ADVERTISEMENT

മലയാളത്തിന്റെ ഗാനഗന്ധർവൻ യേശുദാസിനു ഇന്ന് എൺപതാം പിറന്നാളാണ്. ഫോർട്ട് കൊച്ചിയിൽ യേശുദാസ് ജനിച്ചു വളർന്ന തറവാട് വീട് ഇന്നൊരു ഹോട്ടലാണ്. പക്ഷേ എല്ലാ വർഷവും ദാസേട്ടൻ ഈ വീട്ടിലെത്തുന്നതിനു മറ്റൊരു കാരണമുണ്ട്. തറവാട് വീട് വിൽക്കുമ്പോൾ ദാസേട്ടന് ഒരു നിബന്ധനയുണ്ടായിരുന്നു. അമ്മ നട്ടു വളർത്തിയ മാവ് മുറിക്കരുത്. അധികാരിവളപ്പിലെ യേശുദാസിന്റെ തറവാട് വീട്  20 വർഷം മുൻപ് വീട് വിലയ്‌ക്കു വാങ്ങിയ ചെറിയിൽ നാസർ ആ പഴയ വീട് പൊളിച്ചില്ല. മരവും മുറിച്ചില്ല. 

ഹോട്ടലാക്കി മാറ്റിയെങ്കിലും യേശുദാസിനോടുള്ള ആദരവ് പ്രകടിപ്പിക്കാൻ ‘ഹൗസ് ഓഫ് യേശുദാസ്’ എന്ന പേരാണു കെട്ടിടത്തിനു നൽകിയിരിക്കുന്നത്. ഹോട്ടലിന്റെ സ്വീകരണ മുറിയിൽ വച്ചിട്ടുള്ള യേശുദാസിന്റെ ഛായാചിത്രവും അദ്ദേഹത്തോടുള്ള സ്‌നേഹവായ്‌പിന്റെ പ്രതീകം. രണ്ടു കെട്ടിടങ്ങളായാണ് നാസർ ഇതു വാങ്ങിയത്. അതിനിടയിലായിരുന്നു നാട്ടുമാവ്. ‘അമ്മ വച്ച മാവാണ്. അതു വെട്ടാതിരിക്കാൻ പറയണമെന്ന’ യേശുദാസിന്റെ അഭ്യർഥന അദ്ദേഹത്തിന്റെ സുഹൃത്തു വന്ന് അറിയിച്ചപ്പോൾ തന്നെ നാസർ തീരുമാനമെടുത്തു: മാവ് വെട്ടരുതെന്ന്.

‘എന്റെ കല്യാണത്തിനു മുൻപാണ് അമ്മ ഈ മാവ് വച്ചുപിടിപ്പിച്ചത്. ഒട്ടുമാവല്ല. മുളപ്പിച്ചെടുത്തതു തന്നെ. 37 വർഷത്തിലേറെ ആയിക്കാണും. വീടു വാങ്ങിയവർ ഇതു വെട്ടിമാറ്റരുതെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. അവരോട് നന്ദിയേറെയുണ്ട്.’ദാസേട്ടൻ പറയുന്നു. 

കെട്ടിടങ്ങൾ യോജിപ്പിക്കേണ്ടി വന്നപ്പോൾ മാവ് നിൽക്കുന്ന ഭാഗം ചെറിയൊരു മുറിയാക്കി മാറ്റി. പിന്നെ ഒന്നാം നിലയും രണ്ടാം നിലയും വാർത്തപ്പോൾ മാവിന്റെ കൊമ്പുകൾക്ക് വളരാൻ പാകത്തിൽ സുഷിരമിട്ടു. ഒന്നാം നിലയിലെ ഹാളിനുള്ളിൽ പടർന്നു നിൽക്കുന്ന മാവിൻ കൊമ്പുകളും രണ്ടാം നിലയിലെ ടെറസിനു മുകളിൽ കായ്‌ച്ചു നിൽക്കുന്ന മാവിന്റെ പടർന്നു പന്തലിച്ച ഭാഗങ്ങളും ഇവിടെയെത്തുന്ന വിദേശ വിനോദസഞ്ചാരികളടക്കമുള്ളവർക്ക് വിസ്‌മയക്കാഴ്‌ചയാകുന്നു.

English Summary- Yesudas Tharavadu House Mango Tree

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com