sections
MORE

ജീവിതത്തിൽ ചില കാര്യങ്ങൾ തെളിയിക്കാനുള്ള വാശിയായിരുന്നു ഈ വീട്: ജീജ സുരേന്ദ്രൻ

jeeja-surendran-house-tvm
SHARE

മിനിസ്ക്രീൻ പ്രേക്ഷകർക്ക് പരിചയപ്പെടുത്തൽ ആവശ്യമില്ലാത്ത അഭിനേത്രിയാണ് ജീജ സുരേന്ദ്രൻ. 20 വർഷത്തിലേറെ അവർ നിരവധി വേഷങ്ങളിലൂടെ മിനിസ്‌ക്രീനിൽ നിറഞ്ഞുനിന്നു. ഇപ്പോൾ സിനിമകളിലും അഭിനയിക്കുന്നു. ജീജ തന്റെ വീട്ടുവിശേഷങ്ങൾ പങ്കുവയ്ക്കുന്നു.

ഓർമവീട്..

കണ്ണൂരാണ് എന്റെ സ്വദേശം. അച്ഛൻ, അമ്മ, ഞങ്ങൾ 6 മക്കൾ. ഇതായിരുന്നു കുടുംബം. അച്ഛൻ അധ്യാപകനായിരുന്നു. അമ്മയുടെ തറവാട്ടിലാണ് ഞാൻ വളർന്നത്. അതൊരു കൂട്ടുകുടുംബമായിരുന്നു. പരമ്പരാഗത ശൈലിയിൽ പണിത വീട്. സ്‌കൂൾ കാലഘട്ടത്തിൽ തന്നെ നൃത്തത്തിലും കലാരംഗത്തും ഞാൻ സജീവമായിരുന്നു. തുടർച്ചയായി 5 വർഷം കോഴിക്കോട് സർവകലാശാല കലാതിലകമായിരുന്നു.

അപ്രതീക്ഷിതമായി മിനിസ്ക്രീനിലേക്ക്...

വിവാഹശേഷം ഞാൻ ഭർത്താവിനൊപ്പം ഊട്ടിയിലേക്ക് ജീവിതം പറിച്ചുനട്ടു. അദ്ദേഹത്തിനവിടെ  ബ്രൂക്ബോണ്ട് കമ്പനിയിലായിരുന്നു ജോലി. ഞാൻ അവിടെ ഒരു സ്‌കൂളിൽ അക്കൗണ്ടന്റ് ആയി ജോലിക്ക് കയറി. നീണ്ട 15 വർഷങ്ങൾ ഞങ്ങൾ ഊട്ടിയിൽ ജീവിച്ചു. അപ്പോഴേക്കും എനിക്ക് തണുപ്പ് മൂലമുള്ള ആരോഗ്യപ്രശ്നങ്ങൾ വഷളായി തുടങ്ങി. അങ്ങനെ ഡോക്ടറുടെ നിർദേശപ്രകാരം ഞങ്ങൾ കോയമ്പത്തൂരിലേക്ക് താമസം മാറി.

അവിടെ വച്ചാണ് സീരിയലുകളുടെ ഓഡിഷൻ വാർത്തകൾ കാണുന്നതും ഭർത്താവിന്റെ താൽപര്യപ്രകാരം പങ്കെടുക്കാൻ പോയതും. അങ്ങനെ ഞാൻ മിനിസ്ക്രീനിലേക്കെത്തി. അന്നേ തിരുവനന്തപുരമാണ് സീരിയലിന്റെ ആസ്ഥാനം. ദൂരം വില്ലനായി മാറിയപ്പോൾ ഞാൻ തിരുവനന്തപുരത്തേക്ക് പേയിങ് ഗസ്റ്റായി മാറി. പിന്നീട് വാടകവീട് എടുത്തു താമസം തുടങ്ങി.

സീരിയലുകൾ തന്ന വീട്...

jeeja-surendran-home

ഞാൻ ഊട്ടിയിലെ നല്ല ജോലി വിട്ടു തിരുവനന്തപുരത്ത് സീരിയൽ നടിയായത് ബന്ധുക്കളിൽ പലർക്കും പിടിച്ചില്ല. അതോടെ ഒരു കലാകാരിക്കും ഭൗതിക സാഹചര്യങ്ങൾ സ്വന്തമാക്കി അന്തസ്സോടെ ജീവിക്കാൻ കഴിയുമെന്ന് തെളിയിക്കണം എന്ന് വാശിയായി. ഞാൻ ഒരു ബാങ്കിൽ ഹൗസിങ് ലോണിന് അപേക്ഷിച്ചു. അത് ലഭിച്ചതോടെ തിരുമലയ്ക്ക് സമീപം 5 സെന്റ് ഭൂമി വാങ്ങി വീടു പണി തുടങ്ങി. പലപ്പോഴും വരുമാനം ലഭിക്കുന്ന മുറയ്ക്കായിരുന്നു പണി പുരോഗമിച്ചത്.

അങ്ങനെ 9 വർഷങ്ങൾക്ക് മുൻപ് എന്റെ സ്വപ്നവീട് തിരുവനന്തപുരത്ത് സഫലമായി. ചെറിയ പ്ലോട്ടിൽ പരമാവധി സൗകര്യങ്ങൾ ലഭ്യമാക്കാൻ മൂന്നു നിലയായിട്ടാണ് വീട് പണിതത്. 2800 ചതുരശ്രയടിയിൽ നാലു കിടപ്പുമുറികളും മറ്റെല്ലാ സൗകര്യങ്ങളുമുണ്ട്. അകത്തേക്ക് കയറിയാൽ ചെറിയ സ്ഥലത്ത് പണിത വീടാണെന്ന് ആർക്കും തോന്നുകയില്ല. ഇപ്പോഴും ഞാൻ ഹൗസിങ് ലോൺ അടയ്ക്കുന്നുണ്ട്. 

കുടുംബം, കൊറോണക്കാലം...

jeeja-surendran-family

ഭർത്താവ് സുരേന്ദ്രൻ രണ്ടരവർഷം മുൻപ് മരിച്ചു. മകൻ സുജിൻസൺ അഡ്വക്കേറ്റാണ്. ഭാര്യയും കുട്ടികളുമായി കണ്ണൂരിലാണ് താമസം.  വർഷങ്ങൾക്കിപ്പുറം സ്വത്ത് ഭാഗം വച്ചപ്പോൾ കണ്ണൂരിലെ തറവാട് എനിക്ക് ലഭിച്ചു. പഴയ നിർമാണമായതുകൊണ്ട് എപ്പോഴും തൂത്തുതുടച്ചിടണം. പക്ഷേ ഞാൻ തിരുവനന്തപുരത്തായതു കൊണ്ട് എന്റെ സഹോദരിയാണ് വീട്ടിൽ താമസിക്കുന്നതും പരിപാലിക്കുന്നതും. 

ഈ കൊറോണക്കാലം ഞാൻ കണ്ണൂരിലെ തറവാട്ടിലുണ്ട്. ചില ആവശ്യങ്ങൾക്കായി ഇവിടെയെത്തിയപ്പോഴാണ് ലോക്ഡൗൺ പ്രഖ്യാപിച്ചത്. തിരുവനന്തപുരം വീട് പൂട്ടിയിട്ടിരിക്കുകയാണ്. ലോക്ഡൗൺ കഴിഞ്ഞു എത്രയും വേഗം അവിടെയെത്താനുള്ള കാത്തിരിപ്പിലാണ് ഞാൻ.

English Summary- Jeeja Surendran House Memories

ബാല്യം മുതൽ ഇന്നുവരെ നിങ്ങളുടെ ജീവിതത്തിലൂടെ കടന്നുപോയ വീടുകളെക്കുറിച്ച് ഗൃഹാതുരമായ ഓർമകളുണ്ടോ? ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.യോഗ്യമായവ പ്രസിദ്ധീകരിക്കും.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SPOT LIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA