sections
MORE

'കളിയാക്കൽ കേട്ട് ഞാൻ നടനായി, ഇനിയുണ്ട് രണ്ടു സ്വപ്നങ്ങൾ': സുബീഷ് സുധി

subeesh-sudhi-house
SHARE

നാട്ടിൻപുറത്തു നടക്കുന്ന കഥയാണോ, അതിൽ സുബീഷ് സുധി കൈലിയും ടീഷർട്ടും ഇട്ട് ഒരു റോളിൽ ഹാജരുണ്ടാകും. വടക്കൻ മലബാറിലെ തനി നാട്ടിൻപുറത്തുനിന്നും സിനിമ മോഹിച്ചു സ്വന്തമാക്കിയ കഥയാണ് സുബീഷിനുള്ളത്. അതിനാൽ നാട്ടിൻപുറത്തുകാരന്റെ വേഷങ്ങൾ തേടിയെത്തുന്നത് ഒരു കാവ്യനീതിയാകാം. സുബീഷ് തന്റെ വീട്ടുവിശേഷങ്ങൾ പങ്കുവയ്ക്കുന്നു.

മതിലുകൾ ഇല്ലാത്ത വീട്...

subish-sudhi

വീടിന്റെ ഓർമ്മകൾ തുടങ്ങുന്നത് അമ്മവീട്ടിൽ നിന്നാണ്. എന്റെ ചെറുപ്പത്തിൽ അച്ഛന് ദുബായിൽ ആയിരുന്നു ജോലി. അങ്ങനെ  അമ്മവീട്ടിലായി എന്റെ താമസവും പഠിപ്പും. കണ്ണൂർ കാസർഗോഡ് അതിർത്തി പ്രദേശമായ തൃക്കരിപ്പൂരാണ് അമ്മയുടെ നാട്. അറബിക്കടലിന്റെയും കൊവ്വായിപ്പുഴയുടെയും നടുക്കാണ് വീട് സ്ഥിതി ചെയ്യുന്നത്. ഉപ്പുകാറ്റിന്റെ മണവും കായലിന്റെ തണുപ്പും നിറഞ്ഞ പ്രദേശം. മതിലുകളില്ലാത്ത ഗ്രാമമാണ് തൃക്കരിപ്പൂർ. അയൽപക്കങ്ങൾ തമ്മിൽ നല്ല സ്നേഹവും സഹകരണവും. അത് ഇന്നും തുടരുന്നു.

1980 കളിൽ നിർമിച്ച ഓടിട്ട ചെറിയ വീടായിരുന്നു. പിന്നീട് അത് വാർത്തു പുതുക്കിയെടുത്തു. ഇന്നും അന്നത്തെ തനിമ നിലനിർത്തി വീട് സംരക്ഷിച്ചിട്ടുണ്ട്. അന്നത്തെ സ്റ്റൈലിൽ നിർമിച്ച വീടുകൾ ഇപ്പോൾ കാണുന്നത് അപൂർവമായിരിക്കും. അവിടെ  അമ്മയുടെ അമ്മയ്ക്ക് ആറു മക്കളാണ്. അവരെല്ലാം സമീപപ്രദേശങ്ങളിൽ ആയിരുന്നു താമസം. ചെറുപ്പത്തിൽ കരാറടിസ്ഥാനത്തിൽ ഞാനും ചേച്ചിയും ഓരോ വീടുകളിലും മാറി മാറി നിന്നു.

പയ്യന്നൂരേക്ക്...

ഞാൻ പത്താം ക്‌ളാസിൽ പഠിക്കുമ്പോൾ അച്ഛന്റെ നാടായ പയ്യന്നൂരിൽ പുതിയ ഒരു വീട് വച്ചു. അങ്ങനെ ഞാൻ പയ്യന്നൂരിലേക്ക് തിരിച്ചുവന്നു. വയലിന്റെ നടുക്ക് പണിത ഒരുനിലയുള്ള വാർക്ക വീടായിരുന്നു. സിനിമയിൽ എത്തിയ ശേഷം ചെറിയ ചില മിനുക്കുപണികൾ നടത്തിയത് ഒഴിച്ചാൽ, ഞാൻ ഇന്നും താമസിക്കുന്നതും ഇവിടെയാണ്.

കലോത്സവത്തിൽ നിന്നും സിനിമയിലേക്ക്...

സ്‌കൂൾ കാലയളവിൽ തന്നെ കലാമേളകളിൽ സജീവമായിരുന്നു. അന്നേ സിനിമയിൽ എത്തണം എന്ന മോഹവും ഉണ്ടായിരുന്നു. അന്നത് പറയുമ്പോൾ,  'ഈ കുഗ്രാമത്തിൽ നിൽക്കുന്ന നീ സിനിമയിൽ അഭിനയിക്കുമെന്നോ...ചുമ്മാ ബഡായി പറയല്ലേ ചങ്ങായീ'... എന്ന് പറഞ്ഞു  നാട്ടുകാരും കൂട്ടുകാരും കളിയാക്കും.

laljose-subish-sudhi

പിന്നീട് കോളജ് കാലഘട്ടത്തിൽ ഞാൻ കണ്ണൂർ സർവകലാശാല കലാപ്രതിഭയായി. അവിടെ നിന്നാണ് ലാൽ ജോസ് സാർ ക്‌ളാസ്മേറ്റ്സിൽ ഒരു വേഷം തരുന്നത്. എന്റെ കലാജീവിതത്തിൽ രാശിയായതും ലാൽ ജോസ് സാറാണ്. അദ്ദേഹത്തിന്റെ മിക്ക സിനിമകളിലും എനിക്കായി ചെറിയൊരു വേഷം കാത്തു വച്ചു.

കൊച്ചിയിലേക്ക്...

സിനിമയാണ് എന്നെ കൊച്ചിയിലേക്ക് മാടിവിളിച്ചത്. ആദ്യമൊക്കെ സുഹൃത്തുക്കളുടെ കൂടെയായിരുന്നു താമസം. പിന്നീട് ഞാനും കുറച്ചു സുഹൃത്തുക്കളും ചേർന്നൊരു ഫ്ലാറ്റ് വാടകയ്‌ക്കെടുത്തു. കുറച്ചുകാലം അവിടെയായിരുന്നു താമസം. അടുത്തിടെ ഫ്ലാറ്റ് വിട്ടു. ഇപ്പോൾ ഷൂട്ട് കൂടുതലും വടക്കൻ മലബാറിലാണ്. അപ്പോൾ ഷൂട്ട് കഴിഞ്ഞു ഞാൻ നേരെ വീടുപിടിക്കും.

പുതിയ വീട് സ്വപ്നം...

പയ്യന്നൂരിൽ സ്വന്തമായി ഒരു വീട് വയ്ക്കാനുള്ള പണിപ്പുരയിലാണ് ഇപ്പോൾ. അതിനുശേഷം ബാച്ചിലർ പദവി ഒഴിഞ്ഞു, പെണ്ണുകെട്ടി കുടുംബസ്ഥനാകണം എന്നാണ് ആഗ്രഹം. അടുത്ത വർഷം പകുതിയോടെ കയറിത്താമസം നടത്താൻ കഴിയുന്ന രീതിയിൽ പണി തീർക്കാനാണ് പ്ലാൻ. അതിനുശേഷം വീടിന്റെ വിശേഷങ്ങൾ നേരിട്ട് സ്വപ്നവീടിലൂടെ പറയാം..

ബാല്യം മുതൽ ഇന്നുവരെ നിങ്ങളുടെ ജീവിതത്തിലൂടെ കടന്നുപോയ വീടുകളെക്കുറിച്ച് ഗൃഹാതുരമായ ഓർമകളുണ്ടോ? ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.യോഗ്യമായവ പ്രസിദ്ധീകരിക്കും.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SPOT LIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA