sections
MORE

അന്ന് പലരും കളിയാക്കി; പിന്നീട് കാക്കത്തുരുത്തിലെ വീട്ടിലേക്ക് 1000ത്തിലേറെ സഞ്ചാരികൾ! അദ്ഭുതം ഈ കഥ

manisha-panicker-island-resort
ചിത്രങ്ങൾക്ക് കടപ്പാട് -സമൂഹമാധ്യമം
SHARE

ആരും വന്നെത്താത്ത വെള്ളവും വൈദ്യുതിയും പോലുമില്ലാത്ത ഈ കൊച്ചുതുരുത്തില്‍ ഈ പെണ്‍കുട്ടി എന്ത് ചെയ്യുകയാണ് എന്ന് കുറച്ചു നാളുകള്‍ക്ക് മുന്‍പ് എരമല്ലൂരിനു അടുത്തുള്ള കാക്കതുരുത്തിലെ ആളുകള്‍ പരസ്പരം പറയുമായിരുന്നു. കാരണം കാക്കതുരുത്ത് ഇന്നും ഒരു നൂറുകൊല്ലം പിന്നിലാണ്. എന്നാല്‍ ഇതൊന്നും മനീഷ പണിക്കര്‍ കാര്യമാക്കിയില്ല. ഇന്ന് വര്‍ഷം 1,200-ലേറെ സഞ്ചാരികള്‍ ഈ ദ്വീപില്‍ മനീഷയുടെ ആതിഥ്യം സ്വീകരിക്കാന്‍ എത്തുന്നുണ്ട്. കാക്കത്തുരുത്തിന്‍റെ സൗന്ദര്യം ലോകത്തെ അറിയിക്കണം എന്ന മനീഷയുടെ ആഗ്രഹം ഇവരിലൂടെ സാധ്യമാകുകയാണ്.

manisha-panicker

ആലപ്പുഴ തണ്ണീര്‍മുക്കം സ്വദേശിയായിരുന്നുവെങ്കിലും മനീഷയുടെ പഠനം അങ്ങ് കൊച്ചിയിലും ഡല്‍ഹിയില്‍ ഒക്കെയായിട്ടായിരുന്നു. പിന്നീട് ന്യൂയോര്‍ക്കില്‍ നിന്നും എം.എസ് നേടിയ ശേഷം അവിടെ ഒരു പ്രമുഖ കമ്പനിയില്‍ മാനേജറായി ജോലിക്ക് കയറി. അങ്ങനെ ജീവിതം അല്ലലില്ലാതെ പോകുമ്പോള്‍ ആണ് മനീഷയ്ക്ക് ജോലി മടുത്ത് തുടങ്ങിയത്. മറ്റൊരാളുടെ കീഴിലുളള ജോലിയുമൊന്നും തനിക്ക് ഇണങ്ങില്ലെന്ന് ഉറപ്പായതോടെ അവിടെ നിന്ന് ഗുഡ്‌ബൈ പറഞ്ഞിറങ്ങി. എന്തെങ്കിലും വ്യത്യസ്തമായി ചെയ്യണം എന്നതായിരുന്നു മനസ്സില്‍. അതിലൊന്നായിരുന്നു വിദേശ ടൂറിസ്റ്റുകള്‍ക്ക് ഇന്‍ഡ്യയില്‍ വ്യത്യസ്തമായ ടൂര്‍ പാക്കേജ് നല്‍കുന്ന സില്‍ക്ക് റൂട്ട് എസ്‌കേപ്‌സ്. 

കുറഞ്ഞ ദിവസത്തിനുള്ളില്‍ പരമാവധി സ്ഥലങ്ങള്‍ കൊണ്ടുനടന്ന് കാണിക്കുക എന്നതായിരുന്നില്ല. രണ്ടോ മൂന്നോ തെരഞ്ഞെടുത്ത സ്ഥലങ്ങളുടെ പ്രകൃതിയും സൗന്ദര്യവും സംസ്‌കാരവും രുചികളുമൊക്കെയറിഞ്ഞുള്ള ഒട്ടും തിരക്കില്ലാത്ത യാത്രകള്‍. അങ്ങനെയുള്ള ഒരു യാത്രയിലാണ് ആലപ്പുഴയിലെ എരമല്ലൂരിനടുത്തുള്ള കാക്കത്തുരുത്ത് എന്ന കുഞ്ഞുദ്വീപിലേക്ക് മനീഷ എത്തുന്നത്. തന്നെ പിടിച്ചു നിര്‍ത്തുന്ന എന്തോ ഒരു മാന്ത്രികത ഈ ദ്വീപിനു ഉണ്ടെന്നു അന്നേ മനീഷയ്ക്ക് തോന്നി. ന്യൂയോര്‍ക്കിലും വല്ലപ്പോഴും കേരളത്തിലുമായി കഴിയാമെന്ന് പ്ലാനിട്ടിരുന്ന മനീഷ പിന്നെ ഇവിടെത്തന്നെ സ്ഥിരമാക്കി എന്ന് പറഞ്ഞാല്‍ മതിയല്ലോ. 

തുരുത്തിന്‍റെ കിഴക്കേ മൂലയ്ക്കായി 36 സെന്‍റ് സ്ഥലം പണയത്തിനെടുത്ത് അവിടെയുണ്ടായിരുന്ന പഴയ കെട്ടിടങ്ങള്‍ വലിയ മാറ്റം വരുത്താതെ തന്നെ റിസോര്‍ട്ടിനായി ഒരുക്കാനായിരുന്നു പദ്ധതി. 'കായല്‍ ഐലന്‍റ് റിട്രീറ്റ് ' എന്നായിരുന്നു തന്റെ സംരംഭത്തിന് മനീഷ മനസ്സില്‍ കണ്ട പേര്. ആദ്യഘട്ടം കുറച്ചു തടസ്സങ്ങള്‍ നിറഞ്ഞതായിരുന്നു തന്റെ യാത്ര എന്ന് മനീഷ പറയുന്നു.  ഇരുപത് ബാങ്കുകളെയെങ്കിലും വായ്പയ്ക്കായി  മനീഷ സമീപിച്ചു. കാക്കതുരുത്തില്‍ എന്ത് സംരംഭം എന്നതായിരുന്നു ബാങ്കുകളുടെ സംശയം. 

മൂന്നു ലക്ഷത്തില്‍ തീര്‍ക്കാം എന്ന് കരുതിയ പദ്ധതി തുടങ്ങിയപ്പോള്‍ പത്തുലക്ഷത്തില്‍ പോലും നില്‍ക്കാതെ വന്നു. ഇടയ്ക്ക് ജോലികള്‍ നിര്‍ത്തി വയ്ക്കേണ്ട ഘട്ടം വരെ ഉണ്ടായി എന്ന് മനീഷ ഓര്‍ക്കുന്നു. ആയിടയ്ക്കാണ് കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ (കെഎഫ് സി)  മനീഷയ്ക്ക് കൈതാങ്ങായത്. യാതൊരു ഈടുമില്ലാതെ കോര്‍പറേഷന്‍ പുതിയ സംരംഭകര്‍ക്ക് നല്‍കുന്ന വായ്പ മനീഷയ്ക്ക് കിട്ടി.

തുരുത്തില്‍ ഉണ്ടായിരുന്നു ഓടിട്ട കെട്ടിടങ്ങള്‍ പുതുക്കി പണിയുകയാണ് മനീഷ ചെയ്തത്. അതിഥികള്‍ക്ക് ഇഷ്ടപ്പെടുന്നതും പ്രകൃതിയോട് ഇണങ്ങി നില്‍ക്കുന്നതുമായ വിധത്തിലേക്ക് കെട്ടിടങ്ങളെ മാറ്റിയത്. നിര്‍മ്മാണത്തിന് ആവശ്യമായ എല്ലാ സാധനങ്ങളും വഞ്ചിയിലാണ് എത്തിച്ചത്. രണ്ട് കോട്ടേജുകള്‍ മാത്രമാണ് ആദ്യം അതിഥികള്‍ക്കായി ഒരുക്കിയത്. പിന്നീട് നാല് കോട്ടേജുകളും പൂര്‍ത്തിയാക്കി. 

kayal-cottage

ഇത്രയും പണം മുടക്കിയൊരു റിട്രീറ്റ് അധികമാരുമറിയാത്ത ഒരു തുരുത്തില്‍ തുടങ്ങുന്നുവെന്ന് കേട്ടപ്പോള്‍ ആദ്യം നാട്ടുകാരും പിന്നെ വീട്ടുകാരും സംശയിച്ചിരുന്നു. എന്നാല്‍ ഇന്ന് അവരെല്ലാം തന്നെ അഭിനന്ദിക്കുന്നു എന്ന് മനീഷ പറയുന്നു. കായലിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് മനീഷയുടെ അമ്മയും ഇന്ന് സജീവമായി പങ്കാളിയാണ്. 

തുരുത്തിന്‍റെ സ്വാഭാവിക ഭംഗിയോട് ചേര്‍ന്ന് നില്‍ക്കുംവിധം ലളിതമായ ഇന്‍റീരിയറും കാഴ്ചകളുമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. വൃത്തിയുള്ള നാടന്‍ അടുക്കള. കപ്പയും പൊക്കാളി അരിയുടെ ചോറും കരിമീന്‍ കറിയും ഗ്രാമീണ ജീവിതവും ഉദയാസ്തമനങ്ങളുമെല്ലാം കായലിലിരുന്ന് ആസ്വദിക്കാം.തുരുത്തിലെ കുടുംബശ്രീ അംഗങ്ങള്‍ വിളയിക്കുന്ന ജൈവ പച്ചക്കറികളാണ് അടുക്കളയിലേക്ക് മനീഷ തിരഞ്ഞെടുക്കുന്നത്. തുരുത്തിലെ ഒരു സ്ത്രീയാണ് അടുക്കളകാര്യങ്ങള്‍ നോക്കുന്നത്. ഒപ്പം മനീഷയുടെ അമ്മയും മേല്‍നോട്ടത്തിനുണ്ട് . 

kayal-resort

ആദ്യവര്‍ഷം 300 സഞ്ചാരികള്‍ കായലിന്‍റെ അതിഥികള്‍ ആയെങ്കില്‍ പിന്നീടത് ഓരോ വര്‍ഷവും കൂടിവന്നു. ഇപ്പോള്‍ വര്‍ഷം 1,200-ലേറെ സഞ്ചാരികളാണ് കായലിലേക്ക് എത്തുന്നത്. ചൈന, ജപ്പാന്‍, ന്യൂസിലാന്‍ഡ്, അമേരിക്ക, ജര്‍മനി എന്നിങ്ങനെ മുപ്പതിലേറെ രാജ്യങ്ങളില്‍ നിന്നുളളവര്‍ ഇവിടെയെത്തി. ഈയിടെ ഇസ്രായേലിലും കായല്‍ പ്രശസ്തമായി. ഇസ്രായേലില്‍ നിന്നും എത്തിയ ഒരു ഏജന്‍റ് പറഞ്ഞുകേട്ടാണ് പിന്നീട് ആളുകളെത്തിയത് എന്ന് മനീഷ പറയുന്നു. 

സൂര്യാസ്തമനം കാണാന്‍ ലോകത്തെ ഏറ്റവും നല്ല ഇടങ്ങളിലൊന്നായി 2016-ല്‍ നാഷണല്‍ ജിയോഗ്രാഫിക്ക് മാഗസിന്‍ കാക്കത്തുരുത്തിനെ തിരഞ്ഞെടുത്തിരുന്നു. 

English Summary- Kayal Island Resort Manisha Panicker Success

മനോഹരമായ വീട് പണിയാം! ആർക്കിടെക്റ്റിനെ കണ്ടെത്തൂ... www.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEST
SHOW MORE
FROM ONMANORAMA