sections
MORE

അന്ന് കണ്ട വേദനിപ്പിക്കുന്ന കാഴ്ചകളാണ് ഈ വീടിന്റെ രഹസ്യം: പ്രേംകുമാർ

prem-kumar-house
SHARE

തൊണ്ണൂറുകളിൽ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച നിരവധി സിനിമകളിലൂടെ നിറഞ്ഞുനിന്ന താരമായിരുന്നു പ്രേംകുമാർ. ഒരിടവേളയ്ക്ക് ശേഷം അദ്ദേഹം സിനിമയിൽ വീണ്ടും സജീമായിരിക്കുകയാണ്. പ്രേംകുമാർ തന്റെ വീട് ഓർമകളും വിശേഷങ്ങളും പങ്കുവയ്ക്കുന്നു.

വീടോർമകൾ..

തിരുവനന്തപുരം കഴക്കൂട്ടത്താണ് എന്റെ തറവാട്. ഇന്ന് ടെക്‌നോപാർക് സ്ഥിതി ചെയ്യുന്ന വൈദ്യൻകുന്ന് എന്ന പ്രദേശത്തിന്റെ നല്ലൊരു ശതമാനം അന്ന് എന്റെ മുത്തച്ഛൻ  ഡോ. ജെയിംസിന്റെ സ്വന്തമായിരുന്നു.  അന്ന് കഴക്കൂട്ടം ഒരു ഹരിതസുന്ദര ഗ്രാമമായിരുന്നു. വിദ്യാഭ്യാസ നിർമാണ പദ്ധതിക്കായി സർക്കാർ ഭൂമി ഏറ്റെടുക്കുകയായിരുന്നു. അതിനുശേഷം കുറേവർഷങ്ങൾ അവിടം കാടുപിടിച്ചു കിടന്നു. പിന്നീട് സർക്കാർ അത് വ്യവസായവകുപ്പിനു മറിച്ചുവിറ്റു. അങ്ങനെയാണ് ടെക്‌നോപാർക്ക് അവിടെ സ്ഥാപിച്ചത്.

അച്ഛൻ ജെയിംസ് സാമുവൽ കെഎസ്ഇബി ഉദ്യോഗസ്ഥനായിരുന്നു. അമ്മ ജയകുമാരി വീട്ടമ്മയും. ഞങ്ങൾ മൂന്നു മക്കളാണ്. ഞാൻ രണ്ടാമനാണ്. അജിത് കുമാറും പ്രസന്ന കുമാറും സഹോദരങ്ങൾ. ഏകദേശം 35 വർഷങ്ങൾക്ക് മുൻപ് അച്ഛൻ നിർമിച്ച വീട്ടിൽ തന്നെയാണ് ഞാൻ ഇപ്പോഴും കുടുംബസമേതം താമസിക്കുന്നത്. ആദ്യം ഓടിട്ട ചെറുവീടായിരുന്നു തറവാട്. പിന്നീട് അതിന്റെ പിന്നിലായി അച്ഛൻ ഒരുനില ടെറസ് വീട് പണിതു. വിവാഹശേഷം സഹോദരങ്ങൾ വേറെ വീട് വച്ചു താമസം മാറി. 

എന്റെ വീട്...

premkumar-house

കാലപ്പഴക്കത്തിൽ വാസയോഗ്യമല്ലാതായപ്പോൾ പഴയ ഓടിട്ട വീട് പൊളിച്ചു കളഞ്ഞു. എന്നിട്ട് ടെറസ് വീട്ടിൽ ചില കൂട്ടിച്ചേർക്കലുകൾ നടത്തി. അന്നൊരിക്കൽ എന്റെ സുഹൃത്തും ഗായകനുമായ എം എസ് നസീമിന്റെ വീട്ടിൽ പോയി. വിഖ്യാത ആർക്കിടെക്ട് ലാറി ബേക്കർ കൊണ്ടുവന്ന ബേക്കർ മോഡലിലായിരുന്നു ആ വീട്. പിന്നീട് അതിന്റെ നിർമാതാക്കളെ സമീപിച്ച് അതെ മോഡലിലാണ് ഞാൻ വീട് പുതുക്കിയെടുത്തത്. ചെലവ് കുറച്ച് പരിസ്ഥിതി സൗഹൃദ മാതൃകകൾ പിന്തുടർന്നാണ് വീട് പുതുക്കിയത്. മുകളിലേക്ക് നിലകൾ കൂട്ടിയെടുത്തു. ചോർച്ച പരിഹരിച്ചു. ഫ്ളോറിങ് പരിഷ്കരിച്ചു.  ഒരിഞ്ചു സ്ഥലം പോലും വെറുതെ കളഞ്ഞിട്ടില്ല.

