ADVERTISEMENT

കഴിഞ്ഞ വർഷം കേരളത്തിലെ ഏറ്റവും വലിയ വീടുകളിൽ ഒന്ന് എന്ന തലക്കെട്ടോടെ വയനാട് മാനന്തവാടിയിലെ അറയ്ക്കൽ പാലസിന്റെ വിശേഷങ്ങൾ ഹോംസ്റ്റൈൽ ചാനൽ പങ്കുവച്ചിരുന്നു. അഭൂതപൂർവമായ പ്രതികരണമായിരുന്നു അന്ന് ആ വാർത്തയ്ക്ക് ലഭിച്ചത്. പക്ഷേ ദുഃഖകരമായ ഒരു വാർത്തയാണ് ഇപ്പോൾ കേൾക്കുന്നത്. അറയ്ക്കൽ പാലസിന്റെ ഉടമസ്ഥൻ ജോയ് ലോകത്തിൽ നിന്നും അകാലത്തിൽ വിടവാങ്ങിയിരിക്കുന്നു. ദുബായിൽ അന്തരിച്ച പ്രമുഖ വ്യവസായി അറയ്ക്കൽ ജോയിയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള പരിശ്രമത്തിലാണ് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും. കോവിഡ് പ്രതിസന്ധിയും ലോക് ഡൗണും നിലനിൽക്കുന്നതിനാൽ മൃതദേഹം നാട്ടിലെത്തിക്കുന്ന കാര്യത്തിൽ ഏറെ പ്രതിസന്ധികൾ നിലവിലുണ്ട്.

 

joy-wayanad

കടലില്ലാത്ത വയനാട്ടിൽ ജനിച്ചു, കപ്പൽമുതലാളിയായി വളർന്നു 

കടലില്ലാത്ത വയനാട്ടിൽ ജനിച്ച്, അക്കൗണ്ടന്റായി യുഎഇയിൽ എത്തി ലോകത്തെ ഏറ്റവും മികച്ച റിഫൈനറികളിൽ ഒന്നിന്റെ ഉടമയായി മാറിയ ജോയിയുടെ ജീവിതവിജയം ഏറെ വെല്ലുവിളികൾ നേരിട്ട ശേഷമായിരുന്നു. മധ്യപൂർവേഷ്യയിലേക്ക് പെട്രോളിയം ഉൽപന്നങ്ങൾ കൊണ്ടുപോകാനായി ചരക്കുകപ്പലുകൾ സ്വന്തമാക്കിയതോടെ കപ്പൽജോയി  എന്നത് അദ്ദേഹത്തന്റെ വിളിപ്പേരായി. 

സംഘർഷഭരിതമായ മേഖലകളിലേക്ക് വലിയ വെല്ലുവിളിയേറ്റെടുത്തു ജോയിയുടെ എണ്ണക്കപ്പലുകൾ യുദ്ധസമയത്തും പാഞ്ഞു.  ജോയിയുടെ വിജയകഥ കവർസ്റ്റോറിയാക്കി പുറത്തിറങ്ങിയ മാഗസിന്റെ തലക്കെട്ടായി വന്നത്  കപ്പൽജോയി എന്ന പേരായിരുന്നു. ഇൗ വാക്ക് പിന്നീട് നാട്ടുകാർ ഹൃദയത്തിൽ ഏറ്റെടുത്തു. 

arakkal-palce-inside-view

 

arakkal-palce-inside

കേരളത്തിലെ ഏറ്റവും വലിയ വീടുകളിൽ ഒന്ന് 

joy-with-family
ജോയ് കുടുംബത്തോടൊപ്പം. ഫയൽ ചിത്രം

തന്റെ ജീവിതത്തിലെ നേട്ടങ്ങളെ അടയാളപ്പെടുത്തുംവിധം സമാനതകൾ ഇല്ലാത്ത ഒരു നിർമിതിയാകണം തന്റെ വീട് എന്നതായിരുന്നു ബിസിനസ്സുകാരനായ ജോയിയുടെ സ്വപ്നം. അതിന്റെ സാക്ഷാത്കാരമായിരുന്നു മാനന്തവാടിയിലെ അറയ്ക്കൽ പാലസ്. 40000 ചതുരശ്രയടിയിൽ ചതുരശ്രയടിയിൽ മാനം മുട്ടെ ഉയർന്ന് നിൽക്കുന്ന അറയ്ക്കൽ പാലസ് നിർമാണസമയത്തുതന്നെ വാർത്തകളിൽ ഇടം നേടിയിരുന്നു. 

ധാരാളം അംഗങ്ങളുള്ള കുടുംബത്തിന് കൂട്ടുകുടുംബമായി ഒരു മേൽക്കൂരയ്ക്ക് കീഴിൽ താമസിക്കാൻ വേണ്ടികൂടിയാണ് ജോയ് വീട് വിശാലമായി ഒരുക്കിയത്.  കൊളോണിയൽ ശൈലിയിലാണ് വീടിന്റെ രൂപകൽപന. റോഡുനിരപ്പിൽ നിന്നും ഉയർന്നു നിൽക്കുന്ന വിശാലമായ നാലേക്കറിലാണ് വീടും ലാൻഡ്സ്കേപ്പും ഒരുക്കിയത്. 2018 ഡിസംബർ 29നാണ് ജോയിയും സഹോദരൻ ജോണിയും കുടുംബസമേതം താമസം മാറ്റിയത്. 

 

ദുരിതബാധിതർക്കായി തുറന്ന കൊട്ടാരവാതിലുകൾ

കഴിഞ്ഞ പ്രളയവും ഉരുൾപൊട്ടലും ഏറ്റവുമധികം നാശം വിളിച്ച വയനാട്ടിലെ ദുരിതബാധിതർക്കായി അറയ്ക്കൽ പാലസിന്റെ വാതിലുകൾ ജോയ് തുറന്നിട്ടു. അതുകൂടാതെ കോടിക്കണക്കിനു രൂപയുടെ സഹായമാണ് ജോയ് കയ്യയച്ചു നാടിനു നൽകിയത്. ഗൃഹനാഥനായ ജോയ് കടന്നുപോകുന്നുവെങ്കിലും അദ്ദേഹത്തിന്റെ ജീവിതവിജയത്തിന്റെ അടയാളമായി അറയ്ക്കൽ പാലസ് ഇനിയും നിലകൊള്ളും.

 

English Summary- Biggest House in Kerala Arakkal Palce Owner Joy Passed Away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com