ADVERTISEMENT

മിനിസ്ക്രീനിലൂടെയും സിനിമകളിലൂടെയും പ്രേക്ഷകർക്ക് പ്രിയങ്കരിയാണ് ശ്രുതി ലക്ഷ്മി. താരം തന്റെ വീട്ടുവിശേഷങ്ങൾ പങ്കുവയ്ക്കുന്നു.

ഓർമവീട്..

അച്ഛൻ ജോസ് അമ്മ ലിസ്സി. ചേച്ചി ശ്രീലയ, ഞാൻ. ഇതായിരുന്നു കുടുംബം. അച്ഛന്റെ നാട് കണ്ണൂരും അമ്മയുടേത് വയനാടുമാണ്. അച്ഛൻ ഞങ്ങളുടെ ചെറുപ്പത്തിലേ പ്രവാസജീവിതം തുടങ്ങിയിരുന്നു.അമ്മ തൊണ്ണൂറുകളിലെ നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

എന്റെ പ്ലസ്‌ടു വരെയുള്ള വീട് ഓർമകൾ അച്ഛന്റെ കണ്ണൂരിലെ ചുണ്ടപ്പറമ്പ് എന്ന ഗ്രാമപ്രദേശത്തുള്ള  വീടിനെ ചുറ്റിപ്പറ്റിയാണ് നിൽക്കുന്നത്. രണ്ടേമുക്കാൽ ഏക്കറോളം വിശാലമായ പറമ്പിലാണ് ആ വീട്. നിറയെ മരങ്ങളും ചെടികളും ധാരാളം കിളികളും ശുദ്ധമായ കിണർവെള്ളവും സമീപം പാടവും നല്ല കാറ്റുമൊക്കെയുള്ള സ്ഥലമായിരുന്നു.

പ്ലസ്‌ടുവിനു ശേഷം കോളജ് കാലഘട്ടം തിരുവനന്തപുരത്തായിരുന്നു. അന്ന് അമ്മയും എന്നോടൊപ്പം വന്നു. ആദ്യമായി വീടിന്റെ സുരക്ഷിതത്വത്തിൽ നിന്നുമുള്ള പറിച്ചുനടൽ.  ഒരു ചെറിയ വാടകവീട്ടിലായിരുന്നു താമസം. ആദ്യമൊക്കെ വിഷമം തോന്നിയിരുന്നു. പിന്നെ പതുക്കെ ശരിയായി. 

മിനിസ്ക്രീനിലേക്ക്...

sruthilakshmi

സ്‌കൂൾകാലഘട്ടത്തിലെ ഞാനും ചേച്ചിയും കലാരംഗത്ത് സജീവമായിരുന്നു. നൃത്തമായിരുന്നു പ്രധാന ഇനം. പിന്നീട് ശാസ്ത്രീയമായി പഠിക്കുകയും ചെയ്തു. അതുവഴിയാണ് മിനിസ്ക്രീനിലേക്കുള്ള അവസരം തുറന്നത്. രണ്ടായിരത്തിൽ നിഴലുകൾ എന്ന സീരിയലിൽ ബാലതാരമായി അഭിനയിച്ചു. അതിലെ കഥാപാത്രത്തിന്റെ പേര് ലക്ഷ്മി എന്നായിരുന്നു. പിന്നീട് അത് എന്റെ പേരിന്റെ ഭാഗമായി. അങ്ങനെ ശ്രുതി ജോസ് ആയിരുന്ന ഞാൻ ശ്രുതി ലക്ഷ്മിയായി. ആ വർഷം തന്നെ വർണ്ണക്കാഴ്ചകൾ എന്ന ചിത്രത്തിലൂടെ സിനിമയിലുമെത്തി. ചേച്ചിയും പിന്നീട് സിനിമയിലെത്തി. അങ്ങനെ ഞങ്ങൾ രണ്ടുപേർക്കും കുറച്ചു നല്ല സിനിമകളുടെയും സീരിയലുകളുടെയും ഭാഗമാകാനായി.  ഒരുമിച്ച് സീരിയലിൽ അഭിനയിക്കാനും കഴിഞ്ഞു.

 

കൊച്ചി വീട്...

സിനിമകൾ കൂടുതലും കൊച്ചിയിലായപ്പോൾ ഞങ്ങൾ കൊച്ചി കാക്കനാട് ഒരു ചെറിയ വീടും സ്ഥലവും കൂടി വാങ്ങി. അച്ഛനും അമ്മയും കൊച്ചിയിലേക്ക് വന്നു. ചേച്ചി വിവാഹിതയായി. അങ്ങനെ ഞങ്ങൾ  കൊച്ചിക്കാരിയായി.  4 സെന്റിലാണ് വീട്. പക്ഷേ അതിന്റെ ഞെരുക്കം ഒന്നും അറിയില്ല. നഗരത്തിനുള്ളിൽ തന്നെ ഗ്രാമീണതയുള്ള ഭാഗമാണ്. കൊതുകിന്റെ ശല്യമില്ല. നല്ല കിണർവെള്ളമുണ്ട്. സമീപം പാടമുണ്ട്. ശരിക്കും എന്റെ കണ്ണൂർ വീടിന്റെ ഒരു കൊച്ചുപതിപ്പാണ് ഈ കൊച്ചിവീട്. കണ്ണൂർ വീട് ഇപ്പോൾ വാടകയ്ക്ക് കൊടുത്തിരിക്കുകയാണ്.

sruthi-avin

 

കുടുംബം, കൊറോണക്കാലം..

2016 ലായിരുന്നു വിവാഹം. ഭർത്താവ് അവിൻ ആന്റോ. ഡോക്ടറാണ്. തൃശൂരാണ് അവിന്റെ നാട്. അവിടെ ഫ്ലാറ്റിലാണ് താമസം. ഇപ്പോൾ കണ്ണൂർ, കൊച്ചി, തൃശൂർ എന്നിവിടങ്ങളിലെ  മൂന്നു വീടുകളിലും ഞാൻ മാറിമാറി നിൽക്കാറുണ്ട്. കൊറോണക്കാലത്ത് കൊച്ചി വീട്ടിലാണ്. ഭർത്താവും എന്റെ ചേച്ചിയും ഒപ്പമുണ്ട്. എല്ലാ പരക്കം പാച്ചിലുകളും മാറ്റിവച്ച് വീടിന്റെ മടിത്തട്ടിന്റെ സുരക്ഷിതത്വത്തിലേക്ക് മലയാളി തിരിച്ചുപോയ സമയമാണിത്. ആ കാലം ഒരുനുഭവം പോലെ ഞങ്ങളും ആസ്വദിക്കുന്നു. വീട് വൃത്തിയാക്കലും ടിവി കാണലും നൃത്തവുമൊക്കെയായി ഇടവേള ആസ്വദിക്കുന്നു.

English Summary- Sruthi Lakshmi Actor Home Memories

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com