ഒരിടവേള ആവശ്യമായിരുന്നു, ഞാൻ ഇവിടെത്തന്നെയുണ്ട്, ഉടൻ തിരിച്ചുവരും: ചന്ദ്ര ലക്ഷ്മൺ

chandra-lakshman-house
SHARE

മിനിസ്ക്രീനിലൂടെയും സിനിമകളിലൂടെയും പ്രേക്ഷകർക്ക് സുപരിചിതയാണ് ചന്ദ്ര ലക്ഷ്മൺ. രണ്ടു വർഷത്തെ ഇടവേളയ്ക്കുശേഷം അഭിനയത്തിലേക്ക് തിരിച്ചെത്താൻ തയാറെടുക്കുകയാണ് താരം. ചന്ദ്ര തന്റെ വീടോർമ്മകളും വിശേഷങ്ങളും പങ്കുവയ്ക്കുന്നു.

തിരുവനന്തപുരത്തെ ഒരു തനി ബ്രാഹ്മണ കുടുംബത്തിലാണ് ഞാൻ ജനിച്ചത്. അച്ഛൻ ലക്ഷ്മണൻ കുമാർ. അമ്മ മാലതി. അമ്മ ബാങ്ക് ഉദ്യോഗസ്ഥയായിരുന്നു. അച്ഛൻ സ്വകാര്യ സ്ഥാപനത്തിലും. അച്ഛന്റെ സ്ഥലം മാറ്റങ്ങൾക്കനുസരിച്ച് ഞങ്ങളുടെ വീടുകളും മാറിക്കൊണ്ടിരുന്നു.

അച്ഛന്റെ തറവാട് കോഴിക്കോട് ചാലപ്രം എന്ന സ്ഥലത്താണ്. അക്കാലത്തെ പേരുകേട്ട തറവാടായിരുന്നു. റോസ്‌ബെഡ് എന്നായിരുന്നു വീട്ടുപേര്. നിരവധി ആളുകളുള്ള കൂട്ടുകുടുംബം. പക്ഷേ ഞാൻ ജനിക്കുന്നതിനു മുന്നേ ഭാഗം പിരിഞ്ഞു തറവാട് വിറ്റു. അതുകൊണ്ട് അച്ഛൻ തറവാടിന്റെ ഓർമകളൊന്നും എനിക്കില്ല. തിരുവനന്തപുരം പാളയത്ത് സെക്രട്ടേറിയറ്റിനു എതിർവശത്തായിരുന്നു അമ്മയുടെ തറവാടുവീട്. 

chandra-in-tharavad-old-photo
ചന്ദ്ര ലക്ഷ്മൺ കുട്ടിക്കാലത്ത് തറവാട്ടിൽ

ഞാൻ രണ്ടാം ക്‌ളാസിൽ പഠിക്കുന്ന സമയത്ത് അച്ഛൻ എറണാകുളത്ത് ഒരു വീട് മേടിച്ചു. പക്ഷേ 3 വർഷം മാത്രമേ അവിടെ താമസിക്കാനായുള്ളൂ. അച്ഛന് മധുരയിലേക്ക് സ്ഥലം മാറ്റം. അതോടെ വീട് കുറെ നാൾ അടഞ്ഞു കിടന്നു. നോക്കാനാളില്ലാതായതോടെ ആ വീട് ഞങ്ങൾ വിറ്റു. അതിനുശേഷം അച്ഛന് ചെന്നൈയിലേക്ക് സ്ഥലം മാറ്റം കിട്ടി. 

രാശിയില്ലാത്ത ഫ്ലാറ്റ്...

chandra-family

ഞങ്ങൾ ചെന്നൈയിൽ ഒരു ഫ്ലാറ്റ് വാങ്ങി താമസം തുടങ്ങി. ആദ്യമൊക്കെ സന്തോഷമായിരുന്നു. പക്ഷേ നാലു വർഷം മാത്രമേ അവിടെ തുടരാനായുള്ളൂ. മറ്റുള്ളവർക്ക് അന്ധവിശ്വാസമാണെന്നു തോന്നാമെങ്കിലും അവിടെ താമസിച്ചപ്പോൾ ഞങ്ങൾക്ക് മൂന്നു പേർക്കും അപകടങ്ങൾ ഉണ്ടായി. മരണത്തിൽ നിന്നും കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. സന്തോഷങ്ങൾ ഉണ്ടായിട്ടില്ല എന്നല്ല, അതിനേക്കാൾ പ്രശ്നങ്ങൾ ഉണ്ടായി. അതോടെ വീടിന്റെ വാസ്തു നോക്കിച്ചു. ഫ്ലാറ്റിന്റെ ദിശയിലും അളവുകളിലുമൊക്കെ ദോഷങ്ങൾ കണ്ടെത്തി. അതോടെ ആ ഫ്ലാറ്റ് ഞങ്ങൾ വിറ്റു. അഡയാറിൽ ഒരു വാടക വീട്ടിലേക്ക് താമസം മാറി. പിന്നെ ഇതുവരെ ഞങ്ങൾ സ്വന്തമായി വീട് വാങ്ങിയിട്ടില്ല.

സ്വന്തം പോലെ വാടകവീട്...

chandra

ഡ്യൂപ്ലെയ്‌ ശൈലിയിലുള്ള ഇൻഡിപെൻഡന്റ് വീടാണ്. എന്റെ ജീവിതത്തിൽ പോസിറ്റീവായ ഒരുപാട് കാര്യങ്ങൾ സംഭവിച്ചത് ഇവിടെ താമസിക്കുമ്പോഴാണ്. അതുകൊണ്ട് വാടകവീടായാലും ഇതുവരെ മറ്റൊരു വീടിനോടും തോന്നാത്ത മാനസിക അടുപ്പമുണ്ട്. ഞങ്ങൾക്ക് മൃഗസ്നേഹികളുടെ ഒരു സംഘടനയുണ്ട്. തെരുവുനായ്ക്കളെ മറ്റും പുനരധിവസിപ്പിക്കുന്ന പ്രവർത്തനങ്ങളിൽ സജീവമാണ്. അതെല്ലാം തുടങ്ങിയത് ഇവിടെ താമസിച്ചു തുടങ്ങിയ ശേഷമാണ്. ബാൽക്കണിയിൽ ഞങ്ങൾ ഒരു ഗാർഡൻ ഒരുക്കിയിട്ടുണ്ട്. പൂജാമുറിയും ഗാർഡനുമാണ് എന്റെ ഫേവറിറ്റ് സ്‌പേസുകൾ. എല്ലാവർഷവും തിരുവനന്തപുരത്തുള്ള അമ്മവീട്ടിലേക്ക് എത്താറുണ്ട്. അവിടെ അമ്മൂമ്മയുണ്ട്. വ്യക്തിപരമായ കാരണങ്ങളാൽ രണ്ടു വർഷത്തോളം അഭിനയരംഗത്തു നിന്നും മാറിനിൽക്കുകയായിരുന്നു. ഇപ്പോൾ തിരിച്ചുവരാനുള്ള തയാറെടുപ്പിലാണ്.

ബാല്യം മുതൽ ഇന്നുവരെ നിങ്ങളുടെ ജീവിതത്തിലൂടെ കടന്നുപോയ വീടുകളെക്കുറിച്ച് ഗൃഹാതുരമായ ഓർമകളുണ്ടോ? ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.യോഗ്യമായവ പ്രസിദ്ധീകരിക്കും.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SPOT LIGHT
SHOW MORE
FROM ONMANORAMA