sections
MORE

'നീ സിനിമാനടനോ? അന്ന് പലരും കളിയാക്കി; പക്ഷേ ദൈവം എന്റെ കൂടെയായിരുന്നു': വിജിലേഷ് കാരയാട്

vijilesh-actor-house
SHARE

മഹേഷിന്റെ പ്രതികാരവും വരത്തനും കണ്ടവർ വിജിലേഷിനെ മറക്കാനിടയില്ല. പെങ്ങളെ ശല്യം ചെയ്യുന്നവരെ തുരത്താൻ കുങ്ഫു പഠിക്കുന്ന കഥാപാത്രം ചിരിയുണർത്തിയപ്പോൾ, ആർക്കും രണ്ടടി കൊടുക്കാൻ തോന്നുന്ന, കയ്യിലിരിപ്പ് ശരിയല്ലാത്ത വേഷമായിരുന്ന വരത്തനിൽ. വിജിലേഷ് താൻ കടന്നു വന്ന വീടിന്റെ ഓർമകളും വിശേഷങ്ങളും പങ്കുവയ്ക്കുന്നു.

കഷ്ടപ്പാട് നിറഞ്ഞ കാലം...

കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയ്ക്ക് സമീപമുള്ള കാരയാട് ആണ് എന്റെ സ്വദേശം. ടൗണിൽ നിന്നും ഒഴിഞ്ഞുമാറിയുള്ള ഗ്രാമപ്രദേശമാണ്. അച്ഛൻ, അമ്മ, ചേട്ടൻ, ഞാൻ...ഇതായിരുന്നു കുടുംബം. അച്ഛന് കൂലിപ്പണിയായിരുന്നു. അമ്മ അംഗനവാടി ഹെൽപ്പറും. ദാരിദ്ര്യവും കഷ്ടപ്പാടും അവഗണനകളും നിറഞ്ഞതായിരുന്നു ബാല്യകാലം. വളർന്നപ്പോൾ ചേട്ടനും കുടുംബം നോക്കാൻ കൂലിപ്പണിക്കിറങ്ങി. രണ്ടു മുറിയും അടുക്കളയും മാത്രമുള്ള ഓടിട്ട ചെറിയ വീടായിരുന്നു ഞങ്ങളുടേത്. നിരവധി വർഷങ്ങൾ ആ ചെറിയ വീടിന്റെ അസൗകര്യങ്ങളിലും ഞങ്ങൾ സന്തോഷത്തോടെ കഴിഞ്ഞുകൂടി.

vijilesh-parents

തെങ്ങ് ചതിച്ചാശാനേ...

ഞാൻ പത്താം ക്‌ളാസിൽ പഠിക്കുമ്പോൾ ഒരു മഴക്കാലത്തെ കാറ്റിലും മഴയിലും മുറ്റത്തുണ്ടായിരുന്ന തെങ്ങ് കടപുഴകി വീടിന്റെ മുകളിലേക്ക് വീണു. മേൽക്കൂര മുഴുവൻ തകർന്നു. ആ മഴക്കാലം മുഴുവൻ വീട് ചോർന്നു കിടന്നു. പാത്രങ്ങളും ബക്കറ്റും വച്ച് ഞങ്ങൾ വെള്ളം സംഭരിച്ചു. പിന്നീടുള്ള രണ്ടു വർഷത്തോളം വീടിനോട് ചേർന്നു ചായ്പ്പ് കെട്ടി അതിലാണ് ഞങ്ങൾ കഴിഞ്ഞത്. അമ്മയുടെ പേരിൽ ആകെയുണ്ടായിരുന്ന സ്ഥലം വിറ്റാണ് പുതിയ വീട് പണിയാനുള്ള പണം സ്വരുക്കൂട്ടിയത്. അതോടെ 'തെങ്ങ് ചതിക്കില്ല' എന്ന ശൈലി തെറ്റാണെന്നു ജീവിതം കൊണ്ട് ബോധ്യമായി..

പത്രപ്പരസ്യവും അഭിനയമോഹവും...

ചെറുപ്പം മുതൽ അഭിനയത്തോട് ഇഷ്ടമുണ്ടായിരുന്നു. അവധിക്കാലത്ത് നാട്ടിലെ മൈതാനത്തിൽ ഞങ്ങൾ കുട്ടികൾ ഒത്തുകൂടി ചെറിയ നാടകങ്ങൾ അവതരിപ്പിക്കുമായിരുന്നു. പിന്നീട് വേദി സ്‌കൂൾ കലോത്സവങ്ങളിലേക്ക് പുരോഗമിച്ചു. ഡിഗ്രി സമയത്തൊക്കെ അഭിനേതാക്കളെ ക്ഷണിച്ചു കൊണ്ട് വരുന്ന പത്രപ്പരസ്യങ്ങൾക്കെല്ലാം ഫോട്ടോയും ബയോഡേറ്റയും അയച്ചു കൊടുക്കുമായിരുന്നു. അങ്ങനെ കുറെ ഫോട്ടോകൾ പോയത് മിച്ചം എന്നല്ലാതെ ഒരാൾ പോലും വിളിച്ചില്ല. ഉണങ്ങിയ രൂപവും വച്ച് സിനിമാനടനാകാൻ നടക്കുന്നു എന്ന് പറഞ്ഞു പലരും കളിയാക്കുമായിരുന്നു.

ഡിഗ്രിക്ക് ശേഷം തിയറ്റർ ആർട്സിൽ ഉപരിപഠനം നടത്താൻ സംസ്‌കൃത സർവകലാശാലയിൽ എത്തി. അവിടെ വച്ച് ഞങ്ങൾ ചെയ്തൊരു നാടകം സംവിധായകൻ കലവൂർ രവികുമാർ കാണുകയും അടുത്ത സിനിമയിൽ ചെറിയൊരു വേഷം നൽകുകയും ചെയ്തു. പക്ഷേ ആ സിനിമ ശ്രദ്ധിക്കപ്പെട്ടില്ല. പക്ഷേ ദൈവം അങ്ങനെയൊന്നും എന്നെ കൈവിടാൻ പദ്ധതി ഇല്ലായിരുന്നു.

വഴിത്തിരിവായി മഹേഷേട്ടൻ...

അങ്ങനെയിരിക്കെയാണ് സംവിധായകൻ ദിലീഷ് പോത്തൻ ചെറിയൊരു വേഷമുണ്ടെന്നു പറഞ്ഞു വിളിക്കുന്നത്. പെങ്ങളെ ശല്യപ്പെടുത്തുന്ന തടിമാടനെ തോൽപ്പിക്കാൻ കരാട്ടെ പഠിക്കാൻ പോകുന്ന കഥാപാത്രം കേട്ടപ്പോൾ തന്നെ ഇഷ്ടമായി. മഹേഷിന്റെ പ്രതികാരത്തിൽ ചെയ്ത വേഷമാണ് നടൻ എന്ന നിലയിൽ കൂടുതൽ ശ്രദ്ധ നേടിത്തന്നത്. അതിനുശേഷം കൂടുതൽ അവസരങ്ങൾ തേടിയെത്തി. പിന്നീട് വരത്തൻ, തീവണ്ടി എന്നിവയിലെ വില്ലൻ വേഷങ്ങളും ശ്രദ്ധിക്കപ്പെട്ടു.

പുതിയ വീട്, വിവാഹം..

vijilesh-actor-house-view

മുറ്റത്ത് ഇനിയും തെങ്ങുകളുണ്ട്. അതിന്റെ ബലം പരീക്ഷിക്കാനുള്ള അവസരം കൊടുക്കേണ്ട എന്ന് കരുതി, പിന്നീട് ഒരുനില വാർക്ക വീടാണ് പണിതത്. സിനിമയിൽ കുറച്ച് അവസരങ്ങൾ വന്നതിനു ശേഷമാണ് മുകളിലോട്ട് ഒരുനില കൂടി പണിതത്. എങ്കിലും ഇപ്പോഴും പണി തീരാത്ത ഒരു വീടാണ് എന്റേത്. വിവാഹം സെറ്റായി എന്നതാണ് പുതിയ വിശേഷം. കൊറോണക്കാലമായതു കൊണ്ട് തിരക്കിട്ടു നടത്തുന്നില്ല. ഡേറ്റും വിശേഷങ്ങളും പിന്നീട് അറിയിക്കാം.. 

English Summay- Vijilesh Karayad Home Memories

കോഴിക്കോട് ടൗണിനോട് ചേർന്ന് കുറച്ചു സ്ഥലം വാങ്ങി ഒരു ചെറിയ വീട് വയ്ക്കണം എന്നതാണ് ഭാവിയിലേക്കുള്ള മറ്റൊരു സ്വപ്നം

ബാല്യം മുതൽ ഇന്നുവരെ നിങ്ങളുടെ ജീവിതത്തിലൂടെ കടന്നുപോയ വീടുകളെക്കുറിച്ച് ഗൃഹാതുരമായ ഓർമകളുണ്ടോ? ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.യോഗ്യമായവ പ്രസിദ്ധീകരിക്കും.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SPOT LIGHT
SHOW MORE
FROM ONMANORAMA