ADVERTISEMENT

മിനിസ്ക്രീൻ കോമഡി പ്രേക്ഷകരുടെ ഇഷ്ടതാരമാണ് ബിനു തൃക്കാക്കര. രൂപത്തിന്റെ പേരിൽ പലരും കളിയാക്കിയതിനെ കൗണ്ടർ അടിച്ചു കാശാക്കിയതിൽ അഭിമാനം കണ്ടെത്തുന്ന താരം. പേരിനൊപ്പം കൂട്ടിയ നാടിനെ ഇടയ്ക്കൊന്നു പരിഷ്കരിച്ചു 'ബിനു തൃക്ക് ' ആക്കിയിരുന്നു താരം. ബിനു തന്റെ വീട്ടുവിശേഷങ്ങൾ പങ്കുവയ്ക്കുന്നു..

 

റോഡ് കൊണ്ടുപോയ വീട്...

എറണാകുളം തൃക്കാക്കരയാണ് സ്വദേശം. അച്ഛൻ, അമ്മ, ചേച്ചി, ഞാൻ. ഇതായിരുന്നു കുടുംബം. അച്ഛൻ കെട്ടിടനിർമാണ തൊഴിലാളിയായിരുന്നു. ജീവിതത്തിന്റെ രണ്ടറ്റങ്ങൾ കൂട്ടിമുട്ടിക്കാൻ അച്ഛൻ നന്നേ കഷ്ടപ്പെട്ടിരുന്നു.

ആ സമയത്താണ് എറണാകുളം സീപോർട്ട്- എയർപോർട്ട് ഹൈവേയുടെ പണി തുടങ്ങുന്നത്. അതിന്റെ ഭാഗമായി റോഡ് വീതികൂട്ടിയപ്പോൾ ഞങ്ങളുടെ കൊച്ചുവീട് റോഡ് കൊണ്ടുപോയി. പിന്നെ ഹൈവേയുടെ കുറച്ചു പിന്നിലായി കുറച്ചു സ്ഥലം കിട്ടി. അവിടെ ചെറിയൊരു വീട് പണിതു ഞങ്ങൾ താമസം മാറി.

സ്‌കൂൾ കാലത്തുതന്നെ ഞാൻ മിമിക്രിയിൽ സജീവമായിരുന്നു. പിന്നീട് ട്രൂപ്പുകളിൽ പോയിത്തുടങ്ങി. അന്ന് ഹൈവേ വന്നപ്പോൾ റോഡ് നിരപ്പ് ഉയർന്നു. അങ്ങനെ ഞങ്ങളുടെ വീട് ഒരു കുഴിയിലായി.

ഞാൻ ഐടിഐ പഠിക്കുന്ന കാലം. കോളജിൽ നിന്നും തിരിച്ചു വരുമ്പോൾ വീടിനു മുന്നിൽ ആൾക്കൂട്ടം. വീട്ടുകാർക്ക് എന്തെങ്കിലും പ്രശ്നം? ഉള്ളൊന്നു കാളി. ഓടിച്ചെന്നു നോക്കിയപ്പോൾ ഒരു ടിപ്പർ ലോറി റോഡിൽ നിന്നും താഴേക്ക് മറിഞ്ഞു കിടക്കുന്നു. വീടിനെ തൊട്ടു തൊട്ടില്ല എന്നപോലെ ആരോ പാർക്ക് ചെയ്തപോലെ.

കൊച്ചിയിൽ ബ്ലാക്മാൻ രാത്രിയിൽ ഇറങ്ങിയിരുന്ന കാലം. എല്ലാവരും രാത്രിയായാൽ വീട്ടിൽ കയറി വാതിലടയ്ക്കും. ഞാൻ പരിപാടിയൊക്കെ കഴിഞ്ഞു വീട്ടിൽ എത്തുമ്പോൾ രാത്രിയാകും. വാതിൽ തുറക്കുന്നതുവരെ ഒറ്റയ്ക്ക് വീട്ടുവാതിൽക്കൽ കാത്തുനിൽക്കാൻ പേടിയാണ്. വീടിനടുത്ത് ഒരു പെട്രോൾ പമ്പ് ഉണ്ട്. അവിടെ വെട്ടമുള്ളിടത്ത് നിന്ന് അമ്മയെ ഫോണിൽ വിളിക്കും. എന്നിട്ട് അമ്മ വാതിൽ തുറക്കാൻ എത്തുന്ന സമയം കൊണ്ട് വീട്ടിലെത്തി ചാടി അകത്തുകയറും.

binu-vishnu

 

മിനിസ്ക്രീനിലേക്ക്...

veed-kada

ട്രൂപ്പുകളിൽ നിന്നും പിന്നീട് മിനിസ്ക്രീനിലേക്കെത്തി. മഴവിൽ മനോരയിലെ കോമഡി സർക്കസിലും അവസരം ലഭിച്ചു. തിരക്കഥാകൃത്തുക്കളായ വിഷ്ണുവിനെയും ബിബിനെയും പരിചയപ്പെട്ടതാണ് മറ്റൊരു വഴിത്തിരിവ്. പിന്നീട് അവരോടൊപ്പം സ്ക്രിപ്ട് അസോസിയേറ്റായി. ചില സിനിമകളിൽ മുഖം കാണിച്ചു. ഞാനും ടിവി താരം ശശാങ്കൻ മയ്യനാടും തമ്മിൽ ചെറിയ രൂപസാദൃശ്യമുണ്ട്. ശശാങ്കൻ തിരക്കഥ രചിച്ച മാർഗംകളി  എന്ന സിനിമയിൽ ഞാൻ ഒരു വേഷം ചെയ്തിരുന്നു. പക്ഷേ പലരും കരുതിയത് അത് ശശാങ്കൻ തന്നെ അഭിനയിച്ചതാണ് എന്നാണ്.

 

മൾട്ടിപർപ്പസ് വീട്..

വീട് റോഡ് നിരപ്പിൽ നിന്നും താഴെയാണ് എന്ന് പറഞ്ഞല്ലോ. അങ്ങനെ മുകളിലേക്ക് ഒരു നില പണിതു. അങ്ങനെ വീട് റോഡ് നിരപ്പിനൊപ്പമെത്തി. മുകൾനില കടയാക്കി മാറ്റി. വാടകയ്ക്ക് കൊടുത്തു. അങ്ങനെ അതൊരു വരുമാനമാർഗമായി.

 

കൊറോണക്കാലം...

കൊറോണക്കാലം വിഷ്ണുവിനും ബിബിനുമൊപ്പം തിരക്കഥയുടെ ചർച്ചകളിലാണ്. ഈസ്റ്ററിന് വീട്ടിൽ തിരിച്ചെത്തി. ഭാര്യ ഹണി വീട്ടമ്മയാണ്. മകൾ വേദയ്ക്ക് 4 വയസ്സ്.

English Summary- Binu thrikkara House memories

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com