ജീവിതം നൽകിയ ആ തിരിച്ചടികൾ ഞാൻ മറികടന്നു: ദേവി അജിത്

devi-ajith-view
SHARE

മിനിസ്ക്രീനിലൂടെയും സിനിമകളിലൂടെയും പ്രേക്ഷകർക്ക് പരിചിതയാണ് ദേവി അജിത്. ദേവി തന്റെ വീട്ടുവിശേഷങ്ങൾ പങ്കുവയ്ക്കുന്നു..

ഓർമ വീട്...

ഞാനൊരു തിരുവനന്തപുരംകാരിയാണ്. ജനിച്ചതും വളർന്നതും ഇപ്പോൾ ജീവിക്കുന്നതുമെല്ലാം ഇവിടെത്തന്നെ. അച്ഛൻ, അമ്മ, സഹോദരൻ, ഞാൻ. ഇതായിരുന്നു കുടുംബം. അച്ഛനും അമ്മയും കോളജ് അധ്യാപകരായിരുന്നു. പത്താം ക്‌ളാസ് വരെ അമ്മയുടെ അമ്പലമുക്കിലുള്ള വീട്ടിലാണ് ഞാൻ കഴിഞ്ഞത്. അതിനുശേഷം അച്ഛൻ തന്റെ നാടായ വട്ടിയൂർക്കാവിൽ വീട് വച്ചു, ഞങ്ങൾ അവിടേക്ക്  താമസം മാറി.

അവതാരകയായി സിനിമയിലേക്ക്...

ടിവി പരിപാടികളിൽ അവതാരകയായാണ് എന്റെ തുടക്കം. പിന്നീട് മിനിസ്ക്രീനിലേക്കും സിനിമകളിലേക്കും എത്തി. അൻപതോളം സിനിമകളിൽ ഇപ്പോൾ അഭിനയിച്ചു. ഗൗതമന്റെ രഥമാണ് റിലീസ് ചെയ്ത അവസാന സിനിമ. അപ്പോഴാണ് കോവിഡ് കാരണം ഷൂട്ടിങ് നിർത്തിവയ്ക്കുന്നത്.

അപ്രതീക്ഷിത ദുരന്തം..

ഞാനും അജിത്തും അയൽക്കാരും ചെറുപ്പം മുതൽ സുഹൃത്തുക്കളുമായിരുന്നു. അങ്ങനെ പരിചയം വിവാഹത്തിലെത്തി. ഞങ്ങൾക്ക് ഒരു മകൾ പിറന്നു-നന്ദന. ഞാനും അജിത്തും ദ് കാർ എന്ന സിനിമ നിർമിച്ച  സമയം. ചിത്രം പുറത്തിറങ്ങും മുൻപ് ഒരു കാറപകടത്തിൽ അജിത് മരണപ്പെട്ടു. കൂടെയുണ്ടായിരുന്ന ഒരാൾ പെട്ടെന്ന് കടന്നുപോകുമ്പോൾ ഉണ്ടാകുന്ന ശൂന്യത അനുഭവിച്ച കാലങ്ങൾ. മനസ്സിനെ ദുഃഖങ്ങളിൽ നിന്നും വഴിതിരിച്ചുവിടാൻ ഞാൻ തിരുവനന്തപുരത്തു ഒരു ബുട്ടീക് തുടങ്ങി. അങ്ങനെ ജീവിതം മുന്നോട്ടുപോയി.

മകൾ പഠനത്തിനായി പോയതോടെ ഞാൻ വീണ്ടും ഒറ്റയ്ക്കായി. ജീവിതത്തിൽ ഒരു കൂട്ട് വേണമെന്ന് തോന്നിയപ്പോൾ 2009 ൽ വീണ്ടും വിവാഹിതയായി. അദ്ദേഹത്തിന്റെയും രണ്ടാം വിവാഹം ആയിരുന്നു. പക്ഷേ ഞങ്ങൾക്ക് ഒത്തുപോകാൻ കഴിഞ്ഞില്ല. അങ്ങനെ ഞങ്ങൾ പരസ്പരം വേർപിരിഞ്ഞു.

അച്ഛന്റെ ഓർമയാണ് ഇനി ഈ വീട്..

devi-ajith-home

എന്റെ ജീവിതത്തിലെ നല്ലൊരു കാലഘട്ടവും, ഇപ്പോഴും ഞാൻ വട്ടിയൂർക്കാവിലുള്ള വീട്ടിലാണ് ജീവിച്ചത്. പഠനകാലം, വിവാഹം കഴിഞ്ഞു അജിത്തുമായി വന്നുകേറിയത്, മകൾ ജനിച്ചത്, സിനിമയിൽ എത്തിയത് തുടങ്ങി ഒരുപാട് സന്തോഷവും ദുഃഖവും നിറഞ്ഞ നിമിഷങ്ങൾക്ക് സാക്ഷ്യം വഹിച്ച വീട്. മുപ്പതു വർഷത്തെ പഴക്കത്തിന്റെ ലക്ഷണങ്ങൾ കണ്ടപ്പോൾ അടുത്തിടെ വീട് ചെറുതായി ഒന്ന് മിനുക്കിയിരുന്നു. അടുത്തിടെ അച്ഛൻ ഞങ്ങളെ വിട്ടു യാത്രയായി. ഇപ്പോൾ അച്ഛന്റെ ഓർമകൾ നിറയുന്ന ഇടം കൂടിയാണ് ഈ വീട്. അതുകൊണ്ടുതന്നെ ഇനി ജീവിതത്തിൽ മറ്റൊരു വീട് വയ്ക്കുമെന്ന് തോന്നുന്നില്ല. ഇവിടെ തന്നെ ജീവിച്ചു മരിക്കണം എന്നാണ് ആഗ്രഹം.

devi-ajith-family
ഫയൽചിത്രം

English Summary- Devi Ajith Celebrity Home

ബാല്യം മുതൽ ഇന്നുവരെ നിങ്ങളുടെ ജീവിതത്തിലൂടെ കടന്നുപോയ വീടുകളെക്കുറിച്ച് ഗൃഹാതുരമായ ഓർമകളുണ്ടോ? ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.യോഗ്യമായവ പ്രസിദ്ധീകരിക്കും.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SPOT LIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA