ADVERTISEMENT

നന്ദകിഷോർ നെല്ലിക്കൽ എന്ന പേര് കേട്ടാൽ നെറ്റിചുളിക്കുന്ന പ്രേക്ഷകർ, തട്ടീം മുട്ടീമിലെ പ്രവാസി ശങ്കരൻ എന്നുകേട്ടാൽ സകുടുംബം പൊട്ടിച്ചിരിക്കും. അതായത് മീനാക്ഷിയുടെ അമ്മായിയപ്പൻ. ആദിയുടെ അപ്പൻ. ബുദ്ധിസ്ഥിരതയില്ലാത്ത കഥാപാത്രമായി പ്രേക്ഷകരെ ചിരിപ്പിക്കുന്ന നന്ദകിഷോർ ജീവിതത്തിൽ കേരള സാഹിത്യഅക്കാദമി അവാർഡ് വരെ വാങ്ങിയ പുലി ആണെന്ന് എത്രപേർക്കറിയാം?...17 വർഷങ്ങൾക്ക് മുൻപ് അദ്ദേഹം കസ്തൂരിമാൻ  എന്ന ലോഹിതദാസ് സിനിമയിൽ അവതരിപ്പിച്ച കോളജ് അധ്യാപകനായ വികാരിയുടെ വേഷം ഇന്നും എവർഗ്രീൻ ആയി നിൽക്കുന്നു. അദ്ദേഹം ജീവിതവിശേഷങ്ങൾ പങ്കുവയ്ക്കുന്നു.

വളർത്തിയ നാട്...

ഞാനൊരു തൃശൂർക്കാരാണ്. ജനിച്ചു വളർന്നത് തൃശൂരിലെ വല്ലക്കര എന്ന സ്ഥലത്തെ അമ്മവീട്ടിലാണ്. അച്ഛൻ അധ്യാപകനും കവിയുമായിരുന്നു. അമ്മ വീട്ടമ്മയും. പിന്നെ ഞാനും സഹോദരിയും. ഇതായിരുന്നു കുടുംബം. വല്ലക്കര കലാസാംസ്കാരികപരമായി സജീവമായ ഒരു സ്ഥലമായിരുന്നു. ആ നാടാണ് എന്നിലെ കലാകാരനെ കണ്ടെത്തിയത്. ചെറുപ്പത്തിൽ തന്നെ എഴുത്തും നാടകവുമൊക്കെയായി സജീവമായിരുന്നു.

അമച്വർ നാടകങ്ങളിലൂടെയാണ് എന്റെ അരങ്ങേറ്റം. എം.കോം പഠനത്തിന് ശേഷം പിന്നീട് മുഖ്യധാരാ നാടകങ്ങളിൽ തലകാണിച്ചു.  അതിനുശേഷം എനിക്ക് കാലിക്കറ്റ് സർവകലാശാലയിൽ ജോലികിട്ടി. അപ്പോഴും ജോലിക്കൊപ്പം കലാപ്രവർത്തനങ്ങൾ തുടർന്നു കൊണ്ടുപോയി. പിന്നീട് വർഷങ്ങൾക്ക് ശേഷമാണു മിനിസ്‌ക്രീനിൽ അവസരം ലഭിക്കുന്നത്. അതിലെ അഭിനയം കണ്ടു സംവിധായകർ സിനിമകളിൽ അവസരം തന്നു. ലോഹിതദാസ് സാറിന്റെ കസ്തൂരിമാനിലെ കോളജ് പിള്ളേരുമായി കമ്പനിയടിക്കുന്ന പള്ളീലച്ചന്റെ വേഷമാണ് എനിക്ക് കരിയറിൽ ആദ്യ വഴിത്തിരിവായത്. അത് ധാരാളം ശ്രദ്ധിക്കപ്പെട്ടു. പിന്നീട് ചെറിയ വേഷങ്ങൾ സിനിമകളിൽ ചെയ്തു. വർഷങ്ങൾക്ക് ശേഷം തട്ടീം മുട്ടീം സംവിധായകൻ ശങ്കരൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ എന്നെ വിളിക്കുകയായിരുന്നു. അത് ജീവിതത്തിലെ രണ്ടാമത്തെ വഴിത്തിരിവായി. ദീർഘ വർഷങ്ങൾ നാടകത്തിൽ അഭിനയിച്ചപ്പോൾ കിട്ടിയതിനേക്കാൾ പ്രേക്ഷകശ്രദ്ധ ഇപ്പോൾ ലഭിക്കുന്നു. അതിൽ  സന്തോഷമുണ്ട്.

pravasi-sankaran-mazhavil

തട്ടീം മുട്ടീമിലെ അഭിനയം കണ്ടു പലരും നേരിൽക്കാണുമ്പോൾ ശരിക്കും വട്ടാണോ എന്ന് തമാശയ്ക്ക് ചോദിക്കാറുണ്ട്. ക്യാമറയ്ക്ക് മുന്നിൽ മാത്രമല്ല ജീവിതത്തിലും ഹാസ്യം ഇഷ്ടപ്പെടുന്ന ചിരിക്കാനും ചിരിപ്പിക്കാനും ഇഷ്ടമുള്ളത് വ്യക്തിയാണ് ഞാൻ. എന്നാൽ പലർക്കും അറിയാത്ത ഒരു കാര്യവുമുണ്ട്. ഞാൻ നാലു പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. അതിൽ വികടവാണി എന്ന പുസ്തകത്തിന് 2006ലെ മികച്ച  ഹാസ്യസാഹിത്യത്തിനുള്ള കേരളസാഹിത്യ അക്കാദമി പുരസ്കാരവും ലഭിച്ചിട്ടുണ്ട്.

 

 പുതിയ വീടും ഭാര്യവീടും...

nandakishore-house
ഭാര്യവീട്

ഏറെക്കാലത്തെ കാത്തിരിപ്പിനുശേഷം കഴിഞ്ഞ വർഷം തൃശൂർ ആറാട്ടുപുഴയിൽ വീട് പണി തുടങ്ങി. ഇപ്പോൾ പണികൾ ഒരുവിധം പൂർത്തിയായെങ്കിലും പാലുകാച്ചൽ നടത്തിയിട്ടില്ല. തൃശൂർ അരിമ്പൂരുള്ള ഭാര്യവീട്ടിലാണ് ഇപ്പോൾ താമസം. ഭാര്യയുടെ അമ്മ മരിച്ചശേഷം ഭാര്യാപിതാവ് അവിടെ വീട്ടിൽ ഒറ്റയ്ക്കാണ്. അദ്ദേഹത്തിന്റെ കാര്യങ്ങൾ നോക്കാൻ ഞാനും ഭാര്യയും അവിടേക്ക് താമസം മാറി.

പുതിയ വീട്ടിൽ ഇതുവരെ താമസിക്കാനാകാതെ പൂട്ടിയിട്ടിരിക്കുന്നത് വിഷമമുള്ള കാര്യമാണ്. പക്ഷേ കുടുംബത്തിന്റെ കാര്യങ്ങളും നമ്മൾ നോക്കണമല്ലോ. അതിനായി വിട്ടുവീഴ്ച ചെയ്തിരിക്കുകയാണ്. ഇടയ്ക്കൊക്കെ പോയി പൊടി തൂത്തു വീട് വൃത്തിയാക്കും. ഈ വർഷം തന്നെ വീട്ടിലേക്ക് താമസം മാറണമെന്ന് വിചാരിക്കുന്നു.

nandakishore-family

 

കുടുംബവും കൊറോണക്കാലവും...

ഭാര്യ ലത. മക്കൾ പ്രഹ്ളാദൻ, കാളിദാസൻ. മൂത്ത മകൻ ബെംഗളൂരുവിൽ  പിജി വിദ്യാർഥിയാണ് . ഇളയവൻ ഒൻപതാം ക്‌ളാസിൽ പഠിക്കുന്നു. തട്ടീം മുട്ടീം ഇപ്പോൾ മറ്റൊരു കുടുംബം പോലെയാണ്. കൊറോണ പ്രശ്നമായപ്പോൾ കഴിഞ്ഞ മാസം തന്നെ ഷൂട്ടിങ് നിർത്തിയിരുന്നു. ഇപ്പോൾ വീട്ടിൽ വായനയും എഴുത്തുമായി കഴിയുകയാണ്. എല്ലാം വേഗം ശരിയാകാൻ എല്ലാവരെയും പോലെ ഞാനും പ്രാർഥിക്കുന്നു.

English Summary- Pravasi Shankaran Thatteem Muttem Fame Home

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com