sections
MORE

അന്ന് മലയാളികളെ കരയിച്ച കുട്ടി, ഇന്ന് വീട്ടിലെ അംഗത്തെ പോലെ; സീന ആന്റണിയുടെ വിശേഷങ്ങൾ

seena-antony
SHARE

മിനിസ്‌ക്രീനിലൂടെ പ്രേക്ഷകരുടെ സ്വീകരണമുറിയിലെ സാന്നിധ്യമാണ് സീന ആന്റണി. മലയാളികളെ ഒരുപാട് കരയിച്ച ആകാശദൂത് എന്ന സിനിമയിലെ മീനു എന്ന കഥാപാത്രമായി എത്തിയത് സീനയായിരുന്നു. വർഷങ്ങൾക്കിപ്പുറവും ആ സിനിമയും കഥാപാത്രവും മലയാളികൾ നൊമ്പരത്തോടെ ഓർക്കുന്നു. ഇപ്പോൾ മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടതാരമായ സീന വീട്ടുവിശേഷങ്ങൾ പങ്കുവയ്ക്കുന്നു.

എന്റെ വീടുകൾ..

ഞാൻ ജനിച്ചതും പഠിച്ചതും വളർന്നതും ഇപ്പോൾ ജീവിക്കുന്നതുമെല്ലാം തിരുവനന്തപുരത്താണ്. അതുകൊണ്ട് ഈ നാടിനോട് വല്ലാത്ത അറ്റാച്ച്മെന്റുണ്ട്. ഞാൻ ജനിച്ചതും നാലാം ക്‌ളാസ് വരെ വളർന്നതും തിരുവനന്തപുരത്തുള്ള അമ്മച്ചിയുടെയും അപ്പച്ചന്റെയും (അമ്മയുടെ മാതാപിതാക്കൾ) വീട്ടിലായിരുന്നു. അവിടെ കൂട്ടുകുടുംബമായിരുന്നത് കൊണ്ട് നല്ല രസമായിരുന്നു. വീട്ടിൽ ഇപ്പോഴും ധാരാളം ആളുകളുണ്ടാകും.

അച്ഛൻ ആന്റണിക്ക് കെഎസ്ഇബിയിൽ ആയിരുന്നു ജോലി. അമ്മ സെലിൻ അനിമൽ ഹസ്ബൻഡറി വകുപ്പിൽ ഫീൽഡ് ഓഫിസറും. എനിക്ക് രണ്ടു സഹോദരങ്ങൾ. സിബി, സിജോ. ഇതായിരുന്നു കുടുംബം. ഞാൻ രണ്ടാം ക്‌ളാസിൽ പഠിക്കുന്ന സമയത്താണ് അച്ഛൻ വീടുപണി തുടങ്ങിയത്. രണ്ടു വർഷത്തോളമെടുത്താണ് പണി പൂർത്തിയാക്കിയത്. അന്ന് അടിത്തറയിൽ നിന്നും തൂണുകൾ ഉയർന്നു മേൽക്കൂര വാർത്ത് ഒരു വീട് ഉയരുന്ന കാഴ്ച ഞങ്ങൾ കുട്ടികൾക്ക് കൗതുകമായിരുന്നു.

നാലു മുതൽ വിവാഹം കഴിയുന്നത് വരെ പിന്നെ താമസിച്ചത് ഞങ്ങളുടെ സ്വന്തം എന്ന് പറയാവുന്ന വീട്ടിലാണ്. ഒരു വിഷമം ഉള്ളത് അവിടെ വച്ചാണ് അച്ഛൻ മരിക്കുന്നത്. എന്റെ വിവാഹത്തിന് മുന്നേ അച്ഛൻ ഞങ്ങളെ വിട്ടുപോയി. പിന്നീട് അമ്മയും ഞങ്ങളെ വിട്ടുപോയി. അതോടെ വീട്ടിലും ഒരു ശൂന്യതയായി.

സിനിമ വഴി സീരിയലിലേക്ക്...

ഭരതൻ സംവിധാനം ചെയ്ത തമിഴ് സിനിമയിലൂടെയാണ് എന്റെ അരങ്ങേറ്റം. അത് തകര സിനിമയുടെ റീമേയ്ക്കായിരുന്നു. പക്ഷേ ശ്രദ്ധിക്കപ്പെട്ടത് മലയാളികളെ കരയിച്ച ആകാശദൂതിലെ കുട്ടിയുടെ കഥാപാത്രമായിരുന്നു. അതിനുശേഷം നിരവധി സിനിമകളിൽ അവസരം വന്നു. പക്ഷേ പഠനത്തിന് മുൻഗണന കൊടുക്കുകയായിരുന്നു. പിന്നീട് 2006 ലാണ് മിനിസ്ക്രീനിലേക്ക് വരുന്നത്. ഇപ്പോൾ സീരിയലുകളിൽ  അത്ര സജീവമല്ല. ആകാശവാണിയിൽ ന്യൂസ് റീഡറായും ജോലി ചെയ്യുന്നുണ്ട്. അതിന്റെ ഇടവേളകളിലാണ് സീരിയൽ അഭിനയം.

വിവാഹശേഷം ഞാനും ഭർത്താവും തിരുവനന്തപുരം സിറ്റിക്കടുത്തുള്ള കുടുംബവീട്ടിലേക്ക് മാറി. അദ്ദേഹത്തിന്റെയും കൂട്ടുകുടുംബമാണ്. പിന്നീട് ഞങ്ങൾക്ക് രണ്ടാമത്തെ മകൻ ഉണ്ടായ ശേഷമാണ് ഞങ്ങൾ വട്ടിയൂർക്കാവിൽ ഒരു വാടകവീട് എടുത്തു താമസം മാറിയത്. ഇപ്പോഴും താമസിക്കുന്നത് അവിടെയാണ്.

സ്വപ്നവീട്.

സ്വന്തമായി ഒരു വീട് പണിയാനുള്ള പണിപ്പുരയിലാണ്. ഭർത്താവ് കുറച്ചുകാലം നിർമാണമേഖലയിൽ ജോലി ചെയ്തത് കൊണ്ട് അതിനെ കുറിച്ച് നല്ലധാരണയുണ്ട്. ഞങ്ങൾക്ക് രണ്ടുപേർക്കും അധികം ആഡംബരങ്ങളോട് താൽപര്യമില്ല. നോക്കി നടത്താൻ എളുപ്പമുള്ള ഒരു കൊച്ചുവീട് ആണ് സ്വപ്നം. അത് കുറച്ചു വർഷങ്ങൾക്കുള്ളിൽ സഫലമാക്കാനാണ് പ്ലാൻ.

കുടുംബം..

seena-antony-kids

ഭർത്താവ് ജോൺ. രണ്ടു മക്കൾ. മൂത്ത മകൾ ജൊവാൻ അഞ്ചാം ക്‌ളാസിലും ഇളയവൻ ആര്യൻ എൽകെജിയിലും പഠിക്കുന്നു.

English Summary- Seena Antony Serial Actress Celebrity Home

ബാല്യം മുതൽ ഇന്നുവരെ നിങ്ങളുടെ ജീവിതത്തിലൂടെ കടന്നുപോയ വീടുകളെക്കുറിച്ച് ഗൃഹാതുരമായ ഓർമകളുണ്ടോ? ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.യോഗ്യമായവ പ്രസിദ്ധീകരിക്കും.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SPOT LIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA