sections
MORE

സിനിമയിൽ എത്തിയിട്ട് 25 വർഷം, ആളുകൾ തിരിച്ചറിഞ്ഞത് ഇപ്പോൾ: സോഹൻ സീനുലാൽ

sohan-seenulal
SHARE

സിനിമയുടെ പിന്നണിയിൽ നിന്ന പലരും അഭിനേതാക്കൾ ആവുകയും അഭിനേതാക്കൾ ക്യാമറയ്ക്ക് പിന്നിലേക്ക് പോവുകയും ചെയ്യുന്നത് ഇപ്പോൾ പതിവാണ്. സോഹൻസീനുലാൽ സിനിമയ്ക്ക് ചുറ്റും കറങ്ങാൻ തുടങ്ങിയിട്ട് 25 കൊല്ലം കഴിഞ്ഞു. എന്നാൽ പ്രേക്ഷകർ അടുത്തറിയാൻ തുടങ്ങിയിട്ട് മൂന്നു വർഷം ആകുന്നതേ ഉള്ളൂ. സോഹൻ തന്റെ വീടോർമ്മകളും വിശേഷങ്ങളും പങ്കുവയ്ക്കുന്നു.


എന്നോടൊപ്പം വളർന്ന വീട്...

എറണാകുളം വടുതലയാണ് സ്വദേശം. അച്ഛൻ, അമ്മ, അനിയൻ എന്നിവരാണ് കുടുംബം. അമ്മ വീട്ടമ്മയാണ്. അച്ഛൻ രാഷ്ട്രീയപ്രവർത്തകനാണ്. അച്ഛന്റെ തറവാട് സമീപമുണ്ട്. അവിടെ നിന്നും അച്ഛൻ വേറെ വീട് വച്ച് താമസം മാറുകയായിരുന്നു. ഞാൻ ജനിച്ചു വളർന്നു ഇത്രയും കാലം ജീവിച്ചത് ഈ രണ്ടു വീടുകളിലാണ്. സമീപം ഒരു കോമ്പൗണ്ടിൽ തന്നെ അച്ഛന്റെ സഹോദരങ്ങളുടെ വീടുമുണ്ട്. അങ്ങനെ ഒരു ചെറിയ കൂട്ടുകുടുംബം പോലെയാണ് ജീവിക്കുന്നത്.

ആദ്യം രണ്ടു കിടപ്പുമുറിയുള്ള ഒരുനില വീടായിരുന്നു. പിന്നീട് വർഷങ്ങൾക്ക് ശേഷം വീടൊന്ന് പുതുക്കിയെടുത്തു. മുകളിലേക്ക് മുറികൾ കൂട്ടിയെടുത്തു. അച്ഛന് ഒരു ഓഫിസ് മുറി കൂട്ടിച്ചേർത്തു. അങ്ങനെ ഇപ്പോൾ നാലു കിടപ്പുമുറികളുള്ള ഇരുനില വീടായി മാറി. ഞാനും അനിയനും അവിവാഹിതരാണ്. അതുകൊണ്ട് പുതിയ ഒരു വീട് വച്ച് താമസം മാറേണ്ട ആവശ്യം ഇതുവരെ ഉണ്ടായിട്ടില്ല.

സിനിമയിലേക്ക്...

sohan-seenulal

പഠനകാലത്ത് അൽപം മിമിക്രിയും കലാപ്രവർത്തങ്ങളുമൊക്കെ ഉണ്ടായിരുന്നു. സംവിധായകൻ സിദ്ദിഖ് എന്റെ നാട്ടുകാരനാണ്. അച്ഛന്റെ ഒരു സുഹൃത്ത് വഴിയാണ് സിനിമയിലേക്കുള്ള വഴി തുറക്കുന്നത്. ശരിക്കും ഞാൻ മലയാളസിനിമയിൽ എത്തിയിട്ട് 25 വർഷമായി. കാബൂളിവാല എന്ന സിനിമയിലൂടെ ബാലനടനായിട്ടായിരുന്നു അരങ്ങേറ്റം. ആ സിനിമയിൽ ഇന്നസെന്റിന്റെയും ജഗതിയുടെയും കൂടെ പാട്ട പെറുക്കുന്ന കുട്ടികളിൽ ഒരാൾ ഞാനായിരുന്നു.

പിന്നീട് ഡിഗ്രിക്ക് ശേഷം സംവിധായകൻ ഷാഫിയുടെ അസിസ്റ്റന്റായി കൂടി. വൺമാൻ ഷോ മുതൽ ലോലിപോപ്പ് വരെ ഏകദേശം എട്ടു ചിത്രങ്ങളിൽ ഞാനും സംവിധാനസഹായി ആയിരുന്നു. അതിനുശേഷം ഡബിൾസ് എന്ന മമ്മൂട്ടി ചിത്രം സംവിധാനം ചെയ്തു. കാബൂളിവാലയ്ക്ക് ശേഷം അഭിനയിക്കുന്നത് ആക്ഷൻ ഹീറോ ബിജുവിലാണ്. ഇപ്പോൾ കൂടുതൽ വേഷങ്ങൾ തേടിയെത്തുന്നു.

സ്വപ്നവീട്...

പഴയ സ്ട്രക്ചർ ആയതുകൊണ്ട് നിലവിലുള്ള വീട്ടിൽ സ്ഥലപരിമിതിയുണ്ട്. സമീപഭാവിയിൽ അത് പൊളിച്ചു കുറച്ചു കൂടി സ്ഥലസൗകര്യമുള്ള ഒരു വീട് പണിയണം. എന്നിട്ട് എനിക്കും അനിയനും ജീവിതപങ്കാളികളെ കണ്ടെത്തണം. എന്നിട്ട് എല്ലാവരും ഒരുമിച്ച് ആ വീട്ടിൽ തന്നെ സന്തോഷത്തോടെ കഴിയണം എന്നാണ് ആഗ്രഹം.

English Summary- Actor Sohan Seenulal on House Memories

ബാല്യം മുതൽ ഇന്നുവരെ നിങ്ങളുടെ ജീവിതത്തിലൂടെ കടന്നുപോയ വീടുകളെക്കുറിച്ച് ഗൃഹാതുരമായ ഓർമകളുണ്ടോ? ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.യോഗ്യമായവ പ്രസിദ്ധീകരിക്കും.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SPOT LIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA