ADVERTISEMENT

മിനിസ്‌ക്രീനിലെ കോമഡി പരിപാടികളിലൂടെ മലയാളികളെ  പൊട്ടിച്ചിരിപ്പിക്കുന്ന കലാകാരനാണ് നെൽസൺ. ചിരിക്ക് പിന്നിൽ കഷ്ടപ്പാടിലൂടെ കടന്നുവന്ന ഒരു കാലമുണ്ട് ഈ കലാകാരന്. നെൽസൺ തന്റെ വീട്ടുവിശേഷങ്ങൾ പങ്കുവയ്ക്കുന്നു.

 

കഷ്ടപ്പാടുകൾ നിറഞ്ഞ കാലം..

കൊല്ലം ജില്ലയിലെ ശൂരനാടാണ് സ്വദേശം. അപ്പച്ചൻ, അമ്മച്ചി, ഞങ്ങൾ 5 ആൺമക്കൾ. ഇതായിരുന്നു കുടുംബം. ഞാനായിരുന്നു ഏറ്റവും ഇളയവൻ. അപ്പച്ചൻ കെട്ടിടനിർമാണ തൊഴിലാളിയായിരുന്നു. അമ്മച്ചി വീട്ടമ്മയും. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ ഇരുവരും നന്നേ കഷ്ടപ്പെട്ടിരുന്നു. ഓല മേഞ്ഞ ഒരു കൊച്ചുവീട്ടിലാണ് ബാല്യകാലം മുഴുവൻ കഴിഞ്ഞത്. 

സ്‌കൂൾ കാലം മുതൽ മിമിക്രിയുമായി വേദിയിൽ സജീവമായിരുന്നു. കൊച്ചിൻ കലാഭവന്റെ മിമിക്രി കാസറ്റുകൾ കേട്ട് പഠിച്ചു കൂട്ടുകാരോടൊപ്പം അവതരിപ്പിച്ചാണ് തുടക്കം. പിന്നീട് ഉത്സവസീസണിൽ ഞങ്ങളെ നാട്ടിലെ ഓരോ ചെറിയ ക്ലബുകൾ പരിപാടി അവതരിപ്പിക്കാൻ വിളിച്ചുതുടങ്ങി. നാലു കമ്പു കുത്തി നിർത്തി ടാർപോളിൻ വിരിച്ചതാണ് അന്നത്തെ സ്റ്റേജ്. കോളാമ്പി സ്റ്റേജിനു മുന്നിൽ വയ്ക്കും. 

nelson

തിരിഞ്ഞു നോക്കുമ്പോൾ അപ്പച്ചൻ ഉള്ള കാലത്തെ വീടിന്റെ ഓർമകളാണ് മനസ്സിൽ ഇപ്പോഴും നിറയുന്നത്. ദാരിദ്ര്യവും കഷ്ടപ്പാടും ഉണ്ടായിരുന്നെങ്കിലും എല്ലാവരും സ്നേഹത്തോടെ ആ ചെറിയ വീട്ടിൽ കഴിഞ്ഞു. ഞാൻ പ്രീഡിഗ്രി പഠിക്കുമ്പോഴാണ് അപ്പച്ചൻ മരിക്കുന്നത്. അതോടെ ഞാൻ പഠിത്തം നിർത്തി പണികൾക്ക് പോയിത്തുടങ്ങി.

പിന്നീട് പന്തളം ബാലൻ ചേട്ടൻ വഴിയാണ് പ്രൊഫഷണൽ ട്രൂപ്പിലേക്കെത്തുന്നത്. പിന്നീട് നിരവധി ട്രൂപ്പുകൾ, സ്റ്റേജുകൾ. നസീറിക്ക, ജാഫറിക്ക, മരിച്ചു പോയ അബിക്ക..ഇവരുടെ കൂടെയൊക്കെ ഞങ്ങൾ ഗസ്റ്റ് റോളിൽ പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട് . 

nelson-film

ട്രൂപ്പിലുള്ള സമയത്തു സീസണിൽ മാത്രമേ പരിപാടിയുള്ളൂ. ബാക്കി സമയം പെയിന്റിങ് പണികളാണ് ജീവിതം മുന്നോട്ടുകൊണ്ടുപോയത്. കെട്ടിടം പെയിന്റിങ് മുതൽ വാഹനങ്ങളിലെ എഴുത്തും പെയിന്റിങ്ങും വരെ ചെയ്തിട്ടുണ്ട്. പിന്നീട്  കോമഡി സ്റ്റാർസ് വഴിയാണ് മിനിസ്ക്രീനിലേക്കെത്തുന്നത്. അത് ജീവിതത്തിൽ വഴിത്തിരിവായി. അതോടെ കൂടുതൽ ശ്രദ്ധിക്കപ്പെട്ടു. അതുവഴി സിനിമകളിലും അവസരം ലഭിച്ചു. 

ആദ്യമായി വച്ച വീട്...

ട്രൂപ്പുകളിൽ നിന്നും ലഭിച്ച വരുമാനം കൊണ്ട് ഞാൻ കൊല്ലത്ത് ഒരു വീട് വച്ചിരുന്നു. ഇപ്പോൾ അവിടെ അമ്മയും സഹോദരനുമാണ് താമസിക്കുന്നത്. ഞാൻ പിന്നീട് വിവാഹം കഴിഞ്ഞു കുട്ടികൾ ആയപ്പോൾ അവരുടെ പഠനത്തിന്റെ സൗകര്യത്തിനായി കൊല്ലത്തേക്ക് താമസം മാറി. ഭാര്യയുടെ വീടും ഇവിടെ കൊല്ലത്താണ്. ഇനി കുറച്ചുകൂടി സമ്പാദ്യമായ ശേഷം പുതിയ ഒരു വീട് വയ്ക്കാനുള്ള പണിപ്പുരയിലാണ് ഞാൻ.

കുടുംബം...

ഭാര്യ ആലീസ് വീട്ടമ്മയാണ്. രണ്ടു മക്കൾ. മകൻ ജോസഫ് പ്ലസ് വണ്ണിൽ പഠിക്കുന്നു. മകൾ ജെന്നിഫർ ഏഴാം ക്‌ളാസിൽ പഠിക്കുന്നു.

English Summary- Nelson Sooranad House Memories

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com