sections
MORE

2019 ലെ മികച്ച സ്വപ്നവീട് എപ്പിസോഡുകൾ കാണാം...

celebrities-dream-home
SHARE

2019 ൽ 13 താരങ്ങൾ തങ്ങളുടെ വീടും വിശേഷങ്ങളുമായി പ്രേക്ഷകർക്ക് മുന്നിലേക്കെത്തി. അവയിൽ ഏറ്റവും പ്രേക്ഷകപ്രീതി നേടിയ എപ്പിസോഡുകൾ സംക്ഷിപ്തമായി പുനർപ്രസിദ്ധീകരിക്കുന്നു.

ടിനി ടോമിന്റെ പുതിയ സ്വപ്നക്കൂട്, ഒപ്പം ഒരു അതിഥിയും! ക്രിസ്മസ് സ്‌പെഷൽ വീട്...

ക്രിസ്മസിന്റെ ആഘോഷങ്ങളിലേക്ക് അലിഞ്ഞു ചേരുകയാണ് ആലുവ നഗരം. നഗരത്തിൽ തന്നെ എന്നാൽ തിരക്കുകളിൽനിന്നും ബഹളങ്ങളിൽ നിന്നും ഒഴിഞ്ഞുമാറി സ്വച്ഛസുന്ദരമായ ഒരു പ്രദേശത്താണ് നടൻ ടിനി ടോമിന്റെ പുതിയ വീട്. ടിനിയുടെ ഏദൻ എന്ന വീടിന്റെ വിശേഷങ്ങൾ ആറു മാസങ്ങൾക്കു മുൻപ് സ്വപ്നവീടിലൂടെ പങ്കുവച്ചിരുന്നു. ഏദനിൽ നിന്നും നസ്രേത് എന്ന പുതിയ വീട്ടിലേക്കുള്ള മാറ്റം ബാക്കിയുണ്ടായിരുന്ന ചില സ്വപ്നങ്ങളുടെ പൂർത്തീകരണമാണ് എന്ന് ടിനി പറയുന്നു. പുതിയ വീടിന്റെ വിശേഷങ്ങൾ ടിനിയും കുടുംബവും പങ്കുവയ്ക്കുന്നു ക്രിസ്മസ് സ്‌പെഷൽ സ്വപ്നവീടിലൂടെ.

പഴയ വീട്ടിൽ ഞാൻ മിസ് ചെയ്തിരുന്ന ഒരു കാര്യം പുഴയുടെ സാന്നിധ്യമാണ്. വീട്ടിൽ ഇരുന്നാൽ പുഴയുടെ മനോഹര കാഴ്ചകളിലേക്ക് കണ്ണോടിക്കാവുന്ന പ്രദേശത്തു ഒരു വീട് എന്ന സ്വപ്നമാണ് നസ്രേത് എന്ന ഈ ഭവനത്തിലൂടെ സഫലമാകുന്നത്. പുതിയ വീട് തേടുമ്പോൾ ഭാര്യ രൂപ ഒരു ആവശ്യം ഉന്നയിച്ചിരുന്നു. എന്റെയും ഭാര്യ രൂപയുടെയും അമ്മമാർ അവരുടെ വീടുകളിൽ തനിച്ചാണ്. അവർക്ക് പ്രായമായി വരികയാണ്. അവരെ കൂടി ഉൾക്കൊള്ളാനാകുന്ന വീട് വേണം എന്ന്. ഞങ്ങളുടെ രണ്ടുപേരുടെയും ആഗ്രഹങ്ങൾ സമ്മേളിച്ചത് ഇവിടെയാണ്. വീടിനു തൊട്ടടുത്തൂടെ ആലുവാപ്പുഴയുടെ കൈവരി ഒഴുകുന്നു. സ്വച്ഛസുന്ദരമായ പ്രദേശമാണ്. ഇവിടെ ആറു കിടപ്പുമുറികളുണ്ട്. എല്ലാവരെയും ഉൾക്കൊള്ളിക്കാൻ കഴിയും. ഇത് വില്ല പ്രോജക്ട് ആയതുകൊണ്ട് ഞാൻ ഷൂട്ടിങ്ങിനായി മാറി നിൽക്കുമ്പോഴും സുരക്ഷയുടെ ടെൻഷൻ വേണ്ട.

രണ്ടു പോർച്ച്, ലിവിങ്, ഡൈനിങ്, കിച്ചൻ, അഞ്ചു കിടപ്പുമുറികൾ, അപ്പർ ഹാൾ, ഹോം തിയറ്റർ,  എന്നിവയാണ് ഈ വീട്ടിലുള്ളത്. എന്റെ പഴയ വീട്ടിൽ കുറച്ചധികം അലങ്കാരങ്ങൾ ഞാൻ ചെയ്തിരുന്നു. ഫോൾസ് സീലിങ്ങും നിറയെ ഫർണിച്ചറുകളും ഉണ്ടായിരുന്നു. വീട് ഫൈവ് സ്റ്റാർ ഹോട്ടൽ പോലെയാകരുത് എന്ന തിരിച്ചറിവിലാണ് ഈ വീട് ഞങ്ങൾ ഒരുക്കിയത്. എന്നാൽ പഴയ വീട്ടിലെ ചില ഓർമ്മകൾ ഇവിടേക്ക് മാറ്റിനട്ടിട്ടുമുണ്ട്. ഉദാഹണത്തിനു ലിവിങ്ങിലെ ഫർണിച്ചറും കണ്ണാടിയും പഴയ പ്രെയർ ടേബിളും ഹോം തിയേറ്ററും അതേപടി ഇവിടേക്ക് മാറ്റി നൽകി. അതുപോലെ ഇന്തോനേഷ്യയിൽ പോയപ്പോൾ വാങ്ങിയ തേക്കിൻ തടിയിൽ കടഞ്ഞെടുത്ത ക്രിസ്തുവിന്റെ രൂപവും കുരിശുമാലയും മുകളിലെ ഹാളിൽ വീണ്ടും പ്രതിഷ്ഠിച്ചിട്ടുണ്ട്.

പൂർണരൂപം കാണാം..

സ്വാഗതം, 'മറിമായം' നിയാസിന്റെ ചിരിവീട്ടിലേക്ക്! വിഡിയോ...

നിയാസ് ബക്കർ എന്ന പേരുകേട്ടാൽ 'അതാരാണപ്പാ' എന്ന മട്ടിൽ പലരും നെറ്റിചുളിക്കും. എന്നാൽ മറിമായത്തിലെ ശീതളൻ/കോയ എന്ന് പറഞ്ഞാലോ സകുടുംബമൊരു ചിരിക്ക് വകയുണ്ട്. 2012 മുതൽ തമാശകൾ മൊത്തമായും ചില്ലറയായും കൊടുത്തുകൊണ്ടിരിക്കുകയാണ് മഴവിൽ മനോരമയിലെ ‘മറിമായ’മെന്ന ജനപ്രിയപരിപാടി. ജനങ്ങളെ നേരിട്ടു ബാധിക്കുന്ന പ്രശ്നങ്ങളിൽമേലുളള പ്രതികരണമാണ് ഓരോ എപ്പിസോ‍ഡും. 

ആലുവയ്ക്കടുത്ത് തോട്ടുമുഖം എന്ന സ്ഥലത്താണ് നിയാസ് ബക്കറിന്റെ പുതിയ വീട്. ഇക്കഴിഞ്ഞ മാർച്ചിലായിരുന്നു മകളുടെ വിവാഹം. അതിനു മുന്നോടിയായി ആയിരുന്നു ഗൃഹപ്രവേശം. ആറര സെന്റിൽ സമകാലിക ശൈലിക്കൊപ്പം കേരളത്തനിമയും ഇടകലർത്തിയ സുന്ദരഭവനം. ആദ്യം വരവേൽക്കുന്നത് തൂണുകളുള്ള വരാന്തയാണ്. ഒറ്റനോട്ടത്തിൽ തടിയിൽ കടഞ്ഞ തൂണുകൾ ആണെന്നുതോന്നും. ശരിക്കും കോൺക്രീറ്റ് പില്ലറിൽ തടിയുടെ ഫിനിഷ് നൽകിയതാണ്. ഒപ്പം സമീപത്തെ ഭിത്തിയിൽ വെട്ടുകല്ല് കൊണ്ടുള്ള ബോർഡറും തുടരുന്നുണ്ട്. ഇതേ ഡിസൈൻ മുകൾനിലയിലും ആവർത്തിക്കുന്നു.

വീട്ടിലെ താരം ഗോവണിയും അനുബന്ധഭാഗവുമാണ്. തടിക്കഷ്ണങ്ങളെ അനുസ്മരിപ്പിക്കുന്ന വിധമാണ് ഗോവണിയുടെ കൈവരികൾ. സിമന്റിനു മുകളിൽ കലാപരമായി പ്ലാസ്റ്ററിങ് ചെയ്താണ് ഇതൊരുക്കിയത്. ഗോവണിയുടെ താഴെ ചെറിയ ഒരു ജലധാര നൽകിയിട്ടുണ്ട്. ഇതിനു സമീപം വാഷ് ബേസിൻ. തടിയെ അനുസ്മരിപ്പിക്കുന്ന വുഡൻ ടൈലുകളാണ് നിലത്തുവിരിച്ചത്. ഗോവണിയുടെ ഭാഗത്തെ മേൽക്കൂരയിൽ സ്‌കൈലൈറ്റ് നൽകിയിട്ടുണ്ട്. ഇതുവഴി അരിച്ചിറങ്ങുന്ന പ്രകാശം വീടിനകത്ത് നിറയുന്നു.

മകളുടെ വിവാഹത്തിന് മുൻപ് ഗൃഹപ്രവേശം നടത്താനുള്ള ധൃതിയായിരുന്നു. ഇനിയും കുറച്ച് മിനുക്കുപണികൾ ബാക്കിയുണ്ട്. കാർ പോർച്ച് പണിയണം, ഭാര്യയ്ക്ക് പൂന്തോട്ടം ഒരുക്കണം. ദാരിദ്ര്യവും കഷ്ടപ്പാടുകളും നിറഞ്ഞതായിരുന്നു ചെറുപ്പകാലം. വിവാഹം കഴിഞ്ഞു പോലും ഒരു നല്ല വീട് സ്വപ്നം കാണാനാകാത്ത അവസ്ഥ ഉണ്ടായിരുന്നു. ഏതൊരു ശരാശരി മലയാളിയുടെയും സ്വപ്നമാണല്ലോ സ്വന്തമായി ഒരു വീട്. അത് പൂർത്തിയായതോടെ വലിയൊരു നിറവാണ് മനസ്സിൽ. നിയാസ് പറഞ്ഞുനിർത്തി.

പൂർണരൂപം കാണാം..

കാണാം സൂരജിന്റെ 'ഇമ്മിണി ബല്യ' വീട്! വിഡിയോ...

ന്റെ കഥ ഏവർക്കും പ്രചോദനകരമാണ്. സൂരജിന്റെ പുതിയ വീടിന്റെ വിശേഷങ്ങളുമായി സ്വപ്നവീടിന്റെ പുതിയ അധ്യായം കാണാം.മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയ്ക്ക് സമീപം തേലക്കാട് എന്ന ഗ്രാമത്തിലാണ് സൂരജിന്റെ വീട്. അച്ഛൻ മോഹനൻ ബാങ്കിലെ കലക്‌ഷൻ ഏജന്റ് ആയിരുന്നു. അമ്മ ജ്യോതിലക്ഷ്മി വീട്ടമ്മയും. മൂത്ത സഹോദരി സ്വാതിശ്രീ. ചേച്ചിക്കും നീളം കുറവാണ്. പിന്നെ അമ്മൂമ്മ..ഇതാണ് കുടുംബം. ബാക്കി വിശേഷങ്ങൾ സൂരജ് പറയട്ടെ...

എന്റെയും ചേച്ചിയുടെയും സൗകര്യാർഥമാണ് പുതിയ വീട് ഒരുക്കിയിരിക്കുന്നത്. ഷെൽഫും കബോർഡുകളും സ്വിച്ചും വാഷ് ബേസിനും കസേരകളുമെല്ലാം ഞങ്ങളുടെ ഉയരം അനുസരിച്ചാണ് ക്രമീകരിച്ചിരിക്കുന്നത്. ഊണുമേശയുടെ പൊക്കം കുറച്ചു. ഞങ്ങൾക്ക് കയറാൻ പാകത്തിന് ഗോവണിയുടെ പടികളുടെ ഉയരം കുറച്ചു. സൂരജ് പറയുന്നു. സ്‌റ്റെയിൻലെസ്സ് സ്റ്റീലിൽ നിർമിച്ച ഗോവണിയുടെ കൈവരികൾ പടികളുടെ വശത്താണ് ഘടിപ്പിച്ചിരിക്കുന്നത്. ഇത് പടികൾ കയറുമ്പോൾ കൂടുതൽ സ്ഥലലഭ്യത നൽകുന്നു. സമകാലിക ശൈലിയിൽ നിർമിച്ച മനോഹരമായ ഇരുനില വീട്. സമീപം പ്രധാന റോഡ് കടന്നുപോകുന്നു. മുറ്റത്തിന്റെ  ഇരുവശങ്ങളിൽനിന്നും രണ്ടുകാഴ്ചയാണ് വീടിനു ലഭിക്കുക. താഴത്തെ നില 800 ചതുരശ്രയടിയുണ്ട്. ലിവിങ്, ഡൈനിങ്, കിച്ചൻ, രണ്ടു കിടപ്പുമുറികൾ, സ്‌റ്റെയർ എന്നിവ ഇവിടെ വരുന്നു. സിറ്റൗട്ട് കടന്നു ഹാളിലേക്ക് കയറുമ്പോൾ വരവേൽക്കുന്നത് സൂരജിന് ലഭിച്ച ട്രോഫികൾ വീർപ്പുമുട്ടിയിരിക്കുന്ന ഷെൽഫാണ്. ഇതിനു സമീപം ഫോർമൽ ലിവിങ് ക്രമീകരിച്ചു. സമീപം ഗോവണിയുടെ താഴെയായി ഫാമിലി ലിവിങും ക്രമീകരിച്ചിട്ടുണ്ട്.

സ്ട്രക്ച്ചറും ഫർണിഷിങ്ങും സഹിതം 17 ലക്ഷം രൂപയ്ക്ക് പണി പൂർത്തീകരിച്ചു എന്നതാണ് ഹൈലൈറ്റ്. പത്തു ലക്ഷം രൂപയോളം ലോൺ എടുത്തതാണ് കേട്ടോ.. എന്റെ കയ്യിൽ അങ്ങനെ ഒരുപാട് രൂപയൊന്നും ആയിട്ടില്ല. എന്നെ പ്രോത്സാഹിപ്പിക്കുന്ന, പരിമിതികളെ സ്നേഹിക്കുന്ന പ്രേക്ഷകരാണ് എന്റെ ശക്തി. അങ്ങനെ 'ഉയരം' കുറഞ്ഞ വീട് സഫലമായതിന്റെ സന്തോഷത്തിലാണ് ഞാനും ചേച്ചിയും പിന്നെ കുടുംബവും.

പൂർണരൂപം കാണാം..

കേശുവിന്റെ കൊച്ചു കിളിക്കൂട്ടിലേക്ക് സ്വാഗതം ! വിഡിയോ...

മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് അൽസാബിത്. ഉപ്പും മുളകും എന്ന സീരിയലിലെ കേശു എന്ന കഥാപാത്രമായിട്ടാണ് ഭൂരിഭാഗവും ഈ പയ്യനെ കാണുന്നത്. എപ്പോഴും വായിട്ടലച്ചു പ്രായത്തിൽ കവിഞ്ഞ ഭാഷ പറഞ്ഞു നടക്കുന്ന കേശുവിനെ പക്ഷേ മിനിസ്ക്രീൻ പ്രേക്ഷകർക്ക് പെരുത്തിഷ്ടമാണ്. എന്നാൽ എല്ലാവരെയും സന്തോഷിപ്പിക്കുന്ന അൽസാബിത്തിന്റെയും ഉമ്മ ബീനയുടെയും ജീവിതം അത്ര മധുരകരമായിരുന്നില്ല. 

ചെറിയ പ്രായത്തിൽ തന്നെ അച്ഛൻ ഉപേക്ഷിച്ചതിന്റെ കയ്‌പേറിയ അനുഭവത്തിലൂടെയാണ് അൽസാബിത് വളർന്നുവന്നത്. കടക്കെണിയിലായ കുടുംബത്തെ ഒരു പത്തുവയസ്സുകാരൻ കരകയറ്റിയതിന്റെ കഥയാണ് പിന്നീടുള്ള ഇവരുടെ ജീവിതം. നമുക്ക് പത്തനംതിട്ട കലഞ്ഞൂരുള്ള അൽസാബിത്തിന്റെ വീട്ടിലേക്ക് പോകാം. ആ വീടിന്റെ കാഴ്ചകളും രസങ്ങളും കണ്ടാൽ, ഈ പയ്യനോടുള്ള ഇഷ്ടം വീണ്ടും വർധിക്കും.

ഇതിനിടയ്ക്ക് അൽസാബിത്തിന്റെ അമ്മ ബീന വീടിനെ പരിചയപ്പെടുത്താനെത്തി. എന്റെ നാട് കോന്നിയാണ്. അൽസാബിത്തിനു ഒരു വയസ്സ് പ്രായമുള്ളപ്പോഴാണ് ഞങ്ങൾ ഇവിടേക്ക് താമസം മാറുന്നത്. മൂന്നര സെന്റിലാണ് വീട് നിൽക്കുന്നത്. വസ്തു വാങ്ങുമ്പോൾ ഒരു ചെറിയ വീടുണ്ടായിരുന്നു. അത് പൊളിച്ചു കളഞ്ഞാണ് ആദ്യം ഒരുനില വീടുവച്ചത്. പുതിയ ജീവിതത്തെക്കുറിച്ചും കുഞ്ഞിനെക്കുറിച്ചും ഒരുപാട് സ്വപ്നങ്ങൾ നെയ്തുകൂട്ടിയ കാലം. പക്ഷേ ആ സന്തോഷം അധികകാലം നീണ്ടില്ല. ആ സമയത്താണ് ഭർത്താവ് വീടുവിട്ടുപോകുന്നത്. അതോടെ ഞങ്ങൾക്ക് ഏറെ സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടായി. വീട് ജപ്തിയാകുമെന്ന സ്ഥിതിയായി. പറക്കമുറ്റാത്ത കുഞ്ഞിനെക്കൊണ്ട് ഞാൻ ഒരുപാട് അലഞ്ഞു. എന്റെ ചെറിയ ജോലിയിൽ നിന്നുള്ള വരുമാനം കൊണ്ടാണ് അന്ന് ഞങ്ങൾ പിടിച്ചു നിന്നത്. പക്ഷേ ദൈവം ഞങ്ങളുടെ പ്രാർഥന കേട്ടു. ആ സമയത്താണ് കുഞ്ഞിന് മിനിസ്‌ക്രീനിൽ അവസരം കിട്ടുന്നത്. പിന്നെ ഇതുവരെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. എന്റെ കുഞ്ഞു ജോലി ചെയ്തുണ്ടാക്കിയ കാശുകൊണ്ടാണ് ഞങ്ങളുടെ കടങ്ങൾ എല്ലാം വീട്ടിയത്. അതുകൊണ്ടുതന്നെ ഈ വീട് ഞങ്ങളെ സംബന്ധിച്ചിടത്തോളം രണ്ടാം ജന്മമാണ്. മറ്റു കുട്ടികൾ വേനലവധിക്കാലം ആഘോഷിക്കുമ്പോൾ എന്റെ മോൻ കുടുംബത്തിനായി ജോലിചെയ്യുകയാണ്

പൂർണരൂപം കാണാം..

കണക്കുകൂട്ടലുകൾ തെറ്റിക്കുന്ന വീട്! വിശേഷങ്ങളുമായി ലക്ഷ്മി നായർ...

വീട്ടുകാരിയെപ്പോലെ തന്നെ ആദ്യമായി കാണുന്നവരുടെ മുൻവിധികൾ തകർക്കുന്നതാണ് കലൂർ എസ്ആർഎം റോഡിലെ ലക്ഷ്മിയുടെ സെക്കൻഡ് ഹോം. പഴയ ഒരു കെട്ടിടമാണ് ഇവിടെയെത്തുമ്പോൾ കണ്മുന്നിൽ തെളിയുക. 'ഇതിനുള്ളിൽ എന്ത് കാണാനാണ്?' എന്നു പുറംകാഴ്‌ചയിൽ തോന്നുന്ന മുൻവിധി പക്ഷേ ഫ്ലാറ്റിനകത്ത് എത്തുമ്പോൾ തീരും.

കോളിങ് ബെൽ അടിച്ചപ്പോൾ വാതിൽ തുറന്നത് വീട്ടുകാരി തന്നെയാണ്. അവർ ഹൃദ്യമായി അകത്തേക്ക് സ്വീകരിച്ചു. ചെറുതെങ്കിലും ലളിതവും സുന്ദരവുമായ അകത്തളങ്ങൾ. പുറത്തേക്ക് വാതായനങ്ങൾ തുറന്നിട്ട വീടാണിത്. ലക്ഷ്മി നായർ തന്റെ വീടിന്റെ വിശേഷങ്ങൾ പറഞ്ഞു തുടങ്ങി.

'തിരുവനന്തപുരത്താണ് എന്റെ വീട്. ഇത് ഒരു സെക്കൻഡ് ഹോം ആയിട്ടാണ് ഉപയോഗിക്കുന്നത്. അതിനാൽ അത്യാവശ്യ സൗകര്യങ്ങൾ മാത്രമേ ഇവിടെ ഒരുക്കിയിട്ടുള്ളൂ. പഴയ ഒരു ഫ്ലാറ്റ് വാങ്ങി അടിമുടി പുതുക്കി എടുക്കുകയായിരുന്നു. രണ്ടു കിടപ്പുമുറി, ലിവിങ്, ഡൈനിങ്, കിച്ചൻ, ബാത്റൂം എന്നിവയാണ് ഈ ഫ്ലാറ്റിൽ ഉള്ളത്.  കന്റെംപ്രറി- മിനിമൽ ശൈലിയാണ്  പിന്തുടർന്നത്. ചുവരുകളിൽ ഗ്രേ, വൈറ്റ് കളർ തീം നൽകി. ഒന്നും അനാവശ്യമായി കുത്തിനിറച്ചിട്ടില്ല. ആർക്കിടെക്ട് ബിനോയ് ആണ് ഫ്ലാറ്റ് ഒരുക്കിനൽകിയത്'. ലക്ഷ്മി നായർ പറയുന്നു.

ഇടുങ്ങിയ ഫ്ലാറ്റായിരുന്നു പണ്ട്. അനാവശ്യ ചുവരുകൾ എല്ലാം ഇടിച്ചു കളഞ്ഞു തുറസായ നയത്തിലേക്ക് അകത്തളങ്ങൾ മാറ്റിയെടുത്തു.  ഇപ്പോൾ ലിവിങ്- ഡൈനിങ്-കിച്ചൻ  ഓപ്പൺ ഹാളിൽ ഹാജർ വയ്ക്കുന്നു. ഡൈനിങ് ഹാളിൽ ഒരു ഭിത്തിയിൽ വലിയ ഗ്ലാസ് ജനാല നൽകി. വീടിനകത്തെ ക്രോസ് വെന്റിലേഷൻ സുഗമമാക്കുന്നത് ഇതാണ്. പഴയ ഫ്ളോറിങ് മാറ്റി. പ്രകൃതിയെ അകത്തേക്ക് ക്ഷണിക്കുന്നതാണ് രണ്ടു ബെഡ്‌റൂമുകളുടെയും മാജിക്. രാത്രിയിൽ സമീപത്തെ ഗ്ലാസ് ജനാലയുടെ കർട്ടൻ നീക്കിയാൽ നക്ഷത്രങ്ങളെ കണ്ടു കൊണ്ട് കിടന്നുറങ്ങാം. ശരിക്കും ഒരു ഓപ്പൺ ടെറസിൽ കിടന്നുറങ്ങുന്ന ഫീലാണ് ഇവിടെ. മഴയുള്ള രാത്രികളിൽ മറ്റൊരു ഫീലാണ്. രാവിലെ വെളിച്ചം അരിച്ചെത്തുന്നത് കൊണ്ട് അലാറം വച്ചില്ലെങ്കിലും ഉണരാനും കഴിയും. വീട് എന്നു പറഞ്ഞാൽ എനിക്ക് മനസ്സിന് സന്തോഷം നൽകുന്ന ഇടമാണ്. ഓരോ ഇടവേളകളിൽ ഇവിടെ എത്തുമ്പോഴും ആ സന്തോഷം എന്നിൽ നിറയുന്നു.

പൂർണരൂപം കാണാം..

English Summary: Best Swapana Veedu Episodes in 2019

ബാല്യം മുതൽ ഇന്നുവരെ നിങ്ങളുടെ ജീവിതത്തിലൂടെ കടന്നുപോയ വീടുകളെക്കുറിച്ച് ഗൃഹാതുരമായ ഓർമകളുണ്ടോ? ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.യോഗ്യമായവ പ്രസിദ്ധീകരിക്കും.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SPOT LIGHT
SHOW MORE
FROM ONMANORAMA