ADVERTISEMENT

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് തംബുരു എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയായ സോനാ ജെലിന. 

തിരുവനന്തപുരത്തിനടുത്തുള്ള നെടുമങ്ങാട് ഉള്ള സോനയുടെ വീട്ടിൽ ഇപ്പോൾ എല്ലാവരും ഉത്സാഹത്തിലാണ്. ഷൂട്ടിങ് തിരക്കുകളിൽ നിന്നും മാറി മകളെ അടുത്തുകിട്ടിയ സന്തോഷത്തിലാണ് അമ്മ പ്രസന്ന. സഹോദരന്മാരായ ജെലിനും ജെതിനും കുഞ്ഞനിയത്തിയുമായുള്ള അവധി ദിവസങ്ങളിൽ ആനന്ദം കണ്ടെത്തുകയാണ്. സോനയുടെ മൂത്ത രണ്ടു ചേട്ടന്‍മാരുമായി കുട്ടിത്താരത്തിന് 18 വയസോളം പ്രായവ്യത്യാസമുണ്ട്. അതിനാൽത്തന്നെ ഒരച്ഛന്റെ വാത്സല്യവും ഏട്ടന്റെ സ്നേഹവും സഹോദരന്മാർ ഒരുമിച്ചു നൽകുകയാണ്.  വീട്ടുവിശേഷങ്ങൾ സോനാ ജെലീന പങ്കുവയ്ക്കുന്നു...


ലോക്ഡൗൺ കാല ജീവിതം..

sona-jelina


ലോക്ഡൗൺ പെട്ടെന്ന് പ്രഖ്യാപിച്ചപ്പോൾ ആകെ വിഷമമായിരുന്നു. എന്തുചെയ്യും എന്ന തോന്നൽ. എന്നാൽ ലോക്ഡൗൺ പ്രഖ്യാപിക്കുന്നതിനു ഏറെ മുൻപുതന്നെ സ്‌കൂൾ അടച്ചിരുന്നു. ഇത്തവണ പരീക്ഷപോലും ഇല്ലാതെയാണ് ഏഴാം ക്‌ളാസിലേക്ക് എത്തിയത്. അതിന്റെ സന്തോഷത്തിലൊക്കെ ഇരിക്കുമ്പോഴാണ് ലോക്ഡൗൺ വരുന്നത്. എന്നാൽ കൊറോണയെപ്പറ്റി കൂടുതൽ അറിഞ്ഞപ്പോൾ ലോക്ഡൗൺ ഒരു പ്രശ്നമായി തോന്നിയില്ല. നമ്മുടെ സുരക്ഷയ്ക്ക് വേണ്ടി തന്നെയാണല്ലോ എന്നോർത്തപ്പോൾ ആ അവസ്ഥയുമായി ചേർന്ന് പോകാൻ തുടങ്ങി.



വീടൊരു സ്വർഗ്ഗമായി...

sona-home

അക്ഷരാർത്ഥത്തിൽ വീട് ഒരു സ്വർഗ്ഗമായി എന്ന് പറയുന്നതാണ് ശരി. എല്ലാ ദിവസവും ചേട്ടന്മാരും അച്ഛനും അമ്മയും ഞാനും ഏട്ടത്തിമാരും മക്കളുമെല്ലാം ഒരുമിച്ചുണ്ടാകുമെങ്കിലും എല്ലാവർക്കും അവരവരുടേതായ തിരക്കുകൾ ഉണ്ടായിരുന്നു. എന്നാൽ ലോക്ഡൗൺ വന്നപ്പോഴാണ് വീട്ടിൽ എല്ലാവരും കൂടി കളിചിരിയൊക്കെയായി ഇരിക്കുമ്പോൾ ഇത്രയേറെ സന്തോഷമുണ്ടെന്ന് മനസിലായത്. ഇപ്പോൾ ഞങ്ങൾ ഒരുമിച്ചാണ് പാചകം ചെയ്യുന്നത്, അതിനുശേഷം ഒരുമിച്ചിരുന്നു സിനിമ കാണും, കളിക്കും. പിന്നെ അമ്മയെ സഹായിക്കും. ഒരുപാട് കാര്യങ്ങൾ സംസാരിക്കാനും ഓർമ്മകൾ പങ്കുവയ്ക്കാനും കഴിഞ്ഞു.


അടുക്കിപ്പെറുക്കലിൽ തുടങ്ങി ബോട്ടിൽ ആർട്ട് വരെ...

അമ്മയെ സഹായിക്കലും വീട് അടുക്കിപ്പെറുക്കലും കഴിഞ്ഞപ്പോൾ ബോട്ടിൽ ആർട്ടിലേക്ക് കടന്നു. ലോക്ഡൗൺ കാലത്തെ ട്രെൻഡും അതാണല്ലോ. അങ്ങനെ ബോട്ടിലുകൾ ശേഖരിച്ച് പെയിന്റ് ചെയ്ത് ഷോകേസിൽ സൂക്ഷിച്ചു. കുറച്ചുനാൾ അങ്ങനെയും പോയി.

 

ഷോർട്ട്ഫിലിം സംവിധായിക - കൊറോണ ഭൂതം

sona-shortfilm

ഷൂട്ടിങ് ദിനങ്ങൾ വല്ലാതെ മിസ് ചെയ്തപ്പോഴാണ് സ്വന്തമായി ഒരു ഷോർട്ട് ഫിലിം ചെയ്താലോ എന്ന ആഗ്രഹം ഉദിക്കുന്നത്. രണ്ടാമത്തെ ചേട്ടനായ ജെലിനോട് കാര്യം പറഞ്ഞപ്പോൾ പൂർണ പിന്തുണ. അങ്ങനെ വീട്ടിലെ അംഗങ്ങളെ തന്നെ താരങ്ങളാക്കി, പൂർണമായും വീടിനുള്ളിൽ തന്നെ ഷൂട്ട് ചെയ്ത ചിത്രമാണ് കൊറോണ ഭൂതം. മനസ്സിൽ തോന്നിയ ചില ചിന്തകൾ പ്രവർത്തികമാക്കുന്നു. അതിനു പൂർണ പിന്തുണയുമായി കുടുംബം കൂടെ നിൽക്കുന്നു. അതാണ് കൊറോണക്കാലത്തെ ഒരു സന്തോഷം. കൊറോണ ഭൂതം എന്ന ഷോർട്ട് ഫിലിമിന് ധാരാളം തെറ്റുകൾ ഉണ്ടാകാം. എന്നാൽ എന്റെ ആദ്യത്തെ ഷോർട്ട് ഫിലിം നിർമാണ പരീക്ഷണമാണ് അത്. ലോക്ഡൗൺ കാലം പുതിയ ചില കാര്യങ്ങൾ പഠിക്കാൻ കൂടി ഉപകരിച്ചതിൽ സന്തോഷം.

English Summary- Sona Jelina Lockdown Family Memories

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com