ADVERTISEMENT

സൈജു കുറുപ്പ് എന്ന് കേട്ടാൽ നെറ്റിചുളിക്കുന്ന കൊച്ചുകുട്ടികൾ വരെ അറയ്ക്കൽ അബു എന്നു കേട്ടാൽ ഉഷാറാകും. ആട് എന്ന സിനിമ ഇറങ്ങിയശേഷം അറയ്ക്കൽ അബു ഫാൻസ്‌ വരെ കേരളത്തിലുണ്ടായി. പക്ഷേ അതിലും വ്യത്യസ്തമാർന്ന കഥാപാത്രങ്ങളുമായി സിനിമയിൽ ശ്രദ്ധ നേടുകയാണ് ഇപ്പോൾ സൈജു. താരം തന്റെ വീട്ടുവിശേഷങ്ങൾ പങ്കുവയ്ക്കുന്നു.

മഹാരാഷ്ട്രയിലെ വീട്...

അച്ഛൻ ഗോവിന്ദക്കുറുപ്പിന് ഡിഫൻസിലായിരുന്നു ജോലി. അമ്മ ശോഭന വീട്ടമ്മയും. എനിക്കൊരു ചേച്ചി. സൈറ. ഇതായിരുന്നു ഞങ്ങളുടെ കുടുംബം. അച്ഛൻ ജനിച്ചു വളർന്നത് വാരനാട് എന്ന സ്ഥലത്താണ്. അച്ഛന്റെ മാതാപിതാക്കൾ ചെറുപ്പത്തിലേ മരിച്ചുപോയിരുന്നു. അച്ഛന്റെ പെങ്ങളാണ് പിന്നെ അദ്ദേഹത്തെ വളർത്തിയത്. പിന്നീട് അവിടെയുള്ള വീടും സ്ഥലം വിറ്റ് ചേർത്തലയ്ക്കടുത്ത് കടക്കരപ്പള്ളി എന്ന സ്ഥലത്ത് വീടുവാങ്ങി. വർഷങ്ങൾക്കുശേഷം നാലാം വയസ്സ് വരെ ഞാൻ താമസിച്ചതും ആ വീട്ടിലാണ്.

saiju-old-photo
ഒരു പഴയ കുടുംബചിത്രം

പിന്നീട് അച്ഛൻ ജോലി കിട്ടി നാഗ്പൂരിലേക്ക്‌ പോയി. അങ്ങനെ അഞ്ചാം വയസ്സിൽ എന്റെ ജീവിതം  മഹാരാഷ്ട്രയിലേക്ക് പറിച്ചുനടപ്പെട്ടു. ഒരു ഫ്ലാറ്റ് സിസ്റ്റം ആയിരുന്നു അവിടുള്ള ക്വാർട്ടേഴ്സ്. മൂന്നുനിലയുള്ള ഒരു കെട്ടിടത്തിൽ 8 ക്വാർട്ടേഴ്സ് ഉണ്ടാകും. അങ്ങനെ നിരവധി കെട്ടിടങ്ങളുടെ ഒരുകൂട്ടം. ഒരുപാട് സുഹൃത്തുക്കളും കളിക്കാനുള്ള സ്ഥലവും കടകളുമെല്ലാം അതിനുള്ളിൽ ഉണ്ടായിരുന്നു. ഞാൻ പഠിച്ചു വളർന്നതെല്ലാം അവിടെയാണ്.

ഞാൻ എൻജിനീയറിങ്ങാണ് പഠിച്ചത്. അതിനുശേഷം സെയിൽസ് വിഭാഗത്തിൽ ജോലിക്ക് കയറി. അത് മടുത്തിരിക്കുമ്പോഴാണ് ഹരിഹരൻ സാറിന്റെ മയൂഖത്തിലേക്ക് ക്ഷണം ലഭിക്കുന്നത്. അങ്ങനെ 2003 ലാണ് ഞാൻ കേരളത്തിലേക്ക് മടങ്ങിയെത്തുന്നത്. 

 

വേദനയാണ് അച്ഛൻ പണിത വീട്...

saiju-family-house

അമ്മയുടെ തറവാട് പാണാവള്ളി പൂച്ചാക്കലാണ്. പഴയ കേരളാശൈലിയിലുള്ള ഒരു തറവാടായിരുന്നു. കാലപ്പഴക്കമായപ്പോൾ തറവാട് ചിതലെടുക്കാൻ തുടങ്ങി.  അവിടെ  താമസിക്കുമ്പോൾ തന്നെ മുന്നിൽ അച്ഛൻ മറ്റൊരു വീട് പണിതു. അത് പൂർത്തിയായപ്പോൾ പഴയ തറവാട് പൊളിച്ചുകളഞ്ഞു ഞങ്ങൾ അവിടേക്ക് താമസം മാറി. ഞാൻ അവധിക്കാലങ്ങളിൽ മാത്രമായിരുന്നു ആ വീട്ടിലേക്ക് വന്നിരുന്നത്.

അച്ഛൻ കഴിഞ്ഞ വർഷം ഒരു ആക്സിഡന്റിൽ മരിച്ചു. അതിനുശേഷം വീട്ടിൽ അമ്മ ഒറ്റയ്ക്കായി. അതോടെ വീട്ടിൽ വല്ലാത്തൊരു ശൂന്യതയായി. അങ്ങനെ അമ്മയെ ഞങ്ങൾ കൊച്ചിയിലേക്ക് കൊണ്ടുവന്നു. വീട് ഇപ്പോൾ അടഞ്ഞു കിടക്കുകയാണ്. എങ്കിലും രണ്ടാഴ്ച കൂടുമ്പോൾ അമ്മ മുടങ്ങാതെ പാണാവള്ളിൽ പോയി വീട് തൂത്തുവൃത്തിയാക്കും. സമയം കിട്ടുമ്പോൾ ഞാനും പോകാറുണ്ട്. അച്ഛന്റെ വലിയ സ്വപ്നമായിരുന്നു ആ വീട്. പക്ഷേ ഒരുപാട് കാലം അവിടെ ഞങ്ങൾക്ക് ഒരുമിച്ചു താമസിക്കാൻ കഴിഞ്ഞില്ല എന്നത് ഒരു സ്വകാര്യദുഃഖമായി എന്നും കൂടെയുണ്ടാകും.

 

കൊച്ചിയിലേക്ക്..

ഇപ്പോൾ ഷൂട്ടിന്റെ സൗകര്യത്തിനായി ഞാനും കുടുംബവും കൊച്ചിയിലേക്ക് താമസം മാറി. ഇവിടെ പനമ്പള്ളി നഗറിൽ ഒരു ഫ്ലാറ്റ് മേടിച്ചു. പണ്ട് ഇവിടം ഒരു സെലിബ്രിറ്റി കോളനിയായിരുന്നു. ഇപ്പോൾ കാക്കനാട്ടേക്ക് കൂടുതൽ പേർ താമസം മാറ്റി. മമ്മൂക്ക, വിജയ് ബാബു, കുഞ്ചൻ ചേട്ടൻ തുടങ്ങിയ നടന്മാരൊക്കെ ഇപ്പോഴും ഇവിടെയുണ്ട്.

saiju-family

3 BHK ഫ്ലാറ്റാണ്. ഭാര്യയ്ക്ക് ഇന്റീരിയർ ഡിസൈനിങ് ഇഷ്ടമാണ്. അവൾ മനോരമ ഓൺലൈൻ വീട് അടക്കം നിരവധി ഓൺലൈൻ മാഗസിനുകൾ പഠിച്ചാണ് ഒരു ഡിസൈൻ കണ്ടെത്തിയത്. ഫ്ലാറ്റ് ഒരുക്കാൻ ഞങ്ങൾ ഇന്റീരിയർ ഡിസൈനർമാരെ ആരും സമീപിച്ചില്ല. ഞങ്ങളുടെ ഒരു സുഹൃത്ത്  ജോൺസൺ എന്നൊരു ആശാരി ഉണ്ടായിരുന്നു. അദ്ദേഹമാണ് ഭാര്യയുടെ ഇഷ്ടപ്രകാരം വീടിന്റെ അകത്തളങ്ങൾ ഒരുക്കിനൽകിയത്.

 

കുടുംബം...

ഭാര്യ അനുപമ. മകൾ മയൂഖ ഒൻപതാം ക്‌ളാസിലും മകൻ അഫ്താബ് എൽകെജിയിലും പഠിക്കുന്നു.

Content Summary: Actor Saiju Kurup talks about his Home, Flat and Family Memories

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com