sections
MORE

ഞങ്ങൾ ഇപ്പോഴും 'കൂട്ടുകുടുംബം'; അതിന്റെ നന്മ ജീവിതത്തിലുണ്ട്: ഹരിശ്രീ യൂസഫ്

harisree-yousuf
SHARE

മിനിസ്ക്രീൻ-സ്റ്റേജ് പ്രോഗ്രാമുകളിലൂടെ വർഷങ്ങളായി പ്രേക്ഷകരെ ചിരിപ്പിക്കുന്ന താരമാണ് ഹരിശ്രീ യൂസഫ്. മുൻമുഖ്യമന്ത്രി അച്യുതാനന്ദനെ അനുകരിച്ചുള്ള യൂസഫിന്റെ പ്രകടനങ്ങൾ പ്രേക്ഷകരിൽ ചിരിയുണർത്തി. ഇരുപതോളം സിനിമകളിലും യൂസഫ് അഭിനയിച്ചു. അദ്ദേഹം തന്റെ  വീട്ടുവിശേഷങ്ങൾ പങ്കുവയ്ക്കുന്നു.

ഓർമവീട്..

ആലപ്പുഴ ജില്ലയിലെ ചന്തിരൂർ ആണ് സ്വദേശം. ഉപ്പ, ഉമ്മ, ഞങ്ങൾ 6 മക്കൾ. ഇതായിരുന്നു കുടുംബം. ഉപ്പ സഹകരണ ബാങ്കിലെ പ്യൂൺ ആയിരുന്നു. ഒരു കുന്നിന്റെ മുകളിലായിരുന്നു ഞങ്ങളുടെ ചെറിയ വീട്. അങ്ങനെ കുന്നേൽ എന്ന് വീട്ടുപേരുമിട്ടു. അത്യാവശ്യം കഷ്ടപ്പാടും ബുദ്ധിമുട്ടും നിറഞ്ഞ ബാല്യകാലമായിരുന്നു. എങ്കിലും എല്ലാവരും ഒരു കൂരയ്ക്ക് കീഴിൽ ഒത്തൊരുമയോടെ കഴിഞ്ഞു.

കലാരംഗത്തേക്കുള്ള എൻട്രി...

harisree-stage

ഞാൻ ചെറുപ്പത്തിൽ കല്യാണവീടുകളിൽ പാടാൻ പോകുമായിരുന്നു. പത്താം ക്‌ളാസ് കഴിഞ്ഞു അമ്പലപ്പറമ്പുകളിൽ പ്രോഗ്രാമുകൾ അവതരിപ്പിച്ചു. അതുവഴി കിട്ടുന്ന പോക്കറ്റ്മണി വലിയ ആശ്വാസമായിരുന്നു. പിന്നീട് പല പ്രൊഫഷണൽ ട്രൂപ്പുകളുടെ ഭാഗമായി. ഹരിശ്രീയിലെത്തിയതാണ് വഴിത്തിരിവ്. അങ്ങനെ അതിനെ പേരിനൊപ്പം കൂട്ടി. സിനിമാലയിലൂടെ മിനിസ്ക്രീനിലെത്തി. മുൻമുഖ്യമന്ത്രി അച്യുതാനന്ദൻ ആയിരുന്നു എന്റെ മാസ്റ്റർപീസ്. ഫ്രണ്ട്സ് എന്ന സിനിമയിലൂടെ അഭിനയരംഗത്തുമെത്തി.

ഇപ്പോഴും കൂട്ടുകുടുംബം...

വർഷങ്ങൾക്ക് ശേഷം വീടിരുന്ന കുന്നു ഇടിച്ചു നിരപ്പാക്കി. സഹോദരങ്ങൾ ഓരോരുത്തരായി വിവാഹം കഴിച്ചു. രണ്ടു പെങ്ങന്മാരെ കെട്ടിച്ചയച്ചു. ഞങ്ങൾ മൂന്നു സഹോദരന്മാർ ഇപ്പോഴും 10 സെന്റിൽ മൂന്നു വീടുകൾ വച്ച് ഒരുമിച്ചു താമസിക്കുന്നു. മൂന്ന് മേൽക്കൂരയാണെങ്കിലും ഇപ്പോഴും ഒരു കുടുംബം പോലെയാണ് ഞങ്ങൾ. എന്താവശ്യങ്ങൾക്കും ഒരുമിച്ചുണ്ടാകും. ഞാൻ വിദേശത്തു സ്റ്റേജ് പ്രോഗ്രാമുകൾക്ക് പോയി മടങ്ങി വരാൻ ചിലപ്പോൾ മാസങ്ങളെടുക്കും. സഹോദരവീടുകൾ അടുത്തുള്ളത് കൊണ്ട് എന്റെ കുടുംബത്തിനെ കുറിച്ച് അപ്പോൾ ടെൻഷനില്ല. വിവാഹം കഴിച്ചു വേറെ വേറെ കുടുംബമായാലും  മക്കൾ എല്ലാവരും യോജിപ്പോടെ ജീവിക്കണം എന്ന് വാപ്പയും ഉമ്മയും പറയുമായിരുന്നു. അതനുസരിച്ചതിന്റെ നന്മയാകാം ഇപ്പോൾ അനുഭവിക്കുന്നത്..

കുടുംബം, കൊറോണക്കാലം...

yousuf-family

ഭാര്യ ബാരിഷ. മക്കൾ അഫ്സൽ സിഎയ്ക്കും ആസിഫ് പ്ലസ്‌ടുവിലും ആദിൽ പത്തിലും പഠിക്കുന്നു. കൊറോണക്കാലം വിഷമകരമാണ്. രണ്ടു മാസമായി വീട്ടിലിരിപ്പാണ്. വിദേശത്തടക്കം പത്തോളം പ്രോഗ്രാമുകൾ ക്യാൻസൽ  ആയി. സർക്കാർ സംവിധാനങ്ങൾ പലതും മിമിക്രിയെ ഒരു കലാരൂപമായി അംഗീകരിച്ചിട്ടില്ല എന്നുതോന്നുന്നു. അതുകൊണ്ട് പലർക്കും സഹായങ്ങൾ ലഭിക്കുന്നില്ല. യൂസഫ് ജോക്സ് എന്ന പേരിൽ ഒരു യൂട്യൂബ് ചാനൽ തുടങ്ങി. പാരഡി അനുഭവങ്ങൾ പങ്കുവയ്ക്കുന്നു. എത്രയും വേഗം സ്റ്റേജുകൾ സജീവമാകണേ എന്നാണ് പ്രാർഥന.

English Summary- Harisree  Yousuf Home Memories

ബാല്യം മുതൽ ഇന്നുവരെ നിങ്ങളുടെ ജീവിതത്തിലൂടെ കടന്നുപോയ വീടുകളെക്കുറിച്ച് ഗൃഹാതുരമായ ഓർമകളുണ്ടോ? ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.യോഗ്യമായവ പ്രസിദ്ധീകരിക്കും.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SPOT LIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA