sections
MORE

സിനിമ പോലെ സന്തോഷം! ഇത് സംവിധായകൻ ഷാഫിയുടെ സൂപ്പർഹിറ്റ് വീട്

SHARE

ദശമൂലം ദാമു, മണവാളൻ, കണ്ണൻ സ്രാങ്ക്, പോഞ്ഞിക്കര...മലയാളികളെ കുടുകുടാ ചിരിപ്പിച്ച സിനിമകളിലെ കഥാപാത്രങ്ങൾ... ഇവർ കഥാപാത്രങ്ങളായുള്ള സിനിമകൾ ഇറങ്ങിയിട്ട് വർഷങ്ങളായെങ്കിലും മലയാളികൾ സോഷ്യൽമീഡിയയിൽ ഷെയർ ചെയ്യുന്ന ട്രോളുകളിലെ കഥാപാത്രങ്ങളായി ഇവർ ഇപ്പോഴും നിറഞ്ഞുനിൽക്കുന്നു. ഈ സിനിമകളുടെയെല്ലാം അണിയറശിൽപിയാണ് സംവിധായകൻ ഷാഫി. ചിരിസിനിമകളുടെ സംവിധായകൻ പക്ഷേ ജീവിതത്തിൽ മിതഭാഷിയും കണ്ടാൽ ഗൗരവക്കാരനുമാണ്. എന്നാൽ ഉള്ളിൽ നല്ല നർമബോധവുമുണ്ട്. പുതിയ വീട്ടിലെ വിശേഷങ്ങൾ ഷാഫി പുതിയ ലക്കം സ്വപ്നവീട്ടിലൂടെ പങ്കുവയ്ക്കുന്നു.

എറണാകുളം എളമക്കരയാണ് എന്റെ പുതിയ വീട്. ശരിക്കും എന്റെ ഉമ്മയുടെ ഒരു സ്മരണയാണ് ഈ വീട്. ചെറുപ്പത്തിൽ സാമ്പത്തികമായ ബുദ്ധിമുട്ടുകളിലൂടെ കടന്നുപോയിട്ടുണ്ട്. സിനിമയിൽ എത്തി അൽപം സമ്പാദ്യമായ ശേഷം വീട് പണിയാൻ ഇറങ്ങിയ നേരത്ത് എന്റെ മനസ്സിൽ ചെറിയ ഒരു വീടായിരുന്നു. പക്ഷേ ഉമ്മയുടെ വലിയ ആഗ്രഹമായിരുന്നു ഞാൻ വലിയ ഒരു വീട് വയ്ക്കണമെന്നത്. ആ സമയത്ത് ഞാൻ എന്റെ ഒരു സുഹൃത്തിന്റെ വീട്ടിൽ പോയി. ആ വീടിന്റെ മട്ടും ഭാവവും എനിക്കിഷ്ടമായി. അങ്ങനെ ആ വീട് രൂപകൽപന ചെയ്ത ആർക്കിടെക്ട് ജിബു & തോമസിനെ ഞാൻ എന്റെ വീടുപണി ഏൽപ്പിക്കുകയായിരുന്നു.

shafi-house-exterior

സമകാലിക ശൈലിക്കൊപ്പം കൊളോണിയൽ ശൈലികളും പുറംകാഴ്ചയിൽ ഇടകലർത്തിയിട്ടുണ്ട്. വലിയ കരിങ്കല്ല് ക്ലാഡിങ് പതിപ്പിച്ച ഷോ വോൾ ആണ് പുറംകാഴ്ചയിലെ ഹൈലൈറ്റ്. ഇത് വീടിനു കൂടുതൽ ഉയരം തോന്നിക്കാൻ സഹായിക്കുന്നുണ്ട്. മൂന്ന് നിലകളിലായി ഏകദേശം 6000 ചതുരശ്രയടിയുണ്ട് വീട്. പക്ഷേ രണ്ടു നിലകളിലായി ഏകദേശം 4000 ചതുരശ്രയടിയാണ് നിലവിൽ ഉപയുക്തമായിട്ടുള്ളത്. മൂന്നാം നില ഫർണിഷ് ചെയ്തിട്ടില്ല. രണ്ടു കാറുകൾ പാർക്ക് ചെയ്യാൻ കഴിയുന്ന പോർച്ച്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കോർട്യാർഡ്, പാൻട്രി, കിച്ചൻ, അഞ്ചു കിടപ്പുമുറികൾ എന്നിവയാണ് പ്രധാനമായും ഒരുക്കിയിട്ടുള്ളത്. ഹോം തിയറ്റർ, ജിം എന്നിവയ്ക്കുള്ള പ്രൊവിഷനും ഇട്ടിട്ടുണ്ട്.

