ADVERTISEMENT

കോമഡി പരിപാടികളിലൂടെ മിനിസ്ക്രീൻ സിനിമാപ്രേക്ഷകർക്ക് പ്രിയങ്കരനാണ് വിനോദ് കെടാമംഗലം എന്ന കലാകാരൻ. വിനോദ് താൻ കടന്നുവന്ന വഴികളും വീട്ടുവിശേഷങ്ങളും പങ്കുവയ്ക്കുന്നു.

 

ഓർമവീട്..

എറണാകുളം വടക്കൻ പറവൂരിലുള്ള കെടാമംഗലം എന്ന ഗ്രാമമാണ് എന്റെ സ്വദേശം. അച്ഛൻ, അമ്മ, സഹോദരൻ, ഞാൻ. ഇതായിരുന്നു കുടുംബം.. അച്ഛന് കൃഷിയും പൊതുപ്രവർത്തനവുമൊക്കെയായിരുന്നു. ഇല്ലായ്മകളും കഷ്ടപ്പാടുകളും നിറഞ്ഞ ഒരു ഭൂതകാലമുണ്ടായിരുന്നു. ഞങ്ങളുടെ നാട്ടിലെ താരമായിരുന്നു കഥാപ്രാസംഗികനും നടനും രചയിതാവുമൊക്കെയായ കെടാമംഗലം സദാനന്ദൻ. അദ്ദേഹത്തോടുമുള്ള ആരാധനയാണ് എനിക്കും സിനിമാക്കാരനാകാനുള്ള പ്രചോദനമായത്.

vinod-stage

 

മിമിക്രിയിലേക്ക്..

പ്രീഡിഗ്രി കഴിഞ്ഞതും ഞാൻ മിമിക്രി വേദികളിൽ സജീവമായി. പല പ്രൊഫഷണൽ ട്രൂപ്പുകളുടെയും ഭാഗമായി. മിനിസ്‌ക്രീനിൽ സിനിമാലയുടെയും ഭാഗമായി. കലാഭവൻ ഹനീഫിക്കയാണ് എന്നെ സിനിമയിലേക്ക്കൊണ്ടുവന്നത്. പിന്നീട് ദിലീപേട്ടനുമായുള്ള സൗഹൃദം, അദ്ദേഹത്തിന്റെ സിനിമകളിലും എനിക്കും ചാൻസ് ഒരുക്കിത്തന്നു. 

 

പാസ്പോർട് സൂക്ഷിക്കാൻ കഴിഞ്ഞില്ല..

vinod-kedamangalam-home

സ്റ്റേറ്റ് യുവജനോത്സവത്തിൽ മിമിക്രിയിൽ സമ്മാനം നേടി നിൽക്കുന്ന സമയം. എങ്ങനെയെങ്കിലും ഒരു സ്റ്റേജ് ഷോയിൽ കയറിപ്പറ്റി ഗൾഫിൽ പോകണം. അതാണ് അന്നത്തെ സ്വപ്‍നം. അതിനു വേണ്ടി പാസ്പോർട് ഒക്കെ എടുത്തുവച്ചിരുന്നു. കുറെ നഷ്ട അവസരങ്ങൾക്ക് ശേഷം ഒടുവിൽ ഒരെണ്ണം ഒത്തുകിട്ടി. വീട്ടിൽ അന്ന് സൗകര്യങ്ങൾ വളരെ കഷ്ടിയാണ്. മേൽക്കൂരയിൽ ചോർച്ചയുണ്ട്. ഭിത്തിയിൽ ഈർപ്പമുണ്ട്. ആധാരം പോലെ പ്രധാനപ്പെട്ട പേപ്പറുകൾ സൂക്ഷിക്കുന്നത് ഒരു ട്രങ്ക് പെട്ടിയിലാണ് ഞാൻ പാസ്പോർട് വച്ചിരുന്നത്. ഞാൻ വലിയ സന്തോഷത്തോടെ പാസ്പോർട് എടുക്കാനോടി. പെട്ടി തുറന്നതും ഞെട്ടിപ്പോയി. പാസ്പോർട് ഈർപ്പം കയറി നശിച്ചിരിക്കുന്നു. 

ഒരു പാസ്പോർട് പോലും സുരക്ഷിതമായി സൂക്ഷിക്കാൻ കഴിയാത്ത വീടിന്റെ കെട്ടുറപ്പില്ലായ്മയിൽ മനം നൊന്തു. എന്റെ കലാജീവിതം തീർന്നു എന്നുകരുതി നിരാശനായി. പക്ഷേ ഈശ്വരാനുഗ്രഹം കൊണ്ട് ആ വർഷം തന്നെ പുതിയ പാസ്‌പോർട്ടിൽ ഞാൻ ഗൾഫിൽ സ്റ്റേജ് ഷോയ്ക്ക് പോയി. ഇനി ഇപ്പോഴത്തെ കാര്യം പറയാം. പിന്നീട് ഒട്ടനവധി രാജ്യങ്ങളിൽ പോകാൻ ഭാഗ്യം കിട്ടി. എയർപോർട്ടിൽ സ്റ്റാംപ് ചെയ്ത് പേപ്പർ തീർന്നു ഇപ്പോൾ നാലാമത്തെ പാസ്പോർട്ടാണ് ഞാൻ ഉപയോഗിക്കുന്നത്...

vinod-kedamangalam-family

 

ഘട്ടം ഘട്ടമായി പണിത വീട്..

ഏകദേശം പതിനേഴ് വർഷം മുൻപാണ് പഴയ വീട് പുതുക്കിപ്പണിയാൻ തുടങ്ങിയത്. പക്ഷേ വീട് പണി തുടങ്ങി വച്ച് കുറച്ചു മാസമായപ്പോൾ അച്ഛൻ മരിച്ചു. അതോടെ വീടുപണി കുറച്ചുകാലം നിന്നു. പിന്നീട് ഞാൻ സ്റ്റേജ് ഷോകൾക്ക് പോയും സിനിമയിൽ അഭിനയിച്ചുമൊക്കെ കിട്ടിയ പണം സ്വരുക്കൂട്ടി വച്ചാണ് ഓരോ  ഘട്ടമായി പണി പുരോഗമിച്ചത്. അന്നൊക്കെ സ്റ്റേജ് ഷോസ് സീസണിൽ മാത്രമേയുള്ളൂ എന്നോർക്കണം.. അങ്ങനെ 17 വർഷം കൊണ്ടാണ് ഭിത്തി തേച്ച്, പെയിന്റ് അടിച്ചു, ട്രസ് റൂഫ് ചെയ്ത്  ഇപ്പോൾ താമസിക്കുന്ന വീടിന്റെ പരുവത്തിലെത്തിയത്. അടുത്തിടെയാണ് സിനിമയിൽ നിന്നും കുറച്ചു വരുമാനം കിട്ടിയപ്പോൾ ചുറ്റുമതിൽ കെട്ടിയത്. അങ്ങനെ അച്ഛൻ തുടങ്ങി വച്ച വീടുപണി ഞാൻ പൂർത്തിയാക്കി. അത് കാണാൻ അച്ഛനുണ്ടായില്ലലോ എന്ന വിഷമം അപ്പോഴും ബാക്കിയാണ്.

 

കുടുംബം, കൊറോണക്കാലം..

ഭാര്യ ദയ വീട്ടമ്മയാണ്. അൽപം തയ്യലും കോഴിവളർത്തലുമൊക്കെയായി സജീവമാണ്. മൂത്ത മകൾ ദേവിക പത്താം ക്‌ളാസിലും രണ്ടാമൻ കൃഷ്ണദേവ് ആറിലും പഠിക്കുന്നു. കൊറോണക്കാലത്ത് വീട്ടിലിരുന്നുതന്നെ സുഹൃത്തുക്കളായ കലാകാരന്മാരുമായി സഹകരിച്ച് ഒരു സംഗീത ആൽബം പുറത്തിറക്കി. അത് സോഷ്യൽ മീഡിയയിൽ ധാരാളം പേർ കണ്ടു നല്ല അഭിപ്രായം ലഭിക്കുന്നു.

English Summary- Vinod Kedamangalam House Memories

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com