ADVERTISEMENT

സ്വാഭാവികമായ അഭിനയത്തിലൂടെ കുറഞ്ഞകാലം കൊണ്ട് പ്രേക്ഷകരുടെ ഇഷ്ടം നേടിയ നടനാണ് സന്തോഷ് കീഴാറ്റൂർ. നാടകത്തിലൂടെ കലാരംഗത്തെത്തിയ സന്തോഷ് ഇപ്പോഴും സാമൂഹികപ്രശ്നങ്ങളോട് ഏകാങ്കനാടകങ്ങളിലൂടെ പ്രതികരിക്കുന്നു. കൊറോണക്കാലം തന്നെ ബാധിച്ചത് എങ്ങനെയെന്നും ലോക്ഡൗൺ വീട്ടുവിശേഷങ്ങളും താരം പങ്കുവയ്ക്കുന്നു..

നാടും വീടും...

santhosh-keezattur

കണ്ണൂർ ജില്ലയിലെ കീഴാറ്റൂർ ആണ് സ്വദേശം. അതൊരു ഉൾനാടൻ ഗ്രാമപ്രദേശമാണ്. അച്ഛൻ, അമ്മ, ഞങ്ങൾ മൂന്നു ആൺമക്കൾ. ഇതായിരുന്നു കുടുംബം. ഞങ്ങളുടെ നാട്ടിലൊക്കെ ഭൂസ്വത്ത് ഒരുപാടുണ്ടെങ്കിലും വീടുകളിലെ സാമ്പത്തികസ്ഥിതി മോശമായിരുന്നു. അച്ഛനുണ്ടായിരുന്ന ജോലി ഇടക്കാലത്ത് നഷ്ടപ്പെട്ടതോടെ ഏറെ കഷ്ടപ്പെട്ടാണ് ഞങ്ങൾ മുന്നോട്ടു പോയത്. കൃഷിയായിരുന്നു ഏക വരുമാനം. 

മൂന്ന് പ്രാവശ്യം പണിത വീട്..

santhosh-keezatur-house

അമ്മയുടെ തറവാട്ടിലാണ് മൂന്നാം ക്‌ളാസ് വരെ ഞാൻ താമസിച്ചത്. അതിനുശേഷം അച്ഛൻ സമീപത്തുതന്നെ മൂന്ന് മുറിയുള്ള ഒരു ഓടിട്ട വീടുവച്ചു. ഞങ്ങൾ താമസം മാറി. ഇന്നും ആ വീടിരിക്കുന്ന സ്ഥലത്തുതന്നെയാണ് ഞാൻ താമസിക്കുന്നത്. 2000ൽ ചേട്ടന്റെ വിവാഹത്തോടനുബന്ധിച്ച് വീട് ഒന്നു പുതുക്കി. ഓട് മാറ്റി ഒരുനില കോൺക്രീറ്റ് വീടാക്കി. അങ്ങനെ ഞങ്ങൾ മൂന്ന് പേരുടെയും വിവാഹം നടന്നത്, മക്കൾ ജനിച്ചത് എല്ലാം ഇവിടെവച്ചായി. പിന്നീട് അനിയനും വേറെ വീട്  വച്ചു മാറിത്താമസിച്ചു.സിനിമയിൽ എത്തിയശേഷം ഞാൻ വീട് വീണ്ടും ഒന്ന് വിപുലീകരിച്ചു. മുകളിൽ നിലകൾ കൂട്ടിച്ചേർത്തു. അങ്ങനെ മൂന്നുതവണ പുതുക്കിപ്പണിത കുടുംബവീട്ടിലാണ് ഞാൻ താമസിക്കുന്നത്.

സിനിമാക്കാരനായത്...

santhosh-keezatur

ഞാൻ 25 വർഷമായി നാടകരംഗത്തുണ്ട്. കീഴാറ്റൂർ ഒന്നും സിനിമാക്കാരില്ല. അന്ന് നാട്ടിൽ നാടകനടന്മാർക്കാണ് പരിവേഷം. അങ്ങനെ പഠനശേഷം ഞാനും നാടകത്തിലെത്തി. വളരെ തുച്ഛമായ വരുമാനം മാത്രമാണ് മിക്കപ്പോഴും ലഭിക്കുക. 2004 ലാണ് പൃഥ്വിരാജ് നായകനായ ചക്രത്തിലൂടെ സിനിമയിലെത്തുന്നത്. പക്ഷേ വഴിത്തിരിവായത് വിക്രമാദിത്യനിലെ വേഷമാണ്. ആ സിനിമയിൽ എന്റെ കഥാപാത്രം മരിക്കുകയാണ്. സിനിമ ഹിറ്റായി. അതോടെ പിന്നീട് വന്ന സിനിമകളിൽ പലതിലും എന്റെ കഥാപാത്രം മരിക്കുന്നതായി. മെഗാഹിറ്റായ പുലിമുരുകനിലും എന്റെ കഥാപാത്രം മരിക്കുകയാണ്. പിന്നീട് അത്തരം കുറച്ചു വേഷങ്ങൾ ഞാൻ വേണ്ടെന്നു വച്ചിട്ടുമുണ്ട്. പക്ഷേ ജീവിതത്തിൽ സൗഭാഗ്യം കൊണ്ടുവന്നത് സിനിമയാണ്. ഞാൻ ആദ്യമായി ഒരു സ്‌കൂട്ടർ മേടിച്ചത് പോലും സിനിമയിൽ എത്തിയശേഷമാണ്. പിന്നീട് കാർ വാങ്ങി, കുറച്ച് സ്ഥലം വാങ്ങി, ഇപ്പോൾ ഒരു വീട് പണിയാൻ പോകുന്നു. ഇതെല്ലാം തന്നത് സിനിമയാണ്.

 

നാടകവീട് സ്വപ്നം...

ഇപ്പോൾ പുതിയ ഒരു വീടിന്റെ പണിപ്പുരയിലാണ്. ഒരു നാടകവീട്. കലാകാരന്മാർക്ക് ഒത്തുകൂടി തങ്ങളുടെ സൃഷ്ടികൾ പ്രദർശിപ്പിക്കാനുള്ള ഒരിടം കൂടിയാകും ആ വീട്. നാടകം അവതരിപ്പിക്കാൻ ഒരു ആംഫിതിയേറ്റർ ഉണ്ടാകും. ഏപ്രിൽ പണി തുടങ്ങാനിരിക്കുകയായിരുന്നു. അപ്പോഴാണ് കൊറോണ വന്നത്. ഇനി സെപ്റ്റംബറിൽ തുടങ്ങാനാണ് പദ്ധതി.

santhosh-keezatur-life

 

കൊറോണക്കാലം...

സിനിമയ്ക്കു വേണ്ടി ഞാനും കുടുംബവും കൊച്ചിയിൽ ഒരു വാടകഫ്‌ളാറ്റിലാണ് കുറേക്കാലമായി താമസിക്കുന്നത്. ഭാഗ്യത്തിന് ലോക്ഡൗൺ വരുന്നതിനു മുൻപ് കീഴാറ്റൂർ എത്താൻ കഴിഞ്ഞു. ഇല്ലെങ്കിൽ ഫ്ലാറ്റിൽ കുടുങ്ങിപ്പോയേനെ. ഇവിടെ വീടിനു മുന്നിൽ പാടവും പറമ്പും കശുമാവ് തോട്ടവും  കൃഷിയുമൊക്കെയുണ്ട്. അതുകൊണ്ട് ബോറടിയുടെ പ്രശ്നമില്ല. പക്ഷേ സാമ്പത്തികമായി കൊറോണക്കാലം ബുദ്ധിമുട്ടുണ്ടാക്കി. ഞാൻ ഏകാംഗനാടകം നടത്തുന്നുണ്ട്. ഗൾഫിൽ കുറെ ബുക്കിങ് ഉണ്ടായിരുന്നതാണ്. അതെല്ലാം കാൻസൽ ആയി. സിനിമയിൽ ദിവസവേതനത്തിൽ പണിയെടുത്തിരുന്ന ജൂനിയർ ആർട്ടിസ്റ്റ് മുതൽ ടെക്‌നീഷ്യന്മാരും സീനിയർ ആർട്ടിസ്റ്റുകളും വരെ കൊറോണ മൂലം കഷ്ടത്തിലാണ്. അവരുമായി താരതമ്യം ചെയ്താൽ ഞാനൊക്കെ ഭാഗ്യവാനാണ്. എല്ലാം വേഗം സാധാരണ പോലെയാകണേ എന്നാണ് ഇപ്പോൾ പ്രാർഥന..

English Summary- Santhosh Keezattur Actor Home Lockdown Period

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com