വീട് പണിയാൻ നേരം എനിക്ക് പ്രധാനമായും ഒരു ഡിമാൻഡ് ആയിരുന്നു ഉണ്ടായിരുന്നത്. ഉള്ളിൽ നല്ല കാറ്റും വെളിച്ചവും വിശാലതയും ഉണ്ടാകണം. അതുകൊണ്ട് സെമി ഓപ്പൺ ശൈലിയിലാണ് അകത്തളങ്ങൾ ഒരുക്കിയത്. ക്രോസ് വെന്റിലേഷൻ സുഗമമാക്കാൻ ധാരാളം വലിയ ജാലകങ്ങളും നൽകി.

shafi-house-living

വാതിൽ തുറന്നാൽ ആദ്യം കാഴ്ച പോകുന്നത് സ്വകാര്യത നൽകി ഒരുക്കിയ ഫോർമൽ ലിവിങ്ങിലേക്കാണ്. ഇവിടെ നിന്നും വലിയ ഡൈനിങ് ഹാളിലേക്ക് പോകാം. ഇവിടെയാണ് ഫോർമൽ ലിവിങ്. ഇത് ഡബിൾ ഹൈറ്റിലാണ് ഒരുക്കിയത്. വശത്തെ ഭിത്തിയിൽ മൾട്ടിവുഡിൽ സിഎൻസി കട്ടിങ് ഡിസൈൻ നൽകിയിട്ടുണ്ട്. ടിവി യൂണിറ്റും ട്രോഫി ഷെൽഫും ഇവിടെ നൽകി.

shafi-house-hall

ഇതിനു എതിർവശത്തായി കോർട്യാർഡും ഡെക്ക് സ്‌പേസുമുണ്ട്. ഓട്ടമാറ്റിക്കായി പ്രവർത്തിപ്പിക്കാവുന്ന റോളിങ് ഷട്ടറാണ് ഇവിടെ നൽകിയത്. ഇത് തുറന്നാൽ കാറ്റും വെളിച്ചവും അകത്തേക്ക് കൂടുതലായെത്തും.

shafi-house-pantry

പാൻട്രിയും ഡൈനിങ് ഓപ്പൺ ശൈലിയിലാണ്. അകത്തളത്തിലെ ഏറ്റവും മനോഹരമായ ഇടങ്ങളിൽ ഒന്നാണ് പാൻട്രി. ഇവിടെ ക്യൂരിയോസും ലൈറ്റുകളുമെല്ലാം നൽകി അലങ്കരിച്ചിട്ടുണ്ട്. വീട്ടിൽ സിനിമാസുഹൃത്തുക്കൾ ഒക്കെ വരുമ്പോൾ ഒത്തുകൂടുന്ന ഇടമാണ് പാൻട്രി. യെലോ+ വൈറ്റ് തീമിലാണ് അടുക്കള. ഗ്ലാസ് ഫിനിഷിലാണ് ക്യാബിനറ്റുകൾ. കൗണ്ടറിൽ നാനോവൈറ്റ് വിരിച്ചു.

shafi-house-kitchen

ഗോവണി കയറി എത്തുമ്പോൾ അപ്പർ ലിവിങ് നൽകിയിട്ടുണ്ട്. കുട്ടികൾക്കുള്ള പഠനമുറിയും എന്റെ വായനാമുറിയും ഇവിടെ ഒരുക്കിയിട്ടുണ്ട്. മുകൾനിലയിൽ നിന്നും താഴേക്ക് നോട്ടമെത്തുകയും ചെയ്യും.

shafi-house-upper

മുകൾനിലയിലാണ് മാസ്റ്റർ ബെഡ്‌റൂം. എല്ലാ കിടപ്പുമുറികൾക്കും അറ്റാച്ച്ഡ്  ബാത്റൂം, വാഡ്രോബ്, ഡ്രസിങ് ഏരിയ സൗകര്യങ്ങൾ നൽകിയിട്ടുണ്ട്. പരിസ്ഥിതി സൗഹൃദ നയങ്ങളും ഇവിടെ ഉൾക്കൊള്ളിച്ചിട്ടുണ്ട്. 3 KW സോളർ പ്ലാന്റ് വീട്ടിലേക്കാവശ്യമുളള വൈദ്യുതിയുടെ ഭൂരിഭാഗവും നൽകുന്നു. വീടിനു വശത്തെ ലാൻഡ്സ്കേപ്പിൽ പുൽത്തകിടി വച്ചുപിടിപ്പിക്കുന്ന പണികൾ ഇപ്പൾ പുരോഗമിക്കുന്നു. വളരെ പെട്ടെന്ന് വളരുന്ന പുൽമെത്തയാണ് പിടിപ്പിക്കുന്നത്.

shafi-house-daughters

വീട്  പ്രതീക്ഷിച്ചതിലും അൽപം വലുതായിപ്പോയി എന്ന ഒരു പരിഭവം എനിക്കുണ്ട്. പ്രത്യേകിച്ച് പകൽ സമയങ്ങളിൽ ഭാര്യ മാത്രമാണ് വീട്ടിലുള്ളത്. പരിപാലനം അൽപം ബുദ്ധിമുട്ടാണ്. അതൊഴിച്ചാൽ ബാക്കി കാര്യങ്ങളിലെല്ലാം വീട് ഞങ്ങൾക്ക് സന്തോഷവും തൃപ്തിയും നൽകുന്നു.

shafi-family

English Summary- Director Shafi New House at Kochi Swapnaveedu

ബാല്യം മുതൽ ഇന്നുവരെ നിങ്ങളുടെ ജീവിതത്തിലൂടെ കടന്നുപോയ വീടുകളെക്കുറിച്ച് ഗൃഹാതുരമായ ഓർമകളുണ്ടോ? ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.യോഗ്യമായവ പ്രസിദ്ധീകരിക്കും.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SPOT LIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA