ADVERTISEMENT

കഷ്ടപ്പാടുകൾക്കിടയിൽ നിന്നും സിനിമയിലെത്തി ചെറിയ വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ നടനാണ് ബിനീഷ് ബാസ്റ്റിൻ. ബിനീഷിന്റെ വീട്ടുവിശേഷങ്ങൾ നേരത്തെ ഹോംസ്റ്റൈൽ ചാനൽ പങ്കുവച്ചിരുന്നു. അന്ന് ബിനീഷ് പങ്കുവച്ച ഏറ്റവും വലിയ ആഗ്രഹമായിരുന്നു കാലിൽ ചെളി പറ്റാത്ത ഒരു വീട്ടിലേക്ക് അമ്മയെയും കൊണ്ട് കയറണമെന്നത്. ഇപ്പോൾ ആ  ലക്ഷ്യത്തിലേക്കുള്ള യാത്ര തുടങ്ങി എന്ന് താരം സമൂഹമാധ്യമത്തിൽ അറിയിച്ചിരിക്കുന്നു.

എന്റെ നാട്ടിൽ ഇനി പൊളിച്ചു പണിയാൻ എന്റെ വീട് മാത്രമേ ബാക്കിയുള്ളൂ. പുതിയ വീട് വയ്ക്കാനുള്ള തയാറെടുപ്പിലാണ്. ഇതുവരെ ലോൺ എടുക്കാതെയാണ് ബൈക്കും കാറുമെല്ലാം വാങ്ങിയത്. വീടും ലോൺ എടുക്കാതെ പണിയണം എന്നാണ് ആഗ്രഹം. ലക്ഷ്യത്തിന് അടുത്തെത്തിക്കഴിഞ്ഞു...

bineesh-helo

 

താരത്തിന്റെ വീട്ടുവിശേഷങ്ങൾ വായിക്കാത്തവർക്കായി സംക്ഷിപ്തമായി പുനർപ്രസിദ്ധീകരിക്കുന്നു..

 

bineesh-bastin-house

ഓർമവീട്..

കൊച്ചി തോപ്പുംപടിയിലാണ് വീട്. അച്ഛൻ സെബാസ്റ്റ്യൻ, അമ്മ മരിയ. ഞങ്ങൾ നാലു മക്കൾ. ഇതായിരുന്നു കുടുംബം. കഷ്ടപ്പാടുകളും ദാരിദ്രവും നിറഞ്ഞ കുട്ടിക്കാലമായിരുന്നു എന്റേത്.  10 സെന്റിൽ ഏകദേശം 40 വർഷത്തോളം പഴക്കമുള്ള വീടായിരുന്നു ഞങ്ങളുടേത്. ചതുപ്പു പ്രദേശമായതിനാൽ എല്ലാ വർഷവും മഴക്കാലത്ത് വീടിനകത്ത് വെള്ളം കയറും. വീട് നിറയെ ചെളി അവശേഷിപ്പിച്ചാണ് ഓരോ മഴക്കാലവും കടന്നുപോവുക. അന്നൊന്നും വീട്ടിൽ കറന്റ് കണക്‌ഷൻ പോലുമില്ല. രാത്രിയാകുമ്പോൾ കട്ടിലിൽ പിടിച്ചു കിടന്നില്ലെങ്കിൽ കൊതുക് കൊത്തിപ്പറക്കുമെന്ന സ്ഥിതിയായിരുന്നു.

അപ്പന് ആദ്യം സ്വർണപ്പണിയായിരുന്നു. അത് നഷ്ടമായപ്പോൾ മൽസ്യത്തൊഴിലാളിയായി. എട്ടു വർഷം മുൻപ് അച്ഛൻ മരിച്ചു. അമ്മയാണ് ചെറുപ്പം മുതൽ കഷ്ടപ്പെട്ട് ഞങ്ങളെ വളർത്തി വലുതാക്കിയത്. ബീഡി തെറുപ്പായിരുന്നു അമ്മയുടെ ജോലി. സ്‌കൂൾ കാലത്തുതന്നെ ഞാൻ ചേട്ടന്മാരോടൊപ്പം വീടുപണികൾക്ക് സഹായിയായി പോകുമായിരുന്നു. പെയിന്റിങ്, ഓടുമേയൽ, പിന്നെ ടൈൽസ് പണിയാണ് പ്രധാനം. പത്താം ക്‌ളാസ് തോറ്റപ്പോഴേക്കും അത് പിന്നെ സ്ഥിരം പണിയാക്കി. സഹോദരങ്ങൾ വിവാഹിതരായതോടെ ഓരോരുത്തരും ഭാഗം പറ്റി പിരിഞ്ഞു. ബാക്കിയുള്ള രണ്ടര സെന്റും വീടുമാണ് എനിക്ക് ലഭിച്ചത്. അവിടെയാണ് ഇപ്പോഴും ഞാനും അമ്മയും താമസിക്കുന്നത്.

bineesh-bastin-house

ഞങ്ങളുടെ പ്രദേശത്ത് അതിനുശേഷം നിർമിച്ച പലവീടുകളും രണ്ടുംമൂന്നും വട്ടം പൊളിച്ചു പണിതിട്ടുണ്ട്. പക്ഷേ ഞങ്ങളുടെ വീട് ഇപ്പോഴും അതേപടി നിലനിൽക്കുന്നു. കാരണം സാമ്പത്തികമാണ് കേട്ടോ. ഉറക്കമിളച്ച് ബീഡി തെറുത്തും ആടിനെ വളർത്തിയുമൊക്കെ അമ്മ സമ്പാദിച്ച പണം കൊണ്ടാണ് വെറും ചായ്പ്പായിരുന്ന വീട്ടിൽ മുറികൾ പടിപടിയായി കൂട്ടിച്ചേർത്തത്. ഇപ്പോൾ എല്ലാം കൂടി നാലുമുറികൾ തട്ടിക്കൂട്ടിയിട്ടുണ്ട്.

 

പ്രളയവും വീടും...

എല്ലാവർഷവും വീട്ടിൽ ചെറുതായി വെള്ളം കയറുമെങ്കിലും കഴിഞ്ഞ വർഷം വാതിൽപ്പിടി ഉയരത്തിൽ വെള്ളം കയറി. അത് വാർത്തയായപ്പോഴാണ് എന്റെ വീടിന്റെ അവസ്ഥ പുറത്തുള്ളവർ അറിയുന്നത്. പുതിയ വീട് നിർമിച്ചു തരാം എന്നതടക്കം നിരവധി സഹായവാഗ്ദാനങ്ങൾ അതിനുശേഷം ലഭിച്ചു. പക്ഷേ ഞാൻ അതെല്ലാം സ്നേഹപൂർവ്വം നിരസിച്ചു. എനിക്ക് ജോലി ചെയ്തു ജീവിക്കാനുള്ള ആരോഗ്യമുണ്ട്. എന്റെ സ്വന്തം വീട് എന്റെ വിയർപ്പ് കൊണ്ടുതന്നെ സാക്ഷാത്കരിക്കണം, അല്ലെങ്കിൽ അതിൽ കിടക്കുമ്പോൾ ഉറക്കം വരില്ല. വെള്ളവും ചെളിമണവുമില്ലാത്ത ഒരുനില വീട് എന്നതാണ് ഏറ്റവും വലിയ സ്വപ്നം. ആദ്യം മുറ്റം കെട്ടിയടുക്കണം. പിന്നെ ഉള്ളിൽ ഒരു അറ്റാച്ഡ് ബാത്റൂം വേണം. എല്ലാം പ്രതീക്ഷിച്ച പോലെ നടന്നാൽ അടുത്ത വർഷം തന്നെ വീടുപണി തുടങ്ങാനാണ് പദ്ധതി..

English Summary- Bineesh Bastin New Home Dream

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com