sections
MORE

മകനും ഞാനും മാത്രമുള്ള കൊച്ചുലോകം; ലോക്ഡൗൺ കാലത്തെ ജീവിതം ഇങ്ങനെ: രേഖ രതീഷ്

rekha-ratheesh-home
SHARE

മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടനടിയാണ് രേഖ രതീഷ്. പരസ്പരം എന്ന സീരിയൽ അത്രത്തോളം പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ഇപ്പോൾ മഴവിൽ മനോരമയിലെ മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന സീരിയലിലൂടെ വീണ്ടും പ്രേക്ഷകരുടെ സ്വീകരമുറിയിലെ നിറസാന്നിധ്യമാണ് രേഖ. താരം തന്റെ വീട്ടുവിശേഷങ്ങൾ പങ്കുവയ്ക്കുന്നു.

ഓർമവീട്..

തിരുവനന്തപുരത്താണ് ജനനം എങ്കിലും വളർന്നതു ചെന്നൈയിലാണ്. മാതാപിതാക്കൾ ചലച്ചിത്ര രംഗത്തുള്ളവരായിരുന്നു. അച്ഛൻ രതീഷ് അറിയപ്പെടുന്ന ഡബ്ബിങ് കലാകാരനായിരുന്നു. സാക്ഷാൽ മമ്മൂട്ടിക്കു അദ്ദേഹത്തിന്റെ തുടക്കകാലത്ത് ശബ്ദം നൽകിയിരുന്നത് അച്ഛനായിരുന്നു. ഇത് മമ്മൂക്ക തന്നെ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുമുണ്ട്. അമ്മ രാധാമണി നാടക, സിനിമാ നടിയായിരുന്നു. 

അച്ഛന്റെ നാടാണ് തിരുവനന്തപുരം. അമ്മയുടേത് കോട്ടയവും. അച്ഛന്റെ ഒരു കൂട്ടുകുടുംബമായിരുന്നു. അവർ ഏഴ് മക്കളായിരുന്നു. അച്ഛനുമമ്മയും പ്രണയിച്ച് രണ്ടാം വിവാഹം കഴിച്ചവരായിരുന്നു. അതുകൊണ്ട് ഇരുവീടുകളിലും അധികം പിന്തുണയുണ്ടായിരുന്നില്ല. ഇരുവരുടെയും മധ്യവയസിലാണ് ഞാൻ ജനിക്കുന്നത്. അവധിക്കാലത്ത് തിരുവനന്തപുരത്തേക്കുള്ള യാത്രകളാണ് വീടിനെക്കുറിച്ചുള്ള ആകെ ഓർമകൾ. അമ്മയുടെ നാടുമായി അങ്ങനെ ബന്ധമുണ്ടായിരുന്നില്ല. പിന്നീട് ഇരുവരും വിവാഹമോചനം നേടി. ഞാൻ അച്ഛന്റെ കൂടെ ചെന്നൈയിൽ തന്നെ വളർന്നു. ഇപ്പോൾ ഇരുവരും മരിച്ചിട്ട് വർഷങ്ങളായി.

മിനിസ്ക്രീനിലേക്ക്...

rekha-ratheesh

4 വയസുള്ളപ്പോൾ ഒരു തമിഴ് ടി.വി. പരമ്പരയിൽ രേവതിയുടെ ബാല്യകാലം അവതരിപ്പിച്ചു. നടൻ ക്യാപ്റ്റർ രാജു അച്ഛന്റെ അടുത്ത സുഹൃത്തായിരുന്നു. അദ്ദേഹമാണ് സീരിയലിലേക്ക് കൈപിടിച്ചുകൊണ്ടുവന്നത്. 14 വയസ്സുള്ളപ്പോളാണ് ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്നത്. പിന്നീട് ചെറിയ ഇടവേളകളിൽ സീരിയലുകൾ ചെയ്തു. കരിയറിലൊരു വഴിത്തിരിവ് തന്നത് മഴവിൽ മനോരമയിലെ ആയിരത്തിൽ ഒരുവൾ എന്ന സീരിയലാണ്. പിന്നീട് പരസ്പരം ശ്രദ്ധിക്കപ്പെട്ടു. ഇപ്പോൾ മഴവിൽ മനോരമയിൽ മഞ്ഞിൽ വിരിഞ്ഞ പൂവിലും മറ്റു രണ്ടു സീരിയലുകളിലും അഭിനയിക്കുന്നു.

സീരിയൽ വീടുകൾ...

parasparam-serial

മാസത്തിൽ ഇരുപത്തഞ്ചു ദിവസത്തോളം നമ്മൾ സീരിയൽ ഷൂട്ട് ചെയ്യുന്ന വീടുകളിലായിരിക്കും. അങ്ങനെ അടുപ്പം തോന്നിയ വീടുകളാണ് പരസ്പരത്തിലെ രണ്ടു വീടുകൾ. എന്റെ കഥാപാത്രം അതിൽ അറിയപ്പെട്ടിരുന്നത് തന്നെ വീടിന്റെ പേരിലായിരുന്നു-പടിപ്പുര വീട്ടിൽ പദ്മാവതി. പടിപ്പുര വീട് എന്ന പേര് ആ സീരിയൽ വഴി പ്രശസ്തമായി. ഇപ്പോൾ അഭിനയിക്കുന്ന സീരിയലുകളിലെ വീടുകളോടും മാനസികമായ അടുപ്പമുണ്ട്. 

സ്വന്തം പോലെ വാടകവീട്..

rekha-family

സീരിയലുകൾ തുടരെ ലഭിച്ചതോടെ ഞാൻ തിരുവനന്തപുരത്തേക്ക് താമസം മാറി. വാടകവീടുകളാണ് അന്നുമുതൽ ഇന്നുവരെ എന്റെ ജീവിതത്തിന്റെ ഭാഗമായത്. എങ്കിലും അവിടെ ഞാനും മകനും ഞങ്ങളുടെ വീടും സന്തോഷവും കണ്ടെത്തി. മകൻ അയാൻ. ഇപ്പോൾ 9 വയസായി. മകനെ നോക്കാൻ, പ്രായമായ ഒരമ്മയും ഞങ്ങളോടൊപ്പമുണ്ട്. ഇതാണ് ഇപ്പോൾ എന്റെ കുടുംബം.

കൊറോണക്കാലത്തെ ജീവിതം...

ജോലി ഇല്ലാത്തപ്പോൾ വീട്ടിൽ വെറുതെയിരിക്കാൻ ഇഷ്ടമുള്ളയാളാണ് ഞാൻ. അതുകൊണ്ട് ലോക്ഡൗൺ ഒരു ബോറടിയായി തോന്നിയിട്ടേയില്ല. നേരത്തെ ഷൂട്ടിങ് തിരക്കുകൾ മൂലം മകന്റെ കാര്യങ്ങളും സ്വന്തം ആരോഗ്യവും അധികം നോക്കാൻ സമയം കിട്ടിയിരുന്നില്ല. ഇപ്പോൾ ആ കുറവുകൾ പരിഹരിക്കുന്നു. അതിനാൽ മകനും ഫുൾ ഹാപ്പി. വീട്ടിൽ ഒരു മിനി ജിം സെറ്റപ്പ് ചെയ്തിട്ടുണ്ട്. അവിടെ നന്നായി വർക്ക് ഔട്ട് ചെയ്യും. പിന്നെ അടുത്ത കുറച്ചു സീരിയൽ സുഹൃത്തുക്കളുണ്ട് എനിക്ക്. ഞാൻ പാചകം ചെയ്ത്, അതിന്റെ വിഡിയോ അവർക്ക് അയച്ചു കൊടുക്കും. ഗ്രൂപ് വിഡിയോ കാൾ ചെയ്യും. അങ്ങനെ സമയം ചെലവഴിക്കുന്നു. എല്ലാം വേഗം ശരിയാകണേ എന്ന് പ്രാർഥിക്കുന്നു.

English Summary- Rekha Ratheesh Serial Actor Home Memories

ബാല്യം മുതൽ ഇന്നുവരെ നിങ്ങളുടെ ജീവിതത്തിലൂടെ കടന്നുപോയ വീടുകളെക്കുറിച്ച് ഗൃഹാതുരമായ ഓർമകളുണ്ടോ? ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.യോഗ്യമായവ പ്രസിദ്ധീകരിക്കും.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SPOT LIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA