ADVERTISEMENT

ജോബി എന്ന കലാകാരനെ മലയാളിക്ക് മറക്കാനാകില്ല. ഉയരക്കുറവിനെ തന്റെ കഴിവ് കൊണ്ട് മറികടന്നു സിനിമകളിലൂടേയും മിനിസ്ക്രീനിലൂടെയും പ്രേക്ഷകരെ രസിപ്പിച്ച കലാകാരൻ. ദാരിദ്ര്യവും കഷ്ടപ്പാടും പരിഹാസവും അനുഭവിച്ച പഴയ കാലത്തിനൊപ്പം വീടോർമകൾ പങ്കുവയ്ക്കുകയാണ് ജോബി.

 

വാടകവീട്ടിലും കൂട്ടുകുടുംബം..

വീടുകളുടെ ഓർമ തുടങ്ങുന്നതും ഏറെക്കാലം തുടർന്നതും വാടകവീടുകളിലൂടെയാണ്. അച്ഛൻ, അമ്മ, രണ്ടു സഹോദരിമാർ. ഇതായിരുന്നു എന്റെ കുടുംബം. നെയ്യാറ്റിൻകരയായിരുന്നു അച്ഛന്റെ സ്വദേശം. ഓർമവച്ച കാലംമുതൽ ഞങ്ങളോടൊപ്പം അച്ഛന്റെ സഹോദരങ്ങളും കുടുംബവും ഉണ്ടായിരുന്നു. ദാരിദ്ര്യവും കഷ്ടപ്പാടും നിലനിന്ന കുടുംബമായിരുന്നു. അപ്പോഴും എല്ലാവരും ഒരുമിച്ചു താമസിക്കണം എന്ന ആഗ്രഹമായിരുന്നു അച്ഛന്. അങ്ങനെ നെയ്യാറ്റിൻകരയുള്ള വാടകവീടായിരുന്നു എന്റെ ആദ്യ വീട്.

വെട്ടുകല്ല് കൊണ്ട് ചുവരുകളും ചാണകം മേഞ്ഞ തറയുമുള്ള ഓലപ്പുരയായിരുന്നു അത്. മഴക്കാലത്ത് വീടിനകത്ത് വെള്ളം തലനീട്ടിയെത്തും. ഇല്ലായ്മകളിലും സൗകര്യം കണ്ടെത്തി എല്ലാവരും ആ ഇട്ടാവട്ടത്തിൽ സ്നേഹത്തോടെ കഴിഞ്ഞുകൂടി. ഞാൻ ജനിക്കുന്ന സമയത്ത് അച്ഛൻ തൊഴിൽരഹിതനായിരുന്നു. ഞാൻ ഏഴാം ക്‌ളാസിൽ പഠിക്കുമ്പോൾ അച്ഛന് ചെറിയ തൊഴിൽ ലഭിച്ചു. അങ്ങനെ ഞങ്ങൾ കരമന ഒരു വാടകവീട് എടുത്തു താമസം മാറി. അതോടെ ഓലപ്പുരയിൽ നിന്നും ഓടിട്ട വീട്ടിലേക്ക് ജീവിതം കൂടുമാറി.

actor-joby-house-JPG

 

രണ്ടാംനിലയിലെ വീട്... 

malayalam-actor-joby-interviewe-on-life

കുറച്ചുവർഷങ്ങൾക്കുശേഷം അച്ഛൻ പേരൂർക്കടയിലേക്ക് ജോലി മാറി. ഞങ്ങളും ഒപ്പം കൂടുമാറി. അവിടെവച്ചാണ് അച്ഛൻ സ്വന്തമായി കുറച്ചു സ്ഥലം മേടിക്കുന്നതും സ്വന്തമായി ഒരു ചെറിയ വീട് വച്ചതും. അങ്ങനെ കയറിക്കിടക്കാൻ സ്വന്തമായി ഒരു വീടായി. പിന്നീട് കുടുംബം വളർന്നതിനൊപ്പം ആ വീടും വളർന്നു. ഇരുനില വീടായി. ജോബി മന്ദിരം എന്നാണ് വീടിന്റെ പേര്. 

