sections
MORE

വീട്ടിലെ ഏക 'മലയാളി' ഇപ്പോൾ ഞാനാണ്! ഉപ്പും മുളകിലെ അലീനക്കുട്ടിയുടെ വിശേഷങ്ങൾ

riya-alina-fransis
SHARE

ഉപ്പും മുളകും സീരിയലിൽ അതിഥി വേഷത്തിൽ എത്തി പ്രേക്ഷകരുടെ ഇഷ്ടം നേടിയ കുട്ടിത്താരമാണ് റിയ. എന്നാൽ ദക്ഷിണേന്ത്യയിൽ ഹിറ്റായ നിരവധി പരസ്യങ്ങളിലെ സാന്നിധ്യമാണ് ഈ കൊച്ചുസുന്ദരി എന്ന് പലർക്കുമറിയില്ല. റിയ തെളിമലയാളത്തിൽ സംസാരിക്കുമെങ്കിലും വീട്ടിലെ മറ്റാർക്കും മലയാളം അറിയില്ല എന്നതാണ് മറ്റൊരു രസം. കേശുവിന്റെ കൂട്ടുകാരിയായ അലീന ഫ്രാൻസിസ് എന്ന കഥാപാത്രമായാണ് റിയ മിനിസ്‌ക്രീനിൽ മുഖം കാണിക്കുന്നത്.റിയ വീട്ടുവിശേഷങ്ങൾ പങ്കുവയ്ക്കുന്നു.


വീട്ടിലെ ഏക മലയാളി..

ഗുജറാത്തിലെ അഹമ്മദാബാദാണ് അച്ഛന്റെയും അമ്മയുടെയും സ്വദേശം.16 വർഷം മുൻപ് ബിസിനസിനായാണ് അച്ഛൻ  കൊച്ചിയിലേക്ക് വന്നത്. പിന്നീട് ഇവിടെ താമസം ഉറപ്പിക്കുകയായിരുന്നു. ഇരുവർക്കും മലയാളം വായിക്കാനോ സംസാരിക്കാനോ അറിയില്ല. ചേച്ചിക്കും ചെറുതായേ മലയാളം അറിയുള്ളൂ. ഞാൻ ജനിച്ചതും വളർന്നതുമെല്ലാം കൊച്ചിയിലാണ്. അതുകൊണ്ട് എനിക്ക് മലയാളം നല്ലതുപോലെ എഴുതാനും സംസാരിക്കാനും അറിയാം. ചുരുക്കത്തിൽ വീട്ടിലെ ഏക മലയാളി ഇപ്പോൾ ഞാനാണ്. ഇടയ്ക്ക്  ഞാൻ അവരെ മലയാളം പഠിപ്പിക്കാൻ ശ്രമിക്കാറുണ്ട്. അഹമ്മദാബാദിലെ തറവാട്ടിലേക്ക് ഒരിക്കൽ പോയിട്ടുണ്ട് എന്നല്ലാതെ അധികം ഓർമകളില്ല.

riya-flat-inside

വെണ്ണലയിൽ ഫ്ലാറ്റിലാണ് ഇപ്പോൾ താമസം. അച്ഛൻ കൊച്ചിയിൽ വന്ന സമയത്ത് ആദ്യമൊക്കെ വാടക ഫ്ലാറ്റിലായിരുന്നു. ഞാൻ ജനിച്ച ശേഷമാണ് സ്വന്തമായി ഫ്ലാറ്റ് വാങ്ങിയത്. അതുകൊണ്ട് എനിക്കും ഈ ഫ്ലാറ്റ് ഭയങ്കര ഇഷ്ടമാണ്. രണ്ടു കിടപ്പുമുറി, ലിവിങ് ഹാൾ, കിച്ചൻ എന്നിവയാണ് ഫ്ലാറ്റിലുള്ളത്.

riya-flat

വീടിനുള്ളിൽ എന്റെ ചെറുപ്പം മുതലുള്ള ഫോട്ടോസ് കൊണ്ടാണ് ഭിത്തികൾ അലങ്കരിച്ചിരിക്കുന്നത്. ഞങ്ങൾ യാത്ര പോയപ്പോൾ മേടിച്ച ക്യൂരിയോസും പെയിന്റിങ്ങുമൊക്കെ വീട്ടിൽ വച്ചിട്ടുണ്ട്. പിന്നെ ലിവിങ് ഹാളിൽ ഞങ്ങൾ ഒരു ഊഞ്ഞാൽ ഇട്ടിട്ടുണ്ട്. അവിടെയിരുന്നു ടിവി കാണുന്നതാണ് മറ്റൊരു ഇഷ്ടം. മറ്റൊരു ഫേവറിറ്റ് സ്‌പേസ് ടെറസ് ഗാർഡനാണ്. ഇവിടെ നിന്നാൽ കൊച്ചിയുടെ മനോഹരകാഴ്ചകൾ കാണാം.

riya-living

പരസ്യം വഴി സീരിയലിലേക്ക്..

aleena-model

ഞാൻ ചെറുപ്പം മുതൽ ചെറിയ പരസ്യചിത്രങ്ങളിലും മോഡലായുമൊക്കെ അഭിനയിച്ചു തുടങ്ങിയിരുന്നു. അങ്ങനെ ഞാൻ അഭിനയിച്ച ഒരു ഷൂട്ടിന്റെ ലൊക്കേഷൻ ഉപ്പും മുളകും ഷൂട്ട് ചെയ്യുന്ന വീടിന്റെ സമീപത്തായിരുന്നു. അവിടെ വച്ച് എന്നെ കണ്ടാണ് ഉപ്പും മുളകിലേക്ക് അവസരം ലഭിക്കുന്നത്. ഉപ്പും മുളകിൽ കേശുവിനെ കാണാൻ വീട്ടിൽ എത്തുന്ന അതിഥിയായാണ് ഞാൻ കൂടുതലും പ്രത്യക്ഷപ്പെടുക. അതുകൊണ്ടുതന്നെ കൊച്ചി വാഴക്കാലയിലുള്ള ആ വീടും കുടുംബവും സ്വന്തം വീടുപോലെയായി മാറിയിട്ടുണ്ട്. 

കുടുംബം...

riya-family

ഉപ്പും മുളകിൽ അഭിനയിച്ച ശേഷം കൂട്ടുകാർ പോലും എന്നെ അലീന എന്നാണ് വിളിക്കുന്നത്. അച്ഛൻ പ്രജാപതി. അമ്മ അരുണ വീട്ടമ്മയാണ്. എനിക്കൊരു ചേച്ചിയുണ്ട്. വിധി. ഇപ്പോൾ പത്താം ക്‌ളാസിൽ പഠിക്കുന്നു. ഞാൻ കാക്കനാട് അസീസി വിദ്യാനികേതൻ സ്‌കൂളിൽ അഞ്ചാം ക്‌ളാസിലാണ് പഠിക്കുന്നത്. ഷൂട്ട് ഉള്ള സമയത്ത് ചിലപ്പോൾ ക്‌ളാസ് മിസ് ആകാറുണ്ട്. എങ്കിലും ടീച്ചേഴ്‌സും കൂട്ടുകാരുമെല്ലാം നല്ല സപ്പോർട്ടാണ്. മമ്മൂട്ടി അങ്കിളിനൊപ്പം ഒരു ഫോട്ടോഷൂട്ടിൽ അഭിനയിക്കാൻ കഴിഞ്ഞത് മറക്കാൻ കഴിയില്ല. ഇനിയും  ഇനിയും ധാരാളം പരസ്യങ്ങളിൽ അഭിനയിക്കണം എന്നതാണ് സ്വപ്നം.

ബാല്യം മുതൽ ഇന്നുവരെ നിങ്ങളുടെ ജീവിതത്തിലൂടെ കടന്നുപോയ വീടുകളെക്കുറിച്ച് ഗൃഹാതുരമായ ഓർമകളുണ്ടോ? ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.യോഗ്യമായവ പ്രസിദ്ധീകരിക്കും.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SPOT LIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA