sections
MORE

'കഷ്ടപ്പാടുകൾ ദൈവം കണ്ടു; ഈ കൊറോണക്കാലത്ത് ഞങ്ങൾക്ക് ഒരു സന്തോഷമുണ്ട്': ടിവി താരം ശശാങ്കൻ മയ്യനാട്

sasankan-mayyanad-house
SHARE

മിനിസ്‌ക്രീനിലെ കോമഡി പരിപാടികളിലൂടെ മലയാളികളെ  പൊട്ടിച്ചിരിപ്പിക്കുന്ന കലാകാരനാണ് ശശാങ്കൻ മയ്യനാട്. ഇദ്ദേഹത്തിന്റെ ആദ്യരാത്രി എന്ന സ്കിറ്റ് ഇന്നും യുട്യൂബിൽ ഏറെ കാഴ്ചക്കാരുള്ള ഐറ്റമാണ്. പിന്നീട്  ബിബിൻ ജോർജ് നായകനായ മാർഗംകളി എന്ന സിനിമയുടെ തിരക്കഥ എഴുതി. ഈ കൊറോണക്കാലത്ത് ഏറെക്കാലത്തെ അധ്വാനമായ വീട് സഫലമായ സന്തോഷത്തിലാണ് ശശാങ്കനും കുടുംബവും. അവരുടെ വീട്ടുവിശേഷങ്ങളിലേക്ക്..

കലാകുടുംബം..

കൊല്ലം മയ്യനാടാണ് സ്വദേശം. ഒരു കലാകുടുംബമാണ്. അച്ഛൻ ശശിധരൻ ക്‌ളാസിക്കൽ ഡാൻസറാണ്. നൃത്തവിദ്യാലയവും ബാലെ ട്രൂപ്പുമുണ്ടായിരുന്നു. അമ്മ ശാരദ ശാസ്ത്രീയ സംഗീതമൊക്കെ പഠിച്ച ഗായികയും. ഞങ്ങൾ മൂന്നു ആൺമക്കളാണ്‌. ഞാൻ രണ്ടാമനാണ്. ശരത്, സാൾട്ടസ് എന്നാണ് മറ്റുള്ളവരുടെ പേര്. എന്റെ ശരിക്കുള്ള പേര് സംഗീത് എന്നാണ്. വീട്ടിൽ വിളിക്കുന്ന പേരാണ് ശശാങ്കൻ. വീട്ടിൽ കലാമികവ് ഒന്നുമില്ലാത്തത് എനിക്കുമാത്രമായിരുന്നു. ചേട്ടനും അനിയനുമെല്ലാം സമ്മാനം വാങ്ങി വരുമ്പോൾ ഞാൻ ഇളിഭ്യനായി നിൽക്കും. അങ്ങനെ പിടിച്ചു നിൽക്കാൻ വേണ്ടിയാണു മിമിക്രി പരിശീലിച്ചു തുടങ്ങിയത്. അത് പിന്നീട് രക്ഷയായി.

sasankan-comedy

കലാകുടുംബമാണെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടുകൾ വളരെയുണ്ടായിരുന്നു. ഓടുമേഞ്ഞ, കുടുസുമുറികളുള്ള ഒരു ചെറിയ വീട്ടിലാണ് ജനിച്ചത്. മഴക്കാലത്തൊക്കെ ഭയങ്കര ബുദ്ധിമുട്ടായിരുന്നു. പിന്നീട് വർഷങ്ങൾക്ക് ശേഷമാണു അച്ഛൻ വീട് പുതുക്കിപ്പണിതത്. അങ്ങനെ പെയിന്റ് അടിക്കാത്ത കോൺക്രീറ്റ് വീട്ടിലേക്ക് ജീവിതം മാറി.    

പത്താം ക്‌ളാസ് പാസായതോടെ പഠിത്തം നിർത്തി. അത് കഴിഞ്ഞു കൂലിപ്പണിക്ക് പോയിത്തുടങ്ങി. കൂടുതലും പെയിന്റിങ്, ആർട്- ഡിസൈൻ വർക്കുകൾ, വീട്ടിൽ അലങ്കാര ശിൽപങ്ങൾ ഉണ്ടാക്കുക തുടങ്ങിയ പണികളായിരുന്നു. ഒപ്പം മിമിക്രി പരിപാടികളും കൊണ്ടുപോയി. മിമിക്രി സ്വയം പഠിച്ചെടുത്തതാണ്. പിന്നീട് പ്രൊഫഷനൽ ട്രൂപ്പുകളിൽ അംഗമായി. കോമഡി സ്റ്റാർസ് വഴിയാണ് മിനിസ്ക്രീനിലെത്തുന്നത്. അത് ജീവിതത്തിൽ വഴിത്തിരിവായി. പിന്നീട് കൂടുതൽ പരിപാടികൾ ലഭിച്ചു. കൂലിപ്പണിക്ക് പോകാതെയും ജീവിക്കാമെന്നായി.

പ്രണയവിവാഹം..

sasankan-family

സ്‌കിറ്റുമായി നടക്കുന്ന സമയത്ത് കൊല്ലത്തെ ഒരു ബേക്കറിയിലെ ക്യാഷ് കൗണ്ടറിൽ വച്ചാണ് ആനിയെ പരിചയപ്പെടുന്നത്.  അത് പ്രണയമായി. അവളുടെ വീട്ടുകാർ എതിർത്തു. പക്ഷേ ഒരു സ്റ്റേജ് ഷോയ്ക്കിടെ അവളെയും കൊണ്ട് ഒളിച്ചോടി വിവാഹം കഴിച്ചു. പിന്നീട് ഇരുവീട്ടുകാരും പിണക്കമെല്ലാം മറന്നു ബന്ധം അംഗീകരിച്ചു. ഇപ്പോൾ രണ്ടാം ക്‌ളാസുകാരി ശിവാനിയിലേക്ക് ഞങ്ങളുടെ കൊച്ചു കുടുംബം വികസിച്ചു.

ജീവിതം പുലർന്ന വാടകവീടുകൾ...

sasankan-travel3

വിവാഹശേഷം ഞങ്ങൾ വാടകവീട്ടിലേക്ക് താമസം മാറി. പിന്നീട് വർഷങ്ങൾ വാടകവീടായിരുന്നു ഞങ്ങളുടെ സ്വർഗം. കുടുംബവീട്ടിൽ സഹോദരനും അച്ഛനും അമ്മയും കുടുംബവുമാണ് ഇപ്പോൾ താമസിക്കുന്നത്. പണ്ടൊക്കെ ബന്ധുക്കളും സുഹൃത്തുക്കളും വീട്ടിൽ വരുമ്പോൾ അവരോട് ഇന്ന് വീട്ടിൽ താമസിച്ചിട്ട് പോകാം എന്ന് പറയാൻ ആഗ്രഹമുണ്ടെങ്കിലും നടക്കില്ലായിരുന്നു. കാരണം ഉള്ള മുറികളിലെല്ലാം അന്തേവാസികൾ ഉണ്ടായിരുന്നു. അതിനുള്ള സൗകര്യമില്ല. ഭാവിയിൽ ഒരു വീട് പണിയാൻ ഏറ്റവും ആഗ്രഹം തോന്നിച്ചത് ഈ വേദനയാണ്.

കൊറോണയും പുതിയ വീടും...

sasankan-house

ഇക്കഴിഞ്ഞ ജനുവരി 30 നായിരുന്നു ഏറെക്കാലത്തെ സ്വപ്നമായ പുതിയ വീടിന്റെ പാലുകാച്ചൽ. മിനിസ്‌ക്രീനിൽ എത്തിയ ശേഷമുണ്ടായ സമ്പാദ്യം ഉറുമ്പു കൂട്ടിവയ്ക്കും പോലെ കരുതിവച്ചാണ് മയ്യനാട് കുടുംബവീടിനടുത്ത് 5 സെന്റ് സ്ഥലം വാങ്ങി വീടുപണിതത്‍.

രണ്ടു കിടപ്പുമുറി, ഹാൾ, അടുക്കള എന്നിവയുള്ള ഒരുനില വീടാണ്. ഭാവിയിൽ മുകളിലേക്ക് പണിയാനുള്ള അവസരവും ഇട്ടിട്ടുണ്ട്. ലോണെടുക്കാതെ സ്വന്തമായി ഒരു കിടപ്പാടം ഉണ്ടാക്കാൻ കഴിഞ്ഞു എന്നത് ചില്ലറ ആശ്വാസമല്ല. എനിക്ക് നേരത്തെതന്നെ കുറച്ചു ലോണുകൾ ഉണ്ടായിരുന്നു. ഹൗസിങ് ലോൺ എടുത്തു പിന്നെയും ബാധ്യതകൾ ഏറ്റെടുക്കേണ്ട എന്ന് കരുതി. ഓരോ തവണയും കാശു വരുന്ന മുറയ്ക്കായിരുന്നു പണി പുരോഗമിച്ചത്.

പുതിയ വീട്ടിലേക്ക് ബന്ധുക്കളും സുഹൃത്തുക്കളും എല്ലാരും വരുന്നതിനു മുൻപേ കൊറോണ പ്രശ്‌നമെത്തി. ഇനി എല്ലാം കഴിഞ്ഞിട്ട് വേണം എല്ലാവരെയും ക്ഷണിക്കാൻ. അങ്ങനെ ഈ കൊറോണക്കാലം പുതിയ വീടിന്റെ സുരക്ഷിതത്വത്തിൽ കഴിയുകയാണ്. ഇപ്പോൾ അടുത്ത സിനിമയുടെ എഴുത്തുപുരയിലാണ്. കൊറോണയും ലോക്ഡൗണും ബാധിക്കാത്ത ഒരു തൊഴിൽ എഴുത്തായിരിക്കും.  അഞ്ചു രൂപയുടെ പേനയും പേപ്പറും മതി എന്നതാണ് ഈ ജോലിയുടെ ഗുണം. എന്നാൽ ഈ സമയത്ത് തൊഴിൽ ഇല്ലാതെ കഷ്ടപ്പെടുന്ന ഒരുപാട് കലാകാരന്മാരുമുണ്ട്. എല്ലാം വേഗം പഴയപടിയാകട്ടെ എന്ന് ഞാനും പ്രാർഥിക്കുന്നു.

English Summary- TV Star Sasankan Mayyanad House Memories

ബാല്യം മുതൽ ഇന്നുവരെ നിങ്ങളുടെ ജീവിതത്തിലൂടെ കടന്നുപോയ വീടുകളെക്കുറിച്ച് ഗൃഹാതുരമായ ഓർമകളുണ്ടോ? ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.യോഗ്യമായവ പ്രസിദ്ധീകരിക്കും.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SPOT LIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA