sections
MORE

'അന്ന് മരണത്തെ പേടിച്ചു കിടന്നുറങ്ങി; ഇന്ന് സുരക്ഷിതമായി ഉറങ്ങാം'; പ്രചോദനം ഈ അനുഭവം

landslide-home
SHARE

പെട്ടിമുടിയിൽ ഉണ്ടായ ഉരുൾപൊട്ടൽ ദുരന്തം കേരളത്തിന്റെയാകെ വേദനയായി മാറിയ സമയമാണിത്. നിരവധി വീടുകളും മനുഷ്യജീവനുകളുമാണ് മണ്ണടിഞ്ഞത്. ഓരോ മഴക്കാലവും ഇപ്പോൾ മലയാളികളെ ഭയപ്പെടുത്തുകയാണ്, പ്രളയമായും ഉരുൾപൊട്ടലായുമൊക്കെ. സ്വന്തമായൊരു വീട് സ്വപ്നം കാണുന്ന ആരുടേയും ഹൃദയം തൊടുന്ന അനുഭവമാണ് കോഴിക്കോട് സ്വദേശി ലിജിന് പറയാനുള്ളത്. കോഴിക്കോട് പശുക്കടവിൽ ഉണ്ടായിരുന്ന ലിജിന്റെ തറവാട് ഉരുൾപൊട്ടലിൽ തകരുകയായിരുന്നു. തന്റെ പുതിയ വീട്ടിലിരുന്നു, ഉരുൾപൊട്ടലിന്റെ ഭീതിയിൽ ജീവിച്ചിരുന്ന പഴയ വീടിന്റെ ഓർമകൾ പങ്കുവയ്ക്കുമ്പോൾ, പെട്ടിമുടി ദുരന്തപശ്ചാത്തലത്തിൽ അത് കൂടുതൽ പ്രസക്തമാകുന്നു.

നാലു വർഷം മുൻപ് വരെ ഞങ്ങളുടേത് എപ്പോൾ വേണമെങ്കിലും ഉരുൾപൊട്ടി മരിക്കാം എന്ന ഭീതിയിൽ ജീവിച്ച ജീവിതം എന്ന് പറയാം. ഒരു കുന്നിന്റെ മുകളിലായിരുന്നു ഞങ്ങളുടെ ജീവിതം ആരംഭിക്കുന്നത്. ഞങ്ങളും അച്ഛന്റെ സഹോദരങ്ങളും ഒക്കെ ഒന്നിച്ചൊരു തറവാട്ടിൽ. ഒരു മഴക്കാലത്തെ ശക്തമായ ഉരുൾപൊട്ടലിൽ ഞങ്ങളുടെ തറവാടിന്റെ മുറ്റം ഉൾപ്പെടെ ഉരുൾ കൊണ്ട് പോയി. എന്തോ ഭാഗ്യത്തിന് വീട് പോയില്ല. വീട്ടിൽ ഉണ്ടായിരുന്നവരും പോയില്ല. അതായിരുന്നു ആദ്യത്തെ രക്ഷപെടൽ.


പിന്നീട് കുറച്ചു വർഷങ്ങൾക്ക് ശേഷം തറവാട്ടിൽ ആളുകളുടെ എണ്ണം കൂടിയതോടെ ഓരോരുത്തരായി വീട് വച്ച് മാറി. അന്ന് ഉരുൾപൊട്ടി ഒഴുകിയത് ഞങ്ങളുടെ ഭൂമിയിലൂടെ തന്നെ ആയിരുന്നു. മറ്റൊരിടത്തു സ്ഥലം വാങ്ങി വീട് വയ്ക്കാനുള്ള 
സാമ്പത്തിക സ്ഥിതി ഇല്ലാത്തതു കൊണ്ട് ആ കുന്നിൻ ചെരുവിൽ, ഉരുൾ ഒഴുകിയ ഭൂമിയിൽ 3 ഓലപ്പുര ഉയർന്നു. അച്ഛന്റെ, അച്ചന്റെ അനിയന്റെ, അച്ഛന്റെ ഏട്ടന്റെ. സുരക്ഷിതമായ സ്ഥലമെന്നു ഒരിക്കലും വിശേഷിപ്പിക്കാൻ പറ്റാത്ത സ്ഥലത്തായിരുന്നു ഞങ്ങളുടെ ഓലപ്പുര.

പിറകിൽ ഒരിക്കൽ ഉരുൾപൊട്ടിയ, എപ്പോൾ വേണമെങ്കിലും ഉരുൾപൊട്ടാൻ സാധ്യത ഉള്ള കുത്തനെ ഉള്ള ഒരു മല. വീടിനു മുന്നിലും രണ്ട് സൈഡിലും പുഴ. മഴക്കാലമായാൽ ചെകുത്താനും കടലിനും നടുക്ക് എന്ന അവസ്ഥ. മണ്ണിടിച്ചിൽ ഉണ്ടായാൽ ഓടി രക്ഷപെടാൻ പോലും പറ്റില്ല. കാരണം മൂന്ന് സൈഡും ശക്തമായ ഒഴുക്കുള്ള പുഴയാണ്. നല്ല മഴ പെയ്താൽ പുഴയിലെ വെള്ളം മുറ്റത്തെത്തും.

കുറച്ചു കാലം കഴിഞ്ഞു ഓലപ്പുര ചെറിയൊരു കോൺക്രീറ്റ് വീടായി മാറി. ഉരുൾപൊട്ടൽ പോലെ ഞങ്ങളുടെ ജീവനും സ്വത്തിനുമുള്ള മറ്റൊരു വലിയ ഭീഷണി ആയിരുന്നു കുന്നിൻ മുകളിലെ പാറക്കെട്ടുകൾ. ഇടക്കിടക്ക് മഴക്കാലത്ത് പാറകൾ താഴേക്ക് ഉരുണ്ടു വരുന്നത് പതിവായിരുന്നു. ഒരിക്കൽ ഒരു വലിയ പാറ അച്ഛന്റെ ഏട്ടന്റെ വീടിന്റെ ബാത്റൂമും തകർത്തു അവരുടെ മുറ്റത്തു വന്നാണ് നിന്നത്. ഒരുപാട് തവണ ഉരുണ്ടു വരുന്ന പാറകളിൽ നിന്നും ഞങ്ങൾ രക്ഷപെട്ടു. പലപ്പോളും വീടിന്റെ തറയിൽ ഇടിച്ച പാറകൾ നിന്നു.

റോഡും വൈദ്യുതിയും ആ ഭാഗത്തേക്ക് എത്താൻ വളരെ കാലങ്ങൾ കഴിഞ്ഞിരുന്നു. റോഡ് വന്നിട്ട് 4 വർഷം ആകുന്നെ ഉള്ളൂ, റോഡ് വന്നത് തന്നെ വലിയൊരു കഥയാണ്. അത് പിന്നെ പറയാം. അങ്ങാടിയിൽ നിന്ന് ഒരു കിലോമീറ്റർ കൂടുതൽ ദൂരം ദുർഘടമായ വഴിയിലൂടെ വേണം ഞങ്ങളുടെ വീട്ടിലേക്ക് വരാൻ. കറന്റ് കിട്ടിയിട്ട് 12 വർഷം ആയതേയുള്ളൂ.

lijin-house

മഴക്കാലമായാൽ സുഹൃത്തുക്കളും കുടുംബക്കാരും പിന്നെ ഞങ്ങളുടെ വീട്ടിലേക്ക്  വരില്ല. പേടിയാണ് എല്ലാർക്കും. ഉരുൾപൊട്ടി മരിച്ചു പോകുമോ എന്ന്. ഒരുപാട് കാലം ആ പേടി എന്നെയും വേട്ടയാടിയിരുന്നു. പക്ഷെ പേടിച്ചു പേടിച്ചു ആ പേടി ഇല്ലാതെ ആയി. മരണത്തിനോടുള്ള പേടിയും ആ കൂട്ടത്തിൽ ഇല്ലാതെ ആയി. മഴക്കാലമായാൽ എന്നും മരണം പ്രതീക്ഷിച്ചു ജീവിക്കുന്നവന് പിന്നെ എന്ത് പേടി! ആ 23 വർഷം മഴക്കാലങ്ങളിൽ ഞാൻ ഉറങ്ങിയിരുന്നത് നാളെ നേരം പുലരുമ്പോൾ ജീവനോടെ ഉണ്ടാകില്ല എന്നുറപ്പിച്ചിട്ടാണ്.

2005ൽ ആണ് മറ്റൊരു രക്ഷപെടൽ. രാത്രിയാണ്. നല്ല മഴ പെയ്യുന്ന ദിവസങ്ങളിൽ ഞങ്ങൾ ഉറങ്ങാറില്ല. പുഴയിലെ ശക്തമായ ഒഴുക്കിന്റെ ശബ്ദം ഉറങ്ങാൻ അനുവദിക്കാറില്ല. അന്നും ഉറങ്ങിയില്ല. പുഴയിൽ അതി ശക്തമായ ഒഴുക്കാണ്. നല്ല മഴയും. മഴ ഒന്ന് കുറഞ്ഞപ്പോൾ ഞങ്ങൾ ഉറങ്ങാൻ കിടന്നു. ഭയങ്കര ശബ്ദം കേട്ടിട്ടാണ് എണീക്കുന്നത്, രാത്രി 1 മണി ആയിട്ടുണ്ട്. ചെളിയുടെ അതിരൂക്ഷമായ മണം പുഴയിൽ നിന്നും വരുന്നുണ്ട്. ഒടുക്കത്തെ മഴയും. അതുപോലെ ഒരു മഴ ഇതുവരെ ഞാൻ കണ്ടിട്ടില്ല അന്ന് കറന്റ് ഒന്നും കിട്ടിയിട്ടില്ല. അച്ഛൻ വാതിൽ തുറന്നു ടോർച് അടിച്ചു ചുറ്റും നോക്കി. ഞങ്ങളുടെയും അച്ഛന്റെ അനിയന്റെയും വീടുകൾക്കിടയിലേക്ക് മണ്ണിടിഞ്ഞ് വീണിരിക്കുന്നു. എന്തോ ഭാഗ്യത്തിന് വീടുകളെ ബാധിച്ചില്ല.

ആ മണ്ണിടിച്ചിൽ ഒരു ഉരുൾപൊട്ടൽ ആകാതിരുന്നത് എന്തോ ഭാഗ്യം. അല്ലായിരുന്നെങ്കിൽ അന്ന് തീർന്നേനെ ഞങ്ങൾ. പുഴയിലെ വെള്ളം വീടിന്റെ സ്റ്റെപ്പും കഴിഞ്ഞ് കോലായിലേക്ക് കേറാൻ തുടങ്ങിയിരുന്നു അപ്പോളേക്കും. കുന്നിൻ മുകളിലേക്ക് കേറുക എന്നതല്ലാതെ വേറെ വഴിയൊന്നും പിന്നെയില്ല. വീടിന്റെ 4 സൈഡും വെള്ളമാണ്. വീട്ടിലെ സാധങ്ങൾ ഒക്കെ ബെർത്തിന്റെ മുകളിലേക്ക് മാറ്റി എങ്ങനെയോ ആ വെള്ളത്തിലൂടെ ഞങ്ങൾ കുന്നിൻ മുകളിൽ ഉള്ള അച്ഛന്റെ പെങ്ങളുടെ വീട്ടിലെത്തി. മൊബൈലും ലാൻഡ്ഫോണും ഒന്നുമില്ല അന്ന്. അതുകൊണ്ട് ഇന്നത്തെ പോലെ ആരെയെങ്കിലും വിളിച്ചു ഒന്ന് രക്ഷിക്കാൻ പറയാൻ പറ്റില്ല.

എങ്ങനെ ഒക്കെയോ നേരം വെളുപ്പിച്ചു. നേരം വെളുത്തപ്പോൾ താഴോട്ട് ഇറങ്ങി. അപ്പോളേക്കും വെള്ളമൊക്കെ ഒഴുകി പോയിരുന്നു. പുഴയിലെ ശക്തമായ ഒഴുക്കിന്റെ ബാക്കിപത്രങ്ങൾ ആയി ഞങ്ങളുടെ പറമ്പിൽ മരങ്ങളും ചെളിയും പാറകളും വന്നു കുമിഞ്ഞു കൂടിയിരുന്നു. നല്ല വീതി ഉണ്ടായിരുന്ന പുഴയുടെ ഒരു സൈഡിൽ പാറക്കല്ലുകൾ വന്നു നിറഞ്ഞ് പുഴ പകുതി ആയി പോയിരുന്നു. വീടിനകത്തും ചെളി നിറഞ്ഞിരുന്നു. ഞങ്ങളുടെ വീടിന്റെ 3 കിലോമീറ്റർ ചുറ്റളവിൽ 9 ഇടത്താണ് അന്ന് ഒറ്റ രാത്രിയിൽ ഉരുൾപൊട്ടിയത്. എന്തോ ഭാഗ്യത്തിന് ആരുടെയും ജീവൻ നഷ്ടപ്പെട്ടില്ല. അന്നത്തെ പോലത്തെ മഴയും വെള്ളവും ഇന്നേ വരെ ഇവിടെ ഉണ്ടായിട്ടില്ല. സ്ഥിതിഗതികൾ നോർമൽ ആകുന്ന വരെ കുറെ ദിവസം പശുക്കടവ് സ്കൂളിലെ ക്യാമ്പിൽ ആയിരുന്നു ജീവിതം. അതിനു ശേഷം വീണ്ടും പഴയ ജീവിതത്തിലേക്ക് തിരിച്ചു പോയി. 

സുരക്ഷിതമായ ഒരു സ്ഥലത്തേക്ക് വീട് വച്ച് മാറാൻ താല്പര്യം ഇല്ലാത്തതു കൊണ്ടല്ല, അതിനുള്ള ശേഷി ഞങ്ങൾക്ക് അന്നില്ലായിരുന്നു. അവിടെ ഉള്ള സ്ഥലം വിറ്റ് വേറെ സ്ഥലം വാങ്ങുക എന്നത് നടക്കില്ലായിരുന്നു. കാരണം കുന്നിൻ ചെരിവ് ആയതുകൊണ്ട് ആരും ഞങ്ങളുടെ സ്ഥലം വാങ്ങിക്കില്ലായിരുന്നു. അച്ഛനും അമ്മയും കൂലി പണിക്ക് പോയാണ് കുടുംബം നോക്കിയിരുന്നത്. തുച്ഛമായ കൂലിയായിരുന്നു അന്ന് അവർക്ക്. വീട്ടിലെ ചിലവുകളും മറ്റു കാര്യങ്ങളും കഴിഞ്ഞാൽ ബാക്കി ഒന്നും ഉണ്ടാകാറില്ലായിരുന്നു അതിൽ.

മഴപെയ്താൽ വെള്ളം കയറുന്നിടത്തുനിന്ന്, ഓരോ മഴക്കാലത്തും ഉരുൾപൊട്ടുമോ എന്ന പേടിയോടെ താമസിച്ച വീട്ടിൽ നിന്ന്, മഴക്കാലമായാൽ സുഹൃത്തുക്കളും കുടുംബക്കാരും പേടിച്ച് വരാതിരുന്ന ഞങ്ങളുടെ പഴയ വീട്ടിൽ നിന്ന് കൂലിപ്പണിയെടുത്ത് അച്ഛനും അമ്മയും, ടൈൽസിന്റെ പണിയെടുത്ത് ഏട്ടനും വയറിങ്ങിന്റെ പണിയെടുത്ത് ഞാനും കൂട്ടിവെച്ച കൊച്ചു സമ്പാദ്യങ്ങൾ കൊണ്ട് സുരക്ഷിതമായ ഒരിടത്തേക്ക് സ്ഥലം വാങ്ങി വീട് വച്ചിട്ട് 4 വർഷം കഴിഞ്ഞു.  

ആ ഒരു അവസ്ഥയിൽ നിന്നും ഈ ഒരു അവസ്ഥയിലേക്ക് മാറുവാൻ ആരുടെയും സൗജന്യങ്ങൾ ഒന്നും ഞങ്ങൾ സ്വീകരിച്ചിട്ടില്ല. സർക്കാരിന്റെ ഭവന പദ്ധതിയിൽ പെട്ട വീടുമല്ല. ഈ വീട്ടിലെ ഓരോ അണുവിനും കഠിനമായ അധ്വാനത്തിന്റെ, വിയർപ്പിന്റെ കഥകൾ മാത്രമേ പറയാൻ ഉണ്ടാവു..

English Summary- Landslide and Destroyed House Experience

ബാല്യം മുതൽ ഇന്നുവരെ നിങ്ങളുടെ ജീവിതത്തിലൂടെ കടന്നുപോയ വീടുകളെക്കുറിച്ച് ഗൃഹാതുരമായ ഓർമകളുണ്ടോ? ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.യോഗ്യമായവ പ്രസിദ്ധീകരിക്കും.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SPOT LIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA