ADVERTISEMENT

മിനിസ്‌ക്രീനിലൂടെയും സ്റ്റേജ് പ്രോഗ്രാമുകളിലൂടെയും വർഷങ്ങളായി പ്രേക്ഷകരെ ചിരിപ്പിക്കുന്ന കലാകാരനാണ് ഹരിശ്രീ മാർട്ടിൻ. കഷ്ടപ്പാടുകൾ നിറഞ്ഞ കാലത്തിലൂടെ കലാരംഗത്തെത്തിയ മാർട്ടിൻ തന്റെ വീട്ടുവിശേഷങ്ങൾ പങ്കുവയ്ക്കുന്നു.

 

ഓർമ വീട്...

ആലുവ അശോകപുരമാണ് സ്വദേശം. അച്ഛൻ, അമ്മ, ഞങ്ങൾ 7 മക്കൾ. 5 പെണ്ണും രണ്ടാണും..ഇതായിരുന്നു കുടുംബം. അച്ഛൻ ഡ്രൈവറായിരുന്നു. കഷ്ടപ്പാടും ദാരിദ്ര്യവും അനുഭവിച്ചാണ് വളർന്നത്.  ഒരു ചെറിയ ഓട് പുരയായിരുന്നു. സമീപത്തൊക്കെ ബന്ധുവീടുകൾ ഉള്ളതുകൊണ്ട് എന്താവശ്യത്തിനും ആള് കാണും. ഞാൻ ഒൻപതാം ക്‌ളാസിൽ പഠിക്കുമ്പോൾ അച്ഛൻ മരിച്ചു. അതോടെ പറക്കമുറ്റാത്ത മക്കളുടെ സംരക്ഷണം പാവം അമ്മയുടെ ചുമലിലായി.

സ്‌കൂൾ പഠനം കഴിഞ്ഞു എത്രയും പെട്ടെന്ന് സ്ഥിരവരുമാനമുള്ള ഒരു ജോലി എനിക്ക് ആവശ്യമായിരുന്നു. അങ്ങനെ ആർട്സ്& പെയിന്റിങ് ഡിപ്ലോമ പഠിച്ചു. അത് കഴിഞ്ഞ ഉടൻ എന്റെ ഒരു സുഹൃത്ത് വഴി നാഗാലാൻഡിൽ ജോലി തരപ്പെട്ടു. ഞാൻ അവിടേക്ക് ചേക്കേറി. രണ്ടു വർഷം ജോലി ചെയ്തു. എന്റെ ശമ്പളം കുടുംബത്തിന് വലിയ ആശ്വാസമായിരുന്നു.

പക്ഷേ എന്റെ ഉള്ളിലെ കലാകാരൻ തൃപ്തനല്ലായിരുന്നു. സ്‌കൂളിൽ പഠിക്കുമ്പോഴേ മിമിക്രിയും സ്കിറ്റുകളുമായിരുന്നു എന്റെ തട്ടകം. അങ്ങനെ ഒരു കലാകാരനായി ജീവിക്കാൻ ഞാൻ ജോലി വച്ചു നാട്ടിലേക്ക് മടങ്ങി. ഒരു സുഹൃത്ത് വഴി കൊച്ചിൻ ഹൈനസ് എന്ന ട്രൂപ്പിൽ ചേർന്നു. അക്കാലത്ത് ഹരിശ്രീ അശോകൻ ഹരിശ്രീ ട്രൂപ്പിൽ നിന്ന് സിനിമയിലെത്തിയ സമയമാണ്. അശോകനുമായി എനിക്കുള്ള സാമ്യം തുണയായി. അങ്ങനെ അശോകന്റെ ഡ്യൂപ്പായി ഞാൻ ഹരിശ്രീയിലെത്തി. അങ്ങനെയാണ് കലാരംഗത്തേക്കുള്ള ശരിക്കുള്ള എൻട്രി.

ഞാൻ കലാരംഗത്തും സിനിമയിലും എത്തിയതോടെ അമ്മ സ്ഥിരം അമ്മമാരുടെ ഡയലോഗ് പുറത്തെടുത്തു. കണ്ണടയും മുൻപ് എന്റെ കല്യാണം കാണണം. അങ്ങനെ വിവാഹവും കഴിഞ്ഞു.

harisree-martin-home

 

ഫിറ്റായി കണ്ടെത്തിയ വീട്...

വിവാഹം കഴിഞ്ഞതോടെ സ്വന്തം വീടിനായുള്ള അന്വേഷണം ആരംഭിച്ചു. അനിയനാണ് തറവാട്. അങ്ങനെ ബ്രോക്കറുമായി  നിരവധി വീടുകൾ പോയിക്കണ്ടു. ഒന്നും മനസ്സിൽ പിടിച്ചില്ല. അങ്ങനെ നിരാശരായി ഒരു ബിയർ അടിച്ചു പിരിയാം എന്നുകരുതി ബാറിൽ കയറി. രണ്ടു ഗ്ലാസ് തീർന്നപ്പോഴാണ് ബ്രോക്കർക്ക് കാണാൻ വിട്ടുപോയ ഒരു വീടിന്റെ കാര്യം ഓർമവരുന്നത്. അങ്ങനെ പാതി ഫിറ്റായി ഞങ്ങൾ ആ വീട്ടിലേക്ക് വച്ച് പിടിച്ചു. ആ വീടാണ് കഴിഞ്ഞ 19 വർഷമായി ഞാൻ താമസിക്കുന്ന എന്റെ വീട്. അന്ന് എന്റെ മോളുടെ ഒന്നാം പിറന്നാളിന് സമ്മാനമായി അവളുടെ കയ്യിലാണ് പുതിയ വീടിന്റെ താക്കോൽ വച്ച് കൊടുത്തത്. വർഷങ്ങൾക്കിപ്പുറം ഞാൻ ഇവിടുത്തെ റസിഡൻസ് അസോസിയേഷന്റെ നേതൃസ്ഥാനത്തുമെത്തി എന്നത് മറ്റൊരു കോമഡി.

 

കുടുംബം, കൊറോണക്കാലം..

ഭാര്യ മേഴ്‌സി ഇറ്റലിയിൽ നഴ്‌സാണ്. മകൻ ക്രിസ്റ്റി മാർട്ടിൻ ഹോസ്പിറ്റൽ കോഴ്സ് പഠിക്കുന്നു, മകൾ സ്വീറ്റി മാർട്ടിൻ ഡിഗ്രിക്ക് പഠിക്കുന്നു.

കൊറോണ ഏറ്റവും പണി തന്നത്, ആൾക്കൂട്ടം കൊണ്ട് ജീവിക്കുന്ന, ഞങ്ങളെപ്പോലെയുള്ള കലാകാരന്മാർക്കാണ്. കഴിഞ്ഞ രണ്ടര മാസമായി വീട്ടിൽത്തന്നെയാണ്. പല സ്റ്റേജ് ഷോകളും ക്യാൻസലായി. ജീവിതം കൊറോണ കാരണം ട്രാജഡിയാണെങ്കിലും കോമഡി പരിപാടികളും മറ്റും ടിവിയിൽ കണ്ടു സമയം കളയുന്നു. സ്റ്റേജുകളും തിയറ്ററുകളും വീണ്ടും നിറയുന്ന കാലത്തിനായി കാത്തിരിക്കുന്നു.

English Summary- Harisree Martin Home Life

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com