sections
MORE

ജീവിതത്തിൽ സംഭവിച്ചത് എല്ലാം നല്ലതിന്: ഭഗത് മാനുവൽ

bhagath-manuel
SHARE

ഒരു കൂട്ടം ചെറുപ്പക്കാർക്കൊപ്പമായിരുന്നു ഭഗത് മാനുവലിന്റെ സിനിമാപ്രവേശം. ഒൻപത് വർഷങ്ങൾക്കിപ്പുറം കൂടെ വന്ന പലരും സിനിമയിൽ കൂടുതൽ ഉയരത്തിലെത്തി എങ്കിലും ഭഗതിന് പരാതിയോ പരിഭവമോ ഇല്ല. താൻ തന്റേതായ വഴിയിലൂടെയാണ് സഞ്ചരിക്കുന്നത് എന്ന് വിശ്വസിക്കാനാണ് താരത്തിനിഷ്ടം. രണ്ടാം വിവാഹത്തിന് ശേഷം ജീവിതം കൂടുതൽ ആഹ്ളാദകരമായി മുന്നോട്ടുപോകുന്നു എന്ന് ഭഗത് പറയുന്നു. പുതിയ സിനിമകളിൽ അഭിനയിക്കുന്നതിനോടൊപ്പം ഒരു സിനിമയ്ക്ക് തിരക്കഥ ഒരുക്കുന്നതിന്റെ പണിപ്പുരയിലുമാണ് ഭഗത്. താരം തന്റെ വീട്ടുവിശേഷങ്ങൾ പങ്കുവയ്ക്കുന്നു.

സ്വാധീനിച്ച വീട്...

bhagath-manuel-family

മൂവാറ്റുപുഴയാണ് എന്റെ സ്വദേശം. അപ്പൻ ബേബി മാനുവൽ, അമ്മ ഷീല ബേബി, സഹോദരി ഭാഗ്യ. ഇതായിരുന്നു എന്റെ കുടുംബം. അപ്പന്റെ കുടുംബം കോട്ടയത്ത് നിന്നും മൂവാറ്റുപുഴയിലേക്ക് കുടിയേറിയതായിരുന്നു. ഞാൻ ജനിച്ചു വളർന്നത് ഒരു വാടകവീട്ടിലായിരുന്നു. അപ്പന് ചെറുകിട ബിസിനസായിരുന്നു ജോലി. അക്കാലത്ത് ഞങ്ങളുടെ എല്ലാം സ്വപ്നമായിരുന്നു സ്വന്തമായി ഒരു വീട്. അപ്പൻ കിട്ടുന്ന സമ്പാദ്യമെല്ലാം സ്വരുക്കൂട്ടി വച്ചു. അങ്ങനെ ഞാൻ സ്‌കൂളിൽ പഠിക്കുന്ന സമയത്ത് അപ്പൻ മൂവാറ്റുപുഴ സ്ഥലം വാങ്ങി ഒരു വീട് പണിതു. എന്റെ ജീവിതത്തിൽ എന്നെ ഏറ്റവും സ്വാധീനിച്ച വീട് അതാണ്. കാരണം മനുഷ്യജീവിതത്തിലെ വൈരുധ്യങ്ങൾ ഞാൻ കണ്ടറിഞ്ഞത് ആ വീട്ടിൽ വച്ചാണ്. ഒരുദാഹരണം പറയാം...

അപ്പൻ ചോരത്തിളപ്പുള്ള കാലത്ത് നക്സൽ അനുഭാവി ആയിരുന്നു. അങ്ങനെയാണ് എനിക്ക് ഭഗത് എന്ന പേര് കിട്ടിയതും. അക്കാലത്ത് അപ്പന് ദൈവത്തിലൊന്നും വിശ്വസമില്ലായിരുന്നു. വീടിന്റെ അന്തരീക്ഷവും അത്തരത്തിലായിരുന്നു. പക്ഷേ വർഷങ്ങൾക്ക് ശേഷം അപ്പന് സ്ട്രോക്ക് വന്നു ഒരുവശം തളർന്നു പോയി. ഇനി ഒരു തിരിച്ചു വരവില്ല എന്ന് കരുതി. ഇനി എണീറ്റ് നടന്നാൽ ഞാൻ ദൈവവിശ്വാസിയാകാം എന്ന് അപ്പൻ പ്രതിജ്ഞയെടുത്തു. അദ്‌ഭുതമെന്നു പറയട്ടെ, ചികിത്സകൾ ഫലിച്ചു. പതിയെ അപ്പൻ വീണ്ടും എണീറ്റ് നടക്കാൻ തുടങ്ങി. അതോടെ അപ്പൻ വലിയ ദൈവവിശ്വാസിയായി മാറി. അതിനുശേഷം വീട് ഒരു കരിസ്മാറ്റിക് കേന്ദ്രമായി മാറി. 

അമ്മ കുറച്ചുകാലം നഴ്സ് ആയി ജോലി ചെയ്തിരുന്നു. ഈ വിഷമടിച്ച പച്ചക്കറികൾ ഉണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് അമ്മയ്ക്ക് ബോധ്യമുണ്ടായിരുന്നു. അങ്ങനെ വീട്ടിൽ ഒരു ചെറിയ അടുക്കളത്തോട്ടം ഒരുക്കി. പടവലം, ചീര, കാന്താരി, വെണ്ടയ്ക്ക, കറിവേപ്പ് എന്നിവയെല്ലാം വീട്ടുമുറ്റത്തുണ്ട്. അത്യാവശ്യം ഒരു കറി ഉണ്ടാക്കാൻ മാർക്കറ്റിൽ പോകേണ്ട കാര്യമില്ല. ഗേറ്റ് ഇല്ലാത്ത വീട് എന്നതായിരുന്നു മറ്റൊരു സവിശേഷത. ആർക്കും എപ്പോൾ വേണമെങ്കിലും കയറിവരാം. എപ്പോഴും വൈകിട്ട് അത്താഴം ഒരുക്കുമ്പോൾ ഒരാൾക്കുള്ള ഭക്ഷണം അധികം കരുതും. മിക്കവാറും അത് കഴിക്കാൻ അതിഥികളുമുണ്ടാകും. അങ്ങനെ ഒരു പങ്കുവയ്ക്കലിന്റെ അന്തരീക്ഷത്തിലാണ് ഞാൻ വളർന്നത്.

bhagath-manuel-home

കാലപ്പഴക്കത്തിൽ സ്ഥലപരിമിതിയുടെ കുറച്ചു ബുദ്ധിമുട്ടുകൾ ഉണ്ടായപ്പോൾ അടുത്തിടയ്ക്ക് ഞങ്ങൾ ആ വീട് വിറ്റു. എന്നിട്ട് വാഴക്കുളം എന്ന സ്ഥലത്ത് കുറച്ചുകൂടി വലിയ ഒരു വീടുവാങ്ങി. അപ്പനും അമ്മയും ഇപ്പോൾ അവിടെ പച്ചക്കറിത്തോട്ടം വിപുലമാക്കാനുള്ള ശ്രമത്തിലാണ്.

ഫ്ലാറ്റ് ജീവിതം...

എന്റെ സ്വകാര്യ ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടായപ്പോൾ കൂടെ നിന്നത് സുഹൃത്തുക്കളാണ്. ഞാനിപ്പോൾ താമസിക്കുന്ന ഈ ഫ്ലാറ്റും എന്റെ ഒരു സുഹൃത്തിന്റെയാണ്. വീണ്ടും വിവാഹം കഴിച്ച ശേഷമാണ് ഞാനും ഭാര്യയും കുടുംബവും ഇവിടേക്ക് താമസം മാറ്റിയത്. അവൻ വാങ്ങിയിട്ട ഫ്രഷ് 3 BHK ഫ്ലാറ്റ് ആയിരുന്നു. പിന്നീട് ഞങ്ങൾ ഇന്റീരിയർ ഒക്കെ ചെയ്ത് ഞങ്ങളുടെ വീട് ആക്കി മാറ്റുകയായിരുന്നു. ഇവിടെയും ബാൽക്കണിയിൽ ഞങ്ങൾ ഒരു കൊച്ചു പച്ചക്കറി തോട്ടം ഒരുക്കിയിട്ടുണ്ട്.

കുടുംബം...

ഭാര്യ ഷെലിൻ.  ഇത് ഷെലിന്റെയും രണ്ടാംവിവാഹമാണ്. ഞങ്ങൾക്ക് രണ്ടു പേർക്കും ആദ്യ വിവാഹത്തിൽ കുട്ടികളുണ്ട്. അതുമായി ഒത്തുപോകുന്ന ആലോചനകൾ വന്നപ്പോൾ ഉറപ്പിക്കുകയായിരുന്നു. ബെംഗളൂരു എയർപോർട്ടിൽ ആയിരുന്നു ജോലി. ഇപ്പോൾ കൊച്ചിയിൽ ജോലിക്ക് ശ്രമിക്കുന്നു. ആറു വയസുകാരൻ സ്റ്റീവും മൂന്നു വയസുകാരൻ ജൊവാനുമാണ് ഇപ്പോൾ വീട്ടിലെ താരങ്ങൾ.

English Summary- Bhagath Manuel Actor Home Memories; Celebrity Home

ബാല്യം മുതൽ ഇന്നുവരെ നിങ്ങളുടെ ജീവിതത്തിലൂടെ കടന്നുപോയ വീടുകളെക്കുറിച്ച് ഗൃഹാതുരമായ ഓർമകളുണ്ടോ? ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.യോഗ്യമായവ പ്രസിദ്ധീകരിക്കും.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SPOT LIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA