ADVERTISEMENT

മിനിസ്ക്രീൻ കോമഡി പ്രേക്ഷകരുടെ ഇഷ്ടതാരമാണ് ദീപു നാവായിക്കുളം. ദീപു ചെയ്ത കോമഡി നമ്പറുകൾ പലതും ഇപ്പോഴും സോഷ്യൽ മീഡിയയിൽ നിറഞ്ഞോടുന്നുണ്ട്. കഷ്ടപ്പാടിന്റെ കാലം ഇപ്പോഴും പൂർണമായും കടന്നിട്ടില്ലെങ്കിലും ആത്മവിശ്വാസത്തോടെ ജീവിതത്തെ നോക്കിക്കാണുകയാണ് ഈ കലാകാരൻ. ദീപു തന്റെ വീട്ടുവിശേഷങ്ങൾ പങ്കുവയ്ക്കുന്നു.

 

ഓർമ വീട്..

തിരുവനന്തപുരം നാവായിക്കുളമാണ് സ്വദേശം. അച്ഛൻ, അമ്മ, ഞാനും സഹോദരനും. ഇതായിരുന്നു കുടുംബം. അച്ഛനുമമ്മയും കശുവണ്ടി ഫാക്ടറിയിലെ തൊഴിലാളികളായിരുന്നു. ദാരിദ്ര്യവും കഷ്ടപ്പാടും മാത്രമായിരുന്നു അന്ന് കൂട്ടിനുണ്ടായിരുന്നത്. പഞ്ചായത്തിൽ നിന്നും ലഭിച്ച സഹായം കൊണ്ട് കെട്ടിയ രണ്ടുമുറി വാർക്കവീടായിരുന്നു. ഭിത്തിയും നിലവും ഒന്നും തേച്ചിട്ടില്ലായിരുന്നു. പിന്നീട് ഞാൻ സമീപമുള്ള തോട്ടിൽ നിന്നും മണൽ വാരിയാണ് ഭിത്തിയും നിലവും തേച്ചത്. ഇന്നും ആ വീട്ടിൽത്തന്നെയാണ് ഞാൻ താമസിക്കുന്നത്.

 

കരഞ്ഞു കിട്ടിയ കറണ്ട് കണക്‌ഷൻ..

deepu-skit

വീട്ടിലേക്ക് എത്താൻ അന്നുമിന്നും വാഹനം ചെല്ലുന്ന വഴിയില്ല. അതുകൊണ്ട് അന്ന് കറണ്ട് കണക്‌ഷനും ഇല്ലായിരുന്നു. വീടിനെക്കുറിച്ചുള്ള എന്റെ ഓർമകളിൽ ഏറ്റവും വലിയത് വീട്ടിൽ കറണ്ട് കണക്‌ഷൻ കിട്ടിയ ആ ദിവസത്തെയാണ്. ഏകദേശം 12 വർഷം മുൻപാണ്. വീട്ടിലേക്ക് വഴിയില്ലാത്തതിനാൽ പോസ്റ്റിടാൻ കുരുക്കുകളുണ്ട്. സമീപവീട്ടിലൂടെ ലൈൻ വലിക്കുകയെ  നിവൃത്തിയുള്ളൂ. പക്ഷേ ആദ്യം അവർ സമ്മതിച്ചില്ല. ഒടുവിൽ ഞാൻ കരഞ്ഞു കാലുപിടിച്ചപ്പോൾ അവരുടെ മനസ്സലിഞ്ഞു. അപ്പോഴും പോസ്റ്റ് കിട്ടാൻ താമസം. അന്ന് ഇലക്ട്രിസിറ്റി ഓഫിസ് ദിവസവും കയറിയിറങ്ങും. എന്നെകാണുമ്പോഴേ അവർ പറയും. പോസ്റ്റ് എത്തിയിട്ടില്ല എന്ന്. ഒടുവിൽ കാത്തിരിപ്പിനൊടുവിൽ  പോസ്റ്റിട്ടു. ലൈൻ വലിച്ചു. വീട്ടിൽ കറണ്ട് കിട്ടി. കരഞ്ഞു പിടിച്ചു കിട്ടിയ കറണ്ട് കണക്‌ഷൻ എന്ന് കൂട്ടുകാർ കളിയാക്കുമായിരുന്നു.

 

മിനിസ്ക്രീനിലേക്ക്..

ഞാൻ പത്താം ക്‌ളാസ് തോറ്റതോടെ പഠിപ്പുനിർത്തി. വീട്ടിലെ കഷ്ടപ്പാട് മൂലം കൂലിപ്പണിക്കിറങ്ങി. പക്ഷേ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മനസിലാക്കി, എസ്എസ്എൽസി കൂട്ടുകാരുടെ സഹായത്തോടെ വീണ്ടും പഠിച്ചു പാസായി. പ്ലസ്‌ടുവിന് പഠിക്കുമ്പോഴാണ് മിമിക്രിയിലേക്കെത്തുന്നത്. ആ സമയത്ത് റബർ ടാപ്പിങ് കഴിഞ്ഞു താമസിച്ചാണ് സ്‌കൂളിലെത്തുക. പക്ഷേ അധ്യാപകർക്ക് എന്റെ കഷ്ടപ്പാട് അറിയാമായിരുന്നതുകൊണ്ട് അവർ വഴക്കൊന്നും പറഞ്ഞില്ല.

deepu-navayikulam-family

ഞാൻ ഡീസൽ മെക്കാനിക് ട്രേഡ് ആണ് പഠിച്ചത്. പക്ഷേ ചെയ്യാത്ത പണികളില്ല. കെട്ടിടംപണി, പെയിന്റിങ്, റോഡുപണി, കൂലിപ്പണി എല്ലാത്തിനും പോകുമായിരുന്നു. എങ്കിലും വെൽഡിങ് ആണ് പ്രധാന കൈത്തൊഴിൽ.

ആ സമയത്ത് സുഹൃത്തിനൊപ്പം ഹാസ്യകല എന്നൊരു ട്രൂപ്പ് തുടങ്ങി. അതുവഴി പിന്നീട് പ്രൊഫഷണൽ ട്രൂപ്പിലേക്കെത്തി. അക്കാലത്ത്‌ തെക്കൻ കേരളത്തിലെ കലാഭവൻ ആയിരുന്നു സരിഗ എന്ന ട്രൂപ്പ്. സുരാജേട്ടനൊക്കെ അതുവഴി വന്നതാണ്. ഞാനും അവിടെ അംഗമായി. മഴവിൽ മനോരമയിലെ കോമഡി സർക്കസ്, കോമഡി ഫെസ്റ്റിവൽ എന്നിവ വഴിത്തിരിവായി. അതോടെ കൂടുതൽ സ്റ്റേജ് പ്രോഗ്രാമുകൾ കിട്ടിത്തുടങ്ങി. ടിവി പ്രോഗ്രാമിൽ ചെയ്ത ചില നമ്പറുകൾ ഹിറ്റായി. ഇപ്പോഴും ഞാൻ പണിക്ക് പോകുന്ന വീടുകളിൽ ആൾക്കാർ തേടിയെത്താറുണ്ട്. സ്നേഹം പങ്കുവയ്ക്കാറുണ്ട്.

 

കുടുംബം..

ഭാര്യ രഞ്ജിനി. മകൻ ദേവാനന്ദ്. ഞങ്ങളുടെ പ്രണയവിവാഹമായിരുന്നു. ആ സമയത്ത് കയ്യിൽ കാൽക്കാശില്ല. സുഹൃത്തുക്കളാണ് സഹായിച്ചത്. അവർ പണിക്ക് വിളിച്ചുകൊണ്ടുപോയി. അങ്ങനെയാണ് വെൽഡിങ് പഠിക്കുന്നത്. പിന്നീട് അതൊരു സൈഡ് പണിയായി മാറി.

 

വില്ലനായി കൊറോണക്കാലം...

വീട്ടിലേക്ക് വാഹനത്തിനുള്ള വഴിയില്ലാത്തത് ഇപ്പോഴും ഒരു അസൗകര്യമാണ്. അതുകൊണ്ട് വഴിസൗകര്യമുള്ള ഒരു 5 സെന്റ് ഭൂമി മേടിക്കാൻ കണ്ടുവച്ചിരുന്നു. കുറച്ചു സ്റ്റേജ് പ്രോഗ്രാമുകളുടെ ബുക്കിങ് കയ്യിൽ ഉണ്ടായിരുന്നതിനാൽ എല്ലാം നടക്കും എന്ന് വിചാരിച്ചിരിക്കുമ്പോഴാണ് കൊറോണയുടെ വരവ്. അതോടെ എല്ലാ പരിപാടികളും കാൻസൽ ആയി.

ഇപ്പോൾ സുഹൃത്തുക്കളുടെ കൂടെ വീണ്ടും വെൽഡിങ് പണികൾക്ക് പോകുന്നുണ്ട്. കൊറോണ കൊണ്ട് ഏറ്റവും ദുരിതമനുഭവിക്കുന്നത് ഞങ്ങളെപ്പോലെയുള്ള കൊച്ചു കലാകാരന്മാരായിരിക്കും. വീണ്ടും സ്റ്റേജുകളും സജീവമാകുന്ന കാലത്തിനായി കാത്തിരിക്കുന്നു.

English Summary- Deepu Navayikulam Home Memories

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com