sections
MORE

5 ലക്ഷം രൂപയ്ക്ക് വീടുകൾ നിർമിച്ചു നൽകി ഒരു സിസ്റ്റർ! ഇത് ദൈവസ്നേഹത്തിന്റെ യഥാർഥ മാതൃക

lizy-chakalaykal
SHARE

ആധ്യാത്മികതയും അധ്യാപനവും സാമൂഹികസേവനവും ഒരുമിച്ചു കൊണ്ടുപോയി സമൂഹത്തിനാകെ മാതൃകയാവുകയാണ്, തോപ്പുംപടി അവർ ലേഡി ഗേൾസ് കോൺവെന്റ് ഹയർ സെക്കണ്ടറി സ്‌കൂളിലെ പ്രിൻസിപ്പലായ ലിസി ചക്കാലയ്ക്കൽ. അടച്ചുറപ്പുള്ള ഒരു വീടിന്റെ  സുരക്ഷിതത്വമില്ലാതെ ദുരിതമനുഭവിക്കുന്ന നിരവധി കുടുംബങ്ങൾക്കാണ് സിസ്റ്റർ ആരംഭിച്ച ഹൗസ് ചാലഞ്ച് എന്ന ഉദ്യമത്തിലൂടെ സ്വപ്നസമാനമായ വീടുകൾ ലഭ്യമായത്.ആറു വർഷം മുൻപ് ഒരു വീട്ടിൽ നിന്നും തുടങ്ങിയ ഈ പദ്ധതി ഈ ഓണക്കാലം വരെ പൂർത്തിയാക്കി നൽകിയത് 120 വീടുകളാണ്.

തുടക്കം...

ആറു വർഷങ്ങൾക്ക് മുൻപ് സ്‌കൂളിൽ പഠിക്കുന്ന വിദ്യാർഥികളുടെ ഭവനങ്ങൾ സന്ദർശിക്കുന്ന വേളയിൽ, തീരദേശ മേഖലയിൽ നിന്നുള്ള ഒരു കുട്ടിയുടെ വീട്ടിലെത്തി. വളരെ പരിതാപകരമായിരുന്നു ആ വീടിന്റെ അവസ്ഥ. അവൾക്ക് അടച്ചുറപ്പുള്ള ഒരു വീട് പണിതുനൽകണം എന്ന കാര്യം സ്‌കൂളിൽ അവതരിച്ചപ്പോൾ അധ്യാപകരും വിദ്യാർഥികളും ഒന്നടങ്കം പിന്തുണച്ചു. അങ്ങനെ അവരുടെ സാമ്പത്തികസഹായത്തോടെ കുറച്ചു മാസങ്ങൾക്കുള്ളിൽ വീട് നിർമിച്ചുനൽകി. ആ കുട്ടിയെപ്പോലെ സമൂഹത്തിൽ അടച്ചുറപ്പില്ലാത്ത വീട്ടിൽ കഴിയുന്ന നിരവധി പേരുണ്ടെന്ന തിരിച്ചറിവാണ് 'ഹൗസ് ചാലഞ്ച്' എന്ന പേരിൽ പ്രവർത്തനങ്ങൾ തുടർന്ന് കൊണ്ടുപോകാൻ പ്രചോദനം നൽകിയത്.

അകമഴിഞ്ഞ സഹായം...

സ്‌കൂളിലെ വിദ്യാർഥികളും അധ്യാപകരും വിശേഷദിവസങ്ങൾ ആഘോഷമായി ചെലവഴിക്കാൻ ഉപയോഗിക്കുമായിരുന്ന തുക സന്തോഷത്തോടെ ഇതിലേക്ക് നൽകുന്നു. അതുപോലെ പൂർവവിദ്യാർഥികളും പൂർവ അധ്യാപകരും സ്റ്റാഫുമെല്ലാം അകമഴിഞ്ഞ് സഹായിക്കുന്നു. PMAY, Life Mission പോലുള്ള സർക്കാർ പദ്ധതികളിൽ നിന്നുള്ള ധനസഹായം പലപ്പോഴും വീട് പണിയാൻ പര്യാപ്തമല്ല. ഇങ്ങനെ ലഭിക്കുന്ന തുക ലേബർ ചാർജിലേക്ക് വകയിരുത്തുന്നു.

5 ലക്ഷത്തിനു വീട്...

lizzy-house

തദ്ദേശഭരണ സ്ഥാപങ്ങൾ വഴിയാണ് ഗുണഭോക്താക്കളെ കൂടുതലും കണ്ടെത്തുന്നത്. ഇവരിൽ പലർക്കും ഒന്നോ രണ്ടോ സെന്റ് ഭൂമി മാത്രമാണ് സ്വന്തമായി ഉണ്ടാവുക. അതിൽ സൗകര്യങ്ങളുള്ള വീട് നിർമിച്ചു നൽകുക എന്ന വെല്ലുവിളി മറികടന്നാണ് ഈ ഭവനങ്ങൾ സഫലമായത്. ഈ ഓണക്കാലം വരെ പൂർത്തിയാക്കി നൽകിയത് 120 വീടുകളാണ്. അതിൽ 76 വീടുകൾ എന്റെ സ്‌കൂളിലെ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടികൾക്കാണ് നൽകിയത്.

house-challenge-home

കുടുംബത്തിലെ അംഗസംഖ്യ അനുസരിച്ചാണ് മുറികളുടെ എണ്ണം തീരുമാനിക്കുന്നത്. ലിവിങ്- ഡൈനിങ് ഹാൾ, സൗകര്യങ്ങളുള്ള അടുക്കള, ബാത്റൂം, രണ്ടോ മൂന്നോ കിടപ്പുമുറികൾ എന്നിവയാണ് 500 മുതൽ 700 ചതുരശ്രയടി വരെയുള്ള വീടുകളിൽ ഉൾക്കൊള്ളിക്കുന്നത്. താഴ്ന്ന സാമ്പത്തിക സ്ഥിതിയിലുള്ള ഇവർ പിന്നീട് വീടുപരിപാലനത്തിനു  വേണ്ടി പണം ചെലഴിക്കില്ല. അതിനാൽ ഗുണനിലവാരമുള്ള സാമഗ്രികൾ തന്നെയാണ് നിർമാണത്തിനുപയോഗിക്കുന്നത്.

നന്മകൾ അവസാനിക്കുന്നില്ല...

sister-lizzy

കഴിഞ്ഞ വർഷത്തെ പ്രളയം സാരമായി ബാധിച്ച 150 കുടുംബങ്ങളെ ഹൗസ് ചാലഞ്ച് പദ്ധതിയുടെ ഭാഗമായി ദത്തെടുത്തു. വെറും ഒരു വർഷത്തിനുള്ളിൽ 25 വീടുകളാണ് ഇവർക്ക് മാത്രം നിർമിച്ചു നൽകിയത്. ഭൂമിയില്ലാത്തവർക്ക് ഭൂമിയും വീടും നൽകുന്ന ഭൂദാനം എന്ന പദ്ധതിയുടെ പണിപ്പുരയിലാണ് ഇപ്പോൾ സിസ്റ്റർ.

എന്റെ വിദ്യാർഥികളുടെയും സഹപ്രവർത്തകരുടെയും അഭ്യുദയ കാംക്ഷികളുടെയും പിന്തുണയാണ് ഈ പദ്ധതി വിജയമാക്കിയത്. മലയാള മനോരമയുടെ നല്ലപാഠം പദ്ധതി ഞങ്ങളുടെ പ്രവർത്തങ്ങൾക്ക് വളരെ വലിയ പിന്തുണയാണ് നൽകിക്കൊണ്ടിരിക്കുന്നത്. ഇതുവരെയും ഒരു സംഘടനയുടെ ചട്ടക്കൂടുകളിൽ ഞങ്ങളുടെ പ്രവർത്തനങ്ങൾ ഒതുക്കിയിട്ടില്ല. 

ഭിന്നശേഷിയുള്ള മക്കളുള്ള അമ്മമാരുടെ ദുരിതങ്ങൾ നേരിട്ടറിഞ്ഞിട്ടുണ്ട്. അതുപോലെ അംഗപരിമിതർ, രോഗികൾ..ഇവർക്കൊക്കെ നൽകാവുന്ന ഏറ്റവും വലിയ സാന്ത്വനം അടച്ചുറപ്പുള്ള ഒരു വീടാണ് എന്ന തിരിച്ചറിവാണ് മുന്നോട്ടുള്ള പ്രവർത്തങ്ങൾക്കുള്ള എന്റെ ഇന്ധനം. സിസ്റ്റർ ലിസി പറഞ്ഞു നിർത്തുന്നു.

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DREAM HOME
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA