sections
MORE

വിവാഹത്തിന് മുൻപ് വീട് വയ്ക്കണം, ഇല്ലെങ്കിൽ ചില അപകടങ്ങളുണ്ട്: കിഷോർ

kishore-house
SHARE

മിനിസ്‌ക്രീനിലൂടെ മലയാളികളുടെ സ്വീകരണമുറിയിലെ പരിചിത മുഖമാണ് കിഷോർ. മിമിക്രിയിൽ നിന്നും സീരിയലുകളിലൂടെ കരിയർ  തുടങ്ങിയ കിഷോർ ഭക്ഷണപ്രേമികളുടെ വായിൽ കപ്പലോടിക്കുന്ന രുചിവൈവിധ്യങ്ങൾ തേടിയുള്ള പരിപാടികളിലൂടെയാണ് ശ്രദ്ധേയനായത്. കിഷോർ തന്റെ വീട്ടുവിശേഷങ്ങൾ പങ്കുവയ്ക്കുന്നു.

വേരുകൾ മറക്കാത്ത വീട്...

നെടുമങ്ങാടിനടുത്ത്  ഉഴമലയ്ക്കലാണ് സ്വദേശം. അച്ഛൻ, അമ്മ, മൂന്നു സഹോദരിമാർ എന്നിവരായിരുന്നു കുടുംബം. ജനിച്ചു വളർന്ന വീട്ടിൽ തന്നെയാണ് ഞാൻ ഇപ്പോഴും താമസിക്കുന്നത്. വീട് എന്നെ സംബന്ധിച്ചിടത്തോളം വൈകാരികമായ ഒരിടമാണ്. അതുകൊണ്ടാണ് പൊളിച്ചുകളയാതെ കാലാനുസൃതമായ കൂട്ടിച്ചേർക്കലുകൾ വരുത്തി ഇന്നും സംരക്ഷിക്കുന്നത്. അച്ഛൻ ആർമിയിൽ ഉദ്യോഗസ്ഥനായിരുന്നു. പിന്നീട് നാട്ടിലെത്തി സർക്കാർ സർവീസിൽ ഉദ്യോഗസ്ഥനായി വിരമിച്ചു. അച്ഛൻ മരിച്ചിട്ട് ഇപ്പോൾ 17 വർഷമായി.

kishore-home

വീടുപണിയും വിവാഹവും ഒരാളുടെ മോശം കാലത്താണ് സംഭവിക്കുക എന്നൊരു പറച്ചിലുണ്ടല്ലോ. ഇത് രണ്ടും ഒരേസമയത്ത് നേരിടേണ്ടി വന്നയാളാണ് ഞാൻ. എന്റെ വിവാഹത്തിന് മൂന്നു ദിവസം മുൻപായിരുന്നു വീടിന്റെ പാലുകാച്ചൽ. വിവാഹത്തിന് മുൻപ് വീട് വയ്ക്കണം എന്നത് എനിക്ക് നിർബന്ധമായിരുന്നു. കാരണം പിന്നീട് നമുക്ക് ഭാര്യവീട്ടുകാരെ ആശ്രയിക്കേണ്ടി വരരുത്. അതുകൊണ്ട് വിവാഹത്തോട് അനുബന്ധിച്ചു കുടുംബവീടിനെ പുതുക്കി മിനുക്കി എടുക്കുകയായിരുന്നു. ഇന്ന് വീടുപണിയാൻ ശരാശരി ആറു മാസം മതി. പക്ഷേ എന്റെ കുടുംബവീട് ഒന്ന് പുതുക്കിപ്പണിയാൻ എനിക്ക് നാലു വർഷമെടുത്തു.മുൻതലമുറകൾ ജീവിച്ചു മരിച്ച ഇടം എന്ന നിലയിൽ വൈകാരികമായി ഒരടുപ്പം കുടുംബവീടിനോട് ഉണ്ടായിരുന്നു. പഴയ വീടിന്റെ മധ്യഭാഗം നിലനിർത്തി ചുറ്റിനുമായി പുതിയ മുറികൾ കൂട്ടിച്ചേർക്കുകയായിരുന്നു. അന്നൊക്കെ സാമ്പത്തിക പരിമിതികളുമുണ്ട്. അതുകൊണ്ട് കയ്യിൽ കാശു വരുന്ന മുറയ്‌ക്കാണ്‌ പണി പുരോഗമിച്ചത്.

വിവാഹത്തിന് മുൻപ് വീട് വയ്ക്കുക...

kishore-family

വീട് വയ്ക്കുകയാണെങ്കിൽ കഴിവതും വിവാഹത്തിന് മുൻപ് വയ്ക്കണം എന്നാണ് എന്റെ അഭിപ്രായം. കാരണം വിവാഹശേഷം വീട് പണിതു ഉള്ള ബന്ധങ്ങളും സൗഹൃദങ്ങളും നഷ്‌ടമായ കുറച്ചു പേരെ എനിക്കറിയാം. വീടുപണി സമയത്ത് സ്വാഭാവികമായും സാമ്പത്തികമായി ഞെരുക്കം ഉണ്ടാകുമല്ലോ. അപ്പോൾ ചില ഭർത്താക്കന്മാർ ഭാര്യയുടെ അടുത്ത് പഴയ സ്ത്രീധനത്തിന്റെ ബാക്കിയായും സഹായമായുമൊക്കെ പണം അവളുടെ വീട്ടിൽ നിന്നും മേടിക്കാൻ പ്രേരിപ്പിക്കും. ഇത് ബന്ധങ്ങളിൽ വിള്ളലുകൾ ഉണ്ടാക്കിയ ഒരുപാട് അനുഭവങ്ങൾ ഞാൻ കണ്ടിട്ടുണ്ട്. 

മിനിസ്ക്രീനിലേക്ക്...

സ്‌കൂൾ കാലഘട്ടത്തിൽ തന്നെ മിമിക്രി, നാടകത്തിലൊക്കെ സജീവമായിരുന്നു. പിന്നീട് പ്രൊഫഷണൽ ട്രൂപ്പുകളിൽ എത്തി. അവിടെ നിന്നാണ് മിനിസ്ക്രീനിലേക്ക് എൻട്രി ലഭിക്കുന്നത്. ഇപ്പോൾ ഫൂഡ് ഷോകൾ ചെയ്യുന്നുണ്ട്. അമ്മയും ചേച്ചിമാരും നന്നായി പാചകം ചെയ്യുമായിരുന്നു. അങ്ങനെ ചെറുപ്പത്തിൽ ഞാനും അടുക്കളയിൽ കയറിത്തുടങ്ങി. അങ്ങനെയാണ് പാചകത്തോടും ഭക്ഷണത്തോടുമുള്ള ഇഷ്ടം തുടങ്ങുന്നത്. 

കുടുംബം...

ഭാര്യ അശ്വതി. നഴ്‌സിംഗ് കോളജിൽ അധ്യാപികയാണ്. മകൻ ആദികേശവ്‌ ഒന്നാം ക്‌ളാസിൽ പഠിക്കുന്നു.

English Summary- Tv Host Kishore NK on Home Memories

ബാല്യം മുതൽ ഇന്നുവരെ നിങ്ങളുടെ ജീവിതത്തിലൂടെ കടന്നുപോയ വീടുകളെക്കുറിച്ച് ഗൃഹാതുരമായ ഓർമകളുണ്ടോ? ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.യോഗ്യമായവ പ്രസിദ്ധീകരിക്കും.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SPOT LIGHT
SHOW MORE
FROM ONMANORAMA