ADVERTISEMENT

മിമിക്രിയിലൂടെ വേദിയിലെത്തി ഒരൊറ്റ പാട്ടിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ കലാകാരനാണ് തങ്കച്ചൻ വിതുര. വെറുതെയിരുന്നപ്പോൾ തങ്കച്ചൻ കുത്തിക്കുറിച്ച മറിയേടമ്മേടെ ആട്ടിൻകുട്ടി എന്ന ഗാനം സമൂഹമാധ്യമങ്ങളിൽ തരംഗമായിരുന്നു. ഇപ്പോഴും ടിക് ടോക്കിൽ ഭാഷയറിയാത്ത ഈ ഗാനത്തിന് ചുണ്ടനക്കുന്ന അന്യസംസ്ഥാനക്കാരുണ്ട്. തങ്കച്ചൻ വീട്ടുവിശേഷങ്ങൾ പങ്കുവയ്ക്കുന്നു.

നാടും വീടും...

തിരുവനന്തപുരം പൊന്മുടി റൂട്ടിലെ വിതുരയാണ് എന്റെ സ്വദേശം. അച്ഛൻ, അമ്മ ഞങ്ങൾ ഏഴ് മക്കൾ. ഇതായിരുന്നു കുടുംബം. സാമ്പത്തിക ബുദ്ധിമുട്ടുകൾ വളരെയുണ്ടായിരുന്നു. ഇപ്പോഴുമുണ്ട്. അപ്പന് കൂലിപ്പണിയായിരുന്നു. മൺകട്ട കൊണ്ട് പണിത ഒരു ചെറിയ കൂരയായിരുന്നു ചെറുപ്പകാലത്തെ വീട്. അതിനുള്ളിൽ ഞങ്ങൾ ഒൻപത് ജീവിതങ്ങൾ കഴിഞ്ഞുകൂടി. മഴക്കാലത്തൊക്കെ വീട് ചോർന്നൊലിക്കും. പക്ഷേ അന്നതൊരു കഷ്ടപ്പാടായി തോന്നിയിട്ടില്ല. കാരണം സമീപത്തുള്ള മിക്ക വീടുകളുടെയും അവസ്ഥ അതുതന്നെയായിരുന്നു.

മിമിക്രിയിലൂടെ മിനിസ്ക്രീനിലേക്ക്..

thankachan-vithura-trave

സ്‌കൂളിൽ പഠിക്കുന്ന കാലത്തുതന്നെ മിമിക്രിയോടും പാട്ടിനോടും കമ്പമുണ്ടായിരുന്നു. പഠനം കഴിഞ്ഞു വകയിലെ സഹോദരനൊപ്പം ഒരു മ്യൂസിക് ട്രൂപ്പ് തുടങ്ങി. പക്ഷേ രണ്ടു മൂന്നു പരിപാടികൾക്കപ്പുരം പോയില്ല. അങ്ങനെ അടച്ചു പൂട്ടി. ശേഷം പ്രഫഷനൽ ട്രൂപ്പുകളുടെ ഭാഗമായി. കഷ്ടപ്പാടിന്റെ കാലമായിരുന്നു അത്. പരിപാടികൾ സീസണിൽ മാത്രമേയുള്ളൂ. ഇടവേളകളിൽ മറ്റു പണികൾക്ക് പോയിത്തുടങ്ങി. വർഷങ്ങൾക്ക് ശേഷം മഴവിൽ മനോരമയിലെ കോമഡി ഫെസ്റ്റിവൽ എന്ന പരിപാടിയാണ് ജീവിതത്തിൽ വഴിത്തിരിവായത്. അതോടെ കൂടുതലാളുകൾ തിരിച്ചറിയാൻ തുടങ്ങി.

thankachan-vithura-memory

രക്ഷകനായി മമ്മൂക്ക..

ഗ്രേറ്റ് ഫാദർ എന്ന സിനിമയുടെ പ്രൊമോഷൻ സമയത്ത് മമ്മൂക്കയുള്ള വേദിയിൽ ഞാൻ ഒരു പരിപാടി അവതരിപ്പിച്ചു. അത് കണ്ടിഷ്ടപ്പെട്ട് മമ്മൂക്ക എന്നെ നേരിട്ട് ഫോണിൽ വിളിച്ചു അടുത്ത സിനിമയിൽ അവസരം ഒരുക്കിത്തന്നു. പരോൾ, കുട്ടനാടൻ ബ്ലോഗ് തുടങ്ങിയ സിനിമകളിൽ മമ്മൂക്കയുടെ ഒപ്പം അഭിനയിക്കാനും പറ്റി.

വീട് പുതുക്കുന്നു...

ഇരുപത് വർഷം മുൻപ് ഞാൻ ട്രൂപ്പുകളിൽ പോയിത്തുടങ്ങിയ ശേഷമാണു  പഴയ വീട് പൊളിച്ചുകളഞ്ഞു വേറെ വീട് വയ്ക്കുന്നത്. വലിയ വ്യത്യാസമൊന്നുമില്ല. മൺചുവരിനു പകരം വെട്ടുകല്ല് കൊണ്ട് ഭിത്തി കെട്ടി. പഴയ പൊട്ടിയ ഓടുകൾക്ക് മുകളിൽ ടാർപ്പോളിൻ വിരിച്ച മേൽക്കൂര മാറ്റി. പുതിയ ഓട് കൊണ്ട് മേൽക്കൂര മേഞ്ഞു. അങ്ങനെ മഴക്കാലത്തെ പേടിക്കാതെ താമസിക്കാവുന്ന ഒരു വീട് ആദ്യമായി ലഭിച്ചു. ആ വീട്ടിൽത്തന്നെയാണ് ഇപ്പോഴും താമസിക്കുന്നത്. ചുരുക്കത്തിൽ ഇത്രയും കാലം ഏഴ് സെന്റിലെ ഇത്തിരിവട്ടത്തിനുള്ളിൽ ഉണ്ടായിരുന്ന രണ്ടു വീടുകളിലാണ് ജീവിച്ചത്. 

കുടുംബം, പുതിയ വീട്..

thankachan-vithura-trave2

ജീവിതത്തിലെ പ്രാരാബ്ധത്തിന്റെ കാലങ്ങളിൽ വെറുതെ ഒരാളെ കൂടെ കൂട്ടാൻ തോന്നിയില്ല. ഏതൊരു മലയാളിയെയും പോലെ അത്യാവശ്യ സൗകര്യങ്ങളുള്ള ഒരു വീട് എന്റെയും സ്വപ്നമാണ്. അതിനുള്ള സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടു വരുന്നതേയുള്ളൂ. അതിനു ശേഷം ഒരു വിവാഹം കഴിക്കണം എന്നും ആഗ്രഹമുണ്ട്.

Englis Summary- Thankachan Vithura TV Star Home, Life

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com