ADVERTISEMENT

കേരളത്തിൽ വീട് എന്നുവച്ചാൽ താമസിക്കാനുള്ള സ്ഥലം മാത്രമല്ല, നമ്മുടെ മേൽവിലാസം കൂടിയാണ്. പലർക്കും പേരിനൊപ്പം അഭിമാനത്തോടെ ചേർത്തെഴുതാനുള്ള അക്ഷരം കൂടിയാണ്. സർക്കാരിന്റെ ഭവന നിർമാണപദ്ധതിയായ ലൈഫ് മിഷനിലൂടെ അടച്ചുറപ്പുള്ള വീടുകൾ ലഭിച്ചവരുടെ സന്തോഷത്തിൽ പങ്കുചേരുകയാണ് അനുഭവങ്ങൾ പങ്കുവച്ചുകൊണ്ട് മുരളി തുമ്മാരുകുടി..

തുമ്മാരുകുടിയിലാണ് ഞാൻ ജനിച്ചത്. അത് ഞങ്ങളുടെ സ്വന്തം വീടായിരുന്നു. അമ്മ ജനിച്ചതും അവിടെയാണ്. തുമ്മാരുകുടിക്ക് ഇപ്പോൾ നൂറു വർഷത്തോളം പഴക്കമുണ്ട്. പിന്നീട് ലോകത്ത് എത്രയോ വീടുകളിൽ ജീവിച്ചു. എൻജിനീയറിങ് പഠിച്ചത് അഞ്ചു വർഷം അമ്മായിയുടെ വീട്ടിൽ താമസിച്ചാണ്. പിന്നെ ആറു വർഷം ഹോസ്റ്റലിൽ, അടുത്ത പത്തു വർഷം ജോലി ചെയ്ത സ്ഥാപനങ്ങളുടെ ക്വാർട്ടേഴ്സിൽ, 2003 മുതൽ വാടകയ്ക്ക് സ്വിറ്റ്സർലൻഡിൽ പലയിടങ്ങളിൽ. ഇതുവരെ ലോകത്തിലെ അനവധി നഗരങ്ങളിലായി ഒരു ഡസനിൽ ഏറെ വീടുകളിൽ താമസിച്ചിട്ടുണ്ട്.

അതുകൊണ്ടുതന്നെ ‘വീട്’ പണ്ടുള്ള പോലൊരു വികാരമല്ല. സ്വിറ്റസർലാണ്ടിൽ സുഹൃത്തുക്കൾ വീട് വാങ്ങിയിട്ടും ഒരെണ്ണം വാങ്ങണം എന്നെനിക്ക് തോന്നിയിട്ടില്ല. വീടുകൾ ആജീവനാന്തം ജീവിക്കാനുള്ളതല്ലെന്നും, സ്വന്തം സമ്പാദ്യം ഭൂരിഭാഗവും നിക്ഷേപിച്ച് ഉണ്ടാക്കേണ്ടതല്ലെന്നും ഉള്ള അഭിപ്രായമാണ് ഇപ്പോൾ ഉള്ളത്. ഇനിയുള്ള തലമുറ കേരളത്തിൽ വീടുകൾ പുതിയതായി ഉണ്ടാക്കരുതെന്നും, ഒരു വീട്ടിൽത്തന്നെ ജനിച്ചു വളർന്നു മരിക്കുന്ന രീതി മാറ്റണമെന്നും, പറ്റിയാൽ വീടുകൾ സ്വന്തമാക്കുന്ന രീതി മാറ്റി ദീർഘകാല മോർട്ടഗേജ് സംവിധാനത്തിലേക്ക് മാറുന്നതാണ് സാമൂഹ്യമായും സാമ്പത്തികപരമായും പരിസ്ഥിതിപരമായും നല്ലതെന്നും എനിക്ക് അഭിപ്രായവുമുണ്ട്.

ഈ അഭിപ്രായം ഉണ്ടായിരിക്കുമ്പോഴും എനിക്ക് സ്വന്തമായി ഒരു വീടുണ്ട്. ഒമാനിൽ ജോലി ചെയ്യുന്ന കാലത്താണ് നാട്ടിൽ ഒരു വീട് വയ്ക്കണം എന്ന് തോന്നിയത്. ഗൾഫിലെ ജോലികളുടെ അരക്ഷിതാവസ്ഥ കാരണം ആർക്ക് എപ്പോഴാണ് നാട്ടിലേക്ക് തിരിച്ചു വരേണ്ടി വരുന്നതെന്ന് പറയാൻ പറ്റില്ല. അപ്പോൾ എല്ലാ ഗൾഫുകാരേയും പോലെ ഞാനും വീട് വച്ചു. പൊതുവിൽ കാണുന്ന ഗൾഫുകാരിൽ നിന്നും വ്യത്യസ്തമായി രണ്ടുമുറിയും ഒറ്റ നിലയും മാത്രമുള്ള താരതമ്യേന ചെറിയ വീടാണ് വെച്ചത്. അവിടെ അപൂർവ്വമായിട്ടാണ് താമസിക്കാൻ പറ്റാറുള്ളതെങ്കിലും മുറ്റത്ത് മഴ പെയ്യുന്നത് നോക്കിയിരിക്കുമ്പോൾ ‘എവിടെയുമെനിക്കൊരു വീടുണ്ട്’ എന്ന കവിതയാണ് ഓർമ്മ വരാറുള്ളത്.

അപരന്റെ ദാഹത്തിനെന്റേതിനേക്കാളും കരുണയും കരുതലും ഉള്ള വീടായിരിക്കണം എന്റേതെന്ന ആഗ്രഹവും ഉണ്ട്. ഇതെന്റെ മാത്രം കാര്യമല്ല, മലയാളികളുടേത് മാത്രവുമല്ല. ഇംഗ്ളീഷുകാർ പറയുന്നത് ‘My house is my castle’ എന്നാണ്. അവിടെ രാജാവ് വന്നാലും ‘My castle my rules’ എന്ന നിയമം ആണ് നിലനിന്നിരുന്നത്.

ഈ നിയമം അമേരിക്കയിലേക്ക് പോയപ്പോൾ പ്രതീക്ഷിക്കാവുന്ന പോലെ അവരതിൽ ഒരു തോക്കൊക്കെ കൂട്ടിച്ചേർത്തു. സ്വന്തം വീട്ടിൽ ഒരാൾ കടന്നു കയറി ഒരാൾക്ക് സുരക്ഷാ ഭീഷണി ഉണ്ടാവുകയോ ഉണ്ടെന്ന് തോന്നുകയോ ചെയ്താൽ കടന്നു കയറുന്ന ആളെ വെടിവച്ചുകൊല്ലുന്നത് പോലും നിയമവിധേയമാക്കുന്ന നിയമങ്ങൾ അവിടെ ഉണ്ടാക്കി. ലോകത്തെല്ലായിടത്തും സ്വന്തം വീട് എന്നത് വലിയ വികാരമാണ്, ധൈര്യമാണ്, അവസാനത്തെ ആശ്രമയമാണ് (Last refuge).

ഇതൊക്കെ ഇപ്പോൾ ഓർക്കാൻ കാരണമുണ്ട്. ഈ സർക്കാരിന്റെ അനവധി ജനക്ഷേമ പദ്ധതികളിൽ പ്രധാനപ്പെട്ട ഒന്നാണല്ലോ ലൈഫ് പദ്ധതി. അത് വഴി കഴിഞ്ഞ നാലു വർഷത്തിനകം രണ്ടു ലക്ഷം ആളുകൾക്ക് സ്വന്തമായി വീടുണ്ടാക്കി അതിലേക്ക് താമസം മാറ്റാനുള്ള അവസരമുണ്ടായി എന്ന് വായിച്ചു. പുതിയ വീട്ടിലേക്ക് മാറുന്ന അനവധി പേരുടെ സന്തോഷം ടിവിയിൽ കണ്ടു.

വീടില്ലാതിരുന്ന അവസ്ഥ ഒരിക്കലും ഉണ്ടായിട്ടില്ലെങ്കിലും പുതിയതായി സ്വന്തമായി വീടാകുന്പോൾ ഓരോരുത്തർക്കും ഉണ്ടാകുന്ന സന്തോഷം എനിക്ക് ചിന്തിക്കാൻ കഴിയും. കേരളത്തിൽ വീട് എന്നുവെച്ചാൽ താമസിക്കാനുള്ള സ്ഥലം മാത്രമല്ല, നമ്മുടെ മേൽവിലാസം നമ്മുടെ വീട്ടുപേരാണ്. ഒരാളുടെ പേരുകഴിഞ്ഞാൽ ഐഡന്റിറ്റിയുടെ രണ്ടാമത്തെ അക്ഷരം വീട്ടുപേരാണ്, അത് കഴിഞ്ഞാണ് അച്ഛന്റെയോ അമ്മാവന്റെയോ പേരുകൾ വന്നിരുന്നത്.

ഇവിടെയും രണ്ടു ലക്ഷം വീടുകൾ പുതിയതായി ഉണ്ടായോ, അതിൽ കുറേ വീടുകൾ മറ്റുള്ള ഭരണകാലത്ത് തുടങ്ങിയതല്ലേ, വീടുപണിക്ക് കേന്ദ്ര സഹായം കിട്ടിയിട്ടുണ്ടല്ലോ എന്നെല്ലാം വിവാദങ്ങൾ കേട്ടു. പുതിയതായും - സ്വന്തമായും - മിക്കവാറും ജീവിതത്തിലാദ്യമായി ഒരു മേൽക്കൂരയ്ക്ക് താഴെ കെട്ടുറപ്പുള്ള വീട്ടിൽ ഉറങ്ങുന്നവർക്ക് ഇതൊന്നും വിഷയമല്ല, വിഷയമാക്കേണ്ടതുമല്ല. അവർ സ്വന്തം കൊട്ടാരത്തിൽ രാജാവും രാജ്ഞിയും രാജകുമാരന്മാരും രാജകുമാരിമാരും ഒക്കെയായി ആനന്ദിക്കട്ടെ. അവരുടെ സന്തോഷത്തിൽ ഞാൻ പങ്കുചേരുന്നു. ഓരോ വീടുണ്ടാക്കാനും പ്രവർത്തിച്ചവരെ അഭിനന്ദിക്കുന്നു. കേരളം വീണ്ടും ഇന്ത്യക്ക് മാതൃകയാകുന്നു. സ്വന്തമായി വീടുണ്ടാകണം എന്ന് ആഗ്രഹിക്കുന്നവർക്കെല്ലാം ചെറുതെങ്കിലും ഒരു വീടും മേൽവിലാസവും ഉണ്ടാകട്ടെ.

English Summary- Murali Thummarukudi on Life Mission

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com