ADVERTISEMENT

കേരളത്തിൽ വീണ്ടുമെത്തിയ പ്രളയത്തിൽ നിരവധി മനുഷ്യരുടെ ജീവിതവും പ്രതീക്ഷകളും സന്തോഷങ്ങളുമാണ് ഒലിച്ചുപോയത്. ആ അന്ധകാരത്തിലും നുറുങ്ങുവെട്ടമായി നന്മയുടെ ചെറിയ തിരിനാളങ്ങളും ഉയർന്നുവന്നു. അതിലൊരാളായിരുന്നു കൊച്ചിക്കാരൻ നൗഷാദ് എന്ന നൗഷാദിക്ക. ഇക്കഴിഞ്ഞ പെരുന്നാളിന് അദ്ദേഹം ചെയ്ത സൽപ്രവൃത്തി ലോകമെങ്ങുമുള്ള മലയാളികൾക്ക് ആവേശവും പ്രചോദനവുമായി. 

നൗഷാദ് എന്ന മനുഷ്യനെ അടുത്തറിഞ്ഞാൽ അദ്ദേഹം ചെയ്ത നന്മ നമുക്ക് അദ്ഭുതമല്ലാതാകും. നൗഷാദിക്ക തന്റെ വീട് ഓർമകളും വിശേഷങ്ങളും പങ്കുവയ്ക്കുന്നു.

ഒറ്റരാത്രി കൊണ്ട് ജീവിതം മാറി...

ഇത്തവണത്തെ പ്രളയത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായം തേടി കുസാറ്റിലെ വിദ്യാർഥികൾ നടൻ ശർമാജിക്കൊപ്പം ബ്രോഡ്‌വേയിലെ കടകളിൽ സഹായം തേടിയെത്തിയിരുന്നു. വഴിയോരക്കച്ചവടക്കാർ പലരും തങ്ങളുടെ ഇല്ലായ്മയിൽ നിന്നും ആകുന്ന സഹായം നൽകി. അവരുടെ മുഖത്ത് സഹജീവികൾക്കുവേണ്ടിയുള്ള യാചനയുടെ ഭാവമുണ്ടായിരുന്നു. അത് എനിക്ക് ഭയങ്കര വിഷമമായി. അങ്ങനെയാണ് പെരുന്നാളിന് കരുതിവച്ചിരുന്ന തുണി മുഴുവൻ അവരോട് എടുത്തോളാൻ പറഞ്ഞത്. ശർമ്മാജി ഞാനറിയാതെ ആ വിഡിയോ എടുത്ത് സമൂഹമാധ്യമങ്ങളിൽ ഇട്ടതോടെയാണ് ആളുകൾ അഭിനന്ദനവുമായി വിളിക്കാൻ തുടങ്ങിയത്. പിന്നീടുള്ള ഒരാഴ്ച ഫോൺ താഴെ വയ്ക്കാൻ കഴിഞ്ഞിട്ടില്ല. നടൻ മമ്മൂട്ടിയും, ജയസൂര്യയുമൊക്കെ വിളിച്ച് സന്തോഷം പങ്കുവച്ചു. 

നിരവധി പ്രവാസികൾ വിളിച്ചു സഹായവാഗ്ദാനങ്ങൾ നൽകി. പക്ഷേ ഞാൻ സ്നേഹപൂർവ്വം അതെല്ലാം നിരസിച്ചു. എന്നേക്കാൾ കഷ്ടത അനുഭവിക്കുന്ന ലക്ഷക്കണക്കിന് ആളുകൾ കേരളത്തിലുണ്ട്. അവർക്ക് ചെറിയൊരു കൈത്താങ്ങാകാൻ കഴിഞ്ഞാൽ അതിനേക്കാൾ വലിയ പുണ്യമില്ല. പ്രശസ്തനാകണമെന്നോ പാരിതോഷികം കിട്ടണമെന്നോ കരുതി ചെയ്തതല്ല. ഓർമ വച്ച കാലം മുതൽ ആവശ്യത്തിലിരിക്കുന്നവർക്ക് ആകുന്ന സഹായം ചെയ്യാറുണ്ട്. വലതു കൈ ചെയ്യുന്നത് ഇടത് കൈ അറിയരുത് എന്ന പ്രമാണത്തിലാണ് വിശ്വാസം.

ദാരിദ്ര്യം നിറഞ്ഞ ജീവിതം...

മട്ടാഞ്ചേരിയിലാണ് ജനനം. ബാപ്പ മുഹമ്മദ്, ഉമ്മ റുഖിയ. ഞങ്ങൾ എട്ടു മക്കളായിരുന്നു. ഒന്നേമുക്കാൽ സെന്റിൽ ബാപ്പ നിർമിച്ച ചെറിയ പുരയിലായിരുന്നു അത്രയും ജീവിതങ്ങൾ കഴിഞ്ഞിരുന്നത്. ദാരിദ്ര്യവും കഷ്ടപ്പാടും ഒരുപാട് അനുഭവിച്ചാണ് ഞങ്ങൾ സഹോദരങ്ങൾ വളർന്നത്. ബാപ്പ നിഷ്കളങ്കനായിരുന്നു. പല ബിസിനസുകളും ചെയ്‌തെങ്കിലും അധികകാലം തുടരാൻ കഴിഞ്ഞില്ല. അവസാനം ചെയ്തത് തുണിക്കച്ചവടമാണ്. കടം കയറിയപ്പോൾ അതും പൂട്ടികെട്ടി. 

പിന്നീട് സഹോദരങ്ങൾ ഓരോരുത്തരായി വിവാഹം കഴിച്ചു. പലരും വാടകവീടുകളിലേക്കും ഇത്തിരിസ്ഥലം മേടിച്ച് വീടുവച്ചുമൊക്കെ താമസം മാറി. എന്റെ വിവാഹശേഷം ഞാനും കുടുസുമുറികളുള്ള നിരവധി വാടകവീടുകളിലായാണ് 14 വർഷത്തോളം കഴിച്ചുകൂട്ടിയത്. ഞങ്ങൾക്ക് രണ്ടു മക്കൾ പിറന്നു. ഫർസാനയും ഫഹദും. 

മെച്ചപ്പെട്ട ജീവിതം തേടി എന്റെ ജ്യേഷ്ഠൻ സൗദിയിലേക്ക് പോയിരുന്നു. അങ്ങനെ ജ്യേഷ്ഠൻ എന്നെയും സൗദിയിലേക്ക് കൊണ്ടുപോയി. പിന്നെ നീണ്ട 9 വർഷം പ്രവാസിയായി ജീവിതം. ഫിഷ് മാർക്കറ്റിലായിരുന്നു ജോലി. സൗദിയിൽ സ്വദേശിവത്കരണം വന്നപ്പോൾ ജോലി പോയി. ഞാൻ നാട്ടിലെത്തി ഉപ്പയുടെ തൊഴിലായിരുന്ന തുണിക്കച്ചവടം തുടങ്ങി. ബ്രോഡ്‌വേയിൽ വഴിയോരക്കച്ചവടമായിരുന്നു.

അളിയന്റെ നന്മയാണ് ആ വീട്..

noushad-house-kochi-jpeg

എല്ലാ മാസവും വാടക കൊടുക്കാനുള്ള എന്റെ കഷ്ടപ്പാട് കണ്ട  പെങ്ങളുടെ ഭർത്താവാണ് കലൂർ മാലിപ്പുറത്ത് അദ്ദേഹം വാങ്ങിയ വീട് എനിക്ക് ചെറിയ തുകയ്ക്ക് ദാനം തന്നത്. അഞ്ചര സെന്റിൽ നിർമിച്ച 25 വർഷത്തോളം പഴക്കമുള്ള ഒരുനില വാർക്കവീടായിരുന്നു. അങ്ങനെ ഞാനും ഭാര്യയും മക്കളും അവിടെ താമസം തുടങ്ങി.

noushad-house-living

ചെറിയ സ്വീകരണമുറി, ഡൈനിങ് ഹാൾ , രണ്ടു കിടപ്പുമുറി, അടുക്കള, ബാത്റൂം എന്നിവയാണ് വീട്ടിലുള്ളത്. കാലപ്പഴക്കത്തിന്റെ ക്ഷീണതകൾ വീടിനുണ്ട്. ഇനി ചില പുതുക്കിപ്പണികൾ ചെയ്യണം. പിന്നീട്‌  ഘട്ടം ഘട്ടമായി കുറച്ച് പണം അളിയന് നൽകി. എങ്കിലും  ആ കടം ഇനിയും തീർന്നിട്ടില്ല. വീട്ടിലേക്ക് നടവഴി മാത്രമേയുള്ളൂ. വാഹനം ചെന്നെത്താനുള്ള വീതിയില്ല. എന്നെങ്കിലും അതൊന്നു ശരിയായിരുന്നെങ്കിൽ എന്നാഗ്രഹമുണ്ട്.

ആ വാർത്ത തെറ്റാണ്...

ഞാൻ വഴിയോരക്കച്ചവടം നിർത്തുകയാണ് എന്ന വാർത്ത പലയിടത്തും പരക്കുന്നുണ്ട്. അത് തെറ്റാണ്. സമീപത്തുള്ള വലിയ കടക്കാരാകാം ഇത്തരം വാർത്തകൾക്ക് പിന്നിൽ. എനിക്ക് താങ്ങാവുന്നതിലധികം ആവശ്യക്കാർ ഇപ്പോൾ വരുന്നുണ്ട് എന്നത് സത്യമാണ്. എന്നുകരുതി വെറും 100 സ്ക്വയർഫീറ്റ് വലുപ്പമുള്ള കടമുറിയിൽ കച്ചവടം ചെയ്യുന്ന ഞാൻ എങ്ങനെയാണു അവർക്ക് വെല്ലുവിളിയാകുന്നത്. ഞാനും സഹോദരനും സുഹൃത്തും ചേർന്നാണ് കട നടത്തുന്നത്. ഇത് എന്റെ ഉപജീവനമാണ്. എന്നെ സ്നേഹിക്കുന്ന മലയാളികളോട് ദയവായി തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുത് എന്നപേക്ഷിക്കുന്നു.

കുടുംബം..

noushadikka-family-photo

ഭാര്യ നിസ വീട്ടമ്മയാണ്. മക്കൾ ഫർസാന, ഫഹദ്. മകളുടെ ഭർത്താവ് ഡ്രൈവറാണ്. രണ്ടു കൊച്ചുമക്കളുമുണ്ട് എനിക്ക്. ആമിനയും ഉമ്മുവും. അവരാണ് ഇപ്പോൾ വീടിന്റെ പ്രകാശം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com