sections
MORE

സ്വാഗതം, സൈജു കുറുപ്പിന്റെ പുതിയ വീട്ടിലേക്ക്!

saiju-kurup-flat
SHARE

സൈജു അഭിനയിച്ച ആദ്യ സിനിമ മയൂഖം പുറത്തിറങ്ങിയിട്ട് 14 വർഷം കഴിഞ്ഞു. ഈ കാലയളവിൽ സിനിമയിലെ കയറ്റിറക്കങ്ങൾ സൈജുവിലെ നടനെ നന്നായി മിനുക്കിയെടുത്തു. ആട് എന്ന സിനിമ ഇറങ്ങിയശേഷം അറയ്ക്കൽ അബു ഫാൻസ്‌ വരെ കേരളത്തിലുണ്ടായി. പക്ഷേ അതിലും വ്യത്യസ്തമാർന്ന കഥാപാത്രങ്ങളുമായി സിനിമയിൽ തന്റെ ഇടം അരക്കിട്ടുറപ്പിക്കുകയാണ് ഇപ്പോൾ താരം. എറണാകുളം പനമ്പിള്ളി നഗറിലാണ് സൈജു കുറിപ്പിന്റെ പുതിയ സ്വപ്നക്കൂട്. ആറു മാസം ആകുന്നതേ ഉള്ളൂ ഇവിടേക്ക് താമസം മാറിയിട്ട്. വീടിന്റെ വിശേഷങ്ങൾ സൈജുവും കുടുംബവും പങ്കുവയ്ക്കുന്നു.

ഒൻപത് വർഷം മുൻപാണ് ഈ ബിൽഡിങ്ങിൽ ചേക്കേറുന്നത്. അന്ന് വാടക ഫ്ലാറ്റിലായിരുന്നു താമസം. പിന്നീട് ആറാം നിലയിൽ ഞങ്ങൾ ഒരു ഫ്ലാറ്റ് സ്വന്തമായി മേടിച്ചു താമസം മാറി. പിന്നീട് ആറു വർഷക്കാലം അവിടെയായിരുന്നു താമസം. അത് കുറച്ചു ചെറിയ ഫ്ലാറ്റായിരുന്നു. രണ്ടു കുട്ടികളായപ്പോൾ കുറച്ചു കൂടി സൗകര്യങ്ങൾ വേണം എന്ന് തോന്നി. അങ്ങനെ ഞങ്ങൾ ഏഴാം നിലയിലുള്ള ഈ ഫ്ലാറ്റ് വാങ്ങി താമസം മാറ്റുകയായിരുന്നു. പഴയ ഫ്ലാറ്റ് വാടകയ്ക്കും കൊടുത്തു.

ഫ്ലാറ്റ് ഡിസൈൻ ചെയ്തതിന്റെ ക്രെഡിറ്റ് ക്രെഡിറ്റ് മുഴുവൻ സൈജു നൽകുന്നത് ഭാര്യ അനുപമയ്ക്കാണ്. വീട് ഒരുക്കുന്ന കാര്യത്തിൽ ഒരുപാട് ആശയങ്ങളുള്ള ആളാണ് അനു. മാസങ്ങൾ തലപുകച്ചും ഒരുപാട് കടകൾ കയറിയിറങ്ങിയുമാണ് വീടിനു വേണ്ട ഡിസൈനും സാധനങ്ങളും കണ്ടെത്തിയത്. ഈ വീട്ടിലിരിക്കുന്ന ഓരോ ഷോ പീസിലും അനുവിന്റെ കൈയൊപ്പ് ഉണ്ട്. അതിനാൽ ഫ്‌ളാറ്റിനെക്കുറിച്ച് പറയാൻ എന്നേക്കാൾ യോഗ്യത അനുവിനാണ്. സൈജു റോൾ ഭാര്യയ്ക്ക് കൈമാറി.

saiju-flat-kochi

1700 ചതുരശ്രയടിയുള്ള 3 BHK ഫ്ലാറ്റാണ്. ഞങ്ങൾ വാങ്ങുമ്പോൾ ഇന്റീരിയർ ഒന്നും ഉണ്ടായിരുന്നില്ല. അടിമുടി ഫർണിഷിങ് ചെയ്ത് ഒരുക്കിയെടുക്കുകയായിരുന്നു. ഞാൻ കോർപറേറ്റ് മേഖലയിൽ നിരവധി വർഷങ്ങൾ ജോലി ചെയ്തു. പിന്നീട് രണ്ടാമത്തെ മകൻ ഉണ്ടായിക്കഴിഞ്ഞാണ് ജോലി വിട്ടത്. ഇന്റീരിയർ ഡിസൈനിങ് താല്പര്യമുളള മേഖലയാണ്. ഞങ്ങളുടെ ആദ്യ ഫ്ലാറ്റ് ഒരുക്കിയത് ആത്മവിശ്വാസം വർധിപ്പിച്ചു. ജോൺസൺ എന്ന കോൺട്രാക്ടറാണ് ഞങ്ങളുടെ ആദ്യ ഫ്ലാറ്റ് ഫർണിഷ് ചെയ്തത്. അവരെത്തന്നെ പുതിയ ഫ്ലാറ്റിന്റെ മിനുക്കുപണിയും ഏൽപിച്ചു.

വിശാലമാണ് അകത്തളങ്ങൾ. ഇടയ്ക്ക് അനാവശ്യ ചുവരുകൾ ഒന്നുമില്ല. അതിനാൽ പരമാവധി സ്ഥലഉപയോഗം ലഭിക്കും. പതിവ് ശൈലികളിൽ നിന്ന് വ്യത്യസ്തമായ ഒരു ലുക് & ഫീൽ ഫ്ലാറ്റിനുണ്ടാകണമെന്ന് എനിക്കുണ്ടായിരുന്നു. അങ്ങനെയാണ് ബ്രിട്ടീഷ്-കൊളോണിയൽ തീം തിരഞ്ഞെടുത്തത്. പക്ഷേ ചെയ്തു വന്നപ്പോൾ ഇതിൽ നമ്മുടെ ട്രഡീഷണൽ തീമും ഇടകലർത്തിയിട്ടുണ്ട്. ഓൺലൈനിലും മാഗസിനിലുമൊക്കെ നിരവധി മാതൃകകൾ പരിചയപ്പെട്ടു.

അകത്തേക്ക് കയറുമ്പോൾ വരവേൽക്കുന്നത് ഓപ്പൺ ശൈലിയിൽ ഒരുക്കിയ ലിവിങ്-ഡൈനിങ് ഹാൾ ആണ്. കൊളോണിയൽ ബംഗ്ലാവുകളിലൊക്കെ കാണുന്ന വിധം ഫയർ പ്ലേസ് തീമിലാണ് സ്വീകരണമുറി ഒരുക്കിയത്. രണ്ടു ഗ്ലാസ് ഡോറുകൾ നൽകിയാണ് നെരിപ്പോടിന്റെ മാതൃക ഇവിടെ കൃത്രിമമായി സൃഷ്ഠിച്ചത്. കാഴ്ചയിൽ തീ പോലെ തോന്നിക്കുന്ന ഇലക്ട്രിക് ഫ്‌ലൈയിം ലൈറ്റുകൾ ഇപ്പോൾ ലഭ്യമാണ്. അത് ഇതിനകത്ത് വച്ചാൽ ശരിക്കും ഒരു നെരിപ്പോടിന്റെ പ്രതീതി ലഭിക്കും. സ്റ്റോൺ ക്ലാഡിങ് നൽകി ഈ വശത്തെ ഭിത്തി ഹൈലൈറ്റ് ചെയ്തു.

saiju-flat-kochi-inside

ലിവിങ് റൂമിൽ നിന്നും ചെറിയ ബാൽക്കണിയിലേക്ക് ഇറങ്ങാം. ഇവിടെ ചെറിയ വെർട്ടിക്കൽ ഗാർഡൻ ഒരുക്കിയിട്ടുണ്ട്. സ്ലൈഡിങ് ഗ്ലാസ് ഡോർ വഴിയാണ് ഇവിടേക്ക് കടക്കുക. ഇത് തുറന്നിട്ടാൽ നല്ല കാറ്റ് അകത്തേക്ക് വിരുന്നെത്തും. വെയിലിനെ പ്രതിരോധിക്കാൻ റോളർ ബ്ലൈൻഡുകളും നൽകി.

saiju-flat-kochi-garden

ഇംഗ്ലിഷ് വീടുകളിൽ നിരവധി കണ്ണാടികൾ കാണും. പ്രതിഫലനത്തിലൂടെ ഉള്ള സ്‌പേസിന് പരമാവധി വിശാലത തോന്നിക്കാനും അകത്തളം തെളിച്ചമുള്ളതാക്കാനുമാണ് കണ്ണാടികൾ വയ്ക്കുന്നത്. ആ ടെക്നിക് ഇവിടെയും ഉപയോഗിച്ചിട്ടുണ്ട്. ഇവിടെയുള്ള ക്ളോക്കും ഫാനും വരെ കൊളോണിയൽ തീമിലാണ്. ലൈറ്റിങ്ങിനു പ്രാധാന്യം നൽകിയിട്ടുണ്ട്. ഓരോ മുറികൾക്കും ചേരുന്ന രൂപത്തിലുള്ള ലൈറ്റുകളാണ് നൽകിയത്. വാം ടോൺ ലൈറ്റുകൾ ഇന്റീരിയറിൽ പ്രസന്നമായ അന്തരീക്ഷം നിലനിർത്തുന്നു. പ്രധാന ഇടങ്ങളിൽ ഫോൾസ് സീലിങ് ഒഴിവാക്കി. പകരം ബാത്റൂമിലും വർക്കേരിയയിലും നൽകി.

