ADVERTISEMENT

ഗായകനായ നജീം അർഷാദ് തന്റെ വീടോർമകളും വീട്ടുവിശേഷങ്ങളും പങ്കുവയ്ക്കുന്നു.

 

കുട്ടിക്കാലം...

തിരുവനന്തപുരമാണ് സ്വദേശം. ഉപ്പ ഷാഹുൽ ഹമീദ് വിജിലൻസ് ഉദ്യോഗസ്ഥനായിരുന്നു. ഉമ്മ റഹ്മ സംഗീത അധ്യാപികയും. രണ്ടു മൂത്ത സഹോദരന്മാരാണ് എനിക്ക്. അജീമും സജീമും. ഒരാൾ ഡോക്ടറും മറ്റെയാൾ സൗണ്ട് എൻജിനീയറുമാണ്. ഒരു ഇടത്തരം കുടുംബമായിരുന്നു. തറവാട്ടിൽ നിന്നും മാറി അച്ഛൻ നിർമിച്ച വീട്ടിലായിരുന്നു ബാല്യകാലം. ചെറുപ്പം മുതലേ സംഗീതം പഠിച്ചിരുന്നു. സ്‌കൂൾ കലോത്സവങ്ങളിൽ കൂടെയാണ് സംഗീതയാത്ര തുടങ്ങിയത്. 13 തവണ വിവിധ തലങ്ങളിൽ കലാപ്രതിഭ ആയിരുന്നു.  എന്നെ സംബന്ധിച്ചിടത്തോളം നല്ല ഐശ്വര്യമുളള വീടായിരുന്നു അത്. സംഗീതലോകത്തേക്ക് പിച്ച വച്ചതും, ചെറിയ പുരസ്‌കാരങ്ങൾ നേടിത്തുടങ്ങിയതും  അവിടെവച്ചാണ്.

najim-arshad-flat

 

സംഗീതം നിറയുന്ന ഫ്ലാറ്റ്..

ഒരു റിയാലിറ്റി ഷോയിൽ പങ്കെടുത്തതോടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. അതിൽ വിജയിയായപ്പോൾ സമ്മാനമായി കിട്ടിയ ഫ്ലാറ്റിലാണ് കഴിഞ്ഞ 11 വർഷമായി താമസിക്കുന്നത്. കൊച്ചിയിലുള്ള 3 BHK ഫ്ലാറ്റാണ്. അകത്തളം ഒരുക്കിയത് ഞാൻ തന്നെയാണ്. മ്യൂസിക് തീമിലാണ് ഫ്ലാറ്റ് ഒരുക്കിയത്. സംഗീതത്തോടുള്ള സ്നേഹത്തിന്റെ ആദരവായി കിട്ടുന്ന ട്രോഫികളൊക്കെ വയ്ക്കാൻ ഒരു ഷെൽഫ് പണിയുകയാണ് ആദ്യം ചെയ്തത്. ഒരു കിടപ്പുമുറിയിൽ ഗിറ്റാറിന്റെ ആകൃതിയിൽ ഫോൾസ് സീലിങ് ഡിസൈൻ ചെയ്ത് ലൈറ്റുകൾ നൽകി. മറ്റൊരു മുറിയിൽ സംഗീതത്തിന്റെ നാദവീചികൾ വോൾപേപ്പറായി നൽകി.

സ്റ്റേജ് ഷോകളുടെ ഭാഗമായി വിദേശരാജ്യങ്ങളിൽ പോകുമ്പോൾ കണ്ണിലുടക്കുന്ന ക്യൂരിയോസ് ഒക്കെ വാങ്ങാറുണ്ട്. ഒരുപാട് വില കൂടിയതാണെങ്കിൽ നാട്ടിൽ അതുപോലെയുള്ളവ തിരഞ്ഞുപിടിച്ച് വാങ്ങി വീട് അലങ്കരിക്കാറുണ്ട്.  അങ്ങനെ വാങ്ങി വാങ്ങി ഇപ്പോൾ ഫ്ലാറ്റിൽ സ്ഥലമില്ലാതായിട്ടുണ്ട്.

singer-najim-arshad

കുറച്ചു നാളുകൾക്ക് മുൻപ് കൊല്ലം പാരിപ്പള്ളിയിൽ പഴയ ഒരു വീടും മേടിച്ചു. താമസത്തെക്കാൾ ഒരു നിക്ഷേപം എന്ന നിലയിലാണ് അത് വാങ്ങിയത്. അടുത്തിടെ പുതുക്കിപ്പണിത് ഇപ്പോൾ വാടകയ്ക്ക് കൊടുത്തിരിക്കുകയാണ്. തിരുവനന്തപുരത്തോ കൊച്ചിയിലോ ഒരു വീട് വാങ്ങണം എന്നതാണ് ഭാവിയിലെ ഭവനസ്വപ്നം.

കുടുംബം...

ഭാര്യ തസ്‌നി. ഡെന്റിസ്റ്റാണ്. നാലു മാസം മുൻപ് പുതിയ ഒരതിഥി കൂടി വീട്ടിലേക്കെത്തി. മകൻ ഇൽഹാൻ. അവനാണ് ഇപ്പോൾ വീട്ടിലെ ശ്രദ്ധാകേന്ദ്രം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com