കോൺക്രീറ്റ് ഉപയോഗം കുറച്ച് എക്സ്പോസ്ഡ് ഹോളോ ബ്രിക്കാണ് ചുവർ കെട്ടാനായി ഉപയോഗിച്ചത്. അതിനാൽ ഉള്ളിൽ എപ്പോഴും സുഖമുള്ള ഒരു തണുപ്പ് നിറഞ്ഞു നിൽക്കും. ചെലവ് കുറച്ചതു കൂടാതെ ഇത്ര കാലത്തിനിടയ്ക്ക് അധികം പരിപാലനച്ചെലവും ഉണ്ടായിട്ടില്ല. സിറ്റൗട്ട്, പോർച്ച്, മൂന്ന് കിടപ്പുമുറി, ബാത്റൂം, അടുക്കള എന്നിവ മാത്രമാണ് വീട്ടിലുള്ളത്.  മുറ്റത്തുള്ള മരങ്ങൾ പോലും വെട്ടാതെ സംരക്ഷിച്ചു. 

വീട് കെട്ടുകാഴ്ചയല്ല...

വെറും ഇഷ്ടികയും കമ്പിയും കോൺക്രീറ്റും മാത്രമല്ല വീടുകൾ. ഓരോ വീടുകൾക്കും ജീവനും ആത്മാവുമുണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നു. നല്ല ഹോംസിക്നസ് ഉള്ള കൂട്ടത്തിലാണ് ഞാൻ.  സിനിമകളിൽ ഓടി നടന്നു അഭിനയിച്ച കാലത്ത് ഏറ്റവും മിസ് ചെയ്തിരുന്നത് സ്വന്തം വീട്ടിലെ ഉറക്കമാണ്. ഇന്ന് മിക്ക മലയാളികളും മറ്റുള്ളവരെ കാണിക്കാനായാണ് വീടുപണിയുന്നത്. അതിനായി പോക്കറ്റിൽ ഒതുങ്ങാത്ത തുക ലോണുമെടുക്കും. എന്നിട്ട് അതെ വീട്ടിൽ മനഃസമാധാനമില്ലാതെ ലോൺ അടയ്ക്കാൻ വേണ്ടി ജീവിച്ചുമരിക്കും.

അഭിനയ പഠനകാലത്ത് ഞാൻ ഇന്ത്യയിലൂടെ ഒരുപാട് യാത്രകൾ ചെയ്തു. കടത്തിണ്ണയിൽ കിടക്കുന്നവർ, ചോരുന്ന കൂരയിൽ കഴിയുന്നവർ, ഒരു നേരത്തെ ഭക്ഷണത്തിനായി കുപ്പത്തൊട്ടിയിൽ തെരുവുനായ്ക്കളോട് മത്സരിക്കുന്ന ആളുകൾ..അങ്ങനെ ഒരുപാട് ജീവിതങ്ങൾ കണ്ടു. ജീവിതം ഒരു കെട്ടുകാഴ്ചയല്ലെന്നും ലളിതജീവിതമാണ് ശാശ്വതമെന്നും അതെന്നെ പഠിപ്പിച്ചു. അതുകൊണ്ടാണ് എന്റെ ചുറ്റുപാടുള്ളവർ ആഡംബര വീടുകളുടെ പിറകെ പോയിട്ടും ഞാൻ പഴയ വീട്ടിൽ സംതൃപ്തി നേടുന്നത്. ഒരുപക്ഷേ പഴയ സിനിമക്കാരിൽ ഏറ്റവും പഴയ വീടുള്ളത് എനിക്കായിരിക്കാം.

കുടുംബം..

premkumar-family

ഭാര്യ ജിഷ. വിവാഹശേഷം എട്ടുവർഷത്തോളം ഞങ്ങൾക്ക് കുട്ടികൾ ഇല്ലായിരുന്നു. അതും മറ്റു വ്യക്തിപരമായ അസൗകര്യങ്ങളുമാണ് സിനിമയിൽ നിന്നൊരു ബ്രേക്ക് എടുക്കാൻ കാരണമായത്. അല്ലാതെ മനഃപൂർവം സിനിമയിൽ നിന്നും മാറിനിന്നതല്ല. ആറ്റുനോറ്റിരുന്നു മകൾ ജനിച്ച ശേഷമാണ് വീണ്ടും സിനിമകൾ നോക്കിത്തുടങ്ങിയത്. മകൾ ജെമീമയാണ് ഇപ്പോൾ വീട്ടിലെ ഞങ്ങളുടെ വിളക്ക്. ഏറ്റവും സന്തോഷം അച്ഛനും അമ്മയ്ക്കുമൊപ്പം അവരുടെ വാർധക്യ കാലത്ത് ജീവിക്കാൻ കഴിയുന്നു എന്നതാണ്. 

ബാല്യം മുതൽ ഇന്നുവരെ നിങ്ങളുടെ ജീവിതത്തിലൂടെ കടന്നുപോയ വീടുകളെക്കുറിച്ച് ഗൃഹാതുരമായ ഓർമകളുണ്ടോ? ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.യോഗ്യമായവ പ്രസിദ്ധീകരിക്കും.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SPOT LIGHT
SHOW MORE
FROM ONMANORAMA