവിന്റെ വിശേഷങ്ങൾ

mathew-home
SHARE

കുമ്പളങ്ങി നൈറ്റ്സിലൂടെ അരങ്ങേറി, ഇപ്പോൾ തണ്ണീർമത്തൻ ദിനങ്ങളിലൂടെ വീണ്ടും പ്രേക്ഷകരുടെ മനം കവർന്ന മാത്യു തോമസ് തന്റെ വീട്ടുവിശേഷങ്ങൾ പങ്കുവയ്ക്കുന്നു..

കുടുംബം...

കൊച്ചി തിരുവാങ്കുളമാണ് എന്റെ സ്വദേശം. അച്ഛൻ ബിജു ജോൺ എൻജിനീയറാണ്. അമ്മ സൂസൻ ടീച്ചറാണ്. ചേട്ടൻ ജോൺ തോമസ് ഇപ്പോൾ ഡിഗ്രി കഴിഞ്ഞു ഉപരിപഠനത്തിനു ശ്രമിക്കുന്നു. പഴയ ശൈലിയിലുള്ള ഒരുനില വീടായിരുന്നു അച്ഛന്റെ തറവാട്. പിന്നീട് അച്ഛൻ തറവാടിന് സമീപം പുതിയ വീട് വച്ച് മാറുകയായിരുന്നു. അവിടെയാണ് ഞങ്ങൾ ഇപ്പോൾ താമസിക്കുന്നത്.  അത്യാവശ്യം സൗകര്യങ്ങളുള്ള ഇരുനില വീടാണ്. വീട്ടിൽ ഉള്ളപ്പോൾ എന്റെ മുറിയാണ് ഇഷ്ടസ്ഥലം. കുമ്പളങ്ങിയിലെ ഫ്രാങ്കിയെപ്പോലെ അധികം ബഹളമൊന്നും ഇല്ലാതെ വീട്ടിൽ അടങ്ങിയിരിക്കാനാണ് എനിക്കിഷ്ടം. കൊച്ചി ഗ്രിഗോറിയൻ പബ്ലിക് സ്‌കൂളിൽ പ്ലസ്‌ടുവിനാണ് ഇപ്പോൾ പഠിക്കുന്നത്. 

 

കുമ്പളങ്ങിയിലെ വീട്...

kumbalangi-house-18

കുമ്പളങ്ങി നൈറ്റ്സ് സിനിമയിൽ ഒരുപാട് ശ്രദ്ധ ലഭിച്ച ഒന്നാണ് ഞങ്ങൾ നാലു സഹോദരന്മാരുടെ വീട്. സിമന്റ് പൂശാത്ത ചുമരുകളും അടച്ചുറപ്പുള്ള വാതിലിന്റെ സ്ഥാനത്ത് കാറ്റിൽ പാറിക്കളിക്കുന്ന തുണികളുമുളള ആ വീട് യഥാർഥത്തിൽ  സെറ്റ് ഇടുകയായിരുന്നു. ഞാൻ അവതരിപ്പിച്ച ഫ്രാങ്കി എന്ന കഥാപാത്രം ഇളയതായതു കൊണ്ട് വലിയ പരിഗണനയൊന്നും സിനിമയിലെ ചേട്ടന്മാർ തരില്ല. പക്ഷേ ആ വീട് നന്നാകണമെന്നു ഏറ്റവും ആഗ്രഹിക്കുന്ന ഒരാൾ ഫ്രാങ്കിയാണ്. സ്കോളർഷിപ് തുക കിട്ടിയ കാശുകൊണ്ടാണ് അവൻ വീട്ടിൽ യൂറോപ്യൻ ടോയ്‌ലറ്റ് പണിയുന്നത്.

kumbalangi-house-15

ഷെയ്ൻ ചേട്ടനും സൗബിൻ ചേട്ടനുമൊക്കെ വഴക്കിടുന്നത് കണ്ട് നരകമാണ് ഈ വീട് എന്ന് സിനിമയുടെ ആദ്യം  ഞാൻ പറയുമെങ്കിലും ശരിക്കും ആ വീടൊരു സ്വർഗ്ഗമായിരുന്നു. കായലിൽ നിന്നുള്ള കാറ്റ് ഇപ്പോഴും വീടിനകത്തു ഒഴുകിനടക്കും. എല്ലാവരും ഒത്തുകൂടി ചിരിയും കളിയുംതമാശകളുമൊക്കെയായി നല്ല രസമായിരുന്നു. അതുപോലെ ഫഹദ് ചേട്ടന്റെ കഥാപാത്രം താമസിക്കുന്ന വീട്ടിലെ ഹോംസ്റ്റേയും സെറ്റിട്ടതാണ്. സിനിമാഷൂട്ട് കഴിഞ്ഞ ശേഷം ആ വീടുകൾക്ക് എന്തുസംഭവിച്ചു എന്നറിയില്ല. ചിലപ്പോൾ പൊളിച്ചുകളഞ്ഞുകാണും... 

കുമ്പളങ്ങിയുടെ ഷൂട്ടിങ് സമയത്ത് സൗബിൻ ചേട്ടന്റെയും ഷെയിൻ ചേട്ടന്റെയും വീടുകളിൽ പോയിരുന്നു. സൗബിൻ ചേട്ടൻ ആ സമയത്താണ് പുതിയ ഫ്ലാറ്റിലേക്ക് മാറിയത്. നല്ല രസമായിട്ടാണ് ഫ്ലാറ്റ് ഒരുക്കിയിരിക്കുന്നത്. പ്ലസ്‌ടു കഴിഞ്ഞു ബികോം ചെയ്യണമെന്നാണ് ആഗ്രഹം. അതൊക്കെ കഴിഞ്ഞു ഒരു ജോലിയൊക്കെ കിട്ടിയിട്ട് വേണം മനസ്സിലെ ആഗ്രഹം പോലെ ഒരു വീടൊക്കെ പണിയാൻ...

തണ്ണീർമത്തൻ ദിനങ്ങൾ...

jathikka-thottam

കുമ്പളങ്ങിയിലെ അഭിനയം കണ്ടാണ് 'തണ്ണീർമത്തനി'ലേക്ക് വിളിക്കുന്നത്. സിനിമയിൽ എന്റെ ചേട്ടനായി അഭിനയിച്ച ഡിനോചേട്ടനാണ് ശരിക്കും സിനിമയുടെ തിരക്കഥാകൃത്ത്. ശരിക്കും സ്‌കൂളിൽ പോകുന്ന പോലെ തന്നെയാണ് അതിന്റെ സെറ്റിൽ പോയി അഭിനയിച്ചിരുന്നത്. വിനീതേട്ടൻ (വിനീത് ശ്രീനിവാസൻ) ഒക്കെ ഉണ്ടായിരുന്നതുകൊണ്ട് നല്ല രസമായിരുന്നു. കൂടെ അഭിനയിച്ച അനശ്വരയുടെ വീട് കണ്ണൂരാണ്. അവൾ വീട്ടിലേക്ക് ക്ഷണിച്ചിട്ടുണ്ട്. അവധിയായിട്ടു വേണം പോകാൻ.. സിനിമ ഇറങ്ങിയ ശേഷം ഒരുപാട് പേർ വിളിച്ചഭിനന്ദിക്കുന്നുണ്ട്. തണ്ണീർമത്തൻ ദിനങ്ങൾക്കുശേഷം ഒന്നുരണ്ടു ഓഫറുകൾ വന്നിരുന്നെങ്കിലും വർഷാവസാന പരീക്ഷയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ പുതിയ സിനിമകളൊന്നും ഏറ്റെടുത്തിട്ടില്ല.

ബാല്യം മുതൽ ഇന്നുവരെ നിങ്ങളുടെ ജീവിതത്തിലൂടെ കടന്നുപോയ വീടുകളെക്കുറിച്ച് ഗൃഹാതുരമായ ഓർമകളുണ്ടോ? ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.യോഗ്യമായവ പ്രസിദ്ധീകരിക്കും.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SPOT LIGHT
SHOW MORE
FROM ONMANORAMA