sections
MORE

കൊറോണക്കാലത്ത് വീട്ടിൽ സ്വയം കിണർ കുത്തി യുവാവും വീട്ടുകാരും!ചിത്രം വൈറൽ

youth-dug-own-well
SHARE

ലോക്ഡൗൺ സമയത്ത് വെറുതെ ഉണ്ടും ഉറങ്ങിയും ഇരിക്കാതെ കുടുംബത്തിനായി എന്തെങ്കിലും ചെയ്യണം എന്ന തീരുമാനത്തിൽ നിന്നും കിണറുകുത്താൻ ഇറങ്ങിപുറപ്പെട്ടിരിക്കുകയാണ് കണ്ണൂർ ജില്ലയിലെ പിണറായി സ്വദേശിയായ ഷനീഷ്. 

വേനൽക്കാലത്ത് ജലക്ഷാമം രൂക്ഷമായി തുടങ്ങി. ഉടൻ  വീട്ടിൽ ഒരു കിണർ നിർമിക്കണം. അത് ചെലവുള്ള കാര്യവുമാണ്. 8000 രൂപയാണത്രേ ഇപ്പോഴത്തെ 3.2 കിണറിന്റെ ഒരു കോൽ കുഴിക്കാനുള്ള കണ്ണൂരിലെ ചാർജ്. അങ്ങനെ നോക്കുമ്പോൾ 22 കോൽ താഴ്ചയിൽ ഒരു കിണർ കുഴിക്കുന്നതിനായി ഏകദേശം ഒരു ലക്ഷം രൂപയ്ക്ക് മേൽ ചെലവ് വരും. എങ്കിൽ പിന്നെ വീട്ടിൽ എല്ലാവരും വെറുതെ ഇരിപ്പല്ലേ, ഒരു കൈ നോക്കിയാലെന്താ എന്നായി ചോദ്യം.

അങ്ങനെ ചേട്ടനും അനിയനും കൂടി കിണറുപണിക്ക് തുടക്കം കുറിച്ചു. കുറച്ചു കഴിഞ്ഞപ്പോൾ സഹായത്തിനായി ഏട്ടത്തിയമ്മയും മക്കളും കൂടി എത്തി. അങ്ങനെ കിണറുപണി കുടുംബകാര്യമായി മാറി. ഓരോ ദിവസവും ഓരോ കോൽ എങ്കിലും കുഴിക്കണം എന്ന് കരുതിയാണ് പണി തുടങ്ങിയത്. ലോക്ഡൗൺ പത്താം ദിനം ആയപ്പോഴേക്കും പത്ത് കോൽ ആഴത്തിൽ കുഴിച്ചു കഴിഞ്ഞു. വീടിനു തറ കെട്ടുമ്പോൾ തന്നെ കല്ല് കെട്ടി ഒരു കോൽ കുഴിച്ചിരുന്നു. പിന്നീടത് മൂടി. അവിടെയാണ് ഇപ്പോൾ കിണറിന്റെ പണി ആരംഭിച്ചത്. അതിനാൽ സ്ഥാനം കാണൽ ഒന്നും വേണ്ടി വന്നില്ല.

''നിലവിൽ പന്ത്രണ്ട് കോൽ കുഴിച്ചു കഴിഞ്ഞു. ഇനി കല്ലിന്റെ ലഭ്യത്യയ്ക്കനുസരിച്ച് മാത്രമേ കുഴിക്കാൻ കഴിയൂ. ലോക്ഡൗണിൽ കിട്ടാൻ ബുദ്ധിമുട്ടാണ്. എന്നാലും ഓരോ ദിവസവും പ്രാർത്ഥനയോടെ ഓരോ കോലെങ്കിലും കുഴിച്ചു മുന്നോട്ട് പോകുകയാണ്  ഏപ്രിൽ 14 ആകുമ്പോഴേക്കും 22 കോൽ കുഴിച്ച് വെള്ളം കാണാൻ ആകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രധാനമന്ത്രിയുടെ വാക്കുകളാണ് പ്രൊഡക്ടീവ് ആയ എന്തെങ്കിലുമൊക്കെ ചെയ്യാൻ പ്രചോദനമായത്. കൊറോണക്കാലം കടന്നു പോകും, അപ്പോൾ നമുക്ക് അഭിമാനിക്കാൻ ഒരു വകയാകും ഇത്. കൂട്ടായ പ്രയത്നത്തിന്റെ ഫലമാണ് ഞങ്ങളുടെ മുറ്റത്തെ കിണർ എന്ന് പറയാം'' ഷനീഷ് പറയുന്നു.

well-houseകിണറിനകത്ത് ഇറങ്ങി നിന്ന് മണ്ണ് വെട്ടിയൊതുക്കുന്നത് ഷനീഷും സഹോദരനും ചേർന്നാണ്. വെട്ടിയൊതുക്കുന്ന മണ്ണ് കിണറ്റിൽ നിന്നും മാറ്റുന്നത് ഷനീഷിന്റെ ഏട്ടത്തിയമ്മയും പ്ലസ്ടൂക്കാരൻ മകനും മകൾ ബിൻഷായും കൂടിയാണ്. എല്ലാവരും ചേർന്ന് അധ്വാനിക്കുമ്പോൾ ഈ ശ്രമത്തിന്‌ ഇരട്ടി മധുരമാണ്. മഴക്കാലത്തിനു മുൻപേ കിണർ കുഴിക്കാൻ കഴിഞ്ഞാൽ ഗുണകരമാണ്. എന്നാൽ ഇപ്പോഴത്തെ അവസ്ഥയിൽ കിണർ നിർമ്മിക്കുന്ന ആളുകളെ കണ്ടെത്തി കിണർ കുത്തുകയെന്നത് നടപ്പുള്ള കാര്യമല്ല. അതിനാലാണ് സ്വയം ഇത്തരത്തിൽ ഒരു ശ്രമം നടത്തിയതെന്ന് ഷനീഷ് പറയുന്നു.ഇന്നേവരെ ഒരു തൊഴിലുറപ്പ് പണിക്കുപോലും പോകാത്ത ഏട്ടത്തി അമ്മയുടെ കമ്മിറ്റ്മെന്റ് കാണുമ്പോൾ, കമ്പ വലിച്ചു കൈയിൽ കുമിളകൾ പൊട്ടിയപ്പോൾ കിട്ടിയ തുണികൾ മുറുക്കി കെട്ടി മണ്ണുകൂട്ടകൾ ആഞ്ഞു വലിക്കുന്ന 17 കാരൻ അപ്പുവിനെ കാണുമ്പോൾ, രണ്ടും മൂന്നും കുട്ട മണ്ണ് ആവേശത്തോടെ വണ്ടിയിൽ തള്ളി നീക്കി ഏകദേശം പത്തമ്പതു മീറ്റർ ദൂരത്തേക്ക് കൊണ്ട് പോയി തട്ടുന്ന നമ്മുടെ ചിഞ്ചുമോളുടെ കണ്ണിലെ ആ ആവേശം കാണുമ്പോൾ, ഞാൻ എത്ര നിസ്സാരൻ എന്നു തോന്നി പോകുന്നു. ഇഷ്ടപ്പെട്ടു ഒരു ജോലി ചെയ്യുമ്പോൾ എത്ര മാത്രം കഠിനമായ ജോലിയും എത്ര മാത്രം ആയാസരഹിതമായി അനുഭവപ്പെടും. കിണർ നിർമാണത്തിലെ മനസ്സിൽ തട്ടുന്ന നിമിഷങ്ങൾ ഷനീഷ് പങ്കുവയ്ക്കുന്നു. 

English Summary- Family Built Well During Corona Season

ലോക് ഡൗൺ

ബാല്യം മുതൽ ഇന്നുവരെ നിങ്ങളുടെ ജീവിതത്തിലൂടെ കടന്നുപോയ വീടുകളെക്കുറിച്ച് ഗൃഹാതുരമായ ഓർമകളുണ്ടോ? ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.യോഗ്യമായവ പ്രസിദ്ധീകരിക്കും.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SPOT LIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA