ADVERTISEMENT

മോളി കണ്ണമാലി എന്ന പേരുകേട്ടാൽ നെറ്റി ചുളിക്കുന്ന പലർക്കും 'ചാള മേരി' എന്ന് കേട്ടാൽ സകുടുംബം ഒരു ചിരിക്ക് വകയുണ്ട്. കൊച്ചി ഭാഷയിലുള്ള വേറിട്ട അഭിനയശൈലിയിലൂടെ പ്രേക്ഷകരുടെ ഇഷ്ട താരമാണ് മോളി.  എന്നാൽ സിനിമയ്ക്ക് പുറത്ത് അടുത്തിടെ വരെ ശ്രദ്ധിക്കപ്പെടാതെ പോയ കഷ്ടപ്പാടിന്റെ ജീവിതകഥയും ഇവർക്ക് പറയാനുണ്ട്. മോളി വീട്ടുവിശേഷങ്ങൾ പങ്കുവയ്ക്കുന്നു.

എറണാകുളം ജില്ലയിലെ കണ്ണമാലിയാണ് സ്വദേശം. പുത്തൻതോട് പാലത്തിനടുത്തുള്ള ഒരു കൂരയായിരുന്നു വീട്. നിർഭാഗ്യവശാൽ ഇന്നും ഞാൻ താമസിക്കുന്നത് ഇവിടെത്തന്നെയാണ്.

ചെറുപ്പം മുതൽ ഞാൻ നാടകങ്ങളിൽ അഭിനയിച്ചിരുന്നു. വിവാഹശേഷം കുടുംബം പുലർത്താൻ വേണ്ടി കൂടുതൽ സജീവമായി. ഭർത്താവിന് മീൻപിടിത്തമായിരുന്നു. ഞങ്ങൾക്ക് രണ്ടു ആൺമക്കൾ. ഇതായിരുന്നു കുടുംബം. ദാരിദ്ര്യവും കഷ്ടപ്പാടും ഞങ്ങളുടെ സന്തതസഹചാരികളായിരുന്നു.

നാടകത്തിലൂടെ എനിക്ക് സിനിമയിൽ അവസരം ലഭിക്കുന്നത്. കേരള കഫെ ആയിരുന്നു ആദ്യ സിനിമ. അതിനുശേഷം അൻവർ, ചാർളി അങ്ങനെ കുറച്ച് സിനിമകൾ ചെയ്തു. താരസംഘടനയായ അമ്മയിൽ ഇതുവരെ അംഗത്വം എടുത്തിട്ടില്ല. എടുക്കാൻ തീരുമാനിച്ചിരുന്ന സമയത്താണ് ഹൃദ്രോഗം വന്നു കിടപ്പിലായത്. ഓപ്പറേഷന് വേണ്ടി അതുവരെ ഉണ്ടായിരുന്ന സമ്പാദ്യമെല്ലാം ചെലവായി. 

ഞങ്ങളുടെ കഷ്ടപ്പാട് കണ്ടു അന്നത്തെ എറണാകുളം എംപി മുൻകയ്യെടുത്ത്, താമസിച്ചിരുന്ന കൂരയുടെ സമീപം തന്നെ  ഞങ്ങൾക്കൊരു ചെറിയ വീട് വച്ച് തന്നിരുന്നു. അടച്ചുറപ്പുള്ള ഒരു കൂര ലഭിച്ച സന്തോഷം പക്ഷേ അധികകാലം നീണ്ടുനിന്നില്ല. കഴിഞ്ഞ വർഷത്തെ പ്രളയത്തിൽ വീട് തകർന്നു. മുഴുവൻ ചെളിയും വെള്ളം കയറി നാശമായി. ഇതുവരെ വീട് നന്നാക്കാൻ കഴിഞ്ഞിട്ടില്ല. അതോടെ ഞാനും രണ്ടു മക്കളും അവരുടെ ഭാര്യമാരും പേരക്കുട്ടികളും വീണ്ടും പഴയ കൂരയിലേക്ക് താമസം മാറി.

ഇളയ മകന് സ്ത്രീധനമായി ചെല്ലാനത്ത് 3 സെന്റ് ഭൂമി ലഭിച്ചിരുന്നു. അവിടെ ഒരു വീട് പണിയാനുള്ള ശ്രമങ്ങൾ കുടുംബത്തിൽ നിന്നുതന്നെയുള്ള ചില വഴക്കുകൾ മൂലം ഏറെനാൾ തടസ്സപ്പെട്ടു. എങ്കിലും സന്തോഷമുള്ള കാര്യം അടുത്തിടെ പ്രശ്നമെല്ലാം ഒത്തുതീർപ്പായി. ഇപ്പോൾ അവിടെ വീടിന്റെ കുറ്റിയടി കഴിഞ്ഞു.

മിക്ക സിനിമയിലും ഒന്നോ രണ്ടോ ദിവസം മാത്രമാണ് ഷൂട്ടുള്ളത്. ആറായിരമോ ഏഴായിരമോ മാത്രമാണ് പ്രതിഫലം കിട്ടുന്നത്. എന്റെ ദുരവസ്ഥ കണ്ട് ചില സിനിമാക്കാർ വീട് നിർമിച്ചു നൽകാം എന്ന് വാഗ്ദാനം ചെയ്തിരുന്നു. അതാണിപ്പോൾ മുന്നിലുള്ള ഒരു പ്രതീക്ഷ.

ഇത്രയൊക്കെ പ്രശ്നങ്ങളുണ്ടെങ്കിലും എല്ലാ കൊച്ചിക്കാരെയും പോലെ സ്‌ക്രീനിലെത്തിയാൽ മോളിച്ചേച്ചി ഉഷാറാകും. മിനിസ്‌ക്രീനിൽ പൊട്ടിച്ചിരിപ്പിക്കുന്ന പല ഹാസ്യതാരങ്ങളുടെയും ജീവിതത്തിൽ കണ്ണീരിന്റെ ഉപ്പു വീണു തളം കെട്ടിക്കിടപ്പുണ്ടെന്നു മോളിയുടെ ജീവിതം ഓർമിപ്പിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com