sections
MORE

'അന്ന് ഓലപ്പുര, ഇന്ന് രണ്ടുനില വീട്! ചിരിയിൽ മറച്ച വേദനകൾ': ഉല്ലാസ് പന്തളം

ullas-pandalam-house
SHARE

മിനിസ്‌ക്രീനിൽ ഇന്ന് മലയാളികളെ പൊട്ടിച്ചിരിപ്പിക്കുന്ന സാന്നിധ്യമാണ് ഉല്ലാസ് പന്തളം. എന്നാൽ കണ്ണീരുപ്പു വീണ അനുഭവങ്ങളിലൂടെ കടന്നു പോയ ഒരു ഭൂതകാലമുണ്ട്  ഉല്ലാസിന്. കഷ്ടപ്പാടും ദാരിദ്ര്യവും സന്തതസഹചാരിയായിരുന്ന കാലം. ഓലഷെഡിൽ നിന്നും രണ്ടുനില വീട്ടിലേക്കെത്തിയ ആ കാലം ഉല്ലാസ് പങ്കുവയ്ക്കുന്നു.

ഓർമകൾ തുടങ്ങുന്നു...

പന്തളമാണ് സ്വദേശം. അച്ഛൻ, അമ്മ, സഹോദരി, അനിയൻ എന്നിവരായിരുന്നു കുടുംബം.  അച്ഛന് കൂലിപ്പണിയായിരുന്നു. അമ്മ വീട്ടമ്മയും. എനിക്ക് ഓർമ  വച്ച കാലം മുതൽ ഒരു ചെറിയ വാടകവീട്ടിലായിരുന്നു താമസം. പിന്നീട് അച്ഛൻ കുടുംബവീടിനോട് ചേർന്ന്  ഒരു ഓലഷെഡ് വച്ചു. ഒരു മുറിയും അടുക്കളയും മാത്രമുള്ള ആ ഷെഡിലാണ് പിന്നീട് നിരവധി വർഷങ്ങൾ ഞങ്ങൾ താമസിച്ചത്.

ആദ്യ വീട് വിൽക്കേണ്ടി വന്നു..

ഞാൻ പ്രീഡിഗ്രി കഴിഞ്ഞ സമയത്ത്  അച്ഛന് കുടുംബവീട്ടിൽ നിന്നും 4 സെന്റ്  ഓഹരി കിട്ടി. അച്ഛൻ ഉള്ളതെല്ലാം സ്വരുക്കൂട്ടി അവിടെ ഒരു ചെറിയ രണ്ടു മുറി വീട് വച്ചു. ആദ്യമായി സ്വന്തം എന്ന് പറയാവുന്ന വീടിന്റെ സുരക്ഷിതത്വത്തിൽ അന്തിയുറങ്ങിയ നാളുകൾ. പക്ഷേ അത് അധികം നീണ്ടില്ല. പെങ്ങളുടെ വിവാഹത്തിന് വേണ്ട പണം കണ്ടെത്താൻ ആ വീട് ഞങ്ങൾക്ക് വിൽക്കേണ്ടി വന്നു. അവിടെ താമസിച്ചത് വെറും രണ്ടു വർഷം മാത്രം. വീണ്ടും വാടകവീടുകളിലായി ജീവിതം.

മിമിക്രി വഴി മിനിസ്ക്രീനിലേക്ക്...

ullas-pandalam-2

സ്‌കൂൾ കാലഘത്തിലൊന്നും ഞാൻ ഒരു സ്റ്റേജിൽ പോലും കയറിയിട്ടില്ല. പ്രീഡിഗ്രി കഴിഞ്ഞ സമയത്ത് നാട്ടിലെ ക്ലബിലെ ആഘോഷത്തിന്  അവതരിപ്പിക്കാൻ ഞാനും സുഹൃത്തുക്കളും ചേർന്ന് ഒരു മിമിക്രി പരിപാടി തയാറാക്കി. അത് എന്റെ ബന്ധു കൂടിയായ ആർട്ടിസ്റ്റ് പന്തളം ബാലൻ ചേട്ടൻ കണ്ടു. അങ്ങനെ അദ്ദേഹം വഴിയാണ് ഞാൻ പ്രൊഫഷനൽ  മിമിക്രി രംഗത്തേക്ക് വരുന്നത്. അപ്പോഴും സീസണുകളിൽ മാത്രമേ പണിയുണ്ടാകൂ. ബാക്കി സമയം വീട്ടിലെ അടുപ്പ് പുകയണ്ടേ? അതിനായി കൂലിപ്പണിക്ക് പോയിത്തുടങ്ങി. പെയിന്റിങ് പണി ആയിരുന്നു അക്കാലത്തെ പ്രധാന വരുമാനം. ആ സമയത്താണ് കോമഡി സ്റ്റാർസ് എന്ന പരിപാടിയിലേക്ക് അവസരം ലഭിക്കുന്നത്. അങ്ങനെയാണ് മിനിസ്ക്രീനിലേക്കെത്തുന്നത്.

'പഞ്ചവത്സര'പദ്ധതിയിൽ പണിത വീട്..

ullas=pandalam-home

ടിവി ഷോയിൽ നിന്നുള്ള വരുമാനം സ്വരുക്കൂട്ടി വച്ചത് സ്വന്തമായി ഒരു വീടിനു വേണ്ടിയായിരുന്നു. ഏകദേശം 5 വർഷം മുൻപ് ഹൗസിങ് ലോണിനായി ബാങ്കുകൾ കയറിയിറങ്ങി. പക്ഷേ ആധാരത്തിൽ ചില പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ലോൺ നിഷേധിച്ചു. പിന്നെ വീട് ഒരു വാശിയായി. കയ്യിലുള്ള സമ്പാദ്യം വച്ച് അടിത്തറ പണിതിട്ടു. പിന്നീട് ഓരോ തവണയും കിട്ടുന്ന സമ്പാദ്യം കൊണ്ട് പടിപടിയായി വീടുപണി പുരോഗമിച്ചു. അവസാനം കഴിഞ്ഞ വർഷം  ഒക്ടോബറിൽ ഞങ്ങളുടെ സ്വപ്നഭവനം പൂർത്തിയായി. അപ്പോഴേക്കും അടിത്തറയിട്ട ശേഷം 5 വർഷങ്ങൾ കടന്നുപോയിരുന്നു. തമാശയ്ക്ക് പഞ്ചവത്സര പദ്ധതിയിൽ പണിതീർത്ത വീടാണെന്ന് ഞങ്ങൾ പറയാറുണ്ട്. ഒരർഥത്തിൽ ലോണും കടവുമൊന്നും വീടിനായി എടുക്കേണ്ടി വന്നില്ല എന്നത് ആശ്വാസമാണ്.

അന്ന് പ്രളയം, ഇന്ന് കൊറോണ...

കഴിഞ്ഞ ആഗസ്റ്റിൽ വീട് പൂർത്തിയായതാണ്. പാലുകാച്ചലിനായി പന്തൽ വരെ നാട്ടി. അപ്പോഴാണ് വില്ലനായി രണ്ടാം പ്രളയം വരുന്നത്. വീടിന്റെ മുറ്റം മുഴുവൻ വെള്ളം കയറി. അതോടെ പ്രളയം കഴിയുന്നത് വരെ ഗൃഹപ്രവേശം മാറ്റിവച്ചു. രണ്ടു നിലയിലായി നാലു കിടപ്പുമുറികളുള്ള വീടാണ്. 1700 ചതുരശ്രയടിയുണ്ട്.   അന്ന് പ്രളയം വില്ലനായപ്പോൾ ഈ കൊറോണക്കാലത്ത് വീട് അഭയമായിരിക്കുകയാണ്. മക്കളോടൊപ്പം പുതിയ മിമിക്രി നമ്പറുകൾ പരിശീലിച്ചും കരോക്കെ പാടിയും കാരംസ് കളിച്ചുമാണ് സമയം ചെലവിടുന്നത്.

കുടുംബം...

ഭാര്യ നിഷ വീട്ടമ്മയാണ്. മക്കൾ ഇന്ദുജിത് ഏഴാം ക്‌ളാസിലും സൂര്യജിത് അഞ്ചാം ക്‌ളാസിലും പഠിക്കുന്നു.

English Summary- Actor Ullas Pandalam Home Memories

ബാല്യം മുതൽ ഇന്നുവരെ നിങ്ങളുടെ ജീവിതത്തിലൂടെ കടന്നുപോയ വീടുകളെക്കുറിച്ച് ഗൃഹാതുരമായ ഓർമകളുണ്ടോ? ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.യോഗ്യമായവ പ്രസിദ്ധീകരിക്കും.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SPOT LIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA