ADVERTISEMENT

പുണ്യാളൻ അഗർബത്തീസ് എന്ന സിനിമയിലെ ജിമ്പ്രൂട്ടനെ പ്രേക്ഷകർ മറക്കാനിടയില്ല. ചെറിയ വേഷങ്ങളിലാണ് ഗോകുലനെ നമ്മൾ കണ്ടിട്ടുള്ളത്. പക്ഷേ അതെല്ലാം ഓർത്തിരിക്കാൻ പാകത്തിലാക്കാൻ ഈ നടനു സാധിക്കുന്നു. മമ്മൂട്ടിയോടൊപ്പം ഉണ്ട എന്ന സിനിമയിൽ മുഴുനീള വേഷം ചെയ്തതാണ് അഭിനയജീവിതത്തിലെ പുതിയ വഴിത്തിരിവ്. ഇപ്പോൾ കയ്യിൽ ഒരുപിടി ചിത്രങ്ങളിലൂടെ സിനിമയിൽ സജീവമാവുകയാണ് ഗോകുലൻ. താരം തന്റെ വീട്ടുവിശേഷങ്ങൾ പങ്കുവയ്ക്കുന്നു.

 

എന്നോടൊപ്പം വളർന്ന വീട്...

എറണാകുളം കാക്കനാടാണ് എന്റെ സ്വദേശം. അച്ഛനും അമ്മയും ഞങ്ങൾ അഞ്ചു മക്കളെയും അടങ്ങുന്നതായിരുന്നു കുടുംബം. ജീവിതത്തിന്റെ രണ്ടറ്റങ്ങളും കൂട്ടിമുട്ടിക്കാൻ പാടുപെടുന്ന ഒരു സർക്കാർ ജീവനക്കാരനായിരുന്നു അച്ഛൻ. അമ്മ വീട്ടമ്മയും. കോടതിയിൽ ആയിരുന്നു അച്ഛന് ജോലി. അവിടെ നിന്നും ലഭിക്കുന്ന തുച്ഛമായ വരുമാനം കൊണ്ട് വേണം ഏഴ് ജീവിതങ്ങൾ കഴിയാൻ.

എനിക്ക് അഞ്ചു വയസ്സുള്ളപ്പോൾ കാക്കനാടിനു സമീപമുള്ള നവോദയ എന്ന സ്ഥലത്ത് അച്ഛൻ ഒരു വീട് മേടിച്ചു. വീട് എന്നൊന്നും പറയാൻ പറ്റില്ല. ഒരു ഓലക്കുടിൽ. മഴക്കാലത്ത് മേൽക്കൂര ചോർന്നൊലിക്കും. അപ്പോൾ അമ്മ പാത്രങ്ങൾ നിരത്തി വയ്ക്കും. അതിൽ വെള്ളം വീണു തെറിക്കുന്നതും ബ്ലും ബ്ലും എന്ന ശബ്ദവും ഞങ്ങൾ കുട്ടികൾ കൗതുകത്തോടെയാണ് കണ്ടിരുന്നത്. അത് ദാരിദ്ര്യത്തിന്റെ അടയാളമാണെന്നു മനസിലാക്കാനുള്ള തിരിച്ചറിവൊന്നും അന്നില്ലല്ലോ! 

പിന്നീട് ഞാൻ പത്താം ക്‌ളാസിൽ പഠിക്കുമ്പോൾ അച്ഛൻ വീടൊന്നു അപ്ഗ്രേഡ് ചെയ്തു. ഓല മേൽക്കൂരയും മൺഭിത്തിയും മാറ്റി ടാർ ഷീറ്റ് വിരിച്ചു. ആകെ ഒറ്റ മുറിയേയുള്ളൂ എങ്കിലും അവിടെ ഞങ്ങൾ എല്ലാവരും ഒത്തൊരുമയോടെ കഴിഞ്ഞു. പിന്നീട് ഞാൻ ഡിഗ്രിക്ക് പഠിക്കുമ്പോഴാണ് ഇപ്പോൾ താമസിക്കുന്ന വീട്ടിലേക്ക് പ്രൊമോഷൻ ലഭിക്കുന്നത്. 

gokulan-home

 

അടച്ചുറപ്പുള്ള വീട്ടിലേക്ക്..

അച്ഛന്റെ ഒരായുസിന്റെ സമ്പാദ്യമായിരുന്നു പുതിയ വീട്. നാലു കിടപ്പുമുറി, സ്വീകരണമുറി, അടുക്കള എല്ലാമുണ്ട്. ഇപ്പോൾ ചേട്ടന്മാരും പെങ്ങളും വിവാഹം കഴിച്ചു വേറെ വീട് വച്ച് താമസം മാറി. അച്ഛനും അമ്മയോടുമൊപ്പം ഞാൻ ബാച്ചിലർ ലൈഫ് ആസ്വദിച്ച് ഇവിടെ കഴിയുന്നു. 

എന്നോടൊപ്പം വളർന്ന വീടാണിത്. അതുകൊണ്ട് മാനസികമായി ഒരടുപ്പവുമുണ്ട്. വീടിനെ ജീവനുള്ള ഒരു വ്യക്തിയായിട്ടാണ് ഞാൻ കാണുന്നത്. ഒറ്റയ്ക്കിരിക്കുമ്പോൾ വീടിനോട് സംസാരിക്കാറുമുണ്ട്. വീടിന്റെ പാച്ച് വർക്കുകൾ എല്ലാം ഞാൻ തന്നെയാണ് ചെയ്യുന്നത്. എപ്പോഴും എന്തെങ്കിലുമൊക്കെ വീട്ടിൽ പുതുതായി ചെയ്തുകൊണ്ടിരിക്കും. വീട് പായൽ പിടിക്കുമ്പോൾ, അല്ലെങ്കിൽ പെയിന്റ് മങ്ങുമ്പോൾ എനിക്ക് വിഷമമാകും. അതുകൊണ്ട് എല്ലാവർഷവും ഞാൻ പെയിന്റ് ചെയ്യാറുണ്ട്.

gokulan-with-mammootty

പറയുമ്പോൾ അഹങ്കാരമാണെന്നു തോന്നും, പക്ഷേ ഇപ്പോൾ ആ പഴയ വീടുകളും ജീവിതവും മിസ് ചെയ്യാറുണ്ട്. ഇല്ലായ്മകളുടെ കാലത്ത് ആ ഒരു മുറി വീട്ടിൽ ഞങ്ങൾ സന്തോഷത്തോടെ കഴിഞ്ഞു. ഇപ്പോൾ എല്ലാവർക്കും സ്വന്തമായി മുറികളുണ്ട്. പക്ഷേ വീട് വലുതായപ്പോൾ മനസ്സ് കുറച്ചു കൂടി ഇടുങ്ങിപ്പോയോ എന്നുതോന്നാറുണ്ട്.

 

അപ്രതീക്ഷിതമായി സിനിമയിലേക്ക്...

കോളജ് കാലം മുതൽ നാടകത്തിൽ സജീവമായിരുന്നു. പക്ഷേ സിനിമ അന്നൊന്നും മോഹിപ്പിച്ചിട്ടില്ല. പിജിക്ക് പഠിക്കുമ്പോൾ ഞങ്ങൾ ചെയ്ത നാടകം ഒരു സംവിധായകൻ കാണുകയും പുതിയ ചിത്രത്തിൽ അവസരം തരികയുമായിരുന്നു. ചെയ്തു കഴിഞ്ഞപ്പോൾ കൊള്ളാമെന്നു തോന്നി. പിന്നീട് ചെറിയ പരസ്യ ചിത്രങ്ങളും സിനിമകളും തേടിയെത്തി. ഇപ്പോൾ ഒരുപിടി സിനിമകൾ ചെയ്യാൻ കഴിയുന്നു. മുൻനിര താരങ്ങൾക്കൊപ്പം അഭിനയിക്കാൻ കഴിയുന്നു. അതൊക്കെ ഒരു ഭാഗ്യമായി കരുതുന്നു.

English Summary: Actor Gokulan Talks about His House, Life and Movies

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com