sections
MORE

മെഗാസീരിയലിലെ ആദ്യ നായകൻ, സൂപ്പർനായകന്മാരുടെ ശബ്ദം; ശരൺ പുതുമനയുടെ വിശേഷങ്ങൾ

sharran-puthumana-family
SHARE

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയതാരമാണ് ശരൺ പുതുമന എന്ന നടൻ. അഭിനയത്തോടൊപ്പം ഇദ്ദേഹത്തിന്റെ ശബ്ദവും നമുക്ക് സുപരിചിതമാണ്. മിക്ക മൊഴിമാറ്റ ചിത്രങ്ങളിലെയും നായകന്റെ ശബ്ദം ഇദ്ദേഹത്തിന്റേതാണ്. ശരൺ തന്റെ വീട്ടുവിശേഷങ്ങൾ പങ്കുവയ്ക്കുന്നു..

ഓർമ വീടുകൾ...

sharran-old-family

അച്ഛൻ കാളിദാസ് പുതുമന നാടകകൃത്തും അധ്യാപകനുമായിരുന്നു. അമ്മ ശാന്തിനി വീട്ടമ്മയും. പിന്നെ ഞാനും സഹോദരി ഷെൽനയും. ഇതായിരുന്നു കുടുംബം. പട്ടാമ്പി പുതുമന ആയിരുന്നു അച്ഛന്റെ തറവാട്. പിന്നീട് തറവാട്ടുപേര് ഞാനും ഒപ്പംചേർത്തു എങ്കിലും ഞാൻ ജനിച്ചു വളർന്നത് പാലക്കാട് നല്ലേപ്പിള്ളിയുള്ള വീട്ടിലാണ്. അതൊരു അഗ്രഹാരത്തിന്റെ ഭാഗമായുള്ള വീടായിരുന്നു. നിരനിരയായി വീടുകൾ. മുന്നിൽ കോലം വരച്ച ചെറുവഴികൾ.

sharran-puthumana-house

അഗ്രഹാരങ്ങളിൽ പോയിട്ടുള്ളവർക്കറിയാം, എപ്പോഴും ഒരു പോസിറ്റീവ് എനർജി നിറയുന്ന അന്തരീക്ഷമായിരിക്കും. തുറന്ന ഇടങ്ങളാണ് മറ്റൊരു സവിശേഷത. അവിടെ വീടുകൾ തമ്മിൽ മറവുകളില്ല. സ്വകാര്യത കുറവാണ് എന്നൊരു പ്രശ്നവും ഉണ്ടായിരുന്നു. ചുറ്റിലും ബ്രാഹ്മണ സമൂഹമായതിനാൽ മൽസ്യ മാംസാദികൾ അവിടേക്ക് പ്രവേശിപ്പിക്കുകയേയില്ലായിരുന്നു. 

മിനിസ്ക്രീനിലേക്ക്...

1991 ൽ എസ്എസ്എൽസി കഴിഞ്ഞിരിക്കുന്ന സമയത്ത് അച്ഛന്റെ ഒരു ഷോർട് ഫിലിമിലൂടെയാണ് ഞാൻ ക്യാമറയ്ക്ക് മുന്നിലെത്തുന്നത് . മലയാളത്തിലെ ആദ്യ മെഗാസീരിയലിലെ നായകനാകാനുള്ള ഭാഗ്യവും എനിക്കുകിട്ടി. 1996ൽ ദൂരദർശനിലെ വംശം എന്ന സീരിയലായിരുന്നു അത്. പിന്നീട് മുഖ്യധാരാ ടിവി ചാനലുകൾ വന്നതോടെ സീരിയൽ മേഖലയിൽ കൂടുതൽ സജീവമായി.

മലയാളത്തിലെ ന്യൂജൻ താരങ്ങൾ അടക്കം പലർക്കും തുടക്കകാലത്ത് ശബ്ദം നൽകിയത് ഞാനാണ്. മിക്ക മൊഴിമാറ്റ സിനിമകളിലും നായകന്മാർക്ക് ശബ്ദം കൊടുക്കുന്നു. ഇപ്പോൾ മിനിസ്ക്രീനിനൊപ്പം സിനിമയിലും അഭിനയിച്ചു തുടങ്ങിയിട്ടുണ്ട്.

പുതിയ ലോകം...

കുറച്ചു വർഷങ്ങൾക്ക് മുൻപ് ചേച്ചി പാലക്കാടുന്നെ പുതിയൊരു വീടുവാങ്ങി. 2004 ലായിരുന്നു എന്റെ വിവാഹം. ആ വർഷം തന്നെ ഞങ്ങൾ എറണാകുളത്തേക്ക് ഷിഫ്റ്റ് ചെയ്തു. ഇപ്പോൾ കലൂർ സ്റ്റേഡിയത്തിനു സമീപം ഒരു ഫ്‌ളാറ്റിലാണ് താമസം. ഞാൻ ഷൂട്ടിന് പോകുമ്പോൾ കുടുംബത്തിന്റെ സുരക്ഷിതത്വത്തിനു ഫ്ലാറ്റ് ജീവിതമാണ് നല്ലത് എന്ന തിരിച്ചറിവിൽ നിന്നാണ് ഫ്ലാറ്റിലേക്ക് മാറിയത്. 

കുടുംബം, കൊറോണക്കാലം...

sharran-family

ഭാര്യ റാണി ഫ്രീലാൻസ് ജേണലിസ്റ്റാണ്. മകൾ ഗൗരി ഉപാസന എട്ടാം ക്‌ളാസിൽ പഠിക്കുന്നു. ലോക്ഡൗൺ കാലം ക്രിയേറ്റീവായി ചെലവഴിക്കാനാണ് ശ്രമിക്കുന്നത്. മകൾക്കൊപ്പം 4 ഷോർട്ഫിലിമുകൾ ഇപ്പോൾ മൊബൈലിൽ ചിത്രീകരിച്ചു. സിനിമയിലെ അടുത്ത സുഹൃത്തുക്കളുടെ ഓൺലൈൻ കൂട്ടായ്മ വഴി ഒരു ആൽബവും ചിത്രീകരിച്ചു. അത് ഹിറ്റായി. വീണ്ടും ഷൂട്ടിങ് കാലത്തിലേക്ക് എത്താൻ കാത്തിരിക്കുന്നു. 

English Summary- Sharran  Puthumana Actor Home Memories

ബാല്യം മുതൽ ഇന്നുവരെ നിങ്ങളുടെ ജീവിതത്തിലൂടെ കടന്നുപോയ വീടുകളെക്കുറിച്ച് ഗൃഹാതുരമായ ഓർമകളുണ്ടോ? ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.യോഗ്യമായവ പ്രസിദ്ധീകരിക്കും.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SPOT LIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA