sections
MORE

ഒടുവിൽ വീട്ടുകാർ സ്വയം കുത്തിയ കിണറിൽ തെളിനീർ! ലോക്ഡൗൺ ടാസ്കിനു കയ്യടിച്ച് സോഷ്യൽമീഡിയ

lockdown-well-water
SHARE

ലോക്ഡൗൺ കാലം ഫലപ്രദമായി വിനിയോഗിക്കാൻ വീട്ടിൽ കിണർ കുത്താൻ ഇറങ്ങിത്തിരിച്ച കണ്ണൂർ പിണറായി സ്വദേശി നരിക്കോടൻ ഷനീഷിന്റെയും കുടുംബത്തിന്റെയും പ്രയത്നം ഫലം കണ്ടു. കിണറിൽ ഇന്നലെ വെള്ളം കണ്ടു. ഏപ്രിൽ 14 നു കണക്കനുസരിച്ച് 22 കോൽ കുഴിച്ചു കഴിയുമെന്നും അതോടെ വെള്ളം ലഭിക്കുമെന്നുമായിരുന്നു കണക്കു കൂട്ടൽ. ഇത് പ്രകാരം 10  കോൽ കുഴിച്ചപ്പോൾ ഉണ്ടായ സന്തോഷം ഷനീഷ് പങ്കു വച്ചിരുന്നു. ഏട്ടനും ഏട്ടത്തിയമ്മയും മക്കളുമായിരുന്നു കിണറുകുത്താൻ കൂടെ ഉണ്ടായിരുന്നത്. എന്നാൽ കൂട്ടായ പരിശ്രമം ഫലം കണ്ടപ്പോൾ 17  കോൽ കുഴിച്ചപ്പോൾ തന്നെ വെള്ളം കണ്ടു.

''വെള്ളം കാണാൻ സാമാന്യം താഴ്ചയിൽ കുഴിക്കേണ്ടി വരുമെന്നാണ് ഞങ്ങൾ കരുതിയത്. അത് കൊണ്ടാണ് 22  കോൽ എന്ന കണക്ക് മനസ്സിൽ സൂക്ഷിച്ചത്. ഇന്നലെ വരെ 12  കോൽ കുഴിച്ചിരുന്നു. ബാക്കി പണി ഇന്ന് രാവിലെ തുടങ്ങി. വൈകുന്നേരമായപ്പോൾ 17  കോൽ കുഴിച്ചു. അപ്പോഴാണ് കിണറിന്റെ സമീപത്ത് നിന്നും ഉറവ വന്നു തുടങ്ങിയത്. ചേട്ടനാണ് ആദ്യം തുടിച്ചു കയറുന്ന വെള്ളം കണ്ടത്. സ്വന്തം വീട്ടിൽ സ്വന്തമായി കുഴിച്ച കിണറിൽ വെള്ളം കാണുന്ന സന്തോഷം പറഞ്ഞറിയിക്കാൻ കഴിയുന്നതിനും അപ്പുറമാണ്'' ഷനീഷ് പറയുന്നു.

പത്ത് കോൽ കുഴിച്ചു കഴിഞ്ഞ വാർത്ത ഷനീഷ് പങ്കുവച്ചതോടെ ഷനീഷിന്റെ കിണറ്റിൽ വെള്ളം തുടിച്ചു പൊങ്ങുന്നത് കാണാൻ സോഷ്യൽ മീഡിയ ഒന്നടങ്കം കാത്തിരിക്കുകയായിരുന്നു. വാർത്ത വന്നശേഷം രണ്ടു വ്യക്തികൾ കൂടി സഹായത്തിനെത്തി എന്നതൊഴിച്ചാൽ ബാക്കി ഒക്കെ പഴയതു പോലെ തന്നെ. കിണറുകുഴിക്കലിലെ താരം ഏട്ടത്തിയമ്മയാണ് എന്ന് ഷനീഷ് പറയുന്നു.

പുത്തൻ കിണർ വന്ന വഴിയിങ്ങനെ...

ആറു വർഷങ്ങൾക്ക്  മുൻപ് വീട്ടിനു തറ കെട്ടുമ്പോൾ തന്നെ കിണറു കുഴിക്കാൻ വേണ്ടി സ്ഥലം കാണുകയും ബീം ഒക്കെ കെട്ടി രണ്ടു കോൽ കുഴിക്കുകയും ചെയ്തിരുന്നു. പക്ഷേ, തൊട്ടടുത്ത തറവാട്ടിലെ കിണറ്റിൽ ആവശ്യത്തിന് വെള്ളം ഉള്ളതുകൊണ്ട്, ഉള്ള പണം ഉപയോഗിച്ച് വീടിന്റെ പണി അങ്ങ് തീർത്തു. കിണറുപണി അങ്ങനെ മുടങ്ങി കിടന്നു. രാത്രി കുഴിയിൽ പൂച്ചയും നായയും വീഴാൻ തുടങ്ങിയതോടെ എപ്പോഴോ ഏട്ടൻ തന്നെ കിണറങ്ങു മൂടുകയും ചെയ്തു.


''ലോക്ഡൗൺ തുടങ്ങിയതോടെ, ഞങ്ങൾ കിണറു പണി തുടങ്ങി. തുടക്കം ക്ലേശകരമായിരുന്നു. അപ്പോൾ ഏട്ടത്തിയമ്മ ബീനയാണ്  പറഞ്ഞത് "ഷാജിയേട്ടാ നമുക്കതു സാവധാനം കുഴിച്ചാലോ എന്ന്. കഴിയുന്നത്ര കുഴിക്കാം ബാക്കി നമുക്ക് പിന്നെപ്പോഴെങ്കിലും കുഴിക്കാമല്ലോ... അങ്ങനെ പണി പുരോഗമിച്ചു.'' ഷനീഷ് പറയുന്നു

ഇന്നേവരെ തൊഴിലുറപ്പ് പണിക്കു പോലും പോവാത്ത ഷനീഷിന്റെ ഏട്ടത്തിയമ്മ കിണറു കുഴിക്കാൻ താൻ ഇറങ്ങാം എന്ന് പറഞ്ഞത് ആദ്യം ചിരി പടർത്തിയെങ്കിലും പിന്നീട് ആവേശം നൽകി. അമ്മ പണിയെടുക്കുന്നത് കണ്ടതോടെ, പബ്‌ജി കളിച്ചു കൊണ്ടിരിക്കുന്ന പ്ലസ്‌ടു ക്കാരൻ അപ്പുവും കോളജ് കുമാരി ചിഞ്ചുവും രംഗത്തിറങ്ങി. അങ്ങനെയാണ് കിണറുകുഴിക്കൽ തീർത്തും കുടുംബകാര്യമായി മാറിയത്.

ഒന്നാമത്തെ ദിവസം കൊണ്ട് തന്നെ മണ്ണിട്ട് മൂടിയ അത്രയും മണ്ണൊക്കെ എടുത്തു രണ്ടു കോലു പൂർത്തിയാക്കി. രണ്ടാമത്തെ ദിവസം കുഴി തുടങ്ങി... മൂന്നാമത്തെ ദിവസം ഉരുളും കമ്പയും കൊണ്ട് വന്നു കുഴിച്ചിട്ടു.  8 കോലു വരെ ഏട്ടത്തിയമ്മ കമ്പ പിടിച്ചു ഒറ്റയ്ക്ക് കയറുകയും ചെയ്തു. 22 കോൽ ആഴമാണ് ഷനീഷും ചേട്ടനും മനസ്സിൽ കണ്ടെതെങ്കിലും 25 കൊലെങ്കിലും വേണമെന്നു ചില നാട്ടുകാർ അഭിപ്രായം പറഞ്ഞു. തൊട്ടടുത്ത തറവാട്ടിലെ കിണറ്റിന്റെ ആഴം 28 കോൽ ആയിരുന്നു. അതിനാൽ എന്താകും  മുന്നോട്ടുള്ള കാര്യമെന്ന് ഉറപ്പില്ലാതെയാണ് പത്ത് കോലിനു  ശേഷം കുഴിച്ചത്. എന്നാൽ ആവേശത്തിനു ഒട്ടും കുറവുണ്ടായിരുന്നില്ല.

പതഞ്ഞൊഴുകുന്ന തെളിനീര്

കുടുംബവും ഒത്തുള്ള പരിശ്രമം വിജയം കണ്ടത് കൃത്യം പതിനഞ്ചാം ദിവസമാണ്. 16 കോലിൽ വെള്ളം കണ്ടു. 17 കോൽ കുഴിച്ചു പണി പൂർത്തിയാക്കി. "വെള്ളം കണ്ടു ബീനേ" എന്ന് ഏട്ടൻ താഴെ കിണറ്റിൽ നിന്നും വിളിച്ചു പറഞ്ഞപ്പോൾ ഏട്ടത്തിയമ്മ സന്തോഷം കൊണ്ട് കരഞ്ഞു പോയി. ആ സന്തോഷക്കണ്ണീര് ഫോട്ടോ എടുക്കാൻ പോലും പറ്റിയില്ല. കാരണം ഞാനും അത്തരമൊരു അവസ്ഥയിലായിരുന്നു. നമ്മൾ ഓരോരുത്തരും മാറി മാറി കിണറ്റിലിറങ്ങി. ഏട്ടത്തി അമ്മ പണം കിണറ്റിലേക്കിട്ടു. എല്ലാം ദിവസവും കിണറ്റിലിറങ്ങിയ ഏട്ടത്തി അമ്മ ഇന്നു കിണറ്റിലിറങ്ങിയില്ല'' ഷനീഷ് പറയുന്നു.

പണത്തിന്റെ ലാഭം എന്നതിലുപരി ജീവിതകാലം മുഴുവൻ നമ്മളുടെ ദാഹം തീർക്കാൻ ആ കിണർ അവിടുണ്ടാകുമല്ലോ എന്ന പ്രതീക്ഷയാണ് കൂടുതൽ സന്തോഷിപ്പിക്കുന്നത്. 'സുന്ദരകില്ലാഡി' എന്ന ചിത്രത്തിലെ പോലെ കിണറ്റിലെ ആദ്യ വെള്ളം കിണർകുത്താൻ ആദ്യാവസാനം ഉണ്ടായ സ്ത്രീ സാന്നിധ്യമായ ഏട്ടത്തിയമ്മയ്ക്കാണ് നൽകിയത്. കിണറ്റിലെ പുതുവെള്ളം ചേർത്തുണ്ടാക്കിയ പായസത്തോടെ ഒരുപാട് ആളുകൾക്ക് മാതൃകയായ കിണറു പണി അവസാനിച്ചിരിക്കുകയാണ്.

English Summary- Family Dig Well during Lockdown Success

ബാല്യം മുതൽ ഇന്നുവരെ നിങ്ങളുടെ ജീവിതത്തിലൂടെ കടന്നുപോയ വീടുകളെക്കുറിച്ച് ഗൃഹാതുരമായ ഓർമകളുണ്ടോ? ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.യോഗ്യമായവ പ്രസിദ്ധീകരിക്കും.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SPOT LIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA