ഭാഗ്യനടൻ എന്നാണ് ബാലാജി ശർമ ഇപ്പോൾ മലയാളസിനിമയിൽ അറിയപ്പെടുന്നത്. ബാലാജി അഭിനയിച്ച ചില സിനിമകൾ തുടർച്ചയായി 50, 100 കോടി ക്ലബിൽ ഇടംപിടിച്ചതോടെയാണ് ഇങ്ങനെയൊരു പേരുവീണത്. താരം തന്റെ വീട്ടുവിശേഷങ്ങൾ പങ്കുവയ്ക്കുന്നു.
ഓർമവീട്...
തിരുവനന്തപുരമാണ് സ്വദേശം. അച്ഛനും അമ്മയും സർക്കാർ ഉദ്യോഗസ്ഥരായിരുന്നു. പിന്നെ ചേച്ചി, ഞാൻ. ഇതായിരുന്നു കുടുംബം. ഏഴാം ക്‌ളാസ് വരെ അച്ഛന്റെ ക്വാർട്ടേഴ്സിലായിരുന്നു ഞങ്ങൾ താമസിച്ചിരുന്നത്. പിന്നീട് അച്ഛൻ പൂജപ്പുരയ്ക്കടുത്ത് വട്ടവിളയിൽ 10 സെന്റ് സ്ഥലം വാങ്ങി വീടുവച്ചു. 35 വർഷം മുൻപുള്ള കാര്യമാണ്.
ആഗ്രഹിച്ചു നടനായി...

സ്‌കൂളിൽ പഠിക്കുമ്പോൾത്തന്നെ അഭിനയമോഹം തുടങ്ങിയിരുന്നു. 16-ാമത്തെ വയസ്സിൽ എയർഫോഴ്സ് പരീക്ഷ വിജയിച്ചു. അവിടെ പൊലീസായി ജോലികിട്ടി. അപ്പോഴും അഭിനയമോഹം ഒരു കനലായി ഉള്ളിലുണ്ടായിരുന്നു. പിന്നെ ഡിഗ്രിയും എൽഎൽബിയുമെല്ലാം ജോലിയിലിരുന്നു കൊണ്ട് നേടി. അതോടെ റിസ്ക് എടുക്കാനുള്ള ധൈര്യം കിട്ടി. നല്ല ജോലി രാജിവച്ചുനേരെ സിനിമാനടനാകാൻ ചാൻസ് ചോദിച്ചിറങ്ങി.
ആദ്യം ജൂനിയർ ആർട്ടിസ്റ്റായി ഒരു അവാർഡ് സിനിമയിൽ അവസരം കിട്ടി. അതിൽ തോണി തള്ളുന്ന ഒരു സീനുണ്ട്. എനിക്ക് ഈഗോ അടിച്ചു. ഞാൻ ഇത്രയും നല്ല ജോലിയും കളഞ്ഞു നടനാകാൻ വന്നത് ഇതിനാണോ എന്ന് ചോദിച്ചു. അപ്പോഴാണ് കൂടെ തോണി തള്ളാൻ വന്ന ഒരു ജൂനിയർ ആർട്ടിസ്റ്റ് എസ്‌ഐ ആണെന്ന് മനസിലായത്. പുള്ളിയും എന്നെപ്പോലെ അഭിനയമോഹി തന്നെ.. അതോടെ അങ്ങനെ തുടർന്നാൽ ജീവിതം പച്ചപിടിക്കില്ല എന്ന് ബോധ്യമായി.
പിന്നീട് വാണിജ്യസിനിമകളുടെ സംവിധായകരുടെ സിനിമകളിൽ ചാൻസ് ചോദിച്ചു. അങ്ങനെ ചെറിയ വേഷങ്ങൾ കിട്ടിത്തുടങ്ങി. ആ സമയത്തുതന്നെ സീരിയലുകളിലും അവസരം ലഭിച്ചു. മധുപാൽ ഒഴിമുറിയിലേക്ക് വിളിച്ചതാണ് ഒരു വഴിത്തിരിവ്. ആ വേഷം ശ്രദ്ധിക്കപ്പെട്ടു. പിന്നീടാണ് ഭാഗ്യം പോലെ സൂപ്പർഹിറ്റ് സിനിമകളുടെ ഭാഗമാകാൻ കഴിഞ്ഞത്. അതോടെ ഭാഗ്യനടൻ എന്ന പേര് വീണു. ഇപ്പോൾ 90 സിനിമകളിൽ അഭിനയിച്ചു.
ഇന്നും വിട്ടുപിരിയാത്ത വീട്...

സിനിമയിൽ തിരക്കേറിയെങ്കിലും എന്റെ വേരുകൾ ഞാൻ വിട്ടുപോയിട്ടില്ല. ഇന്നും അച്ഛൻ നിർമിച്ച വീട്ടിൽത്തന്നെയാണ് കുടുംബമായി ജീവിക്കുന്നത്. നഗരത്തിൽ തന്നെ എന്നാൽ ഗ്രാമാന്തരീക്ഷമുള്ള ഒരു സ്ഥലത്താണ് വീട്. സ്വച്ഛസുന്ദരമായ കാലാവസ്ഥയാണ് ഇവിടുത്തെ പ്രത്യേകത.
സ്ഥലപരിമിതി വന്നപ്പോൾ അടുത്ത കാലത്ത് വീടിന്റെ മുകളിൽ ഒരുനില കൂടി പണിതു. ഇടുങ്ങിയ മുറികൾ ഒന്ന് വിശാലമാക്കി. പുറംകാഴ്ച ഒക്കെ ഒന്ന് മിനുക്കി. ശരിക്കും ഒരു പുതിയ വീട് പണിയുന്ന പണം ഇപ്പോൾ ഞാൻ പുതുക്കിപ്പണികൾക്ക് ചെലവാക്കിയിട്ടുണ്ട്.
സിനിമകൾ ഇപ്പോൾ കൂടുതലും എറണാകുളം കേന്ദ്രീകരിച്ചാണല്ലോ. പലരും എന്നോട് ചോദിച്ചിട്ടുണ്ട്. കൊച്ചിയിൽ ഒരു ചെറിയ വീട് വല്ലതും വാങ്ങി മാറിക്കൂടെ എന്ന്. പക്ഷേ ഞാൻ ഹോംസിക്നസ് ഉള്ളയാളാണ്. വേരുകൾ പറിച്ചെറിഞ്ഞു കളയാൻ എനിക്ക് കഴിയില്ല. ഇതിനിടയ്ക്ക് പലരും നിർബന്ധിച്ച് വേറെ സ്ഥലമൊക്കെ കൊണ്ടുകാണിച്ചിട്ടുണ്ട്. പക്ഷേ അതൊന്നും എനിക്കിഷ്ടമായില്ല.
കുടുംബം, കൊറോണക്കാലം...

ഭാര്യ സ്മിത. സെക്രട്ടേറിയറ്റ് ജീവനക്കാരിയാണ്. മകൾ നവോമിക. അച്ഛൻ മരിച്ചു. അമ്മ ഞങ്ങളോടൊപ്പമുണ്ട്. ഈ കൊറോണക്കാലം വീട്ടിൽ സ്വസ്ഥം, ഗൃഹഭരണമാണ്. ഈ കൊറോണക്കാലത്തെ ഒരു സന്തോഷം മകൾക്കൊപ്പം സമയം ചെലവിടാൻ കഴിയുന്നുവെന്നതാണ്. അവൾ ഞങ്ങളുടെ ജീവിതത്തിലേക്ക് വന്നിട്ടു ഒന്നേമുക്കാൽ വർഷം ആയതേയുള്ളൂ. ഷൂട്ടിങ്ങിന്റെ തിരക്കുകൾക്കിടെ അവളെ ശരിക്കൊന്നു ഓമനിക്കാൻ പോലും പലപ്പോഴും കഴിഞ്ഞിട്ടില്ല. ആ കുറവെല്ലാം ഇപ്പോൾ പരിഹരിക്കുകയാണ്.
പിന്നെ ക്രിയേറ്റീവ് ആയി സമയം ചെലവിടാൻ ശ്രമിക്കുന്നുണ്ട്. ഒരു ലോക്ഡൗൺ സ്റ്റോറി എന്ന പേരിൽ ഒരു ഷോർട് ഫിലിം ചെയ്തു. പലയിടത്തായി ഉള്ള ആളുകൾ എന്റെ തിരക്കഥയ്ക്ക് അനുസരിച്ച് ഷൂട്ട് ചെയ്ത രംഗങ്ങൾ കൂട്ടിച്ചേർത്താണ് ചിത്രം നിർമിച്ചത്. ഇതിനൊപ്പം അത്യാവശ്യം എഴുത്തുകളും പുരോഗമിക്കുന്നു. ലോകം എത്ര ചെറുതാണെന്നും എവിടെയൊക്കെ പോയാലും മടങ്ങിയെത്തേണ്ടത് വീടിന്റെ സുരക്ഷിതത്വത്തിലേക്കുമാണെന്നും ഈ കൊറോണക്കാലം മലയാളികളെ പഠിപ്പിച്ചു.
English Summary- Actor Balaji Sarma House Memories