വുഡൻ തീമിലാണ് കൂടുതൽ ഫർണിഷിങ്ങും ചെയ്തത്. ലിവിങ്, ഡൈനിങ്, മാസ്റ്റർ ബെഡ്‌റൂം എന്നിവിടങ്ങൾ ഹൈലൈറ്റ് ചെയ്യാൻ വുഡൻ ഫ്ളോറിങ് ചെയ്തു. ബാക്കി ഇടങ്ങളിൽ ടൈലുകൾ അതേപടി നിലനിർത്തി. ഒരു ഭിത്തി ഫോട്ടോ വോൾ ആക്കി മാറ്റി. ഇവിടെ ഓറഞ്ച് നിറത്തിലുള്ള പെയിന്റ് നൽകി ഹൈലൈറ്റ് ചെയ്തു. പിത്തളയിൽ നിർമിച്ച ആന്റിക് ക്യൂരിയോസ് ആണ് ഇന്റീരിയറിൽ നൽകിയത്. എഴുത്തുപെട്ടി, വിളക്ക്, ബുദ്ധ പ്രതിമ എന്നിവ ഈ ഏരിയ ഹൈലൈറ്റ് ചെയ്തു.

മാസ്റ്റർ ബെഡ്‌റൂം, കിഡ്സ് ബെഡ്‌റൂം, ഗസ്റ്റ് ബെഡ്‌റൂം എന്നിവയാണുള്ളത്. മാസ്റ്റർ ബെഡ്‌റൂം അത്യാവശ്യം വിശാലമാണ്. മൂന്നിനും അറ്റാച്ഡ് ബാത്റൂമുകളുണ്ട്. അടിയിൽ സ്റ്റോറേജ് സ്‌പേസുള്ള കട്ടിലാണ് മുറികളിൽ ഒരുക്കിയത്. കുട്ടികളുടെ മുറിയിൽ ബങ്ക് ബെഡ് നൽകി. കിടപ്പുമുറികളിലെ വാഡ്രോബുകൾ വുഡ്, ഗ്ലാസ് കോമ്പിനേഷനിലാണ്. മാസ്റ്റർ ബെഡ്‌റൂമിൽ സാദാ വാഡ്രോബും കുട്ടികളുടെ മുറിയിൽ സ്ലൈഡിങ് വാഡ്രോബും നൽകി.

ഓഫ് വൈറ്റ്, ക്രീം തീമിലാണ് കിച്ചൻ. കിച്ചൻ കൗണ്ടർ, ബാർ കൗണ്ടർ എന്നിവിടങ്ങളിൽ നാനോവൈറ്റ് ഗ്ലാസാണ് വിരിച്ചത്. കറ പിടിക്കില്ല, പൊട്ടില്ല തുടങ്ങിയ ഗുണങ്ങളുണ്ട് ഇതിന്. സ്പ്ലാഷ് ബാക്കിൽ മുഴുവൻ റസ്റ്റിക് ഫിനിഷുള്ള വോൾ ടൈൽ വിരിച്ചു. സ്റ്റോറേജിന്‌ പ്രാധാന്യം നൽകിയാണ് വർക്കേരിയയുടെ ഡിസൈൻ. വാഷിങ് മെഷീൻ, കൺസീൽഡ് കബോർഡ്, സിങ്ക് എന്നിവയെല്ലാം ഇവിടെ നൽകി.

saiju-flat-kochi-kitchen

സൈജുവിന് ഷൂട്ടിനിടയ്ക്ക് കുറച്ചുദിവസം ഇടവേള കിട്ടിയാൽ ഞങ്ങൾ രണ്ടുപേരും കൂടി കടകൾ കയറിയിറങ്ങും. മനസ്സിന് ഇഷ്ടപ്പെട്ടത് കിട്ടാൻ ഒരുപാട് അലഞ്ഞാണ് ഫ്ലാറ്റ് അലങ്കരിക്കുന്ന ലൈറ്റുകളും ക്യൂരിയോസുമെല്ലാം മേടിച്ചത്.

saiju-flat-kochi-lights

ഷൂട്ടിന്റെ ഇടവേളയിൽ സൈജു വീട്ടിലെത്തുമ്പോൾ ഒൻപതാം ക്‌ളാസുകാരി മയൂഖയും എൽകെജിക്കാരൻ അഫ്താബും ഉഷാറാകും. പിന്നെ വീട്ടിൽ ആകെയൊരു മേളമാണ്. കളിയും ചിരിയുമായി ഏഴാം നിലയിലെ ഈ കൂട് ഒരു സ്വർഗമായി മാറുന്നു.

English Summary- Glimpse through Saiju Kurup's New flat in Kochi; Celebrity Home

ബാല്യം മുതൽ ഇന്നുവരെ നിങ്ങളുടെ ജീവിതത്തിലൂടെ കടന്നുപോയ വീടുകളെക്കുറിച്ച് ഗൃഹാതുരമായ ഓർമകളുണ്ടോ? ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.യോഗ്യമായവ പ്രസിദ്ധീകരിക്കും.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SPOT LIGHT
SHOW MORE
FROM ONMANORAMA