ADVERTISEMENT

ഫോറൻസിക് എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച്, വ്യത്യസ്ത സ്വഭാവമുള്ള ഇരട്ട കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ബാലതാരമായി മാറിയ മിടുക്കിയാണ് തമന്ന പ്രമോദ്. ഫോറൻസിക് കണ്ടവരൊന്നും ഇന്റർവെൽ സീനിലെ ഞെട്ടിക്കുന്ന ട്വിസ്റ്റിൽ നിറഞ്ഞുനിന്ന തമന്നയെ മറക്കില്ല. നൃത്തം, അഭിനയം എന്നിവ പാഷനായ ഈ മിടുക്കിയോട് വീടിനെപ്പറ്റി ചോദിച്ചാൽ അല്പമൊന്നു പരുങ്ങും. അബുദാബിയിൽ താമസമാക്കിയ തമന്നയ്ക്ക് അബുദാബിയിലെ ഫ്ലാറ്റും കുമാരനെല്ലൂരിലെ അച്ഛനമ്മമാരുടെ വീടുകളും തൃശ്ശൂരിൽ തന്റെ സ്വപ്നത്തിനൊത്ത ഒരുങ്ങുന്ന വീടും ഒരുപോലെ പ്രിയപ്പെട്ടതാണ്. തമന്നയുടെ വീട്ടുവിശേഷങ്ങൾ....

 

thamannah-pramod

ഫ്ളാറ്റിനോട് സ്‌പെഷൽ അറ്റാച്ച്മെന്റ്.. 

എല്ലാവരും പറയും വിശാലമായ ഒരുപാട് പറമ്പും പൂന്തോട്ടവുമൊക്കെയുള്ള വീടുകളോടാണ് ഇഷ്ടമെന്ന്. തീർച്ചയായും എനിക്കും അത്തരം വീടുകൾ ഇഷ്ടമാണ്. നാട്ടിൽ ഞങ്ങൾക്കും അത്തരത്തിൽ വിശാലമായ വീടുകളുണ്ട്. പാലക്കാട് ജില്ലയിലെ  കുമാരനെല്ലൂരിൽ അച്ഛന്റെയും അമ്മയുടെയും  വീടുകളുണ്ട്. അത് പോലെ തന്നെ തൃശ്ശൂരിൽ പണി പൂർത്തിയായിക്കൊണ്ടിരിക്കുന്ന മറ്റൊരു വീടും ഉണ്ട്. എന്നിരുന്നാലും എനിക്ക് പ്രിയം അബുദാബിയിലെ ഈ ഫ്ളാറ്റിനോടാണ്. കാരണം ഞാൻ നാട്ടിൽ നിന്നതിനേക്കാൾ ഏറെ ഇവിടെ കഴിഞ്ഞിട്ടുള്ളത് കൊണ്ടാകാം. ഇവിടം വിട്ട് മാറി നിൽക്കേണ്ടി വരുമ്പോൾ എനിക്ക് വലിയ വിഷമമാണ്. വീടിന്റെ ഒരു അന്തരീക്ഷത്തിലേക്ക് ഫ്ളാറ്റിനെ മാറ്റിയെടുക്കുന്നതിൽ അമ്മ കുറെ കഷ്ടപ്പെട്ടിട്ടുണ്ട്. പ്രധാനമായും രണ്ട് ബെഡ് റൂമുകളും ഒരു ഹാളും ആണുള്ളത്. അമ്മയ്ക്ക് ഹോം ഇന്റീരിയർ ഡിസൈനിംഗ് ഇഷ്ടമാണ്. അതിനാൽ നിറയെ ഇൻഡോർ ചെടികളെല്ലാം വച്ചിട്ടുണ്ട്. 

 

പ്രിയപ്പെട്ടയിടങ്ങൾ...

വീടിന്റെ ഇന്റീരിയർ ഒരുക്കുമ്പോൾ അച്ഛനും അമ്മയ്ക്കും എനിക്കും ഒരേ പോലെ ഉണ്ടായിരുന്ന ആവശ്യം ഒരു ലൈബ്രറി  ആയിരുന്നു. അത് പ്രകാരമാണ് വായിക്കാനും പുസ്തകങ്ങൾ സൂക്ഷിക്കാനുമായി ഒരിടം തയ്യാറാക്കിയത്.അച്ഛനും അമ്മയും ഞാനും പുസ്തകവായന ഒരുപാട് ഇഷ്ടപ്പെടുന്നവരാണ്. പുസ്തകങ്ങളുടെ വലിയൊരു കലക്‌ഷൻ തന്നെയുണ്ട്. ഇതെല്ലം ഷെല്ഫുകളിൽ മനോഹരമായി അടുക്കി വച്ചിരിക്കുന്നു. ആവശ്യാനുസരണം എടുത്ത് വായിക്കാനുള്ള സൗകര്യത്തെ മുൻനിർത്തിയാണ് പുസ്തകങ്ങൾ വച്ചിരിക്കുന്നത്.

thamanna-pramod-house

വായനാമുറി ഞങ്ങൾക്ക് എല്ലാവർക്കും ഒരേപോലെ പ്രിയപ്പെട്ടയിടമാണ്. എനിക്ക് മാത്രമായൊരിടം എന്ന് പറഞ്ഞാൽ അതെന്റെ മുറി തന്നെയാണ്.  അവിടെയാണ് എന്റെ ലോകം. പഠനം, ഹോം വർക്കുകൾ, വായന, നൃത്തപരിശീലനം , ഓൺലൈൻ ക്‌ളാസുകൾ എല്ലാം ഞാൻ ചെയ്യുന്നത് എന്റെ മുറിയിൽ വച്ചാണ്.

thamanna-pramod-home

 

അച്ഛന്റെ വീടും ബാൽക്കണിയിലെ ഊഞ്ഞാലും...

നാട്ടിലെത്തിയാൽ അച്ഛന്റെ വീടും അമ്മയുടെ വീടും ഒരുപോലെ ഇഷ്ടമാണ്. കാരണം , രണ്ട് വീട്ടിലും എനിക്ക് പ്രിയപ്പെട്ട ഓരോ കാര്യങ്ങളുണ്ട്. അച്ഛന്റെ വീട്ടിൽ ബാൽക്കണിയാണ് എന്റെ പ്രിയപ്പെട്ടയിടം. അവിടെ ഒരു ചൂരൽ ഊഞ്ഞാലുണ്ട് . അതിൽ ഇരുന്നുകൊണ്ടാണ് ഞാൻ മഴകാണുന്നതും പുസ്തകം വായിക്കുന്നതുമെല്ലാം. അതുപോലെ അമ്മയുടെ വീട്ടിലാണെങ്കിൽ ഒരുപാട് തൊടിയുണ്ട്. നിറയെ പടികൾ ഇറങ്ങിയാണ് വീട്ടിലേക്ക് എത്തുന്നത് തന്നെ. എനിക്ക് ആ പടിക്കെട്ടുകളോട് വലിയ ഇഷ്ടമാണ്. പിന്നെ മുറ്റത്ത് തന്നെ ധാരാളം മാവുകളും പേരയുമൊക്കെയുണ്ട്. ഒപ്പം നിറയെ പൂമ്പാറ്റകളും ശലഭങ്ങളുമുണ്ട്.

 

ഡ്രീം ഹോം അണിയറയിൽ ഒരുങ്ങുന്നു...

സ്വപ്നത്തിലെ വീട് അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. എന്റെ സ്വപ്നത്തേക്കാൾ ഉപരി അത് അച്ഛന്റെയും അമ്മയുടെയും സ്വപ്നമാണ്. തൃശൂരിലാണ് വീട് പണി നടക്കുന്നത്. വ്യത്യസ്തമായ ഒരു പ്ലാൻ ആണ് വീടിനായി തെരഞ്ഞെടുത്തിരിക്കുന്നത്. ഭൂമിക്കടിയിലായി ഒരു നിലയുണ്ട്. അവിടെ ഹോം തീയറ്റർ സെറ്റ് ചെയ്യണം എന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. വിശാലമായ വരാന്ത, മഴ കാണാനും ആസ്വദിക്കാനും മഴ നനയാനുമായി ഒരിടം എന്നിവയുമുണ്ട്. പുതിയ വീട്ടിൽ എന്റെ മുറിയുടെ ഇന്റീരിയർ എനിക്കായി വിട്ടു തന്നിരിക്കുകയാണ്. ടർക്വിസ് ഗ്രീൻ , പർപ്പിൾ എന്നിവയാണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നിറങ്ങൾ അതിനാൽ ആ നിറങ്ങളിൽ ഭിത്തിയിൽ എന്റെ കൈമുദ്രകൾ പതിപ്പിച്ച ഒരു മുറിയാണ് ഞാൻ സ്വപ്നം കാണുന്നത്. പിന്നെ എന്റെ നൃത്തത്തിന്റെ ചിത്രങ്ങളും ധാരാളം വേണം. അച്ഛച്ചനും അമ്മൂമ്മയും മുത്തശ്ശനും ഒക്കെ ആയിട്ട് അവിടെ താമസിക്കണം എന്നാണ് എന്റെ സ്വപ്നം.

English Summary- Thamanna Pramod Forensic Actor Home

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com