ജീവിതത്തിൽ എത്ര ബുദ്ധിമുട്ടുകൾ വന്നാലും വീട്ടുകാർ എല്ലാവരും ഒരുമിച്ചുണ്ടാകണമെന്നത് അച്ഛന്റെ ആഗ്രഹമായിരുന്നു. അത് മുന്നിൽക്കണ്ടാണ് പഴയ വീടിന്റ മുകളിൽ മുറികൾ കൂട്ടിച്ചേർത്തത്. വീടിനു സമീപം അച്ഛൻ കുറച്ചു സ്ഥലം വാങ്ങിയിട്ടിരുന്നു. പിന്നീട് അവിടെ ഒരു സഹോദരിക്കായി വീടുപണിതു. പഴയ വീട് എനിക്ക് ലഭിച്ചു. ഞാനും കുടുംബവും വീടിന്റെ മുകൾനിലയിലേക്ക് മാറി. മൂന്ന് കിടപ്പുമുറി, ബാത്റൂം, അടുക്കള, സ്വീകരണമുറി എന്നിവയാണ് മുകൾനിലയിലുള്ളത്. താഴെ രണ്ടാമത്തെ സഹോദരിയും കുടുംബവും താമസിക്കുന്നു.

 

വഴിത്തിരിവായി ഉയരക്കുറവ്...

സ്‌കൂൾ കാലഘട്ടത്തിൽ ഞാൻ മിമിക്രി വേദികളിൽ സജീവമായിരുന്നു. പിന്നീട് കേരള സർവകലാശാല കലാപ്രതിഭയായി. അതിലൂടെയാണ് സിനിമയിലേക്കുള്ള എൻട്രി ലഭിക്കുന്നത്. ഉയരക്കുറവിന്റെ പേരിൽ നിരവധി പരിഹാസങ്ങളും കുത്തുവാക്കുകളും കേട്ടു. ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത അച്ചുവേട്ടന്റെ വീടായിരുന്നു ആദ്യ സിനിമ. പിന്നീട് ദൂരദർശൻ വന്നതോടെ അതിൽ ചെയ്ത മിമിക്രി പരിപാടികളും സീരിയലുകളും ഹിറ്റായി. മണ്ണാങ്കട്ടയും കരിയിലയും എന്ന സിനിമയിലെ അഭിനയത്തിന് എനിക്ക് ജൂറിയുടെ പ്രത്യേക പുരസ്കാരം ലഭിച്ചു. അതോടെ അന്ന് കളിയാക്കിവർ അഭിനന്ദിക്കാനെത്തി. എന്നെ സംബന്ധിച്ച് ഒരു മധുരപ്രതികാരമായിരുന്നു അത്.

joby-family

 

സ്വപ്നവീട്...

കരകുളം എന്ന സ്ഥലത്ത് 30 സെന്റ് സ്ഥലം വാങ്ങിയിട്ടുണ്ട്. ഭാവിയിൽ അവിടെ ഒരു വീട് വയ്ക്കണം എന്നാഗ്രഹമുണ്ട്. പ്രകൃതിയെ നോവിക്കാത്ത ഒരു മൺവീട്, പിന്നെ ചുറ്റിലും പച്ചക്കറിത്തോട്ടവും മരങ്ങളും. കയറിക്കിടക്കാൻ ഒരു വീട് പോലും ഇല്ലാത്ത ഇടത്തു നിന്നും ഇത്രയും ഈശ്വരൻ എത്തിച്ചില്ലേ, ഇനിയും അതൊക്കെ നടന്നോളും...

 

കുടുംബം...

ഇപ്പോൾ  കെഎസ്എഫ്ഇയുടെ ഉള്ളൂർ ബ്രാഞ്ച് മാനേജർ ആണ്. ഭാര്യ സൂസൻ. മുത്തയാൾ സിദ്ധാർഥ്. രണ്ടാമത്തെ മകൻ ശ്രേയസ്.  അവൻ ഓട്ടിസ്റ്റിക്കാണ്. വ്യക്തമായി സംസാരിക്കാനോ ശ്രദ്ധിക്കാനോ കഴിയില്ല. ഭാര്യയാണ് അവന്റെ കാര്യങ്ങൾ ഒക്കെ നോക്കുന്നത്. വിഷമങ്ങൾ ഏറെയുണ്ടെങ്കിലും കുടുംബത്തിന്റെ ഒത്തൊരുമയാണ് ഞങ്ങളെ മുന്നോട്ടുനയിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com