ജീവിതത്തിൽ അനുഭവിച്ച ആ ദുരിതങ്ങൾ എന്നെ നടനാക്കി: സുധി കൊപ്പ

sudh-kopa
SHARE

സ്വാഭാവികമായ അഭിനയത്തിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയിരിക്കുകയാണ് സുധി കോപ്പ എന്ന നടൻ. നാടിനെയും നാടകത്തെയും സിനിമയെയും ഒരുപോലെ സ്നേഹിച്ച ഒരു ചെറുപ്പക്കാരന്റെ അതിജീവനത്തിന്റെ കഥയാണ് സുധിയുടെ ജീവിതം. കൊച്ചിയും പള്ളുരുത്തിയും ചുരുക്കിയാണ് പേരിനൊപ്പമുള്ള 'കോപ്പ ' ഉണ്ടായത്.  സുധി തന്റെ വീട്ടുവിശേഷങ്ങൾ പങ്കുവയ്ക്കുന്നു.

ഓർമകൾ തുടങ്ങുന്നു...

ജീവിതത്തിന്റെ രണ്ടറ്റങ്ങൾ കൂട്ടിമുട്ടിക്കാൻ പാടുപെടുന്ന ഒരു  കുടുംബത്തിലാണ് ഞാൻ ജനിച്ചത്. അച്ഛൻ ശിവശങ്കരപ്പിള്ള ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസിൽ ഉദ്യോഗസ്ഥനായിരുന്നു. അമ്മ ശാന്തകുമാരി വീട്ടമ്മയും. എനിക്കൊരു സഹോദരി- സന്ധ്യ. ഇതായിരുന്നു കുടുംബം. 

എനിക്ക് ഓർമ തുടങ്ങുമ്പോൾ ഞങ്ങൾ പള്ളുരുത്തിയിൽ ജയലക്ഷ്മി തിയറ്ററിനു മുന്നിലുള്ള ഒരു കൊച്ചു വാടകവീട്ടിലായിരുന്നു. അന്ന് മുതൽ തുടങ്ങിയതാണ് സിനിമയുമായുള്ള ആത്മബന്ധം.  അച്ഛൻ ജോലിക്കൊപ്പം നാടകവും ബാലെയുമൊക്കെ കളിക്കുമായിരുന്നു. അങ്ങനെയാണ് ഞാനും തട്ടിൽ കയറുന്നത്. പഠനകാലത്ത് നാടകം കളിച്ചു കിട്ടുന്ന കാശു കൊണ്ട് എല്ലാ സിനിമകളും പോയി കാണുമായിരുന്നു.

ചോരുന്ന വീട്...

കുറച്ചു വർഷങ്ങൾക്കുശേഷം അച്ഛൻ പള്ളുരുത്തിയിൽ ഒരു പഴയ വീട് വാങ്ങി. ഓട് മേഞ്ഞ മേൽക്കൂരയും തേക്കാത്ത വെട്ടുകല്ല് അടർന്ന ചുവരുകളും കുടുസുമുറികളുള്ള ഒരു കൊച്ചു വീട്. ചൂടുകാലത്ത് കാവി വിരിച്ച നിലത്തായിരുന്നു ഞങ്ങൾ കിടന്നുറങ്ങിയിരുന്നത്. മഴക്കാലമാകുമ്പോൾ ചോർച്ച തുടങ്ങും. ഒപ്പം എലിയുടെയും കൊതുകിന്റെയും ശല്യവും. എക്സ്റേ ഷീറ്റ് കൊണ്ട് ഞങ്ങൾ ചോരുന്ന മേൽക്കൂര അടയ്ക്കുമായിരുന്നു.

വീട്ടിലാരെങ്കിലും വന്നാൽ നിന്നുതിരിയാൻ പോലും സ്ഥലമില്ല. എങ്കിലും ആ കഷ്ടപ്പാടിലും ഞങ്ങൾ സന്തോഷത്തോടെ കഴിഞ്ഞു. കാരണം കുടുംബത്തിന്റെ  അന്നത്തെ സാമ്പത്തിക സ്ഥിതി അതുപോലെ മോശമായിരുന്നു. എങ്കിലും ഭാവിയിൽ ഒരു നല്ല വീട്ടിൽ കഴിയുന്ന സ്വപ്നമാണ് ഞങ്ങൾക്ക് പ്രതീക്ഷ നൽകിയത്.

അമച്വർ നാടകത്തിലൂടെയായിരുന്നു തുടക്കം. അന്നും സിനിമ തന്നെയായിരുന്നു ലക്ഷ്യം. ഞാൻ സിനിമയിൽ എത്തിയിട്ട് പത്തു വർഷങ്ങൾ കഴിഞ്ഞു. പക്ഷേ ആളുകൾ ശ്രദ്ധിക്കുന്ന വേഷങ്ങൾ ലഭിച്ചു തുടങ്ങിയത് അടുത്തിടെയാണ്. സാഗർ ഏലിയാസ് ജാക്കിയിൽ മിന്നായം പോലെ ഒരു വേഷമായിരുന്നു. പിന്നീട് വഴിത്തിരിവായത് ആമേൻ എന്ന സിനിമയാണ്. ഇപ്പോൾ പൊറിഞ്ചു മറിയം ജോസ്, ഉണ്ട എന്നിവയും ശ്രദ്ധിക്കപ്പെട്ടു. ഈശ്വരാനുഗ്രഹം കൊണ്ട് കഴിഞ്ഞ രണ്ടു വർഷങ്ങളായി കൂടുതൽ ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങൾ കിട്ടുന്നു. 

വാടകയ്ക്ക് പകരം പണയത്തിൽ താമസം...

പഴയ വീട് പൊളിച്ചു കളഞ്ഞാണ് പുതിയ വീട് പണിതത്. ആ എട്ടു മാസക്കാലം ഞങ്ങൾ പണയത്തിനാണ് താമസിച്ചത്. കൊച്ചിയിലൊക്കെ സാധാരണക്കാർക്ക് താങ്ങാനാകാത്ത വാടകയാണ്. അതിനു പകരമുള്ള രീതിയാണ് 'പണയത്തിൽ താമസിക്കുക' എന്നത്. കുറച്ചു പണം മുൻ‌കൂർ നൽകി താമസം തുടങ്ങുക. വീടൊഴിയുമ്പോൾ ആ കാശ് തിരിച്ചു ലഭിക്കും. 

നിരവധി വാടകവീടുകളിൽ മാറി മാറി താമസിച്ച സുഹൃത്തുക്കളെ എനിക്കറിയാം. ആ എട്ടു മാസക്കാലം കൊണ്ട് അവരുടെ കഷ്ടപ്പാട് എനിക്ക് മനസിലായി. പ്രത്യേകിച്ച് സാധനങ്ങൾ കെട്ടിപ്പെറുക്കി താമസം മാറുന്നതിന്റെ ബുദ്ധിമുട്ട്.

സ്വപ്നം പൂവണിയുന്നു...

sudhi-koppa-house

ഒരു വർഷം കഴിഞ്ഞതേയുള്ളൂ പുതിയ വീട്ടിലേക്ക് താമസം മാറിയിട്ട്. 20 ലക്ഷം രൂപയിൽ പണി പൂർത്തിയാക്കി. മൂന്നു കിടപ്പുമുറികളുള്ള ഇരുനില വീടാണ്. അത്യാവശ്യ സൗകര്യങ്ങൾ മാത്രമാണ് നൽകിയത്. ഈ വീടുപണി ശരിക്കും ഒരു അനുഭവമാണ്. പലപ്പോഴും ഷൂട്ടിന് മേക്കപ്പിട്ടു നിൽക്കുമ്പോഴായിരിക്കും സിമന്റ് തീർന്നു എന്ന് പറഞ്ഞു ഫോൺ വരിക. പണം ചെലവഴിക്കുന്നതിലടക്കം നിരവധി കാര്യങ്ങൾ പഠിക്കാൻ കഴിഞ്ഞു. പിഴവുകൾ ഉണ്ടായി. അത് പാഠമായി. ഇനി അടുത്തൊരു വീട് പണിയുകയാണെങ്കിൽ കുറച്ചു കൂടി എളുപ്പമാകും എന്ന് തോന്നുന്നു. ഞാൻ കടപ്പെട്ടിരിക്കുന്നത് കടന്നുവന്ന നാടകത്തോടും സിനിമയോടും പിന്നെ പ്രേക്ഷകരോടുമാണ്.

sudhi-koppa-house-garden

കുടുംബം..

ഭാര്യ വിനിത, മകൻ യയാതി. അച്ഛന്റെ ഒരു ബാലെയുടെ പേരാണ് മകനിട്ടത്.

ബാല്യം മുതൽ ഇന്നുവരെ നിങ്ങളുടെ ജീവിതത്തിലൂടെ കടന്നുപോയ വീടുകളെക്കുറിച്ച് ഗൃഹാതുരമായ ഓർമകളുണ്ടോ? ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.യോഗ്യമായവ പ്രസിദ്ധീകരിക്കും.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SPOT LIGHT
SHOW MORE
FROM ONMANORAMA