ആ കാര്യം ഓർക്കുമ്പോൾ ഇപ്പോഴും നഷ്ടബോധം തോന്നാറുണ്ട്: രശ്മി സോമൻ

resmi-soman
SHARE

മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് രശ്മി സോമൻ. അറുപതിലധികം സീരിയലുകളിൽ നിറഞ്ഞുനിന്ന രശ്മി വിവാഹശേഷം ദുബായിലേക്ക് പോയപ്പോൾ മുതൽ മലയാളിപ്രേക്ഷകർ ഒരു റീഎൻട്രി കാത്തിരിക്കുകയായിരുന്നു. ഈ വർഷമാദ്യം അത് സംഭവിച്ചു. മഴവിൽമനോരമയിലൂടെ രശ്മി തിരിച്ചു വന്നു. കാലമിത്ര കഴിഞ്ഞിട്ടും രശ്മിയുടെ സൗന്ദര്യത്തിനു ഇന്നും മാറ്റുകൂടുന്നതേയുള്ളൂ. കടന്നു വന്ന വഴികളും വീട്ടുവിശേഷങ്ങളും രശ്മി പങ്കുവയ്ക്കുന്നു.

ഓർമവീടുകൾ...

ജനിച്ചത് നാട്ടിലാണെങ്കിലും ബാല്യം കൂടുതലും ചെലവഴിച്ചത് സൗദിയിലായിരുന്നു. അച്ഛന് അവിടെയായിരുന്നു ജോലി. അമ്മ എൻജിനീയറാണെങ്കിലും ജോലിക്ക് പോയില്ല. ഞാൻ ഒറ്റമകളാണ് . ഇതായിരുന്നു കുടുംബം.

resmi-parents

വീടിനെക്കുറിച്ചുള്ള ഓർമകളിൽ നിറഞ്ഞുനിൽക്കുന്നത് കുറ്റിപ്പുറത്ത് ഭാരതപ്പുഴയുടെ തീരത്തുള്ള അമ്മയുടെ തറവാടാണ്. അറയും പുരയുമൊക്കെയുള്ള നാലുകെട്ടായിരുന്നു. ധാരാളം പറമ്പും മരങ്ങളുമൊക്കെയുള്ള വീട്. ഭാരതപ്പുഴയിൽ കുളിക്കാൻ വീടിനോട് ചേർന്ന് ഒരു കടവും ഉണ്ടായിരുന്നു. ഞാൻ ഒറ്റമകളാണെങ്കിലും ഇഷ്ടംപോലെ കസിൻസ് ഉണ്ടായിരുന്നു. അവരോടൊപ്പം ഓടിച്ചാടി കളിച്ചുനടന്ന ബാല്യത്തിന്റെ ഓർമ്മകൾ മുഴുവൻ ആ വീടിനോട് ബന്ധപ്പെട്ടുകിടക്കുകയാണ്. പിന്നീട്  മുത്തച്ഛനും മുത്തശ്ശിക്കും പ്രായമായി തറവാട് നോക്കി നടത്താൻ ബുദ്ധിമുട്ടായപ്പോൾ വിൽക്കുകയായിരുന്നു. ഇന്ന് ആ തറവാട് ഉണ്ടായിരുന്നെങ്കിൽ ഒരു ഹോംസ്റ്റേ ഒക്കെ ആക്കി മാറ്റാമായിരുന്നു. ഇപ്പോൾ തിരിഞ്ഞുനോക്കുമ്പോൾ ആ വീടിനെ നഷ്ടബോധത്തോടെ ഓർക്കാൻ കഴിയൂ..

അച്ഛന്റെ നാട് കുട്ടഞ്ചേരി എന്നൊരു ഗ്രാമമാണ്. അവിടെ വയലിന്റെ നടുക്കുള്ള വീടായിരുന്നു. പിന്നീട് അച്ഛൻ ഗുരുവായൂരിൽ സ്ഥലം വാങ്ങി വീട് വയ്ക്കുകയായിരുന്നു. അത് ഇരുനിലയുള്ള ഒരു കോൺക്രീറ്റ് വീടായിരുന്നു. പിന്നീട്  അവിടെയാണ് ഞാൻ വളർന്നതും സിനിമയിലും മിനിസ്ക്രീനിലും  എത്തിയതും.

resmi-soman-house

സീരിയലും സിനിമയും...

ചെറുപ്പത്തിൽ തന്നെ നൃത്തത്തിൽ സജീവമായിരുന്നു. ഏഴാം ക്‌ളാസിൽ പഠിക്കുമ്പോൾ ബാലതാരമായി സിനിമയിലെത്തി. പിന്നീട് മധുസാർ (നടൻ മധു) എന്റെ പ്രകടനം കണ്ട്  ഒരു സീരിയലിലേക്ക് ക്ഷണിച്ചു. അങ്ങനെയാണ് മിനിസ്ക്രീൻ അരങ്ങേറ്റം. ആ കാലഘട്ടത്തിൽ ഇഷ്ടമാണ് നൂറുവട്ടം, ശ്രദ്ധ തുടങ്ങി ഒരുപിടി സിനിമകളും ചെയ്യാൻ സാധിച്ചു.

resmi-soman-home

സീരിയലുകളിൽ അഭിനയിച്ചത് വഴി സ്വന്തം പോലെ തോന്നിയ കുറെ വീടുകളുണ്ട്. ഒരു സീരിയൽ തന്നെ നിരവധി എപ്പിസോഡുകൾ ആ വീട്ടിലായിരിക്കും ഷൂട്ട് ചെയ്യുക. അപ്പോൾ അത് നമ്മുടെ ഒരു വീടായിത്തന്നെ തോന്നും. പിന്നീട് ഷൂട്ട് കഴിഞ്ഞു പോകാറാകുമ്പോൾ മനസ്സിൽ ഒരു വിഷമം ഒക്കെ തോന്നിയിട്ടുണ്ട്.

കൊച്ചിയിൽ എനിക്കൊരു വീടുണ്ട്. ഏറെ സ്വപ്നം കണ്ട്  ഓടിനടന്നു എന്റെ ആഗ്രഹത്തിനാണ് അതിന്റെ അകത്തളങ്ങൾ ഒക്കെ ഒരുക്കിയത്. പക്ഷേ  ഇപ്പോൾ അവിടെ താമസമില്ല. ഗുരുവായൂരുള്ള വീട്ടിൽ വലിയ ഹാൾ  ഉണ്ട്. അത്യാവശ്യം നൃത്തപരിശീലനമൊക്കെ അവിടെ നടത്താം. അവിടെ എനിക്ക് സ്വന്തം മുറിയുണ്ട്. പക്ഷേ കസിൻസും സുഹൃത്തുക്കളും വരുമ്പോൾ അത് എല്ലാവരുടെയും മുറി ആയിമാറും. ഒത്തുചേരലിന്റെ സന്തോഷം നിറയും. ഞാൻ അവരുടെ വീടുകളിൽ പോകുമ്പോഴും അങ്ങനെതന്നെയാണ്.

കുടുംബം..

husband-parents

ഭർത്താവ് ഗോപിനാഥ് പ്രവാസിയാണ്. ദുബായിൽ ബിസിനസ് ചെയ്യുന്നു. അദ്ദേഹത്തിന്റെ സ്വദേശം പാലക്കാടാണ്. ഞാനും ഇപ്പോൾ അഞ്ചു വർഷമായി ദുബായിലാണ് താമസിക്കുന്നത്. ഈ കാലയളവിൽ ഞാൻ കൂടുതലും കുടുംബിനിയായി ഒതുങ്ങി. നൃത്തപരിശീലനം തുടരുന്നുണ്ടായിരുന്നു. പിന്നീട് യാത്രകളും വിശേഷങ്ങളും പങ്കുവയ്ക്കാൻ ഒരു യുട്യൂബ് ചാനലും തുടങ്ങിയിരുന്നു. ഈ വർഷം  ജനുവരിയിലാണ് ഞാൻ മിനിസ്ക്രീനിലേക്ക് മടങ്ങി എത്തുന്നത്. അനുരാഗം എന്നാണ് സീരിയലിന്റെ പേര്. മഴവിൽ മനോരമയാണ് അതിനു അവസരം ഒരുക്കിയത്.

English Summary- Resmi Soman House Memories

ബാല്യം മുതൽ ഇന്നുവരെ നിങ്ങളുടെ ജീവിതത്തിലൂടെ കടന്നുപോയ വീടുകളെക്കുറിച്ച് ഗൃഹാതുരമായ ഓർമകളുണ്ടോ? ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.യോഗ്യമായവ പ്രസിദ്ധീകരിക്കും.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SPOT LIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA