ADVERTISEMENT

വേറിട്ട ഹാസ്യാഭിനയത്തിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയ നടനാണ് നാരായണൻകുട്ടി. 26 വർഷം കൊണ്ട് 300-ലേറെ സിനിമകളിൽ അദ്ദേഹം അഭിനയിച്ചു. കഷ്ടപ്പാടിന്റെ കാലം കടന്നുവന്ന വീട്ടുവിശേഷങ്ങൾ അദ്ദേഹം പങ്കുവയ്ക്കുന്നു.

 

ഓർമവീട്...

എറണാകുളം എംജി റോഡിൽ കവിത തിയറ്ററിനു ഷേണായ്‌സ് തിയറ്ററിനും മധ്യത്തിലായിരുന്നു എന്റെ തറവാട്. അച്ഛൻ, അമ്മ, ഞങ്ങൾ 5 മക്കൾ. ഇതായിരുന്നു കുടുംബം. അച്ഛൻ ഹൈക്കോടതിയിൽ സ്റ്റാഫ് ആയിരുന്നു. അച്ഛൻ ഒരാളുടെ ശമ്പളം കൊണ്ടാണ് വീട് കഴിഞ്ഞിരുന്നത്. പക്ഷേ  സർവീസിൽ ഇരിക്കുമ്പോൾ അച്ഛൻ മരിച്ചു. അങ്ങനെ ആ  ജോലി എനിക്ക് കിട്ടി. പിന്നീട് കുടുംബത്തിന്റെ ഉത്തരവാദിത്തം എന്റെ ചുമലിലായി. പിന്നീട് ഭാഗം വച്ചപ്പോൾ ആ വീട് വിറ്റു.

 

ജോലിയും സിനിമയും...

വീട്ടിൽ കഷ്ടപ്പാട് ഉണ്ടെങ്കിലും അടുത്ത് തിയറ്ററുള്ളതുകൊണ്ട് മുടങ്ങാതെ സിനിമ കാണാനുള്ള വഴി ഞാൻ കാണുമായിരുന്നു. ഒരുപക്ഷേ എന്റെ മനസ്സിൽ സിനിമാമോഹം വളർത്തിയതും ആ തിയറ്ററുകളും അവിടെ കണ്ട എണ്ണമില്ലാത്ത സിനിമകളുമാകാം.

narayanankutty-actor-house

നിനച്ചിരിക്കാതെ ജോലി കിട്ടിയെങ്കിലും മനസ്സ് സിനിമയ്‌ക്കൊപ്പമായിരുന്നു. കോടതിക്ക് ഒരുപാട് ഒഴിവുദിനങ്ങൾ ഉള്ളതും രക്ഷയായി. സഹപ്രവർത്തകരുടെ പിന്തുണയുമുണ്ടായിരുന്നു. അങ്ങനെയാണ് ഞാൻ കലാഭവനിൽ എത്തുന്നത്. പിന്നീട് 94 ൽ മാനത്തെ കൊട്ടാരത്തിലൂടെ സിനിമയിലെത്തി. ഇപ്പോൾ 26 വർഷം കൊണ്ട് 300-ലേറെ സിനിമകളിൽ അഭിനയിച്ചു. കോടതി ജോലി കഴിഞ്ഞു ഷൂട്ടിങ്ങിന് പോയ കാലവുമുണ്ട്. ഇപ്പോൾ സർവീസിൽ നിന്നും വിരമിച്ചു. മുഴുവൻ സമയ സിനിമാപ്രവർത്തകനായി..

 

പുതിയ വീട്...

വിവാഹശേഷമാണ് 94 ൽ പച്ചാളത്ത് കുറച്ചു സ്ഥലം വാങ്ങി ഒരു കുഞ്ഞുവീട് വയ്ക്കുന്നത്. ഞാൻ സിനിമയുമായി നടന്നതുകൊണ്ട്‌ ഭാര്യയാണ് അതിലെല്ലാം മുൻകയ്യെടുത്തത്. അന്ന് ഞാൻ സിനിമയിലേക്ക് കയറിയതേയുള്ളൂ. കയ്യിൽ പറയത്തക്ക സമ്പാദ്യമൊന്നുമില്ല. അങ്ങനെ ഒരു ബാങ്ക് ലോൺ സംഘടിപ്പിച്ചാണ് ഓടിട്ട ഒരു കൊച്ചുവീട് പണിതത്. അന്നവിടെ താമസിച്ചു തുടങ്ങുമ്പോൾ കുറച്ചുകൂടി സൗകര്യങ്ങളുള്ള ഒരു വീട് ഞങ്ങൾ സ്വപ്നം കാണാൻ തുടങ്ങി.

പിന്നീട് സിനിമയിൽ നിന്നും കിട്ടിയ പണം സ്വരുക്കൂട്ടി പലഘട്ടങ്ങളായി വീട് പുതുക്കിപ്പണിതു. അങ്ങനെ ഇപ്പോൾ അത്യാവശ്യം സൗകര്യങ്ങളുള്ള ഇരുനില വീട്ടിലേക്കെത്തി നിൽക്കുന്നു.

 

കുടുംബം, കൊറോണക്കാലം..

ഭാര്യ പ്രമീള വീട്ടമ്മയാണ്. ഒരു മകൾ. ഭാഗ്യലക്ഷ്മി. പത്താം ക്‌ളാസിൽ പഠിക്കുന്നു. കൊറോണക്കാലത്ത് വീട്ടിലിരിപ്പ് തുടങ്ങിയിട്ട് രണ്ടു മാസമാകാറായി. ഭാര്യയ്ക്കും മകൾക്കും എന്നെ ഇത്രയുംനാൾ വീട്ടിൽ കിട്ടിയതിന്റെ സന്തോഷമമുണ്ട്. പക്ഷേ ഏറ്റവും ടെൻഷൻ അനുഭവിക്കുന്നത് കലാകാരന്മാരാണ്. കൊറോണക്കാലം  കഴിഞ്ഞു ഇനി എന്ന് ഷൂട്ടിങ് തുടങ്ങും എന്നൊരു ധാരണയുമില്ല. ദിവസവേതനം കൊണ്ട് ജീവിതം മുന്നോട്ടുകൊണ്ടുപോയിരുന്ന ഒരുപാട്  കലാകാരന്മാരും സിനിമാപ്രവർത്തകരും ഇപ്പോൾ കഷ്ടപ്പാടിലാണ്. എല്ലാം വേഗം ശരിയാകാനായി ഞാനും കാത്തിരിക്കുന്നു...

English Summary- Narayanankutty Actor Home

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com